Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ പൊട്ടിക്കരഞ്ഞു, എന്റെ മനസ്സിലൊരു കുപ്പി പൊട്ടി മോനേ...

vyshakh-nair

അഭിനയിച്ച കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നതൊരു ഭാഗ്യമാണ്. അത് ആദ്യ ചിത്രത്തിലൂടെ തന്നെയാകുമ്പോള്‍ ഇരട്ടി മധുരവും. ചിരിച്ചും ചിന്തിപ്പിച്ചും 'ആനന്ദ'ത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ കയറിപയറ്റിയ കെ.. ഉണ്ണികൃഷ്ണപിള്ളയെന്ന കുപ്പിയെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ചിരിയും കളിയും അല്‍പ്പം കുരുതക്കേടുകളുമായി പ്രേക്ഷകരോട് പെട്ടെന്നു ചങ്ങാത്തത്തിലാകുന്നു ഈ കണ്ണാടിക്കാരന്‍. കുപ്പിയായി വേഷമിട്ട വിശാഖ് നായരുടെ വിശേഷങ്ങളിലേക്ക്...

യഥാര്‍ഥ ജീവിതത്തിലും കുപ്പിയെ പോലെയാണോ

പൂര്‍ണമായിട്ടും അങ്ങനെയാണെന്നു പറയാന്‍ പറ്റില്ല. കുപ്പിയുടെ ചില അംശങ്ങളൊക്കെ ഉണ്ടെന്നു മാത്രം. അതും എന്റെ ഏറ്റവും അടുത്ത ഫ്രണ്ട്‌സ് സര്‍ക്കിളില്‍ മാത്രമേ പുറത്തെടുക്കാറുള്ളു.

വിശാഖിന്റെ വേരുകള്‍

ജനിച്ചത് മൂവാറ്റുപുഴയാണ്. പ്ലസ്ടു വരെ പഠിച്ചതും വളര്‍ന്നതുമൊക്കെ ഷാര്‍ജയിലായിരുന്നു. കോളജ് കാലമൊക്കെ ബാംഗ്ലൂരിലായിരുന്നു. കോളജ് കാലഘട്ടത്തിലാണ് അഭിനയത്തിലും പാട്ടിലുമൊക്കെ സജീവമാകുന്നത്. അവിടെ ഒരു ബാന്‍ഡിന്റെ ഭാഗമായിരുന്നു. പിന്നീട് ചെന്നൈയില്‍ കുറച്ചുകാലം ജോലി ചെയ്തു. ചെന്നൈയില്‍ തന്നെ ഒരു തിയറ്റര്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഇപ്പോള്‍.

vyshakh-nair-1

ആനന്ദത്തിലേക്കുള്ള എന്‍ട്രി

ചെന്നൈയിലെ തിയറ്റര്‍ ഗ്രൂപ്പിലെ ഒരു സുഹൃത്ത് വഴിയാണ് ആനന്ദത്തിന്റെ ഓഡിഷനെക്കുറിച്ച് അറിയുന്നത്. ഓഡിഷനില്‍വെച്ചു തന്നെ ഗണേശ് എന്നെ സ്‌പ്പോട്ട് ചെയ്തിരുന്നു. പിന്നീട് ഞാന്‍ ചെയ്ത ഹ്രസ്വചിത്രങ്ങളുടെയും ഡബ്ബ്‌സ്മാഷ് വീഡിയോസും അയച്ചു കൊടുത്തു. പിന്നീട് എനിക്ക് ഡമ്മി സ്‌ക്രിപ്പിറ്റിലെ ചില ഭാഗങ്ങള്‍ അയച്ചു തന്നു. അതിലുള്ള ഭാഗങ്ങള്‍ അഭിനയിച്ച് റെക്കോര്‍ഡ് ചെയ്തു അയക്കാന്‍ പറഞ്ഞു. അതിലെ രംഗങ്ങള്‍ അഭിനയിച്ചു അയച്ചു കൊടുത്തു. അങ്ങനെയൊക്കെയാണ് ആനന്ദത്തിന്റെ ഭാഗമാകുന്നത്. ഷൂട്ടിങ് ആരംഭിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ക്കൊരു ചെറിയ റിഹേഴ്‌സല്‍ ക്യാംപ് പോലെയുണ്ടായിരുന്നു. ഞങ്ങള്‍ ഏഴു പേരും കലൂര്‍ ഒരു വീട്ടില്‍ ഒരുമിച്ചു ഉണ്ടായിരുന്നു. എല്ലാവരും പെട്ടെന്ന് ക്ലോസായി. അഭിനയിച്ചു തുടങ്ങുമ്പോഴും ആ സൗഹൃദം ഒരുപാട് ഗുണം ചെയ്തു. സിനിമയില്‍ അതിന്റെ പ്രതിഫലനം നിങ്ങള്‍ക്കു കാണാം.

