Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂലോകത്തിന്റെ സ്പന്ദനം പ്രണയത്തിലാണെന്ന് ഈ ചാക്കോ മാഷ്

dr-roney-1

ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്നു പറയുന്ന 'സ്ഫടിക'ത്തിലെ ചാക്കോ മാഷിനെ മലയാളിക്കു ഒരിക്കലും മറക്കാനാവില്ല. 'സ്ഫടികം' പുറത്തിറങ്ങി രണ്ടു പതിറ്റാണ്ടുകള്‍ പിന്നീടുമ്പോള്‍ 'ആനന്ദ'ത്തിലൂടെ മറ്റൊരു ചാക്കോ മാഷ് പ്രേക്ഷകരുടെ ഹൃദയം കവരുന്നു. ഭൂലോകത്തിന്റെ സ്പന്ദനം എവിടെയാണെന്നു ചോദിച്ചാല്‍ ഹൃദയത്തിലാണെന്നാണ് ഈ ചാക്കോ സാറിന്റെ പക്ഷം. കാരണം കക്ഷി ഡോക്‌റാണ്. ഹൃദയമിടിപ്പ് നോക്കാന്‍ മാത്രമല്ല ഹൃദയം കൊണ്ടു സ്‌നേഹിക്കാനും അഭിനയിക്കാനും തനിക്കു കഴിയുമെന്നു തെളിയിക്കുന്നു ഈ നടന്‍. പ്രേമത്തിലെ വിമല്‍ സാറിനു ശേഷം പ്രൊഫസര്‍ വേഷത്തില്‍ സിംപിളും പവര്‍ഫുള്ളുമായ അഭിനയത്തിലൂടെ തിയറ്ററില്‍ ചിരിയുടെ മാലപടക്കം തീര്‍ക്കുന്ന ഡോ. റോണി ഡേവിഡ് രാജിന്റെ വിശേഷങ്ങളിലേക്ക്...

ചാക്കോ സാര്‍ ടീം ആനന്ദിന്റെ ഭാഗമാകുന്നത് എങ്ങനെയാണ്

'ട്രാഫിക്കി'ന്റെ ചിത്രീകരണ വേളയിലാണ് ഞാന്‍ വിനീത് ശ്രീനിവാസനെ പരിചയപ്പെടുന്നത്. സിനിമയുടെ റിലീസിനു ശേഷവും ആ സൗഹൃദം നീണ്ടു. പിന്നീട് കൂറെക്കാലം വിളികളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ അപ്രതീഷിതമായി ഒരു ദിവസം വിനീത് എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന ഗണേശ് രാജ് ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്യുന്നുണ്ടെന്നും അതില്‍ എനിക്ക് പറ്റിയൊരു വേഷമുണ്ടെന്നും പറഞ്ഞു. ഷോര്‍ട്ട് ഫിലിമിന്റെ വിഷയം എനിക്ക് ഇഷ്ടപ്പെടുകയും സമ്മതം മൂളുകയും ചെയ്തു. അങ്ങനെ ഗണേശ് സംവിധാനം ചെയ്ത 'ഒരു കുട്ടി ചോദ്യം' എന്ന ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായി.

dr-roney-6

ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയാകുമ്പോഴേക്കും ഞങ്ങള്‍ നല്ല സൗഹൃദത്തിലായി. പിന്നീട് ഇടിക്കിടെ ഫോണിലൂടെ ഞങ്ങള്‍ സംസാരിക്കുമായിരുന്നു. ഫെബ്രുവരിയില്‍ വിളിച്ചപ്പോള്‍ സിനിമ സംവിധാനം ചെയ്യാന്‍ തയ്യാറെടുക്കുന്ന കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നീടാണ് ചാക്കോ സാറായി എന്നെ കാസ്റ്റ് ചെയ്യുന്നതായി പറയുന്നത്. എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസുണ്ടോ എന്നൊരു സംശയം ഞാന്‍ ഗണേശിനോടു പങ്കുവെച്ചിരുന്നു. അതിനു ഗണേശിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''ചാക്കോ സാറിന്റെ റോള്‍ ചേട്ടനെ മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് ഞാന്‍ എഴുതിയത്''.

എനിക്ക് പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലായിരുന്നു. ഒരു സംവിധായകന്‍ ഒരു നടനില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം ആ വാക്കുകളിലുണ്ടായിരുന്നു. ഇന്ന് നിങ്ങള്‍ എന്റെ ചാക്കോ എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ഗണേശിനു അവകാശപ്പെട്ടിട്ടുള്ളതാണ്.

