Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയൊരു നടിക്കും ഈ അനുഭവം ഉണ്ടാകരുത്: ഇനിയ

actress-ineya ഇനിയ

പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രഫർ തന്നെ വഞ്ചിച്ചെന്ന കാര്യത്തിൽ താൻ ഉറച്ചുനില്‍ക്കുകയാണെന്നും ഇനി ഒരാൾക്കും ഇൗ അനുഭവം ഉണ്ടാകരുതെന്നും തെന്നിന്ത്യൻ നടി ഇനിയ പറയുന്നു. വിവാദങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥയുമായി ഇനിയ മനോരമ ഓണ്‍ലൈനില്‍...

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഫോട്ടോഗ്രാഫര്‍ എന്നെ തേടിയെത്തുന്നത്. എന്നെവച്ച് ഒരു ഫോട്ടോഷൂട്ട് നടത്താനായിരുന്നു അയാളുടെ ആഗ്രഹം. അന്ന് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ ഇയാള്‍ ഒരു പുതുമുഖമായിരുന്നു. ആര്‍ക്കും അറിയുക കൂടിയില്ല.

എന്‍റെ സഹോദരിയുടെ സുഹൃത്ത് കൂടിയായതിനാല്‍ ഒരു സുഹൃദ്ബന്ധത്തിന്‍റെ പേരില്‍ ഫോട്ടോഷൂട്ടിന് ഞാന്‍ സമ്മതിച്ചു. എന്നാല്‍ അയാള്‍ക്ക് സ്വന്തമായി കാമറയോ സ്റ്റുഡിയോയോ ഒന്നും തന്നെ ഇല്ല. എന്‍റെ സ്വന്തം ചിലവില്‍ കാമറയും സ്റ്റുഡിയോയും മറ്റു വാടകയ്ക്കെടുത്ത് ആ ഫോട്ടോഷൂട്ട് നടത്താന്‍ തന്നെ തീരുമാനിച്ചു.

ineya-image

ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ അയാളുടെ കഴിവ് തിരിച്ചറിഞ്ഞതും ‍ഞാന്‍ തന്നെയാണ്. ഫോട്ടോഷൂട്ടില്‍ ഉടനീളം അത് കാണുകയും ചെയ്തു. മേയ്ക്ക് അപ്, ട്രാവല്‍, വാടക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാമായി ഒരു ലക്ഷം രൂപ ഫോട്ടോഷൂട്ടിനായി ചെലവായി. ഫോട്ടോഗ്രാഫര്‍ക്ക് തക്കതായ പ്രതിഫലവും നല്‍കി.

എന്നാല്‍ അന്ന് ചെയ്ത ഫോട്ടോഷൂട്ടിന് തക്കതായ പ്രതിഫലം പോലും ഈ നിമിഷം വരെ കിട്ടിയിട്ടില്ലെന്നാണ് അയാള്‍ ആരോപിക്കുന്നത്. കാശുകൊടുത്തതിന് വ്യക്തമായ തെളിവുകള്‍ എന്‍റെ പക്കലുണ്ട്.

ineya-stills

ഫോട്ടോഷൂട്ടില്‍ ആറു കോസ്റ്റ്യൂമുകള്‍ ഉപയോഗിച്ചാണ് ഷൂട്ട് നടത്തിയത്. അതില്‍ ഒരു സ്പോര്‍ട്സ് ഇന്നര്‍ വസ്ത്രം അണിഞ്ഞുള്ള ഒരു ഫോട്ടോ എടുക്കണമെന്ന് ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അങ്ങനെയൊരു ഗ്ലാമര്‍ ചിത്രമെടുക്കാന്‍ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. എന്നാല്‍ അയാളുടെ ആവശ്യപ്രകാരം ആ വസ്ത്രത്തിന് മുകളില്‍ ജാക്കറ്റ് അണിഞ്ഞ് ഒരു ഫോട്ടോ എടുത്തു. കൂടാതെ ജാക്കറ്റ് ഇല്ലാതെയും ഒരു ഫോട്ടോ അയാള്‍ നിര്‍ബന്ധിച്ച് എടുക്കുകയുണ്ടായി.