സിനിമയിലെയും നാടകത്തിലെയും അഭിനയം വ്യത്യസ്തമായി തോന്നിയോ

തീര്‍ച്ചയായിട്ടും വ്യത്യാസമുണ്ട്. ഒരു പ്ലേ ചെയ്യുമ്പോള്‍ നമ്മള്‍ നേരിട്ടു പ്രേക്ഷകരുമായി സംവദിക്കുകയാണ്. ഓരോ പ്രേക്ഷകന്റെയും പ്രതികരണങ്ങള്‍ തല്‍സമയം നമ്മള്‍ നേരിട്ടു അനുഭവിച്ചറിയുകയാണ്. സിനിമയില്‍ ക്യാമറക്കു മുന്നിലാണ് അഭിനയം മുഴുവന്‍. ഒരു ക്ലോസപ്പ് ഷോട്ടിലോക്കെ നമ്മുടെ വളരെ സൂക്ഷമമായ ഭാവപ്രകടനങ്ങള്‍ പോലും ഒപ്പിയെടുക്കും. 'ആനന്ദ'ത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ എന്റെ അഭിനയത്തില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. മോനെ ഒരു മീറ്റര്‍ അല്ലെങ്കില്‍ രണ്ടു മീറ്റര്‍ കുറച്ചു ചെയ്യെടാ എന്നു സംവിധായകനു പലപ്പോഴും പറയേണ്ടി വന്നിട്ടുണ്ട്. സിനിമയും തിയറ്റര്‍ ഗ്രൂപ്പും ഒപ്പം കൊണ്ടുനടക്കണമെന്നു തന്നെയാണ് ആഗ്രഹം. അഭിനയത്തിനൊപ്പം എനിക്ക് എഴുത്തിലും താല്‍പര്യമുണ്ട്. ഒന്നുരണ്ടു ഷോര്‍ട്ട് ഫിലിംസിനു വേണ്ടിയൊക്കെ സ്‌ക്രിപിറ്റ്്എഴുതിയിട്ടുണ്ട്.

vyshakh-nair-3

ഗണേശ് രാജ് എന്ന സംവിധായകന്‍, മേക്കിങ്

ഒരു സിനിമയുടെ സെറ്റാണ് എന്നൊരു പ്രതീതി ഒരിക്കലും ഉണ്ടായിരുന്നില്ല. ഒരു യാത്ര പോകുന്ന മൂഡിലായിരുന്നു എല്ലാവരും. 56 ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നു. അതിലൊരു ദിവസം പോലും വിരസമായി അനുഭവപ്പെട്ടില്ല. ഏറ്റവും ദൈര്‍ഘ്യമേറിയ ഷൂട്ടിങ് 28 മണിക്കൂര്‍ നീളുന്നതായിരുന്നു. അത്രയും ദൈര്‍ഘ്യമേറിയ ഷൂട്ടിങ് വേളയില്‍ പോലും ഞങ്ങള്‍ക്ക് ക്ഷീണമോ ബോറടിയൊന്നും തോന്നിയിരുന്നില്ല. സംവിധായകന്റെ ജാഡകളൊന്നും ഇല്ലാതെ വളരെ ഫ്രണ്ട്‌ലിയായിട്ടാണ് ഗണേശ് ലൊക്കേഷനില്‍ ഇടപ്പെട്ടിരുന്നത്. ഞങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു എല്ലാ കാര്യത്തിലും. എല്ലാവരുടെയും ഇന്‍പുട്ട്‌സ് സ്വീകരിക്കുകയും അതു പടത്തിനു അനുഗുണമായി ഉപയോഗിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഓരോ സീനിലും ഞങ്ങളുടേതായി എന്തെങ്കിലും അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അത് പറയാനും അവസരമുണ്ടായിരുന്നു. കുപ്പിയെന്ന കഥാപാത്രത്തെ തന്നെ സ്വയം ഡെവല്‍പ്പ് ചെയ്യാന്‍ എനിക്ക് അദ്ദേഹം അവസരം തന്നിട്ടുണ്ട്.

സിനിമക്കപ്പുറത്ത് ഒരു യാത്രാനുഭവം കൂടിയായിരുന്നു ആനന്ദം പ്രേക്ഷകര്‍ക്ക്

പ്രേക്ഷകര്‍ക്കു മാത്രമല്ല അഭിനയിച്ച ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആനന്ദം ഒരു യാത്രാനുവം തന്നെയാണ്. ഗോവയില്‍ ഒരു മാസത്തോളം ഷൂട്ടിങ് ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഗോവയില്‍ അത്രയും സമയം ചെലവിടുന്നത്. ഹംപിയിലേക്കുള്ള എന്റെ ആദ്യത്തെ യാത്രയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു ഹംപി.paradise unexplored എന്നൊക്കെ പറയാം ഹംപിയെപ്പറ്റി.