ഒരു ഫുള്‍ ലെങ്ത് ഹ്യൂമറസ് റോള്‍ ആദ്യമായിരിക്കുമല്ലോ

ഞാന്‍ തമാശകള്‍ പറയാനും കേള്‍ക്കാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. 'ഒരു കുട്ടി ചോദ്യ'ത്തിന്റെ സെറ്റില്‍ അത് ഗണേശിനും ബോധ്യപ്പെട്ടിരുന്നു. ചിത്രീകരണത്തിനിടെ ഒരു ദിവസം ഗണേശ് എന്നോട് ചോദിച്ചു ''ചേട്ടന്‍ എന്തു ഹ്യൂമറുള്ള വ്യക്തിയാണ് ചേട്ടനെ പിടിച്ചു ആരാ ഈ സീരിയസ് റോളുകളൊക്കെ ചെയ്യിപ്പിക്കുന്നത്.''

dr-roney-2

ഈ ചോദ്യം ഗണേശ് ചോദിക്കുന്നത് 2012-ലാണ്. സംവിധായകന്‍ ആകുമ്പോള്‍ എന്നെക്കൊണ്ടു ഹ്യൂമറസായ ഒരു റോള്‍ ചെയ്യിക്കണമെന്ന ആഗ്രഹം 'ആനന്ദ'ത്തിലൂടെ ഗണേശ് സാക്ഷാത്കരിച്ചു. 'സ്‌റ്റെയില്‍' എന്ന ചിത്രത്തിലും വളരെ ഹ്യൂമറസായൊരു വേഷം ചെയ്തിരിന്നു. ചിത്രം ബോക്‌സ് ഓഫിസില്‍ പരാജയപ്പെട്ടു പോയതുകൊണ്ടു ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടില്ല എന്നു മാത്രം.

ചാക്കോ സാറായി അഭിനയിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ മുമ്പില്‍ മാതൃകകള്‍ എന്തെങ്കിലുമുണ്ടായിരുന്നോ

മെഡിസിനു പഠിക്കുന്ന സമയത്ത് എന്റെ സീനിയര്‍ ഒരു ചേട്ടനുണ്ടായിരുന്നു. അദ്ദേഹം നല്ല ഗൗരവകാരനാണെങ്കിലും കോളജിലെ ഒന്നാം നമ്പര്‍ കോഴിയും പഞ്ചാരക്കുട്ടനുമൊക്കെയായിരുന്നു. അതേ സമയം പെണ്‍കുട്ടികളെ ഇംപ്രസ് ചെയ്യാന്‍ ശ്രമിച്ചു പലപ്പോഴും കുളമാക്കാറും ഉണ്ടായിരുന്നു. ചാക്കോ സാറായി അഭിനയിക്കുമ്പോള്‍ ഈ പറഞ്ഞ ഇംപ്രസ് ചെയ്യാന്‍ ശ്രമിച്ചു കുളമാകുന്ന സംഭവങ്ങള്‍ കൂറെ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. ചാക്കോ സാറിന്റെ കഥാപാത്രത്തിനു എന്റേതായ സംഭാവനകള്‍ നല്‍കാന്‍ ഗണേശ് സ്‌പേസ് തന്നിരുന്നു.

dr-roney-22

അഭിനയം യാദൃചികമായി സംഭവിച്ചതാണോ

അല്ല. ഞാന്‍ തിരുവനന്തപുരം എം.ജി. കോളജിലാണ് പഠിച്ചത്. അവിടെ നാടകത്തിലും കലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കേരള സര്‍വ്വകലാശാല കലോത്സവത്തില്‍ ഫാന്‍സിഡ്രസിലും മോണോആക്റ്റിലുമൊക്കെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്നൊക്കെ കോളജില്‍ നിന്നോ അധ്യാപകരില്‍ നിന്നോ കാര്യമായ പിന്തുണയൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിച്ചത് പിന്നീട് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.

എന്റേത് സിനിമയുമായി ബന്ധമുള്ള കുടുംബമാണ്. മമ്മൂക്ക നായകനായ മഹായാനം നിര്‍മ്മിച്ചത് എന്റെ പിതാവാണ്. ഇപ്പോഴും എന്റെ മാതാപിതാക്കള്‍ 'ആനന്ദം' സിനിമ കണ്ടിട്ടില്ല. 'ആനന്ദം' നിര്‍ബന്ധമായും അവരെ കൊണ്ടുപോയി കാണിക്കണം.

