Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കിലല്ല, പ്രവൃത്തിയിൽ വിശ്വസിക്കുന്നയാളാണ് മമ്മൂക്ക: ഗിന്നസ് പക്രു

mammootty-pakru

മമ്മൂക്ക രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടൻ ഗിന്നസ് പക്രു. അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാൽ ശക്തനായ ഭരണാധികാരിയായിരിക്കും. ജനങ്ങൾക്ക് ഒരുപാട് നന്മകൾ ചെയ്യുവാൻ അദ്ദേഹത്തിന് സാധിക്കും. വാക്കുകളിലല്ല പ്രവൃത്തിയിൽ വിശ്വസിക്കുന്ന ആളാണ് അദ്ദേഹം. കൃഷിയിലാണെങ്കിലും വെടിക്കെട്ടപകടമുണ്ടായപ്പോഴാണെങ്കിലും കുടിവെള്ളത്തിന്റെ കാര്യത്തിലാണെങ്കിലുമെല്ലാം അദ്ദേഹത്തിന്റെ പ്രവൃത്തികൾ ജനങ്ങൾ കണ്ടതാണ്. ഞാൻ അദ്ദേഹത്തോട് ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഒരു ചിരി മാത്രമായിരുന്നു മറുപടി. പക്ഷേ, ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു, പക്രു മനോരമ ഒാൺലൈനോട് പറഞ്ഞു.

എന്റെ പൊക്കത്തിൽ നിന്നു സിനിമാക്കാർക്കിടയിൽ ദൂരദർശിനി വച്ച് നോക്കിയപ്പോൾ മനസിൽ വന്നത് അദ്ദേഹത്തിന്റെ മുഖമാണ്. വാക്കിലല്ല, പ്രവൃത്തിയിൽ വിശ്വസിക്കുന്നയാളാണ് അദ്ദേഹം. എന്തും നടത്തിക്കാണിക്കാൻ മിടുക്കനാണ് മമ്മൂക്ക. അദ്ദേഹം വളരെ സെൻസിറ്റീവ് ആണ്. പ്രകൃതി സ്നേഹിയാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വീക്ഷണവും ചുറുചുറുക്കും ജനങ്ങൾക്ക് പ്രയോജനപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു.

താരങ്ങളെ നൂലിൽ കെട്ടിയിറക്കുന്നവരെന്ന് അധിക്ഷേപിക്കുന്നതിൽ കാര്യമില്ല. വർഷങ്ങളായി ജനപ്രതിനിധികൾക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ താരങ്ങളെക്കൊണ്ട് സാധിക്കും. അപ്പോൾ നൂലിലല്ല, ചിലപ്പോൾ കയറിൽ കെട്ടി സ്ഥാനാർഥികളെ ഇറക്കേണ്ടി വരും. അവർ തങ്ങളുടെ പദവിയും സുഖ സൗകര്യങ്ങളുെമല്ലാം ഉപേക്ഷിച്ചാണ് തിരഞ്ഞെടുപ്പ് രംഗത്തേക്കു വരുന്നത്. സാധാരണ താരങ്ങളെ കാണുവാൻ ആളുകൾ ക്യൂ നിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും. അങ്ങനെയുള്ള അവർ എല്ലാം ഉപേക്ഷിച്ച് അവരുടെ അടുത്തേക്ക് ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാം എന്ന മാനസീകാവസ്ഥയിലേക്ക് മാറുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞാൻ പോകുന്നത് രാഷ്ട്രീയം നോക്കിയല്ല, വ്യക്തിപരമായ അടുപ്പം വച്ചാണ്. ഇന്നസെന്റ് ചേട്ടനുവേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് പോയിരുന്നു. ഇത്തവണ എനിക്ക് ബാലികേറാമലയായി തോന്നുന്നത് പത്തനാപുരത്താണ്. അവിടെ പ്രചാരണത്തിന് പോകാൻ സാധിക്കില്ല. കാരണം, എല്ലാവരും എന്റെ സുഹൃത്തുക്കളാണ്.

ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്ന് ചോദിച്ചാൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല, കാരണം എനിക്ക് ശാരീരികമായ പരിമിതികൾ ഉണ്ട്. ജനപ്രതിനിധി ഒാടി നടന്ന് ജന സേവനം ചെയ്യണം. അതിനുള്ള ശാരീരികാവസ്ഥ എനിക്ക് ഇല്ല. ഭാവിയിൽ അതിനുള്ള മനോധൈര്യം എനിക്കുണ്ടായേക്കാം. ഇപ്പോൾ കലാരംഗത്ത് കുറച്ചു നാൾ കൂടി തുടരണമെന്നാണ് ആഗ്രഹം. പൂർണമായും മനസർപ്പിക്കാനാവുന്ന സാഹചര്യത്തിലേ രാഷ്ട്രീയത്തിലിറങ്ങൂ. ഇപ്പോൾ മത്സരിക്കുന്ന താരങ്ങൾ ജയിച്ചാലും തോറ്റാലും ജനസേവനം തുടരണം. തോൽക്കുന്നവർ പൊതു സേവനം മതിയാക്കിയാൽ അവർ പൂർണ പരാജയമായിരിക്കും.

നടൻ സുരേഷ് ഗോപി എംപിയായി നാമനിർദേശം ചെയ്യപ്പെട്ടതിൽ ഏറെ സന്തോഷിക്കുന്നു. അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേരത്തേ തന്നെ സജീവമാണ്. അദ്ദേഹം മന്ത്രിയാവാൻ സാധ്യതയുള്ളയാളാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ജനങ്ങൾക്ക് ആരാധന തോന്നുന്നവയാണ്. പക്രു പറഞ്ഞു.