Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു തലമുറകളുടെ സംഗമമായി ഹലോ നമസ്തേ

hello-namasthe ജയൻ കെ നായർ, ദേവൻ (ഇടത്)

പുതുമുഖ സംവിധായകൻ ജയൻ കെ നായർ സംവിധാനം ചെയ്യുന്ന ഹലോ നമസ്തേ ജനുവരി അവസാന വാരം റിലീസിന് തയ്യാറെടുക്കുകയാണ്. മലയാളത്തിൽ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഉപാധികളില്ലാത്ത ആണ്‍- പെണ്‍ സൗഹൃദങ്ങളുടെ രസക്കൂട്ട് പങ്കുവയ്ക്കുന്ന ചിത്രത്തിൽ ഭാവന, മിയ , വിനയ് ഫോർട്ട്‌ , സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. മസാലകോഫീ തയ്യാറാക്കിയ ചിത്രത്തിൻറെ പ്രോമോ ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു. വേഷത്തിലും ഭാവത്തിലും കഥാതന്തുവിലും തികച്ചും ഒരു ന്യൂജനറേഷൻ സിനിമയാണ് ഹലോ നമസ്തേ എന്ന എന്ന് കരുതിയെങ്കിൽ , ആ ചിന്ത മാറ്റാം. പുതു തലമുറയും പഴയ തലമുറയും ഒരുമിച്ച് ഈ ചിത്രം സ്വീകരിക്കുമെന്നാണ് സംവിധായകൻ ജയൻ കെ നായർ പറയുന്നത്.

പുതുതലമുറയും പഴയ തലമുറയും ഒരുമിച്ച് ഹലോ നമസ്തേ സ്വീകരിക്കും എന്ന് ഉറപ്പിച്ചു പറയുന്നതിന് , ജയൻ കെ നായർക്ക് പക്ഷെ തന്റേതായ കാരണങ്ങളുമുണ്ട്. മറ്റു ചിത്രങ്ങളില നിന്നും , ഹലോ നമസ്തേയുടെ നിർമ്മാണത്തെ വ്യത്യസ്തമാക്കിയ ആ ഘടകം എന്തെന്ന് വച്ചാൽ സംവിധാനവും സംഗീതവും ഉൾപ്പെടെ വിവിധ മേഖലകളിലുള്ള രണ്ടു തലമുറകളുടെ സംഗമമാണ്. അതായത് രണ്ടു തലമുറകളുടെ ചിന്തയും അധ്വാനവുമാണ് ഈ ചിത്രത്തിന് പിന്നിൽ. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഹലോ നമസ്തേ അച്ഛന്മാരുടെയും മക്കളുടെയും സിനിമയാണ് എന്ന് പറയാം.

mia-sanju

ഡയറക്ടറും ക്രിയേറ്റീവ് ഡയറക്ടറും - ജയൻ കെ നായർ - ദേവൻ

ഹലോ നമസ്തയിലെ ആദ്യ ജോഡി അച്ഛനും മകനും ചിത്രത്തിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഡയറക്ടറും തന്നെയാണ്. അച്ഛൻ ജയൻ കെ നായർ സംവിധായകന്റെ വേഷത്തിൽ ആദ്യ ചിത്രം ചെയ്യുമ്പോൾ മകൻ ദേവൻ ചിത്രത്തിൻറെ ക്രിയേറ്റീവ് ഡയറക്ടരാകുന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിർമ്മാതാവായും നടനായും വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ജയൻ കെ നായർക്ക് പക്ഷെ സംവിധായകന്റെ റോളിൽ എത്താൻ അൽപം കാല താമസമുണ്ടായി. അമേരിക്കയിൽ പരസ്യ സംവിധായകനായി തിളങ്ങുന്നതിനടയിലാണ് സിനിമ സംവിധാനം എന്ന മോഹം വീണ്ടും ശക്തമാകുന്നത്. അച്ഛന്റെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി മകൻ ദേവൻ കൂടി ചേർന്നതോടെ ഹലോ നമസ്തേ എന്ന ചിത്രത്തിന് തുടക്കമായി.

hello-namasthe-team കൃഷ്ണ പൂജപ്പുര, ഉണ്ണി, ജയൻ കെ നായർ, ദേവൻ

ഒരു സ്വകാര്യ ചാനലിൽ പ്രോഗ്രാം പ്രോഡ്യൂസർ ആയിരുന്ന ദേവൻ , സിനിമക്ക് പുറകെ പോകുന്നതിനോട് വീട്ടിൽ ആദ്യം യോജിപ്പുണ്ടായിരുന്നില്ല.മാനേജ്മന്റ് പഠനത്തിനു ശേഷം അയർലണ്ടിൽ നിന്നും മടങ്ങിയെത്തിയ ദേവൻ പക്ഷെ, മാർക്കറ്റിംഗ് സ്ട്രാറ്റജികൾ രൂപീകരിക്കുന്നതിനോപ്പം തന്നെ സിനിമ എന്ന മോഹം മനസിലിട്ട്‌ വളർത്താൻ തുടങ്ങി. പിന്നീട് ജോലി രാജി വച്ച് പ്രശസ്ത സംവിധായകൻ വി കെ പ്രകാശിന്റെ അസ്സിസ്റ്റന്റായി. നത്തോലി ചെറിയ മീനല്ല , പോപ്പിൻസ്‌ തുടങ്ങിയ സിനിമകളിലും ചില പരസ്യ ചിത്രങ്ങളിലും ദേവൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്റ് ആയി. തുടർന്നാണ് പ്രോഗ്രാം പ്രോട്യൂസറുടെ റോളിലേക്ക് ചുവടുമാറുന്നത്.

പതിവ് പോലെ ഒരു വെക്കേഷന് അമേരിക്കയിൽ നിന്നും എത്തിയ അച്ഛൻ മകനോട്‌ തന്റെ സിനിമ മോഹങ്ങൾ പങ്കു വച്ചപ്പോൾ , രോഗി ഇച്ചിച്ഛതും വൈദ്യൻ കൽപ്പിച്ചതും പാല് എന്ന അവസ്ഥയായി. അച്ഛന്റെയും മകന്റെയും രക്തത്തിലുള്ളത് സിനിമ തന്നെയാണ് എന്ന് മനസിലായ നിമിഷം ദേവൻ രണ്ടാമതൊന്നു ആലോചിച്ചില്ല, ജോലി രാജി വച്ച് ഹലോ നമസ്തേ എന്ന സ്വപ്ന സിനിമയ്ക്കായി ഇറങ്ങി തിരിച്ചു.

vinay-bhavana

അച്ഛൻ ഡയറക്ടർ ആയ സിനിമയിൽ എന്തുകൊണ്ട് അസോസിയേറ്റ് ഡയറക്ടറുടെ ബാനറിൽ എത്തിയില്ല എന്ന് ചോദിച്ചാൽ ദേവന് ഉത്തരമുണ്ട്. '' ഇത് പൂർണ്ണമായും അച്ഛന്റെ സിനിമയാണ്. വർഷങ്ങളായി അദ്ദേഹം മനസിലിട്ട്‌ കൊണ്ട് നടന്ന സ്വപ്നമാണിത്. സിനിമയിലും സംവിധാനത്തിലും ആവശ്യത്തിനു എക്സ്പീരിയൻസ് ഉണ്ടായിരുന്നിട്ടു പോലും 5 വർഷം ഊണും ഉറക്കവും കളഞ്ഞു അധ്വാനിച്ചിട്ടാണ് അദ്ദേഹം ആദ്യ ചിത്രം ഒരുക്കിയത്. സിനിമ പാഷൻ ആണെങ്കിലും എനിക്ക് ഒരിക്കലും അത്രയും ക്ഷമ കിട്ടില്ല. അത് കൊണ്ട് തന്നെയാണ് ഞാൻ ക്രിയേറ്റീവ് ഡയറക്ടർ എന്ന പോസ്റ്റ്‌ തെരഞ്ഞെടുത്തത്.''

ഗാനരചയിതാവും സംഗീത സംവിധായകനും - കൈതപ്രം ദാമോദരൻ നമ്പൂതിരി - ദീപാങ്കുരൻ

ശ്രവണ മനോഹരങ്ങളായ ഒട്ടേറെ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരി ഒരിടവേളയ്ക്ക് ശേഷം ഗാനരചന നിർവഹിക്കുന്ന ചിത്രമാണ് ഹലോ നമസ്തേ. അദ്ദേഹത്തിന്റെ വരികൾക്ക് ഈണം നൽകുന്നത് മകൻ ദീപാങ്കുരനാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സംഗീത സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് എങ്കിലും, അച്ഛന്റെ വരികൾക്ക് മകൻ ഈണം നൽകുന്നത് സിനിമാ പ്രേമികൾ കൌതുകത്തോടെ കാത്തിരിക്കുകയാണ്.

kaithapram കൈതപ്രം ദാമോദരൻ നമ്പൂതിരി , ദീപാങ്കുരൻ

ഹലോ നമസ്തേക്ക് വേണ്ടി ഒരു മെലഡി ഗാനമാണ് അച്ഛനും മകനും ചേർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. വിജയ്‌ യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനരചയിതാവും സംഗീത സംവിധായകനും എന്ന നിലയിലാണോ അതോ അച്ഛനും മകനും എന്ന നിലയിലാണോ ഗാനം ചിട്ടപ്പെടുത്താൻ ഇരുന്നത് എന്ന് ചോദിച്ചാൽ, ഒരു ചിരി മാത്രമാണ് ഉത്തരം. ആ ചിരിയിൽ അച്ഛൻ - മകൻ ബന്ധത്തിനപ്പുറം ഒരു സൗഹൃദത്തിന്റെ ഊഷ്മളത കാണാം. പഴയ തലമുറയുടെ വരികൾ പുതിയ തലമുറയുടെ ഈണത്തിൽ പാട്ടായിമാറുമ്പോൾ അതിന്റെ സ്വീകാര്യത എങ്ങനെയെന്നു കാത്തിരുന്നു കാണാം.

കഥാകൃത്തും സഹ സംവിധായകനും - കൃഷ്ണ പൂജപ്പുര - ഉണ്ണി

mia-bhavana

13 ൽ പരം ചിത്രങ്ങളുടെ കഥാകൃത്തായിരുന്ന കൃഷണ പൂജപ്പുര ഒരിക്കൽ പോലും കരുതിയിരുന്നില്ല മകൻ ഉണ്ണിക്ക് സിനിമയിൽ താല്പര്യം ഉണ്ടെന്ന്. എം ബി എ പഠനശേഷം ജോലി അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ദേവൻ ഉണ്ണിയെ കാണുന്നത്. അച്ഛനുമായി കഥയുടെ കാര്യങ്ങൾ സംസാരിക്കാൻ വന്ന ദേവന്റെ കുസൃതി ചോദ്യമാണ് ഉണ്ണിയുടെ മനസ്സിൽ ഉറങ്ങി കിടന്നിരുന്ന സിനിമാ മോഹിയെ ഉണർത്തിയത്. എന്നാൽ അച്ഛനെ പോലെ എഴുത്തിൽ ആയിരുന്നില്ല ഉണ്ണിക്ക് താൽപര്യം. സംവിധാനത്തിൽ ആയിരുന്നു.

മുൻപരിചയം ഇല്ലാത്ത മേഖലയായതിനാൽ അസിസ്റ്റന്റ്‌ ഡയറക്ടർ എന്ന റോളിൽ നിന്ന് കൊണ്ട് കാര്യങ്ങൾ പഠിക്കാൻ തീരുമാനിച്ചു. അച്ഛൻ - മകൻ ബന്ധം സിനിമക്ക് പുറത്തു നിർത്തിയാണ് ഇരുവരും ഷൂട്ടിങ്ങ് സെറ്റിൽ വരാറ്. സഹ സംവിധായകന്റെ റോളിൽ നിന്ന് സിനിമ പഠിക്കുക അതാണ്‌ ലക്ഷ്യം.

ഹലോ നമസ്തേ , ഡാഡി കൂൾ സണ്‍ കൂൾ സിനിമ

ഹലോ നമസ്തേ എന്ന സിനിമയിലെ ഈ തലമുറകളുടെ സംഗമം തികച്ചും അവിചാരിതമാണ്. സിനിമ പകുതി ആയപ്പോഴാണ് അതിനെക്കുറിച്ച് അണിയറ പ്രവർത്തകർ ആലോചിക്കുന്നത് തന്നെ. എന്നാൽ ഈ തലമുറകളുടെ സംഗമം ചിത്രത്തിൻറെ നിർമ്മാണത്തിൽ ഏറെ സഹായിച്ചിട്ടുണ്ട് എന്ന് ദേവൻ പറയുന്നു. അച്ഛനും ഞാനുമായും, ദീപുവും കൈതപ്രം സാറുമായും എല്ലാം നല്ല വാക്വാദങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ തലമുറയുടെയും പഴയ തലമുറയുടെയും ചിന്തകൾ വഴിമാറി സഞ്ചരിക്കുന്ന തലങ്ങളിൽ വച്ചു. എന്നാൽ തുറന്ന ചർച്ചകളിലൂടെ അത് പരിഹരിച്ചപ്പോൾ എല്ലാ പ്രായത്തിലുള്ളവരും ആസ്വദിക്കുന്ന ഒരു ചിത്രം ചെയ്യാൻ കഴിഞ്ഞു.

ജനുവരി 29 നാണ് ഹലോ നമസ്തേ തീയറ്ററുകളിൽ എത്തുന്നത്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.