Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് ഇൗ വേട്ട? തിരക്കഥാകൃത്ത് പറയുന്നു

Arunlal തിരക്കഥാകൃത്ത് അരുൺലാൽ രാമചന്ദ്രൻ

തലക്കെട്ടിൽ, പോസ്റ്ററുകളിൽ, ടാഗ് ലൈനിൽ, എന്തിന് കഥാപാത്രങ്ങളുടെ നോട്ടത്തിൽ പോലും ഒരു നിഗൂഢത. അതാണ് വേട്ട. ട്രെയിലർ പോലുമിറക്കാത്ത സസ്പെൻസിനും മുകളിൽ സസ്പെൻസുള്ള ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാംനം ചെയ്യുന്ന ത്രില്ലർ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത് അരുൺലാൽ രാമചന്ദ്രൻ സംസാരിക്കുന്നു.

എന്താണ് വേട്ട ?

വേട്ട അന്വേഷണാത്മകമായ ചിത്രം മാത്രമല്ല. പൊലീസ് അന്വേഷണത്തിലൂടെ കടന്നുപോകുന്ന ധാരാളം ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇൻവെസ്റ്റിഗേഷനിൽ തുടങ്ങി അതിനുള്ള ഉത്തരം കണ്ടെത്തി അവസാനിക്കാറാണ് പതിവ്. പക്ഷേ അത്തരം ചിത്രങ്ങൾ പലപ്പോഴും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷങ്ങളെ കുറിച്ച് പ്രതിപാദിക്കാറില്ല.

Vetta-1 വേട്ട പോസ്റ്റർ

ഒരു കേസ് എന്തുതരത്തിലാണ് അവരുടെ ജീവിതത്തെ ബാധിക്കുന്നത് എന്നതും കൂടിയാണ് വേട്ട പരിശോധിക്കുന്നത്. കേസ് അന്വേഷിക്കുന്നവരുടെയും അതുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെയും ജീവിതത്തിലെ വൈകാരിക തലങ്ങളെ കുറിച്ചാണ് വേട്ട പ്രേക്ഷകനോട് പറയുക. ഇൻവെസ്റ്റിഗേഷൻ+ഇമോഷണൽ ഇതു രണ്ടിന്റെയും ആകെത്തുകയാണ് വേട്ട.

ചിത്രത്തിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസറാണ് ശ്രീബാല. കേസ് ശ്രീബാലയുടെയും അവളുടെ സഹപ്രവർത്തകന്റെയും അവളുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെയും ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കുറിച്ചുള്ള ചിത്രമാണ്. മൈൻഡ് ഗെയിം എന്താണെന്ന് ചിത്രം കണ്ടുകഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും. വാക്കുകളിലൂടെ ഒരിക്കലും മൈൻഡ് ഗെയിം എന്താണെന്ന് പറഞ്ഞറിയിക്കാനാകില്ല. പ്രതികളെ ചോദ്യം ചെയ്യുന്ന രീതിയിൽ പോലും നിങ്ങൾക്ക് ആ വ്യത്യാസം കാണാം. വേട്ട എത്രത്തോളം വേറിട്ട് നിൽക്കുന്നുവെന്ന് മനസിലാക്കാനാകും.

വേട്ടയെന്ന പേരിനെക്കുറിച്ച് ?

ചിത്രത്തിനെ കുറിച്ചൊരു നിഗൂഢത മനപൂർവ്വം സൃഷ്ടിച്ചിട്ടില്ല. വേട്ടയെന്ന പേര് നിർദ്ദേശിക്കുന്നത് രാജേഷ് പിള്ളയാണ്. ഓഡിയൻസിനെ കൺഫ്യൂസ് ചെയ്യിക്കരുതെന്ന നിർബന്ധമുണ്ട്. പിന്നെ വേട്ടയെന്ന പേര് ചിത്രത്തിന്റെ സ്വഭാവത്തിൽ നിന്ന് കിട്ടിയതാണ്. ഒരു കേസ് മൂന്ന് വ്യക്തികളുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുന്നുവെന്നതിനെ കുറിച്ചാണ്. ചിത്രത്തിന്റെ ടാഗ്‌ലൈനിൽ തന്നെയുണ്ട്. എന്തുകൊണ്ട് ഈ പേര് വന്നുവെന്ന്. ജീവിതമെന്ന് പറയുന്നത് ഒരു വേട്ടയാണ്. വേട്ടയാടണമോ വേട്ടയാടപ്പെടണമോ എന്ന് നമ്മൾ തീരുമാനിക്കുക. അത്രേയുള്ളൂ.