സഹോദരന്‍ റോബി വര്‍ഗീസ് രാജ് 'പുതിയ നിയമ'ത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. ഇപ്പോള്‍ മമ്മൂക്കയുടെ 'ഗ്രേറ്റ് ഫാദറി'ലും ക്യാമറ ചലിപ്പിക്കുന്നത് റോബിയാണ്. 'മഹായാനം' പുറത്തിറങ്ങുമ്പോള്‍ നാലോ അഞ്ചോ വയസ്സ് മാത്രമുണ്ടായിരുന്ന എന്റെ ഇളയ സഹോദരന്‍ രണ്ടര പതിറ്റാണ്ടിനു ശേഷം ചിത്രത്തിലെ നായകനായ മമ്മൂക്കക്കൊപ്പം തന്നെ സ്വതന്ത്ര ഛായാഗ്രാഹകനാകുമ്പോള്‍ അതൊരു വലിയ ദൈവാനുഗ്രമായി കാണുന്നു. ആനന്ദത്തിലെ ചാക്കോ മാഷ് എന്റെ കരിയറിലെ മികച്ച ബ്രേക്കിലൊന്നാണ്. അങ്ങനെ 2016 വളരെ നല്ലൊരു വര്‍ഷമായി അനുഭവപ്പെടുന്നു ഇതുവരെ.

ആനന്ദത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം

dr-roney-3

ആനന്ദത്തില്‍ ഓരോ കഥാപാത്രങ്ങള്‍ക്കും സ്വന്തമായ ലൈഫും ഐഡന്റിറ്റിയും ഉണ്ട്. പുതുമുഖങ്ങളെല്ലാം മത്സരിച്ചു അഭിനയിച്ചിട്ടുണ്ടെന്നു തന്നെ പറയാം. ഒരു കഥാപാത്രത്തെ എടുത്തു പറയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും വ്യക്തിപരമായി എനിക്ക് വരുണിന്റെ കഥാപാത്രത്തിനോട് അടുപ്പം തോന്നാറുണ്ട്. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ഉത്തരവാദിത്വങ്ങളൊക്കെ സ്വയം ഏറ്റെടുത്തു നടക്കുന്ന സമയത്ത് ഞാന്‍ വരുണിനെ പോലെയായിരുന്നു.

ചാക്കോ സാറിനു ലഭിക്കുന്ന പ്രതികരണങ്ങള്‍

എന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ചാക്കോ. സിനിമ റിലീസായതിനു ശേഷം ഓരോ ദിവസവും നൂറുകണക്കിനു ഫോണ്‍ കോളുകളും മെസേജുകളുമാണ് എനിക്ക് ലഭിക്കുന്നത്. സിനിമ കണ്ടിട്ടു വിനീത് ശ്രീനിവാസന്‍ പറഞ്ഞത് ഇങ്ങനെ:''ചാക്കോ സാറായി റോണിചേട്ടനെ കാസ്റ്റ് ചെയ്യുന്ന സമയത്ത് ഈ റോള്‍ ചേട്ടന്‍ ചെയ്ത ശരിയാകുമോ, നമുക്ക് വേറേ ആരെയെങ്കിലും ആലോചിക്കണമോ എന്ന സംശയം ഞാന്‍ പ്രകടിപ്പിച്ചിരുന്നു. പക്ഷേ സിനിമ കണ്ടപ്പോള്‍ എന്റെ സംശയങ്ങളൊക്കെ വെറുതെയായിരുന്നു എന്നു തോന്നി. ചേട്ടന്‍ കഥാപാത്രത്തെ മികവുറ്റതാക്കി.''

dr-roney-vineeth

ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണ് വിനീത്. അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അവാര്‍ഡാണ്. ക്യാംപസ് സിനിമകളുടെ ഗണത്തില്‍ ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടിയ ചിത്രമാണ് 'പ്രേമം'. അതിലെ സൗബിന്‍ അഭിനയിച്ച പിടി മാഷും വിനയ് ഫോര്‍ട്ട് അഭിനയിച്ച വിമല്‍ സാറും ചാക്കോ സാറിനെ നോക്കി ''ഇവനെ നോക്കിവെച്ചോ ഇവന്‍ നമുക്ക് ഭീഷണിയാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെ''ന്ന് പറയുന്ന ഒരു ട്രോളുണ്ട്. അത്തരം ട്രോളുകളും സന്തോഷം പകരുന്നു.

ഹൈദാരബാദില്‍ സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗില്‍ കളിച്ച ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഡോ. റോണി ഡേവിഡ് ഇനി നേരേപോകുന്നത് അടുത്ത സിനിമയുടെ ലൊക്കേഷനിലേക്കാണ്. പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.