anandham-5

വിനീത് ശ്രീനിവാസന്‍ എന്ന തണല്‍മരം

എനിക്കു തോന്നുന്നു മലയാളത്തില്‍ ഒരു പുതുമുഖത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമായിരിക്കും വിനീത് ശ്രീനിവാസനെ പോലെ ഒരാളുടെ ബാനറില്‍ അവതരിപ്പിക്കപ്പെടുകയെന്നത്. അദ്ദേഹത്തെ സാന്നിധ്യം ഒരുപാട് സഹായിച്ചിട്ടുണ്ട് ഞങ്ങള്‍ ഓരോരുത്തരെയും. ഷോട്ട് എടുത്തു തുടങ്ങുന്ന സമയത്ത് അദ്ദേഹം ലൊക്കേഷനില്‍ നിന്നു മുങ്ങും എന്നു പറയുന്നത് ശരിയാണ്. പക്ഷേ പ്രീ-പ്രൊഡക്ഷന്‍ സമയത്തും പോസ്റ്റ്-പ്രൊഡക്ഷന്‍ സമയത്തുമൊക്കെ എല്ലാ കാര്യത്തിലും അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. സിനിമയുടെ പ്രൊമോഷുമായി ബന്ധപ്പെട്ടു കോളജുകള്‍ സന്ദര്‍ശിച്ച സമയത്തും അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പ് അദ്ദേഹം ഒരുപാട് ടിപ്‌സുകള്‍ പങ്കുവെക്കുമായിരുന്നു. ഞങ്ങള്‍ എല്ലാവരും ആദ്യമായിട്ടാണ് ഡബ്ബ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. ആ സമയത്തൊക്കെ അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. ഷൂട്ടിനു ശേഷം ഓരോ ദിവസവും എല്ലാവരും ഒത്തുകൂടുകയും ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയുള്ള അവസരങ്ങളിലും അദ്ദേഹം വളരെ ഫ്രീയായി ഞങ്ങളോട് ഇടപെടുമായിരുന്നു. നല്ല കലകാരനൊപ്പം നല്ലൊരു മനുഷ്യസ്‌നേഹിയുമാണ് അദ്ദേഹം.

ആനന്ദത്തില്‍ വിശാഖിന്റെ പ്രിയപ്പെട്ട കഥാപാത്രം

എന്റെ പേഴ്‌സണല്‍ ഫേവറിറ്റ് റോഷന്‍ അവതരിപ്പിച്ച ഗൗതം എന്ന കഥാപാത്രമാണ്. ഒരുപാട് ആഴമുള്ള ഒരു കഥാപാത്രമാണ് ഗൗതത്തിന്റേത്. ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രം. റോഷന്‍ അത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

vyshakh-nair-6

സിനിമ റിലീസായി കഴിഞ്ഞ് ലഭിച്ച പ്രതികരണങ്ങളില്‍ ഏറ്റവും വിലമതിക്കുന്നത്

തീര്‍ച്ചയായിട്ടും അച്ഛന്റെയും അമ്മയുടേതുമാണ്. അച്ഛന്‍ ഒരുപാട് എക്‌സ്പ്രസ് ചെയ്യുന്ന ആളല്ല. അദ്ദേഹം ഒരു ഹാന്‍ഡ് ഷെയ്ക്കിലൊതുക്കി. പക്ഷേ സിനിമ കണ്ടിറങ്ങിയപ്പോള്‍ അമ്മ പൊട്ടി കരയുന്നുണ്ടായിരുന്നു. എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും അതു തന്നെയാണ്. ഞാന്‍ ഒറ്റ മകനാണ്. ചെറുപ്പം മുതലേ എന്റെ മാതാപിതാക്കള്‍ക്കു അറിയാമായിരുന്നു ഞാന്‍ തിരഞ്ഞെടുക്കുക അഭിനയമോ മ്യൂസിക്കോ ആയിരിക്കുമെന്നു. അവര്‍ ഒരിക്കലും അതിനു എതിരു നിന്നിട്ടില്ല. ആദ്യം പഠിത്തം കഴിയട്ടെ ബാക്കി പിന്നെ നോക്കാം എന്നായിരുന്നു അവരുടെ അഭിപ്രായം. അങ്ങനെയാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ചെയ്തത്. സിനിമയിലേക്കുള്ള ഓഫര്‍ വന്ന സമയത്തും അവര്‍ക്കു ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ എംബിഎക്കു ഒരു ബിസ്‌കൂളില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സമയത്താണ് ആനന്ദത്തിലേക്ക് വിളി വന്നത്. അങ്ങനെ എംബിഎ പ്ലാന്‍ ഉപേക്ഷിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ പേരന്റ്‌സിനു എന്റെ ഭാവിയുടെ കാര്യത്തില്‍ ഭയമുണ്ടായിരുന്നു. ഇപ്പോള്‍ അവരുടെ സന്തോഷം കാണുമ്പോള്‍ ഒരുപാട് അഭിമാനം തോന്നുന്നു.

സഹതാരങ്ങള്‍ക്കും സംവിധായകനുമൊപ്പം പ്രദര്‍ശനശാലകളില്‍ നേരിട്ടെത്തി പ്രേക്ഷകരുടെ പ്രതികരണങ്ങളറിയുന്ന തിരക്കിലാണ് വിശാഖ് ഇപ്പോള്‍. ഭാവിയെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നു പോലുമില്ല. ആനന്ദത്തിലെ കുപ്പിയെ പോലെ ജീവിതം സ്വയം ആസ്വദിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചും മുന്നോട്ടു പോകാനാണ് വിശാഖിന്റെ തീരുമാനം.