Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത സിനിമയിൽ ഗ്രാഫിക്സിന് പ്രാധാന്യം: സന്തോഷ് പണ്ഡിറ്റ്

santhosh-pandith

അച്ഛൻ അപ്പുണ്ണി പണ്ഡിറ്റ് പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായിരുന്നു; ജ്യോതിഷ പണ്ഡിതനും. തന്നെപ്പോലെ മകനും സിവിൽ എൻജിനീയറിങ് പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മകന്റെ മനസ്സിലിരിപ്പ് മറ്റൊന്നായിപ്പോയി.

അച്ഛന്റെ മരണത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ ജോലിക്കു കയറിയ മകൻ ജോലിക്കിടെ ഒരേ സമയം നാലു കോഴ്സുകൾ വരെ പഠിച്ചു. എംഎ ഹിന്ദി, സൈക്കോളജി, ബാച്ച്ലർ ഓഫ് അക്കാദമിക് ലോ, ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, സർട്ടിഫിക്കറ്റ് കോഴ്സുകളായ കംപ്യൂട്ടർ ആപ്ലിക്കേഷൻ, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ഹാർഡ്‌വെയർ, പിന്നെ ടൈപ്പ് റൈറ്റിങ്, സ്റ്റെനോഗ്രഫി, വിഡിയോ എഡിറ്റിങ്, ഗ്രാഫിക്സ്.... ഈ കോഴ്സുകളുടെയെല്ലാം സർട്ടിഫിക്കറ്റുകളിൽ പേര് ഇങ്ങനെ വായിക്കാം – സന്തോഷ് പണ്ഡിറ്റ്!!!

∙ശരിക്കും സന്തോഷ് പണ്ഡിറ്റ് ഒരു മണ്ടനാണോ അതോ മണ്ടനായി അഭിനയിക്കുന്നതാണോ?

രണ്ടുമല്ല. ഞാൻ മണ്ടനാണ് എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നെ മണ്ടൻ എന്നു വിളിക്കുന്ന ബുദ്ധിമാന്മാരോട് ഒരു ചോദ്യം. നിങ്ങളിൽ എത്ര പേരെ ടെലിവിഷൻ റിയാലിറ്റി ഷോയായ ‘മലയാളി ഹൗസിലേക്കു’ വിളിച്ചു? പക്ഷേ, എന്നെ വിളിച്ചു; 26 ലക്ഷം രൂപയും കിട്ടി.

Santhosh Pandit Comedy Scenes | Malayalam Comedy Movies | Santhosh Pandit Dialogue Comedy Scenes

അഞ്ചു ലക്ഷം രൂപയ്ക്ക് എത്ര പേർക്കു സിനിമ ചെയ്യാനാവും? ആർക്കും ചെയ്യാൻ പറ്റുമെന്നൊക്കെ ചുമ്മാ വീമ്പളിക്കാം. പക്ഷേ, അതു സന്തോഷ് പണ്ഡിറ്റിനേ സാധിക്കൂ. അതിനു ചങ്കൂറ്റം വേണം, പുലർച്ചെ അഞ്ചു മുതൽ രാത്രി 10 വരെ 14 ദിവസം തുടർച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്ന് എഡിറ്റിങ്ങും മിക്സിങ്ങുമൊക്കെ തനിയെ പഠിച്ചു തനിയെ ചെയ്യാനുള്ള ക്ഷമ വേണം.

∙ഇത്രയുമൊക്കെ വിദ്യാഭ്യാസമുണ്ടെന്നു പ്രകൃതം കണ്ടാൽ പറയില്ലല്ലോ?

ആളുകളെക്കൊണ്ട് പറയിക്കേണ്ട ഒരാവശ്യവും എനിക്കില്ല. ഞാൻ പഠിച്ച കോഴ്സുകളെക്കാളും അധികം പഠിച്ചതു വേദങ്ങളാണ്. അടുത്ത കാലം വരെ കുട്ടികളുടെ ജാതകം എഴുതി നൽകുമായിരുന്നു. എല്ലാവരും ചെയ്യുന്നതിൽനിന്നു വ്യത്യസ്തമായി എങ്ങനെ സിനിമ ചെയ്യാം എന്നാണു ഞാൻ ആലോചിച്ചത്.

chiranjeevi

ആദ്യ സിനിമയായ ‘കൃഷ്ണനും രാധയും’ കണ്ടു വിമർശിച്ചവർ ഒട്ടേറെ. എനിക്കതിൽ പ്രശ്നമില്ല. കാരണം, ഞാൻ ഒറ്റയ്ക്ക് ചെയ്ത സിനിമയാണത്. അഞ്ചുലക്ഷം രൂപയായിരുന്നു മുതൽ മുടക്ക്. എഡിറ്റിങ്ങൊക്കെ തനിയെ ചെയ്തു പഠിച്ചു. ഇപ്പോൾ ആറാമത്തെ സിനിമയായ ‘നീലിമ നല്ല കുട്ടിയാണ് Vs ചിരഞ്ജീവി ഐപിഎസ് ചെയ്തു കഴിഞ്ഞപ്പോൾ ആത്മവിശ്വാസമായിട്ടുണ്ട്.

∙ഈ ആത്മവിശ്വാസം അത്ര നല്ലതാണോ?

എൻജിനീയറിങ് – മെഡിക്കൽ സീറ്റുകൾക്ക് 25 ലക്ഷം രൂപ വരെ കൊടുക്കുന്ന കാലത്താണ് ഞാൻ അഞ്ചു ലക്ഷത്തിനു സിനിമ ചെയ്യുന്നത്. എന്റെ സെറ്റിൽ കള്ളും കഞ്ചാവുമില്ല. അതുകൊണ്ടാണു ചെലവു കുറയുന്നത്. പുതിയ ചിത്രമായ ‘നീലിമ..’യിൽ എട്ടു നായികമാരും എട്ടു പാട്ടുകളുമുണ്ട്. ഞാൻ ഡബിൾ റോളിലാണ്.

