Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തിനായിരുന്നു ജി.പി ഈ തേങ്ങാക്കൊല ?

gp-pearle

മഴവിൽ മനോരമയിലെ ഡി 2 ഡാൻസ് ഗ്രാൻഡ് ഫിനാലെ കഴിഞ്ഞതോടെ യൂട്യൂബിലും ഫെയ്സ്ബുക്കിലും ഹിറ്റായ ഒരു ആൽബമുണ്ട്. സംശയിക്കേണ്ട പറഞ്ഞുവരുന്നത് നമ്മുടെ സ്വന്തം ജി.പിയുടെയും പേളിയുടെയും തേങ്ങാക്കൊല മാങ്ങാത്തൊലി ആൽബത്തെക്കുറിച്ച് തന്നെ. തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന ഗാനത്തിന്റെ യഥാർഥ ഉദ്ദേശം എന്തെന്ന് അറിയാതെയാണ് പലരും ഇതിനെ വിമർശിക്കുന്നത്. എന്നാലും ഈ ജി.പിയും പേളിയും എന്തിന് ഇങ്ങനെ ഒരു ആൽബം ഇറക്കിയെന്ന് ഡി 2 ഡാൻസ് സ്ഥിരമായി കാണാതെ തേങ്ങാക്കൊല മാത്രം കണ്ടവരും ചോദിക്കുന്നു. എല്ലാത്തിനുമുള്ള ഉത്തരം ഗോവിന്ദ് പദ്മസൂര്യ എന്ന ജി.പി തന്നെ പറയുന്നു.

അല്ല ജി.പി ശരിക്കും എന്തിനായിരുന്നു ഇങ്ങനെ ഒരു കൊല ചതി? (ചോദ്യം കേട്ടപ്പോൾ തന്നെ ചിരിയോട് ചിരി

ഇത് ശരിക്കും ഞങ്ങൾക്ക് തന്ന ഒരു ടാസ്ക്ക് ആയിരുന്നു. ഗ്രാൻഡ് ഫിനാലെയിലെ ഓരോ ഭാഗവും ഓരോ സെഗ്മെന്റ് ആയിരുന്നു, അതിൽ ശ്രീനാഥ് വരുന്നതിനു മുമ്പുള്ള ഇൻഡ്രോയായിരുന്നു ഈ ആൽബം. ഏറ്റവും കൂതറയായ ഒരു പരിപാടി അവതരിപ്പിച്ചതിലൂടെ ഞങ്ങളെ മിണ്ടാതെ ഇരുത്തണം പകരം പുറത്തൂന്ന് വേറെ ആളെ ആങ്കറിങ്ങിന് കൊണ്ടുവരുന്നു എന്ന് കാണിക്കാൻ വേണ്ടി എടുത്തതാണ് തേങ്ങാക്കൊല മാങ്ങാത്തൊലി. തമാശയായി ചെയ്ത ഒരു സംഗതിയാണത്.

പിന്നെ ഇതിന്റെ പിന്നിലൊരു മധുര പ്രതികാരം കൂടിയുണ്ട്. ഒരിക്കൽ ഞാനും പേളിയും കൂടി ഒന്നാം രാഗം പാടി അവതരിപ്പിച്ചിരുന്നു. അന്ന് അത് പേളിയുടെ കൈയ്യിൽ നിന്ന് മൊത്തം കൈവിട്ടു പോയി, എന്റെ കൈയ്യിൽ നിന്ന് പകുതി കൈവിട്ടുപോയി. ഏതായാലും അന്ന് ഞങ്ങൾക്ക് ജഡ്ജസിന്റെ കൈയ്യിൽ നിന്ന് കണക്കിന് വിമർശനം കിട്ടി. അന്നേ കരുതിയതാണ് ഇതിലും കൂതറയായി വേറെ ഒരു ആൽബം ഇറക്കുമെന്ന്. ആദ്യം അതിന് ഗ്രാൻഡ്ഫിനാലെയിൽ അവതരിപ്പിക്കാൻ സമ്മതം ഉണ്ടായിരുന്നില്ല. സമ്മതം തന്നു കഴിഞ്ഞപ്പോൾ പ്രോഗ്രാം പ്രൊഡ്യൂസർ തന്നെ പറഞ്ഞു നിങ്ങളെക്കൊണ്ട് എത്രയും കൂതറ ആക്കാമോ അത്രയും കൂതറയായി ചെയ്തോളാൻ. ഇതിനേക്കാൾ കൂതറയായി വേറെയൊന്നുമില്ല എന്ന് തോന്നിക്കണമെന്ന്. ഏതായാലും ആ ദൗത്യം വിജയകരമായി തന്നെ പൂർത്തിയാക്കാൻ സാധിച്ചു.

ജഡ്ജസിന്റെ പ്രതികരണം എന്തായിരുന്നു ഇതു കണ്ടു കഴിഞ്ഞപ്പോൾ?

വെറുപ്പിക്കും എന്ന് അറിയാരുന്നു, എന്നാലും ഇത് ഒരു ഒന്നൊന്നര വെറുപ്പിക്കലായി പോയലോടേ എന്നായിരുന്നു പറഞ്ഞത്.

ഗ്രാൻഡ് ഫിനാലെ കാണാത്തവർക്ക് പക്ഷെ സംഗതി മനസ്സിലായോ എന്ന് സംശയമുണ്ടല്ലോ ജി.പി?

ഫിനാലെ കാണാതെ ഈ വീഡിയോ മാത്രം യൂട്യൂബിൽ കണ്ടവർക്ക് എന്താണ് കാണിച്ചിരിക്കുന്നതെന്ന് സംശയം ഉണ്ട്. ഇത് ശരിക്കും ഫിനാലെയുടെ ഭാഗമാണ്. തേങ്ങാക്കൊല ഒരു ഉദാത്ത സൃഷ്ടിയേ അല്ല, മഹാത്തായ കലാസൃഷ്ടി എന്നു വിചാരിച്ച് ഇത് കാണുകയേ ചെയ്യരുത്. ഗ്രാൻഡ്ഫിനാലെയ്ക്ക് മുമ്പുള്ള എപ്പിസോഡുകളിൽ ഞങ്ങൾ പാട്ടിന്റെ വരികൾ എഴുതുന്നതൊക്കെ കാണിച്ചിട്ടുണ്ട്. അത്രയും ബിൾഡ് അപ്പാണ് നൽകിയിരുന്നത്. എത്രേം വെറുപ്പിക്കാമോ അത്രയും വേറുപ്പിക്കുന്ന ഒന്നാണെന്ന ബോധം ഞങ്ങൾക്കു തന്നെയുണ്ട്. പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകർക്ക് പക്ഷെ മനസ്സിലാകും ജി.പിയും പേളിയും ഇങ്ങനെയാണെന്ന്. അതുകൊണ്ട് അവരെ സംബന്ധിച്ച് ഇത് ഒരു കോമഡി സാധനമാണ്.

ആരാണ് ഈ ഉദാത്ത സൃഷ്ടിയുടെ വരികൾ എഴുതിയിരിക്കുന്നത്?

ഞങ്ങൾ തന്നെയാണ് വരികളും സംഗീതസംവിധാനവും അഭിനയവും തേങ്ങാക്കൊല എന്ന പേരും എല്ലാം ഇട്ടത്. കൂതറയായി ചെയ്യണമെന്ന് പറഞ്ഞപ്പോൾ എന്ത് തേങ്ങാക്കൊല ചെയ്യാനാടാ എന്ന് അന്യോന്യം ചോദിച്ചൂ. അതിൽ നിന്നാണ് ഈ തേങ്ങാക്കൊല എന്ന പേരു തന്നെ വന്നത്. അവതരണത്തിലെ സ്വതസിദ്ധമായ രീതി തന്നെയാണോ നിങ്ങൾ തമ്മിലുള്ള ഈ കെമിസ്ട്രിക്ക് പിന്നിലും? ഞങ്ങൾ ഞങ്ങളായി തന്നെയാണ് എന്നും അവതരിപ്പിക്കുന്നത്. ഇമേജ് നോക്കി അല്ല ഒന്നും ചെയ്യുന്നത്. അങ്ങനെ ചെയ്യാൻ പോയാൽ ഞങ്ങൾക്ക് പ്രേക്ഷകരെ ചിരിപ്പിക്കാൻ സാധിക്കില്ല, ഇങ്ങനെ പൊട്ടത്തരങ്ങൾ ചെയ്യാൻ പറ്റില്ല. അതുകൊണ്ടാണ് പ്രേക്ഷകരോട് സഭാകമ്പമില്ലാതെ സംവദിക്കാൻ സാധിക്കുന്നത്.

തേങ്ങാക്കൊല ചെയ്ത നിങ്ങൾ തന്നെയാണോ റൊമാന്റിക് മെലഡിക്ക് ചുവടുവച്ചതെന്ന് സംശയം തോന്നുന്നു?

ഞങ്ങളുടെ അടുത്ത് നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഗ്രാൻഡ് ഫിനാലയുടെ ഇടയിലെ റൊമാന്റിക്ക് പെർഫോമൻസ്. തേങ്ങാക്കൊലയ്ക്ക് വിമർശനം കിട്ടുമ്പോൾ തന്നെ ഇതിന് പ്രശംസ കിട്ടുന്നുമുണ്ട്. പെർഫോമേഴ്സ് എന്ന നിലയിൽ ഞങ്ങളുടെ മുമ്പിലെ വെല്ലുവിളിയായിരുന്നു ഈ രണ്ട് ആൽബങ്ങളും. ഒന്ന് രണ്ട് ദിവസം കൊണ്ടാണ് രണ്ടും ചെയ്തത്. തേങ്ങാക്കൊല ചെയ്യുമ്പോൾ തന്നെ വളരെ കൺട്രോൾഡ് ആയിട്ട് ഇതിലും അഭിനയിക്കണം. അവിടെ തേങ്ങ എറിയൽ സെൽഫി എടുക്കൽ തുടങ്ങിയ കലാപരിപാടികൾ നടക്കുമ്പോൾ ഇവിടെ വേണ്ടത് മിതത്വമുള്ള അഭിനയമായിരുന്നു. ഞങ്ങളെ കൊണ്ട് രണ്ടു രീതിയിലുമുള്ളത് സാധിക്കുമെന്ന് കാണിച്ചു തരാൻ വേണ്ടിയാണ് തേങ്ങാക്കൊലയോടൊപ്പം റൊമാന്റിക്ക് വീഡിയോയും ഇറക്കിയത്.

ഗ്രാൻഡ് ഫിനാലെയോടെ പ്രേക്ഷകർക്ക് നിങ്ങളുടെ ഇത്തരം തമാശകൾ എല്ലാം മിസ് ചെയ്യുമല്ലോ?

പ്രേക്ഷകർക്ക് ഞങ്ങളെ മിസ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ഞങ്ങൾക്ക് പ്രേക്ഷകരെ മിസ് ചെയ്യും. ഫിനാലെയുടെ അവസാനം നിങ്ങൾക്ക് ഞങ്ങളെ മിസ് ചെയ്യുന്നതിനേക്കാൾ ഞങ്ങൾക്ക് നിങ്ങളെ മിസ് ചെയ്യും ഇന്നു പറഞ്ഞത് 100 ശതമാനം ആത്മാർഥമായിട്ടാണ്. എന്നെ സംബന്ധിച്ച് എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു ഡി 4 ഡാൻസ്. നമുക്ക് നേരിട്ട് അറിയാത്തവർ വരെ നമ്മളോട് പരിചയം കാണിക്കുന്നു സ്നേഹം കാണിക്കുന്നു അതെല്ലാം എനിക്ക് പുതുമയായിരുന്നു. എനിക്ക് അറിയാത്ത പ്രേക്ഷകരുടെ സ്നേഹം എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. അതെല്ലാം എനിക്ക് ഇനി മിസ് ചെയ്യും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.