Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിലെ സെലിനാകാൻ അനിഖ തെലുങ്കിലേക്ക്

anikha-baby

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയ ബാലതാരമായി മാറിയ ബേബി അനിഖ തമിഴിലും തെലുങ്കിലുമായി പറന്നു നടക്കുകയാണ്. ഈ അടുത്തകാലത്ത്‌ മലയാള സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഹരം കൊള്ളിച്ച പ്രേമത്തിന്റെ തെലുങ്ക്‌ പതിപ്പിൽ സെലിന്റെ കുട്ടിക്കാലം അവതരിപ്പിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഈ കൊച്ചു കുറുമ്പത്തി. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ അനിഖ മനോരമ ഓൺലൈനുമായി പങ്കു വയ്ക്കുന്നു...

എങ്ങനെയാണ് സിനിമയിൽ എത്തിയത് ?

എട്ട് മാസം പ്രായം ഉള്ളപ്പോൾ ആയിരുന്നു ആദ്യമായി കാമറയ്ക്ക് മുൻപിൽ വന്നത്. അതും ഒരു പരസ്യ ചിത്രത്തിനു വേണ്ടി. അതിനു ശേഷം കുറെയധികം പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. ഒന്നര വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ഞാൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ആദ്യ ചിത്രം ഛോട്ടാ മുംബൈ ആയിരുന്നു. ചെറിയ റോൾ ആയിരുന്നു. ഒരു മുഴുനീള കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചത് രണ്ടാമത്തെ ചിത്രമായ കഥ തുടരുന്നുവിൽ ആണ്.

വലിയ സിനിമാനടി ആകണം എന്നതാണോ സ്വപ്നം ?

അങ്ങനെ ഒന്നുമില്ല (ചിരിക്കുന്നു). അതൊന്നും ഞാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല. എന്റെ സ്വപ്‌നങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും.

nayanthara-anikha

വീട്ടിൽ ആരാണ് ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്നത് ?

അച്ഛനും അമ്മയും ആണ് എന്നെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്നത്. അവരാണ് എന്നെ പാട്ടും ഡാൻസും പഠിക്കാൻ വിടുന്നത്. അഞ്ചു വയസ്സ് മുതലാണ് ഞാൻ പാട്ടും ഡാൻസും പഠിക്കാൻ തുടങ്ങിയത്. കുറച്ചു നാൾ മുൻപ് ആണ് എന്റെ അരങ്ങേറ്റം കഴിഞ്ഞത്. ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകൾ ഉള്ളത് കൊണ്ട് ചെറിയ ഒരു ബ്രേക്ക്‌ എടുത്തിരിക്കുകയാണ്.

വീട്ടിലെ കുസൃതികുടുക്കയാണോ ?

mammootty-anikha

ചില സമയങ്ങളിൽ. ചേട്ടനുമായി ഇടയ്കൊക്കെ വഴക്കിടുന്നതാണ് എന്റെ മേയ്ൻ ഹോബി (ചിരിക്കുന്നു) . വെറുതെ തമാശയ്ക്ക് ആണ് കേട്ടോ. വീട്ടിൽ എനിക്ക് ഏറ്റവും കൂടുതൽ അടുപ്പം ചേട്ടനുമായിട്ടാണ്. ഞങ്ങൾ ഒരുമിച്ചു പഠിക്കാൻ ഇരിക്കുമ്പോൾ ആണ് വീട്ടിൽ ഏറ്റവും രസം.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്‌ കിട്ടിയപ്പോൾ എന്ത് തോന്നി ?

ഒരുപാട് സന്തോഷം തോന്നി . സേതുലക്ഷ്മിയിലെ അഭിനയത്തിനായിരുന്നു എനിക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്‌ ലഭിച്ചത്. ആ വർഷം വേറെ അവാർഡുകൾ ഒന്നും കിട്ടിയിരുന്നില്ല അതു കൊണ്ട് തന്നെ ഈ അവാർഡ്‌ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവാർഡ്‌ കിട്ടിയപ്പോൾ ആ സന്തോഷം ഞങ്ങൾ വീട്ടിൽ സെലിബ്രേറ്റ് ചെയ്തിരുന്നു. ഡയറക്ടർ സുധീർ അങ്കിളിന്റെ ഭാര്യ ഒരു ഗിഫ്റ്റ് തന്നു.

nayan

ഏറ്റവും ഇഷ്ടമുള്ള നടി നയൻ‌താര ആണെന്ന് കേട്ടല്ലോ ശരിയാണോ ?

അതെ. തമിഴിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി നയൻ‌താരയാണ്. ചേച്ചിയുടെ കൂടെ ഞാൻ രണ്ടു സിനിമ ചെയ്തു . ചേച്ചി വളരെ സപ്പോർട്ടീവ് ആണ്. ഞാൻ ആദ്യമായി പാടി അഭിനയിച്ച പാട്ട് ആണ് ഭാസ്കർ ദി റാസ്ക്കലിലെ " ഐ ലവ് യു മമ്മി " എന്ന പാട്ട് . ആ പാട്ടിൽ പാടി അഭിനയിക്കാൻ എനിക്ക് പലപ്പോഴും ബുദ്ധിമുട്ട് തോന്നിയിരുന്നു അപ്പോഴെല്ലാം ചേച്ചി വളരെയധികം ഹെൽപ്പ് ചെയ്‌തിരുന്നു.

ajith-anikha

തമിഴിൽ അജിത്തിന്റെയും ജയം രവിയുടെയും കൂടെ അഭിനയിച്ചല്ലോ? ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമായത് ?

അയ്യോ... (ചിരിച്ചു കൊണ്ട് ആലോചിക്കുന്നു ). രണ്ടു പേരെയും ഇഷ്ടമാണ്. അജിത്‌ സാറും രവി സാറും എന്നോട് വളരെ ക്ലോസ്സായിരുന്നു. “യെന്നെ അറിന്താലിൽ” അജിത്തിന്റെ മകളായാണ് ഞാൻ അഭിനയിച്ചത്. ഷൂട്ടിങ് സെറ്റിൽ വച്ച് അജിത്‌ സാർ എന്നോട് മലയാളത്തിൽ സംസാരിച്ചിരുന്നു. സാർ വളരെ സപ്പോർട്ടീവ് ആണ്.

രവി സാർ വളരെ ജോളിയാണ്. “മിരുതനിൽ” ജയം രവിയുടെ അനുജത്തിയുടെ വേഷമായിരുന്നു. വിദ്യ എന്നാണ് ഞാൻ ചെയ്ത കഥാപാത്രത്തിന്റെ പേര്.

jayam-anikha

തമിഴ് സംസാരിക്കാൻ ബുദ്ധിമുട്ടിയോ ?

രണ്ട് ചിത്രങ്ങളിലും ഡബ്ബ് ചെയ്തത് ഞാന്‍ തന്നെയാണ് . ആദ്യം ഒക്കെ തമിഴ് സംസാരിക്കാൻ കുറച്ചു ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പിന്നീട് വർക്ക്ഷോപ്പിലൂടെ തമിഴ് സംസാരിക്കാൻ പഠിച്ചു.

celine-madonna

അടുത്ത സിനിമകൾ ഏതൊക്കെയാണ്?

പ്രേമത്തിന്റെ തെലുങ്കാണ് അടുത്തത്. കുട്ടി സെലിന്റെ വേഷമാണ് ഞാൻ അതിൽ അവതരിപ്പിക്കുന്നത്‌.