സാധാരണ ഡബിൾ റോൾ ചെയ്യുമ്പോൾ ഒരാൾ സംസാരിക്കുമ്പോൾ ക്യാമറ അപരനിലേക്കു പോകാറില്ല. എന്റെ സിനിമയിൽ അതുമുണ്ട്. അടുത്ത സിനിമ മുതൽ ഗ്രാഫിക്സിൽ ശ്രദ്ധിക്കാനാണു ശ്രമം. എന്നു കരുതി അഞ്ചു ലക്ഷം രൂപയ്ക്കു ബാഹുബലിയുടെ നിലവാരമുള്ള സിനിമ പ്രതീക്ഷിക്കരുത്. എന്നാൽ, ഒരു കോടി രൂപ മുടക്കാൻ തന്റേടമുള്ള നിർമാതാവ് ഉണ്ടെങ്കിൽ വരട്ടെ.

∙അഞ്ചുലക്ഷം മുടക്കിയിട്ട് ലാഭം വല്ലതും?

ആദ്യ സിനിമ നല്ല ലാഭമായിരുന്നു. പിന്നാലെ റിലീസ് ചെയ്ത മൂന്നു സിനിമകൾ മുടക്കുമുതൽ തിരിച്ചു തന്നു. അഞ്ചുലക്ഷം തിരിച്ചുകിട്ടാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല.

ഏതെങ്കിലും ഒരു തീയറ്ററിൽ സിനിമ രണ്ടാഴ്ച ഓടിയാൽ മതി. ടിന്റുമോൻ എന്ന കോടീശ്വരൻ, നീലിമ എന്നീ സിനിമകൾ റിലീസിനൊരുങ്ങുന്നു. (ഫോണിൽ സംസാരിക്കുന്നതിനിടെയിൽ സന്തോഷ് പണ്ഡിറ്റ് വല്ലാതെ കിതച്ചു. വിശദീകരണവും പിന്നാലെ: കോഴിക്കോട് നരിക്കുനിയിലെ വീട്ടിൽ പണി നടക്കുന്നു. കുറച്ചു മണ്ണു ചുമക്കുകയായിരുന്നു. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഞാൻ പിശുക്കനാണ്!!)

∙അപ്പോൾ പിന്നെ, ഈ സന്തോഷ് പണ്ഡിറ്റ് എന്താണ്?

ഗോദ്റെജ്, ടാറ്റ എന്നൊക്കെ പറയുന്നതു പോലെ ഒരു പ്രോഡക്ടാണു സന്തോഷ് പണ്ഡിറ്റും. എന്റെ പാട്ടുകൾ ഹിന്ദിയിലാക്കണമെന്നു പറഞ്ഞ് ഒരു സംഘം എത്തി അഡ്വാൻസ് തന്നിട്ടു പോയിരിക്കുകയാണ്. വരികൾ ഹിന്ദിയിലാക്കി. സീനുകൾ അതു തന്നെ മതിയത്രേ.

∙ദേശീയ തലത്തിലും ഫെയ്മസാവുമോ?

Penninte Punchiri Full Video Song (HD) | Minimolude Achan Malayalam Movie | Santhosh Pandit

എന്റെ ജാതകം അങ്ങനെയാണ്. കല, രാഷ്ട്രീയം, ആത്മീയത എന്നീ മൂന്നു കാര്യങ്ങളിലൊന്നിൽ ദേശീയ തലത്തിൽ അറിയപ്പെടുമെന്നാണ്. രാഷ്ട്രീയത്തിലും ആത്മീയതയിലും നിലവിൽ താൽപര്യമില്ല.

∙സൂപ്പർ സ്റ്റാറുകളാരും കൂടെ അഭിനയിക്കാൻ വിളിച്ചില്ലേ?

ഒരു പ്രമുഖ നടന്റെ കൂടെ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു. ചർച്ച നടത്തുകയും ചെയ്തു. ഞങ്ങളൊന്നിച്ചുള്ള സിനിമ വരുന്നു എന്ന വിധത്തിൽ തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ വാർത്ത വന്നു. അതു വൈറലായി. അതോടെ ഞാൻ ആ പദ്ധതി ഉപേക്ഷിച്ചു.

∙എന്താ കാരണം?

ഒരു വീട്ടിൽപ്പോയി പെണ്ണു കണ്ടു എന്നു കരുതി അതിനെ കല്യാണം കഴിച്ചു എന്നു പ്രചരിപ്പിക്കുന്നതു ശരിയാണോ?

Watch Santhosh Pandit in Action Scene 6/7 | Minimolude Achan Malayalam Movie | Action Scene

∙ഫാൻസ് അസോസിയേഷനൊക്കെയുണ്ടോ?

എന്റെ ഫെയ്സ്ബുക്ക് പേജിന്റെ ലൈക്ക് നോക്കുക– സന്തോഷ് പണ്ഡിറ്റ് ഒഫിഷ്യൽ. മറ്റു നടന്മാരെയോ സംവിധായകരെയോ പോലെയല്ല, ആർക്കും എന്നെ നേരിൽ വിളിക്കാം.

∙ഇനി എന്താ പരിപാടി?

പലതമുണ്ട്. സന്തോഷ് പണ്ഡിറ്റ് ശരിക്കും ഒരു സംഭവമാണെന്നു സകലർക്കും വൈകാതെ ബോധ്യപ്പെടും.. ജസ്റ്റ് വെയ്റ്റ് ഫോർ ദാറ്റ്!!

Your Rating: