Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം തുറിച്ചുനോക്കി പിന്നെ സിനിമയില്‍ എടുത്തു

annu അന്നു ആന്റണി

പ്രേമത്തിനുശേഷം മലയാളത്തിലെ കാംപസുകളെ ഇളക്കിമറിക്കാൻ തയ്യാറായിരിക്കുകയാണ് ആനന്ദം എന്ന സിനിമ. കാംപസുകളിലെ കളിയും ചിരിയും കുസൃതികളുമായെത്തുന്ന ആനന്ദം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ ഗണേശ് രാജാണ്. ഏഴുപുതുമുഖങ്ങളെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സിനിമയിൽ ഒരു പ്രധാനവേഷത്തിലെത്തുന്ന വേഷത്തിലെത്തുന്ന അന്നു ആന്റണി തന്റെ ആദ്യ സിനിമയെക്കുറിച്ച് മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

എങ്ങനെയാണ് ആനന്ദത്തിലെത്തുന്നത്?

ബെംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലാണു ഡിഗ്രിക്കു പഠിച്ചത്. അപ്പോഴായിരുന്നു അവിടെ ആനന്ദത്തിനായുള്ള ഒാഡീഷൻ നടന്നത്. ഞാൻ കോളജിലെത്തിയപ്പോലാണ് കുറച്ച് അപരിചിതരായ ആളുകളെ കാണുന്നത്. നോക്കുമ്പോൾ അവരെന്നെ തുറിച്ചു നോക്കുന്നുണ്ട്. ഞാൻ കുറച്ചു കഴിഞ്ഞ് മാറിപ്പോയി. പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ അവർ എല്ലാ പെൺകുട്ടികളെയും നിരീക്ഷിക്കുന്നുണ്ട്. അപ്പോഴാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്. അവർ ഒാഡീഷനു വന്നതാണ്.

annu-2

പ്രേമത്തിന്റേയും തട്ടത്തിൻമറയത്തിന്റേയുമൊക്കെ ഛായാഗ്രാഹകൻ ആനന്ദ് സാറാണ് അത് എന്നും പറഞ്ഞു. സത്യത്തിൽ ഞാൻ വിശ്വസിച്ചില്ല. അത്രയും വലിയ ആളുകളൊക്കെ ഇങ്ങനെ വന്നു നിൽക്കുമോ എന്ന് കരുതി. എങ്കിലും ഒഡീഷനുപോയി, അതിൽ സെല്ക്ടായി, എന്നാൽ എന്റെ വീട്ടിൽ സമ്മതിക്കുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാൽ ഒരു ലോങ് ഒഡീഷൻ കൂടി ഉണ്ട്, എന്നു പറഞ്ഞിരുന്നു. അന്ന് സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു തന്നു, മുഴുവൻ ഡയലോഗും പറയിച്ചു നോക്കി.

ആനന്ദത്തിലെ കഥാപാത്രം?

ദേവിക എന്നാണ്. പേര്, ഞങ്ങൾ ഏഴുപേരാണ് ഇൗ സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ദേവികയ്ക്ക് എല്ലാവരോടും സ്നേഹമാണ്. എന്നാൽ അത് പ്രകടിപ്പിക്കാൻ അറിയില്ല. അവൾ സ്നേഹത്തോടെ പറ‍ഞ്ഞാലും അതു ദേഷ്യത്തോടെ പറയുന്നതു പോലെയേ തോന്നൂ, ഒരു ബോയ്ഫ്രണ്ടുണ്ട്. അവനോട് വലിയ സ്നേഹമാണ്.

annu-1

സിനിയുടെ നിർമാതാവ് വിനീത് ശ്രീനിവാസനെ കണ്ടിരുന്നോ?

ഷൂട്ടിങ് സെറ്റിൽ അഞ്ചാറുതവണ അദ്ദേഹം വന്നിരുന്നു. നമ്മളെ പിന്നീടു കാണുമ്പോഴും നമ്മൾ ആദ്യം വന്നപ്പോൾ സിനിമയ്ക്കായി പറ‍ഞ്ഞ ഡയലോഗുകളൊക്കെ ഒാർത്തു പറയും. ഇത്രയും വലിയ മനുഷ്യൻ നമ്മളെയൊക്കെ ഒാർക്കുന്നുവല്ലോ എന്നോർത്ത് അതിശയം തോന്നും. പിന്നെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കുറെ ചാനൽ ഷോകളിൽ അദ്ദേഹവുമുണ്ടായിരുന്നു.

annu-6

മലയാളത്തിലെ ഹാപ്പി ഡേയ്സാകുമോ ആനന്ദം?

ഹാപ്പിഡേയ്സ് കുറച്ചു വിദ്യാർത്ഥികളുടെ നാലു വർഷത്തെ കഥയാണ്. എന്നാൽ ഇത് ഏഴ് എഞ്ചിനീയറിങ്ങ് വിദ്യാർഥികളുടെ നാലുദിവസത്തെകഥയാണ്. അവർ വിനോദയാത്രയ്ക്ക് പോകുന്ന സമയത്ത് നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ. ജ‍ീവിതത്തിലെ ചെറിയചെറിയ സന്തോഷങ്ങൾ അതാതു സമയത്ത് ആസ്വദിക്കുക എന്ന ഒരു സന്ദേശം ഇൗ സിനിമയ്ക്ക് നൽകാൻ കഴിയുമെന്ന് കരുതുന്നു.

ആനന്ദത്തിലെ ഷൂട്ടിങ് സെറ്റ് എങ്ങനെ ഉണ്ടായിരുന്നു?

aanandham-team

ഞങ്ങൾ ഏഴുപേരും ഏകദേശം ഒരേ പ്രായക്കാരായതുകൊണ്ട് സെറ്റ് അടിപൊളിയായിരുന്നു. സിനിമയ്ക്കു മുേമ്പ വർക് ഷോപ്പുണ്ടായിരുന്നു അപ്പോഴേക്കും എല്ലാവരും തമ്മിൽ വലിയ കമ്പനിയായി. സെറ്റിൽ വച്ച് കണ്ടാലും സിനിമയിലേപ്പോലെ ഞങ്ങൾ ഒരേ ക്ലാസിൽ പഠിക്കുന്ന സുഹൃത്തുക്കളാണെന്നേ തോന്നുമായിരുന്നുള്ളൂ. പലദേശക്കാരും നാട്ടുകാരുമാണെന്നൊന്നും അറിയില്ലായിരുന്നു.

ആദ്യമായല്ലേ അഭിനയം?

അതെ, സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്റ്റേജിലൊക്കെ കയറി പരിപാടി അവതരിപ്പിക്കുമായിരുന്നു. എന്നാൽ പ്ലസ്ടുവും ഡിഗ്രിയുമെല്ലാം ചെന്നൈയിലായതുകൊണ്ട് സ്റ്റേജിൽ കയറി പരിപാടികളൊക്കെ ചെയ്യാൻ മടിയായിരുന്നു. എല്ലാവരോടും സോഷ്യലായി പെരുമാറാൻ കുറച്ച് പ്രയാസമുണ്ടായിരുന്നു. സിനിമയിൽ സംവിധായകൻ ഗണേഷ് ചേട്ടൻ പറ‍ഞ്ഞതു പോലതന്നെ ചെയ്യുകയായിരുന്നു.

ഇനി എന്താണ് സ്വപ്നം?

aanandham

പിജിക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ തെറ്റല്ലാത്ത രീതിയിൽ അഭിനയിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയിക്കും.

എന്തുകൊണ്ടാണ് വീട്ടിൽ നിന്ന് സിനിമയിൽ ‍അഭിനയിക്കാൻ അനുവദിക്കുമെന്ന് തോന്നുന്നില്ലെന്ന് ആദ്യം പറ‍ഞ്ഞത്?

എന്റെ കുടുംബത്തിൽ ആരും സിനിമാ മേഖലയിൽ നിന്നില്ല. പിന്നെ അവർക്കെല്ലാം പഠനത്തിൽ മുൻനിരയിലെത്തണമമെന്നാണാഗ്രഹം. മലപ്പുറത്താണ് വീട്ടിൽ അച്ഛൻ, അമ്മ, അനുജത്തി എന്നിവരാണുള്ളത്. സിനിമയിൽ സെലക്ടായപ്പോൾ ഗണേഷേട്ടൻ വിളിച്ച് അച്ഛനോട് സംസാരിച്ചു. അപ്പോഴാണ് എല്ലാവർക്കും ധൈര്യമായത്. ഇപ്പോൾ എല്ലാവരും സിനിമകാണാനായി കാത്തിരിക്കുകയാണ്.