Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നസ്രിയ സുഖമായിരിക്കുന്നു: ഫഹദ്

Fahadh Fazil

പത്തിൽ തോറ്റു നാടുവിട്ട കുട്ടി റാങ്കു വാങ്ങി കലക്ടറായി തിരിച്ചുവരുന്നൊരു സിനിമാക്കഥ പോലെയായിരുന്നു ഫഹദ് ഫാസിൽ. ആദ്യസിനിമയുടെ പരാജയത്തിനു ശേഷം അമേരിക്കയിൽ എൻജിനീയറിങ് പഠിക്കാൻ പോയി, ഫിലോസഫി പഠിച്ച് തിരിച്ചു സ്ക്രീനിലേക്കു വന്ന് മലയാളത്തിലെ ഏറ്റവും ഫ്ലക്സിബിളായ പുതുനടന്മാരിൽ ഒരാളായി. വലിയ ഹിറ്റുകളുണ്ടായി. കലാമൂല്യമുള്ള ചിത്രങ്ങൾ ചെയ്തു. വീണുപോയ സിനിമകളിലും ‘ഫഹദ് കലക്കി’ എന്ന് ആളുകൾ പറഞ്ഞു. സ്ക്രീനിൽ ലിപ്‍ലോക് ചെയ്ത് നമ്മുടെ സദാചാരനാണത്തെ പൊളിച്ചു. ചെറിയ കഷണ്ടിയും കുറ്റിത്താടിയുമായി, സിക്സ് പായ്ക്കില്ലാതെ പൗരുഷം കാട്ടി. ഫഹദ് സംസാരിക്കുന്നു:

മലയാളസിനിമയിൽ വേറിട്ടൊരു അഭിനയശൈലിയാണ് ഫഹദിന്റേത്. അഭിനയത്തിൽ മാതൃകകളോ സ്വാധീനങ്ങളോ ഉണ്ടോ?

എന്നെ ഏറ്റവുമധികം സ്വാധീനിക്കുന്നത് എന്റെ സിനിമകളുടെ സംവിധായകരാണ്. ചെയ്യുന്ന സിനിമയെക്കുറിച്ച് വ്യക്തതയുള്ള ഫിലിം മേക്കേഴ്സിന് അഭിനേതാക്കളെ കഥാപാത്രങ്ങളിലേക്കും സന്ദർഭങ്ങളിലേക്കും പെട്ടെന്ന് എത്തിക്കാനാവും. ഞാൻ നന്നായി എന്നു ജനം പറയുന്ന സിനിമകളുടെ പിന്നിൽ സിനിമയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഫിലിം മേക്കേഴ്സുമുണ്ട്. ഞാൻ പൂർണമായും എന്റെ സംവിധായകരെയാണ് ആശ്രയിക്കുന്നത്. അല്ലാതെ മറ്റു ഹോംവർക്കുകളൊന്നുമില്ല.

Fahadh Faasil | Exclusive Interview | I Me Myself | Manorama Online

പൊതുജീവിതത്തിൽനിന്നും സോഷ്യൽമീഡിയയിൽനിന്നുമൊക്കെ അകലത്തിലാണ്. മനഃപൂർവമാണോ?

ഞാനൊരിക്കലും ചുറ്റുപാടുകളിൽനിന്ന് അകന്നുനിൽക്കുന്നയാളല്ല. ചുറ്റും നടക്കുന്നതൊക്കെ അറിയുന്നുണ്ട്, ചുറ്റുമുള്ളവരെ ശ്രദ്ധിക്കുന്നുണ്ട്. സുഹൃത്തുക്കളുണ്ട്. പിന്നെ, എനിക്കു ചുറ്റുമുള്ള പൊതുപ്രശ്നങ്ങൾക്ക് എന്റെ കയ്യിൽ പരിഹാരമില്ല. അതുണ്ടായിരുന്നെങ്കിൽ ഞാൻ കാര്യങ്ങളിൽ ഇടപെട്ടേനെ. അല്ലാതെ വെറുതെ വന്നിട്ട് കാര്യമില്ലല്ലോ. ഒരു സാമൂഹികജീവി എന്ന നിലയിൽ അത്തരം പ്രശ്നങ്ങൾ മനസ്സിലാക്കുന്നു എന്നല്ലാതെ അതിനൊരു മാറ്റം വരുത്താനുള്ള വഴി എന്റെ കയ്യിലില്ല. പിന്നെ ചെയ്യാവുന്നത്, എന്റെ സിനിമകൾ വഴി ആൾക്കാരോടു സംവദിക്കുക എന്നതാണ്. എനിക്കിഷ്ടവും അതാണ്.