Vetta-3 മഞ്ജുവാര്യർ, സന്ധ്യ, കുഞ്ചാക്കോ ബോബൻ

മഞ്ജു വാര്യർ ഐപിഎസ് ആകുമ്പോൾ?

ഏതൊരു നടിക്കും ഐപിഎസ് വേഷം ചെയ്യാം. പക്ഷേ ഐപിഎസ് ആയും അതിനൊപ്പം ജീവിതത്തിന്റെ വൈകാരിക തലങ്ങളും ഒന്നിച്ചഭിനയിക്കാൻ കഴിയണമെന്നില്ല. ശ്രീബാല ഐപിഎസ് തെരഞ്ഞെടുക്കുവാൻ പ്രചോദനമാകുന്നത് എസ് ഐ ആയ അച്ഛനാണ്. അച്ഛനുമായി ആഴത്തിലുള്ള അടുപ്പമുള്ള മകൾ. പക്ഷേ അച്ഛനിന്ന് അവളെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു അവസ്ഥയിലാണ്. ഇങ്ങനെയുള്ള മനസ് തൊടുന്ന ഒരുപാട് ഘടകങ്ങളുണ്ട് ചിത്രത്തിൽ.

ഇത് വെറുമൊരു പൊലീസ് ചിത്രം മാത്രമല്ല. ഒരു പൊലീസ് ഓഫിസർ വരുന്നു, കേസ് അന്വേഷിച്ച് മടങ്ങുന്നു. അങ്ങനേയേയല്ല വേട്ട. അത്തരമൊരു വേഷം യാഥാർഥ്യമാക്കാൻ വേണ്ടിയൊരു നടിയെ കുറിച്ച് ആലോചിച്ചപ്പോൾ മഞ്ജു വാര്യർ എന്ന നടിയുടെ മുഖമാണ് ആദ്യമോടിയെത്തിയത്. മഞ്ജുവിന്റെ ബ്രാൻഡ് വാല്യുവല്ല അവരുടെ പെർഫോമിങ് മികവാണ് അവരെ ഞങ്ങളിലേക്ക് എത്തിച്ചത്.

Vetta-2 ഇന്ദ്രജിത്ത്

രാജേഷ് പിള്ളയ്ക്ക് തിരക്കഥ ഒരുക്കുമ്പോൾ ?

ഇത് മുഴുവനായും ഒരു രാജേഷ് പിള്ള ചിത്രമാണ്. ഞാൻ എഴുതിയ തിരക്കഥ രാജേഷ് ചേട്ടൻ കൈകളിലൂടെ കടന്നുപോകുമ്പോൾ അതിൽ വരുന്ന മാറ്റം എന്നെ അത്ഭുതപ്പെടുത്തി. ‌ഇതെന്റെ നാലാമത്തെ ചിത്രമാണ്. സംവിധായകനെന്ന നിലയില്‍ ഒരിക്കലും ചിത്രത്തിന്റെ ഒരു ഘടകത്തിന്റെയും മൂല്യം താഴ്ന്നുപോകരുതെന്ന കടുംപിടിത്തമുള്ളയാളാണ് അദ്ദേഹം. അക്കാര്യത്തിൽ ഒരു ഒത്തുതീര്‍പ്പിനും അദ്ദേഹം തയ്യാറാകാറില്ല. ആ ഇത് കുഴപ്പമില്ല, ഷൂട്ടിങ് ചെയ്യുമ്പോൾ ശരിയായിക്കോളും ഇതൊക്കെ അത്രക്ക് മതി, അത്തരത്തിലുള്ളൊരു കാര്യം പറയുക അദ്ദേഹത്തിന്റെ നിഘണ്ടുവിലേ ഇല്ല.

ഒരു സിംഗിൾ ഷോട്ടിനായാല്‍ പോലും അതിനത്രയ്ക്ക് പ്രാധാന്യമില്ലെങ്കിൽ പോലും പൂർണത വരുത്താതെ അദ്ദേഹം പിന്‍വാങ്ങില്ല. നമ്മൾ ചെറുതെന്ന് പറയുന്ന കാര്യങ്ങൾ പോലും അദ്ദേഹത്തിനത്രയും വലുതാണ്. ആ ചിന്താഗതിയുടെ മൂല്യം എനിക്ക് മനസിലായത് എഡിറ്റിങ് സമയത്താണ്. എത്ര സമയം നീക്കിവയ്ക്കാനും അദ്ദേഹത്തിന് മടിയില്ല. സമയമെന്നത് വലിയ കാര്യമല്ലെന്ന് എനിക്ക് അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചപ്പോഴാണ് മനസിലായത്. നമ്മൾ സ്ക്രിപ്റ്റിൽ എത്രമാത്രം മികവ് വരുത്തുന്നുവോ അത് ചിത്രത്തിൽ കാണാനാകുമെന്ന കാര്യം മനസിലാക്കിത്തന്നത് അദ്ദേഹമാണ്.