പിന്നീട് കാമറയില്‍ ഈ ഫോട്ടോ എന്നെ കാണിക്കുകയും ചെയ്തു. എന്നാല്‍ ജാക്കറ്റ് ഇല്ലാതെയുള്ള ചിത്രം അതീവഗ്ലാമറസ്സായതിനാല്‍ ആ ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഡിലീറ്റ് ചെയ്തോളാമെന്ന് അയാള്‍ വാക്കു നല്‍കുകയും ചെയ്തു. വാക്കാല്‍പറഞ്ഞ ഉറപ്പില്‍ പിന്നീട് തിരക്കാന്‍ ഞാനത് പോയില്ല.

ineya-vaagai-sooda-vaa

ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് ഒരു പ്രമുഖമാധ്യമത്തിന്‍റെ സിനിമാപ്രസിദ്ധീകരണത്തില്‍ അന്നെടുത്ത എന്‍റെ അതീവഗ്ലാമറസ് ഫോട്ടോപ്രസിദ്ധീകരിച്ചത് കാണാനിടയായത്. ഇക്കാര്യം ചോദിച്ച് ഞാന്‍ ആ മാധ്യമത്തിന്‍റെ ഓഫീസില്‍ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് , ഒന്നരവര്‍ഷം മുന്‍പേ ഈ ചിത്രം ആ ഫോട്ടോഗ്രാഫര്‍ വലിയ തുകയ്ക്ക് മാധ്യമത്തിന് വിറ്റെന്ന വാര്‍ത്തയാണ്.

സത്യത്തില്‍ അതുകേട്ടതും ഞാന്‍ ഞെട്ടിപ്പോയി. അയാള്‍ അങ്ങനെചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് പല നടിമാരും ഇയാള്‍ക്കെതിരെ പരാതി പറഞ്ഞെന്നു കേള്‍ക്കുകയുണ്ടായി. ഇത് ശരിക്കും വിശ്വാസവഞ്ചനയാണ്. ഞാന്‍ കൊടുക്കരുതെന്ന് പറഞ്ഞ ഫോട്ടോ, എടുത്ത ഉടന്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട ഫോട്ടോ എന്‍റെ അനുവാദം പോലുമില്ലാതെ മറ്റൊരാള്‍ക്ക് വിറ്റ് കാശ് മേടിച്ചിരിക്കുന്നു.

ineya-images

പരസ്യരംഗത്തും മറ്റും അത്തരമൊരു ഫോട്ടോയ്ക്ക് ഒരു നടി പോസ് ചെയ്യുകയാണെങ്കില്‍ കുറഞ്ഞത് 10 ലക്ഷം ഇരുപത് ലക്ഷം രൂപവരെയാകും പ്രതിഫലമായി നല്‍കുക. ഇവിടെ ഇത് ഞാന്‍ എന്‍റെ സ്വന്തം പൈസമുടക്കി എടുത്ത ഫോട്ടോഷൂട്ടിലെ ചിത്രമാണ്. നടിയെന്നത് പോട്ടെ ഞാനൊരു സ്ത്രീയാണെന്ന നിലയില്ലെങ്കിലും മാനിക്കേണ്ടേ? ഈ ചിത്രം ഇനി ഏതൊക്കെ രീതിയില്‍ ഉപയോഗിച്ചേക്കാം. മോശമായൊരു പരസ്യത്തിനായി എന്‍റെ ഈ ഫോട്ടോ ഉപയോഗിക്കില്ലെന്ന് എങ്ങനെ വിശ്വസിക്കും. എന്‍റെ അവസ്ഥ മറ്റൊരു നടിമാര്‍ക്കോ, മോഡല്‍ രംഗത്ത് ഇറങ്ങുന്ന മറ്റുകുട്ടികള്‍ക്കോ ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ടാണ് ഒരു മാധ്യമത്തിന് തന്നെ ഞാന്‍ ഇങ്ങനെയൊരു വിശദീകരണം നല്‍കിയത്. ഇനിയ പറഞ്ഞു.