fahad-fazil

സോഷ്യൽമീഡിയ ബുദ്ധിപരമായി ഉപയോഗിക്കാനറിയാവുന്ന അഭിനേതാക്കൾക്ക് അത് വളരെ നല്ലതാണ്. എനിക്കത് അങ്ങനെ ഉപയോഗിക്കാനറിയില്ല. അത് ഉപയോഗിക്കാത്തപ്പോഴാണ് എനിക്ക് - ഞാനെന്ന വ്യക്തിക്ക്- കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്നത്. വളരെ മുൻപ് എനിക്ക് ഒരു ഫേസ്ബുക് പേജ് ഉണ്ടായിരുന്നു. ഇപ്പോൾ അത് ഉപയോഗിക്കാറില്ല. എന്റെ ഒഫീഷ്യൽ പേജുണ്ട്. അതു നോക്കുന്നത് മറ്റൊരു ടീമാണ്.

നസ്രിയ എന്തു പറയുന്നു? ഒരു ഫഹദ് - നസ്രിയ സിനിമ ഉടൻ പ്രതീക്ഷിക്കാമോ?

നസ്രിയ സുഖമായിരിക്കുന്നു. ഞങ്ങൾ ഒരു അപ്പാർട്മെന്റ് വാങ്ങി. അതിന്റെ ഫർണിഷിങ്ങും മറ്റുമായി തിരക്കിലാണ്. എനിക്കൊരു വീട്- ഒരിടം- തന്നയാളാണ്. നസ്രിയ ഉഗ്രൻ കുക്കാണ്. സോഷ്യൽമീഡിയയിൽ എല്ലാവരും ശ്രദ്ധിച്ച സംഗതിയല്ലേ ഞങ്ങൾ രണ്ടാളും കല്യാണം കഴിഞ്ഞ് തടിവച്ചു എന്നത്. നസ്രിയ നന്നായി പാചകം ചെയ്യും, ഞാൻ കഴിക്കും. അങ്ങനെ സന്തോഷമായിപ്പോകുന്നു. സിനിമയുടെ കാര്യത്തിൽ, ഞങ്ങളെ രണ്ടുപേരെയും എക്സൈറ്റ് ചെയ്യിക്കുന്ന ഒരു സ്ക്രിപ്റ്റ് വന്നാൽ ആലോചിക്കും. അതിനു മുൻപ് കുറേക്കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്. അതുകഴിഞ്ഞേ അത്തരം ചർച്ചകളുള്ളൂ.

fahad-nazriya-latest

സമാന്തരസ്വഭാവമുള്ള സിനിമകളിലും ഫഹദുണ്ട്?