തിരക്കഥയിൽ ഇടപെടുന്ന സംവിധായകനായിരുന്നോ അദ്ദേഹം ?*

ഞാനൊരു തിരക്കഥയെഴുതി, അത് സംവിധായകന് കൊടുത്തു, അതിൽ അദ്ദേഹം ഷൂട്ടിങ് ചെയ്യുന്നു. ഇതല്ല വേട്ടയുടെ കാര്യത്തിൽ സംഭവിച്ചത്. തിരക്കഥയെഴുതുമ്പോൾ രാജേഷ് പിള്ളയെന്ന സംവിധായകൻറെ സാന്നിധ്യം ശക്തമായിരുന്നു. ഞാൻ എഴുതുന്ന ഓരോ നിമിഷത്തിലും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരുപാട് നിർദ്ദേശങ്ങൾ തിരക്കഥയിൽ മാറ്റം വരുത്തി. പിന്നെ തിരക്കഥാകൃത്തെന്ന നിലയിൽ ഞാനെടുത്തതിന്റെ നൂറിരട്ടി അധ്വാനമെടുത്താണ് അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷനായി അദ്ദേഹം എടുക്കുന്നത്. ഓരോ ഫ്രെയിമിലെയും ഒരു പാത്രമനങ്ങുന്ന ശബ്ദത്തിനു പോലും അദ്ദേഹം അത്രയേറെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. ഇത്രയേറെ പരിശ്രമം പോസ്റ്റ് പ്രൊഡക്ഷനിൽ എടുക്കുന്ന ഒരു സംവിധായകനെ കണ്ടിട്ടില്ല.

തിരക്കഥയെഴുതുന്നു അപ്പോള്‍ ഷൂട്ട് ചെയ്യുന്നു ആ രീതി ഒരിക്കലും ഒരു ത്രില്ലർ സിനിമയിൽ നടപ്പിലാകില്ല. അങ്ങനെ ചെയ്യുന്നത് അപകടമാണ്. ഓരോ കാര്യങ്ങളും പരസ്പരം ബന്ധിപ്പിച്ച് പറഞ്ഞാണ് മുന്നോട്ട് പോകുന്നത്. വേട്ട കണ്ടു കഴിയുമ്പോൾ നിങ്ങൾക്കത് മനസിലാകും. ചിത്രത്തിന്റെ ആദ്യ മിനുട്ടുകളിൽ പറയുന്ന കാര്യവുമായി ബന്ധപ്പെട്ടതിന്റെ ഉത്തരം കിട്ടുന്നത് രണ്ടാം പകുതി കഴിഞ്ഞ ശേഷമായിരിക്കും.

vettah-manju വേട്ട പോസ്റ്റർ

കുഞ്ചാക്കോ ബോബനൊപ്പം ?

നാല് വർഷം മുൻപാണ് വേട്ട എന്റെയും രാജേഷ് ചേട്ടന്റെയും മുന്നിലെത്തുന്നത്. ഇതിനിടയിൽ ഞങ്ങൾ വേറൊരു ചിത്രം ചെയ്യാനുള്ള ചർച്ചകൾ തുടങ്ങി. ചാക്കോച്ചനോടൊപ്പമൊക്കെ സംസാരിച്ച് കഴിഞ്ഞപ്പോഴാണ് മറ്റൊരു സിനിമയുമായി ഞങ്ങള്‍ ആലോചിച്ചതിന് സാമ്യമുണ്ടെന്ന്. അങ്ങനെ അത് ഉപേക്ഷിച്ചു. സത്യത്തിൽ അപ്പോൾ വേട്ടയുടെ കഥ കയ്യിലുണ്ടെന്ന കാര്യം ഞങ്ങൾ മറന്നുപോയി. ചാക്കോച്ചനാണ് വേട്ടയുടെ കാര്യമോർമിപ്പിക്കുന്നത്. അത് കുറച്ചുകൂടി നല്ല കഥയല്ലേ. അതിൽ വര്‍ക്ക് ചെയ്തുകൂടേയെന്ന് ചോദിക്കുന്നത്. അങ്ങനെ തുടങ്ങിയ ചർച്ചയാണ് ഇന്ന് വേട്ടയിലെത്തിനിൽക്കുന്നത്. എട്ടു മാസത്തോളം കൊണ്ട് സ്ക്രിപ്റ്റ് പൂർത്തിയാക്കി. 43 ദിവസം കൊണ്ട് ചിത്രീകരണം കഴിഞ്ഞു വേട്ട.

