Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദ്രേട്ടന്‍ ഹാപ്പിയാണ്

ദിലീപിന് മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവിളിയാണ് ചന്ദ്രേട്ടന്‍ എവിടെയാ ? എന്ന സിനിമ. സിനിമയും കഥയും തിരഞ്ഞെടുക്കുമ്പോള്‍ ചില കടുത്ത തീരുമാനങ്ങള്‍ക്കു കൂടി തന്നെ പ്രേരിപ്പിക്കുന്നതാണ് ഇൌ സിനിമയെന്നു ദിലീപ് കരുതുന്നു.കഥകേട്ട് രണ്ടു വര്‍ഷം കഴിഞ്ഞ് സിനിമ ചെയ്യുന്ന രീതികള്‍ ദിലീപ് നിര്‍ത്തുകയാണ്.ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടാല്‍ ആറുമാസത്തിനുള്ളില്‍ ചെയ്യണം.അതാണ് ആഗ്രഹം.

ആയിരം വര്‍ഷം മുന്‍പ് ചന്ദ്രേട്ടന്‍ രാജസദസ്സിലെ കവിയും വസന്തമല്ലികയുടെ കാമുകനുമായിരുന്നു.ആയിരം വര്‍ഷം മുന്‍പ് ദിലീപ് ആരായിരുന്നു എന്നറിയാന്‍ ശ്രമിച്ചിട്ടുണ്ടോ ?

ഈ സിനിമ ചെയ്തു തുടങ്ങിയപ്പോള്‍ അത്തരമൊരാഗ്രഹം ഉണ്ടായി.തഞ്ചാവൂരില്‍ വൈത്തീശ്വരന്‍ കോവിലില്‍ പോയി നാഡീജ്യോതിഷം നോക്കണം.എന്തായാലും തനിയെ പോയി അതൊന്നറിയണം.എന്നിട്ട് ഞാന്‍ ജനിച്ച നാട് ലോകത്തെവിടെയാണെങ്കിലും അവിടെയൊന്നു പോകണം.

ദിലീപ് അന്ധവിശ്വാസിയാണോ?

വിശ്വാസിയാണ്.അനുഭവത്തില്‍ നിന്നു പലതും പഠിച്ചു.ലോഹിതദാസ് സാര്‍ എത്ര അറിവുള്ള ആളാണ്.ദൈവം എത്ര പെട്ടെന്ന് അദ്ദേഹത്തിന്റെ ആത്മാവിനെ തിരികെ വിളിച്ചു.തീര്‍ച്ചയായും ഇത്രയും കഴിവുള്ള ആ ആത്മാവ് മറ്റൊരു ശരീരത്തിലൂടെ ജന്‍മമെടുക്കും എന്നു ഞാന്‍ കരുതുന്നു.നമ്മള്‍ ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഇതു കണ്ടിട്ടുള്ള സ്ഥലമാണല്ലോ എന്നു തോന്നാറില്ലേ ? അതൊക്കെ പൂര്‍വ ജന്‍മബന്ധം കൊണ്ടാണ്.

dileep-chandrettan-evideya

ദിലീപിന്റെ ആത്മാവ് അടുത്ത ജന്‍മത്തില്‍ ആരായി ജനിക്കണം?

എനിക്കു സിനിമാനടന്‍ തന്നെ ആയാല്‍ മതി.ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞു നില്‍ക്കുമ്പോള്‍ എന്റെ ഒരു കസിനും ഞാനും കൂടി എന്റെ ജാതകം കളമശേരിയില്‍ കുഞ്ഞുണ്ണിമാഷ് എന്നൊരു ജ്യോതിഷിയെ കാണിക്കാന്‍ കൊണ്ടുപോയി.എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ അന്തം വിട്ടു നില്‍ക്കുന്ന കാലമാണത്.ജാതകം നോക്കി ഞങ്ങള്‍ മടങ്ങുമ്പോള്‍ മാഷ് ഭാര്യയോടു പറഞ്ഞു ഭാവിയിലെ നടനാണു പോകുന്നതെന്ന്.ഞാന്‍ അതു കേട്ട് വീണ്ടും ചോദിച്ചപ്പോള്‍ ഒന്നുമില്ല ഇവിടെപ്പറഞ്ഞതാ എന്നു പറഞ്ഞ് മാഷ് ഒഴിഞ്ഞു.നിങ്ങള്‍ക്കു മകള്‍ ജനിക്കും അവളുടെ ജനനത്തിനു ശേഷം ജീവിതത്തില്‍ ഒരു പാടു മാറ്റങ്ങളുണ്ടാകുമെന്ന് മറ്റൊരു ജ്യോതിഷി പറഞ്ഞു.അതും സത്യമായില്ലേ ? സമയത്തിലും നക്ഷത്രത്തിലുമൊക്കെ കാര്യമുണ്ട് എന്നെനിക്ക് ബോധ്യമാ.

ജനപ്രിയ നായകനെന്ന വിളിപ്പേരുള്ള നടനാണു താങ്കള്‍.തുടര്‍ച്ചയായ പരാജയങ്ങള്‍ എങ്ങനെ നേരിട്ടു?