ഞാൻ പലപ്പോഴും വാദിക്കുകയും തോൽക്കുകയും പിന്നെയും വാദിക്കുകയും ചെയ്യുന്നൊരു വിഷയമാണത്. സിനിമയ്ക്ക് അത്തരം വേർതിരിവുകളൊന്നും ആവശ്യമില്ല. മൂന്നുകോടിക്കും മുപ്പതുകോടിക്കും നിങ്ങൾക്കൊരു സിനിമ ചെയ്യാം. പക്ഷേ അതു കാണേണ്ടത് ഒരേ പ്രേക്ഷകരാണ്. ഞാൻ എല്ലാ സിനിമയും ചെയ്യുന്നത് പ്രേക്ഷകർ അത് ആസ്വദിക്കണമെന്നും തിയറ്ററിൽ ഓടണമെന്നുമുള്ള ആഗ്രഹത്തിലാണ്. ഞാൻ സിനിമയെ തിരഞ്ഞെടുക്കുകയല്ല; പ്ലാൻ ചെയ്ത് പ്രോജക്ട് ഉണ്ടാക്കാറുമില്ല. അങ്ങനെ പ്ലാൻ ചെയ്തത് ഒരൊറ്റ സിനിമയാണ്; അന്നയും റസൂലും. അത് രാജീവ് രവിയോടുള്ള അടുപ്പംകൊണ്ട് ഉണ്ടായതാണ്. അദ്ദേഹം സംവിധായകനായി കാണാനുള്ള ആഗ്രഹം, അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം. അങ്ങനെ ഉണ്ടായ പ്രോജക്ടാണത്. ബാക്കി സിനിമകളെല്ലാം എന്നിലേക്കു വരികയായിരുന്നു.

‘മഹേഷിന്റെ പ്രതികാരം’ വരെ ഇപ്പോൾ 34 സിനിമകൾ ചെയ്തു. ചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നിയ സിനിമകളുണ്ടോ?

തീർച്ചയായും. ഞാനത് നേരത്തേ പറഞ്ഞിട്ടുണ്ട്. തെറ്റുപറ്റുന്നത് സ്വാഭാവികമാണ്. അതിൽ നിന്നാണല്ലോ ശരികൾ പഠിക്കുന്നത്. ഞാനിത് എന്റെ വാപ്പയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം വലിയ സച്ചിൻ ഫാനാണ്. വാപ്പ എനിക്കു തന്ന മറുപടി ഇതാണ്: ഫോം ഈസ് ടെംപററി. ക്ലാസ് ഈസ് പെർമനന്റ്. കീപ്പ് ബാറ്റിങ്. നിനക്കിഷ്ടമുള്ള, ആസ്വദിക്കാൻ പറ്റുന്ന സിനിമകൾ ചെയ്യുക.

Maheshinte Prathikaaram | Fahad Faasil, Dileesh Pothan, Aashiq Abu | Manorama Online

ഫാൻസ് അസോസിയേഷൻ വേണ്ടെന്നു വച്ചതെന്താണ്?

എന്റെ സിനിമകൾ ആളുകൾ കാണണമെന്ന് എനിക്കാഗ്രഹമുണ്ട്. അതും നല്ല സിനിമകളാണെങ്കിൽ മാത്രം. മോശം സിനിമയാണെങ്കിൽ കാണണ്ട. സിനിമയ്ക്കപ്പുറം ഞാൻ എന്തുചെയ്യുന്നു എന്നത് അവരുടെ വിഷയമായിരിക്കരുത്. ഫാൻസ് അസോസിയേഷൻ സിനിമയുടെ ഭാഗംതന്നെയാണ്. അത് വേണമെന്നുള്ളവർക്ക് ആവാം. എനിക്കത് വേണ്ടെന്നേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ.

fahad-nazriya-wedding

പുതിയ സിനിമകൾ?

അടുത്തത് അൻവർ റഷീദിന്റെ സിനിമയാണ്. അടുത്ത വർഷം ആ ഒരൊറ്റ സിനിമയേ ചെയ്യുന്നുള്ളൂ. ഒരുപാട് പ്രതീക്ഷയുള്ള വലിയ പ്രോജക്ടാണത്.

ഫഹദ് എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു?

ഇനിയും ഏറെക്കാര്യങ്ങൾ ചെയ്യാനുണ്ടെന്നു തോന്നുന്നു. ചെയ്യാൻ കൊതിയുമുണ്ട്. ഇതുവരെ ചെയ്തതിനപ്പുറമുള്ള സിനിമകൾ ചെയ്യണം. അതിനുള്ള സ്പേസ് ഇവിടെയുണ്ട്. അതൊരു ആഗ്രഹമാണ്, നിർബന്ധമല്ല.