ട്രാഫിക്കും വേട്ടയും തമ്മിൽ ?

ഓരോ സിനിമയും ഓരോ അനുഭവമാണല്ലോ. ഇത് രണ്ടും താരതമ്യം ചെയ്താൽ ഒരുപാട് വ്യത്യാസമുണ്ട്. രണ്ടും ത്രില്ലർ ആണെങ്കിലും കൈകാര്യം ചെയ്യുന്ന രീതി വ്യത്യാസമാണ്. ട്രാഫിക് സംവിധാനം ചെയ്ത രാജേഷ് പിള്ളയെയല്ല വേട്ടയിൽ നിങ്ങൾക്ക് കാണാനാകുക.

Vettah | Official Teaser

കഥ മോഷ്ടിച്ചതാണെന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു ?

അതിനോട് ഞാൻ ഒന്നും പറയുന്നില്ല. സിനിമ കണ്ടുനോക്കുക എന്നേ എനിക്ക് പറയാനുള്ളൂ. വേട്ടയെന്ന വാക്ക്, ലേഡി കമ്മീഷണറെന്ന കഥാപാത്രം എല്ലാം ഒരാൾക്കേ എഴുതാനാകൂ എന്നു വന്നാൽ അസിസ്റ്റന്റ് കമ്മീഷണറും, തട്ടിക്കൊണ്ടുപോകലുമെല്ലാം ഒരാൾ എഴുതിയാൽ മറ്റൊരാൾ അതിനെ കുറിച്ചെഴുതരുതെന്ന് പറയാനാകൂ. അങ്ങനെ വന്നാൽ എന്തുചെയ്യും. എഴുതുന്നവരെല്ലാം വീട്ടിൽ പോയി ഇരിക്കണമോ. അതാണ് എനിക്ക് ചോദിക്കാനുള്ളത്. ചിത്രമിറങ്ങിക്കഴിഞ്ഞാൽ ഇതിനുള്ള മറുപടി ഞങ്ങൾ കൊടുത്തിരിക്കും.

വെറുതെ രണ്ടു മണിക്കൂർ കണ്ടുപോകുന്നതല്ല സിനിമ. ഒരു സിനിമ ഒരു തിരക്കഥാകൃത്ത് എഴുതി തയ്യാറാക്കുന്നതല്ല. അതിനു പിന്നിൽ ഒരുപാടാളുകളുടെ വലിയ അധ്വാനമുണ്ട്. സംവിധായകൻ മുതൽ ലൈറ്റ് ബോയ് വരെയുള്ളവർ ആ പരിശ്രമത്തിനു പിന്നിലുണ്ട്. അങ്ങനെ കഷ്ടപ്പെട്ട് ഒറു സിനിമ ചെയ്ത് നിൽക്കുന്നവരുടെ മുഖത്ത് നോക്കി പറയുകയാണ്, ഇത് നിങ്ങൾ കട്ടതാണെന്ന്. എന്തുമാത്രം വലിയ വേദനയാണത്. നമ്മളുടെ കുഞ്ഞ് നമ്മളുടേതല്ലെന്ന് പറയുന്ന വേദനയുണ്ടാക്കുമത്. എല്ലാത്തിനും മറുപടി പറയുന്നുണ്ട്. സിനിമ ഇറങ്ങട്ടേ. ഞങ്ങൾ പ്രതികരിക്കും. ഇനിയൊരാളും ഇത്തരത്തിൽ ആർക്കുമെതിരെയും ആരോപണമുന്നയിക്കരുത്.

പുതിയ ചിത്രത്തിലും മഞ്ജുവാണല്ലോ?

അത് മനപൂർവ്വം മഞ്ജു വാര്യറിലേക്കെത്തിയതല്ല. ഒരു നാടകീയമായ കുടുംബ ചിത്രമാണ്. ഒരു വോളിബോൾ പരിശീലകയാണ് അവർ അതിൽ അഭിനയിക്കുന്നത്. അവർ ഒരു പരിശീലകയായി മാറേണ്ടി വരുന്ന അവസ്ഥയെ കുറിച്ചുള്ള ചിത്രമാണ്. വേട്ടയിൽ പ്രവർത്തിക്കുന്ന സമയത്താണ് ഈ സിനിമ മുന്നിലേക്ക് വരുന്നത്. മഞ്ജു ചേച്ചി അഭിനയിച്ചാൽ നല്ലതായിരിക്കുമെന്നെനിക്ക് തോന്നി. അങ്ങനെയാണ് ആ വേഷവും അവരിലേക്ക് പോകുന്നത്.