റിങ്മാസ്റ്റര്‍ക്കു ശേഷം ഒന്നു രണ്ടു തിരിച്ചടികള്‍ ഉണ്ടായി.സിനിമയില്‍ അല്‍പ്പം ഒാവര്‍ ലോഡ് പിടിക്കുന്നയാളാണ് ഞാന്‍.രണ്ടു വര്‍ഷം വരെ ചെയ്യാനുള്ള സിനിമകള്‍ കയ്യിലുണ്ട്.രണ്ടു വര്‍ഷം മുന്‍പ് കേട്ട കഥകള്‍ ഇപ്പോള്‍ ചെയ്യുമ്പോള്‍ പുതുമയുണ്ടാകണമെന്നില്ല.ചന്ദ്രേട്ടന്റെ കഥ സിദ്ധാര്‍ഥും മറ്റും വന്നു പറയുമ്പോള്‍ ഞാന്‍ ത്രില്‍ഡ് ആയി.മറ്റു പല പ്രോജക്ടും മാറ്റിവച്ചാണ് ഇതു ചെയ്തത്.ഒരു കഥ ഇഷ്ടപ്പെട്ടാല്‍ ആറുമാസത്തിനുള്ളിലെങ്കിലും ചെയ്യാന്‍ കഴിയണം.

സ്ലാപ്സ്റ്റിക്ക് കോമഡിയുടെ കാലം കഴിഞ്ഞോ ? ഒരു കോമഡിയുടെയും കാലഘട്ടം കഴിഞ്ഞിട്ടില്ല.അനാവശ്യ പ്രകടനം വരുമ്പോഴാണ് സ്ലാപ്സ്റ്റിക് അരോചകമായി തോന്നുന്നത്.പറക്കും തളിക കാണുമ്പോള്‍ അത് ബോറടിക്കുന്നതായി തോന്നാറുണ്ടോ ? ഇല്ലല്ലോ ?

dileep-images

വിമര്‍ശനങ്ങളെ ഭയന്നാണോ സോഷ്യല്‍ മീഡിയയില്‍ നിന്നകന്ന് ഫെയ്സ് ബൂക്ക് പേജ് ക്ളോസ് ചെയ്തത് ?

സമാധാനത്തോടെ കഴിയാന്‍ ആഗ്രഹമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്.കൊച്ചു കൊച്ചു കാര്യങ്ങളില്‍ സങ്കടപ്പെടുകയും തളരുകയും ചെയ്യുന്ന ആളാണ് ഞാന്‍.ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഞാന്‍.ഞാന്‍ തളര്‍ന്നിരുന്നാല്‍ എന്റെ ജോലി നടക്കില്ല.ചന്ദ്രേട്ടന്‍ കണ്ടിട്ട് ഒരുപാടുപേര്‍ മെസേജ് അയച്ചു.നിങ്ങളുടെ വ്യക്തപരമായ പ്രശ്നങ്ങളിലൊന്നും ഞങ്ങള്‍ ഇടപെടുന്നില്ല.ഞങ്ങള്‍ക്കൊരു നല്ല സിനിമ കിട്ടി എന്നാണ് പലരും പറഞ്ഞത്.

മഞ്ജുവാര്യര്‍ പോയതോടെ ദിലീപിന്റെ ഭാഗ്യം പോയി എന്നു ചിലര്‍ പറയുന്നുണ്ടല്ലോ ?

ഞാന്‍ പറഞ്ഞുവല്ലോ സമയം എന്നതില്‍ വലിയ കാര്യമുണ്ടെന്ന്.മഞ്ജു എനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് എനിക്ക് വലിയ വിജയങ്ങളുണ്ടായിട്ടുണ്ട്.എന്റെ കരിയര്‍ ഒരു ഘട്ടത്തിലേക്കു കടന്ന കാലഘട്ടമാണത്. എന്നാല്‍ പരാജയങ്ങളും ഉണ്ട്.പതിനഞ്ചു വര്‍ഷം ഒരു ഫ്ളോപ്പ് പോലും ഉണ്ടാകാതിരുന്നിട്ടില്ലല്ലോ. രണ്ടര വര്‍ഷം എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയവുമുണ്ട്. ഭാഗ്യം കൂടെയുണ്ടെന്നു കരുതി വെറുതെയിരുന്നിട്ടു കാര്യമുണ്ടോ.നമ്മള്‍ നല്ല സിനിമയുടെ ഭാഗമാകുമ്പോള്‍ വിജയംവരും.അതൊരു ഭാഗ്യമാണ്.ഒരു ഭാഗ്യത്തെയും ഞാന്‍ നിഷേധിക്കുന്നില്ല.

കഥയില്‍ പലപ്പോഴും ഇടപെടുന്നയാളാണ് ദിലീപ് എന്നു പറയാറുണ്ട് ?

നമ്മള്‍ അഭിനയിക്കുന്ന കഥാപാത്രത്തെക്കുറിച്ച് നമ്മള്‍ക്കു ബോധ്യമുണ്ടാകണം.അതിനു ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും.അത് ഇടപെടല്ല.എന്റെ ചോദ്യങ്ങള്‍ ആ സിനിമയുടെ നന്‍മയ്ക്കു വേണ്ടി മാത്രമാണ്.എന്റെ ഡേറ്റ് കിട്ടിയാലെ സിനിമ ചെയ്യൂ എന്നു ചിലര്‍ പറയാറുണ്ട്.അവരോടു ഞാന്‍ പറയുന്നു തിരക്കഥ മുഴുവനായിട്ടേ ഇനി ഞാന്‍ സിനിമ ചെയ്യൂ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.