Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്യൂണിസ്റ്റുകാരെന്നെ കോൺഗ്രസാക്കി; മോളി കണ്ണമാലി

molly-kannamaly-1

ജീവിതത്തിൽ കടന്നു വന്ന വഴികൾ അത്ര ചിരി പടർത്തുന്നതല്ലെങ്കിൽ കൂടിയും അരങ്ങിലെത്തുന്ന ഓരോ നിമിഷവും ചിരി പടർത്തുന്ന കലാകാരിയാണ് മോളി കണ്ണമാലി. ഒരു സാധാരണക്കാരിയായ വീട്ടമ്മ നേരിടുന്ന പല പ്രശ്നങ്ങളെയും അതി ജീവിച്ചാണ് മോളി കണ്ണമാലി ഇന്ന് കോമഡി ഷോകളിലും സിനിമാ സീരിയലുകളിലും തിളങ്ങുന്നത്. മറ്റൊരു തിരഞ്ഞെടുപ്പ് കാലം അരികെയെത്തുമ്പോൾ മോളി കണ്ണമാലിക്ക് പറയാൻ ഏറെയുണ്ട്. ചലചിത്ര താരങ്ങളുടെ പൊതു പ്രവർത്തന രംഗത്തേക്കുള്ള കടന്നു വരവിനെക്കുറിച്ചും നേതാക്കന്മാരുടെ നിറവേറ്റപ്പെടാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ചും മോളി കണ്ണമാലി മനോരമ ഓൺലൈനോട്...

ചലച്ചിത്രതാരങ്ങൾ പൊതുപ്രചാരണ മേഖലയിലേയ്ക്ക് കടന്ന് വരുന്നതിനെക്കുറിച്ച്?

ചലച്ചിത്രതാരങ്ങൾ പൊതുപ്രചാരണ രംഗത്തേക്ക് കടന്നു വരുന്നതിൽ തെറ്റില്ലെന്നാണ് തോന്നുന്നത്. പിന്നെ അതിൽ തീരുമാനമെടുക്കേണ്ടത് വോട്ടർമാരല്ലേ? അവർ തീരുമാനം എടുക്കട്ടേ. ചലച്ചിത്രതാരങ്ങൾ പൊതുപ്രവർത്തനത്തിലേയ്ക്ക് കടന്ന് വരുന്നത് മൂലം പ്രത്യേകിച്ച് ദോഷങ്ങൾ ഉണ്ടാകുമെന്ന് കരുതുന്നില്ല.

നടന്മാർക്കൊപ്പം നടികൾക്ക് പൊതുപ്രവർത്തന മേഖലയിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ച് ?

നടന്മാർക്ക് അവസരം ലഭിക്കുമ്പോൾ നടിമാർക്ക് അവസരങ്ങൾ നിഷേധിക്കണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. അവർക്കും പൊതുജനത്തിന് വേണ്ടി നല്ലതു ചെയ്യാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം

ഇലക്ഷൻ പ്രചാരണത്തിന് ഏതെങ്കിലും പാർട്ടിക്ക് വേണ്ടി പോകാൻ തയ്യാറാണോ?

ഇലക്ഷൻ പ്രചാരണത്തിന് കൂടെ നിൽക്കണമെന്നാവശ്യപ്പെട്ട് പല പാർട്ടിക്കാരും സമീപിച്ചിരുന്നു. നല്ല തുകയാണ് അവർ അതിന് വാഗ്ദാനം ചെയ്തത്. പക്ഷേ അങ്ങനെ കിട്ടുന്ന ഒരു തുകയ്ക്കായി ആർക്കെങ്കിലും വേണ്ടി പ്രചാരണത്തിന് പോവാൻ സാധിക്കില്ല. കാരണം കഷ്ടപ്പാടുകളുടെ സമയത്ത് എനിക്ക് സഹായം നൽകിയതും ഇല്ലായ്മയിൽ എന്റെ കൂടെ നിന്നതും കെ വി തോമസ് മാഷും കോൺഗ്രസുമാണ്. തോമസ് മാഷ് ആവശ്യപ്പെട്ടാൽ കോൺഗ്രസുകാർക്കായി പ്രചാരണത്തിന് ഇറങ്ങാൻ തയ്യാറാണ്. അത് രൂപാ മോഹിച്ചിട്ടല്ല എന്നു മാത്രം.

ഇലക്ഷനിൽ നിൽക്കാൻ അവസരം കിട്ടിയാൽ തയ്യാറാണോ?

അവസരം നൽകിയാൽ ഉറപ്പായും ഞാൻ വോട്ട് ചോദിച്ചിറങ്ങാൻ തയ്യാറാണ്. പക്ഷേ അവസരം നൽകണമെന്ന് മാത്രം. പിന്നെ എന്റെ ചോറാണ് അഭിനയം അത് വിട്ട് പൊതുപ്രവർത്തനത്തിലേക്കിറങ്ങാൻ തൽക്കാലം തയ്യാറല്ലാന്നു മാത്രം.

വോട്ട് ചോദിച്ചെത്തുന്നവരോട് എന്താണ് പറയാനുള്ളത് ?

ആവശ്യങ്ങൾ നിരത്തുന്ന സമയത്ത് ഇപ്പോൾ തരാം , സഹായത്തിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന രീതിയിൽ സംസാരിച്ച് സാധാരണക്കാർക്ക് പ്രതീക്ഷകൾ നൽകുകയും പക്ഷേ ഒന്നും നടക്കാതെ പോവുന്ന അവസ്ഥ നിലനിൽക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയക്കാർ അവനവന് ഉണ്ടാകുന്ന നേട്ടങ്ങൾക്കൊപ്പം വോട്ടർമാർ കൂടി നന്നാവണമെന്ന മനോഭാവം വരാതെ ഇവിടെ കാര്യങ്ങൾ നന്നാകില്ല.

വോട്ട് ചെയ്യാറുണ്ടോ ? ഇത്തവണ ആരോടൊപ്പം നിൽക്കും ?

അഭിനയ രംഗത്തു വരുന്നതിന് മുൻപ് കൂലിപ്പണി ചെയ്തിരുന്ന സമയത്ത് മുതൽ ഞാൻ കമ്യൂണിസ്റ്റുകാരിയായിരുന്നു, പക്ഷേ ജീവിതത്തിൽ കമ്യൂണിസ്റ്റ്കാർ എനിക്കൊന്നും നൽകിയിട്ടില്ല. എനിക്ക് എന്തെങ്കിലും സഹായം ചെയ്ത് തന്നിട്ടുണ്ടെങ്കിൽ അത് കോൺഗ്രസുകാർ ആണ്. കിടക്കാനൊരു ഇടവും സഹായങ്ങളും നൽ‍കാൻ മനസ് കാണിച്ച് മുന്നോട്ട് വന്നത് കോൺഗ്രസുകാരാണ്. പിന്നെ കൃത്യമായി എല്ലാത്തവണയും വോട്ട് ചെയ്തിട്ടില്ല. പക്ഷേ എന്നെ സഹായിച്ചവർക്കൊപ്പമേ ഞാൻ നിൽക്കൂ അല്ലാതെ താൽക്കാലികമായ മെച്ചം നോക്കി ആരേയും സഹായിക്കില്ല. എന്റെയും എന്റെ വീട്ടുകാരുടേയും നിലപാടാണ് അത്.