Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യക്തിത്വമുള്ള ‘സ്റ്റൈലൻ’ വില്ലൻ

tovino ടൊവിനോ

മലയാള സിനിമയിലെ വില്ലൻ സങ്കൽപ്പങ്ങൾ മാറുകയാണ്. കാലാനുസൃതമായ പരിണാമം സിനിമയുടെ എല്ലാ മേഖലകളിലും വന്നത് പോലെ തന്നെ അഭിനേതാക്കളുടെ ഭാവ- രൂപങ്ങളിലും വന്നു. ചുവന്ന കണ്ണുകളും കട്ടിമീശയുമുള്ളവരെ മാത്രം വില്ലന്മാരായി കാണുന്ന രീതി പൂർണമായും മാറിക്കഴിഞ്ഞു. ടി ജി രവി മുതൽ ജുനൈദ് ഷൈഖ് വരെ നീളുന്ന വ്യത്യസ്തമായ വില്ലന്മാരിൽ പ്രേക്ഷകർക്ക് അടുപ്പം തോന്നിയത് കിടിലൻ ലുക്കിൽ എത്തുന്ന വില്ലന്മാരോടു തന്നെയാണ് .

2015 ൽ മലയാള സിനിമ കണ്ട ഏറ്റവും സ്റ്റൈലിഷ് ആയ വില്ലൻ ജുനൈദ് ഷൈഖ് ആണെങ്കിൽ, 2016 ടൊവിനോയുടെ ഊഴമാണ്. 2016 ആദ്യ ചിത്രമായി ഇന്ന് റിലീസ് ആകുന്ന ഉണ്ണി മുകുന്ദൻ നായകനായ സ്റ്റൈൽ എന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തനായ എഡ്ഗർ എന്ന വില്ലൻ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. ടൊവിനോയുടെ രീതിയിൽ പറഞ്ഞാൽ വ്യക്തിത്വമുള്ള, നട്ടെല്ലുള്ള വില്ലൻ.

ഇതിഹാസ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം എസ്.ബിനു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ സ്റ്റൈലിലെ വില്ലൻ വേഷം തന്നെ ഏറെ മോഹിപ്പിച്ച ഒന്നാണെന്ന് ടൊവിനോ പറയുന്നു. എന്ന് നിന്റെ മൊയ്ദീനിലെ പ്രേക്ഷകരെ കയ്യിലെടുത്ത അപ്പുവേട്ടൻ എന്ന നിഷ്കളങ്ക കഥാപാത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ടൊവിനോ സ്റ്റൈലിൽ എത്തുന്നത്. 2016 ലെ 'സ്റ്റൈലിഷ് ' വില്ലൻ മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിൽ നിന്നും....

tovino-style

2016 ന്റെ തുടക്കത്തിൽ തന്നെ വില്ലനാവുകയാണല്ലോ, എന്ന് നിന്റെ മൊയ്ദീനിലെ അപ്പുവേട്ടനെ ഏറെ സ്നേഹിക്കുന്ന പ്രേക്ഷകർ ഈ മാറ്റത്തെ എങ്ങനെ ഉൾക്കൊള്ളും എന്ന ഭയമുണ്ടോ ?

ഒരിക്കലുമില്ല. അപ്പുവേട്ടനിലൂടെ ലഭിച്ച ഇമേജ് മറ്റെതെങ്കിലും ഒരു റോൾ ചെയ്‌താൽ പോകും എന്ന പേടിയെനിക്കില്ല. വ്യത്യ്സ്തങ്ങൾ ആയ കഥാപാത്രങ്ങൾ ചെയ്യണം. അതെന്റെ ആഗ്രഹമാണ്. ജനങ്ങൾ പ്രധാനമായും സ്നേഹിച്ചത് അപ്പുവേട്ടൻ എന്ന കഥാപാത്രത്തെയാണ് , അതിനു ശേഷം മാത്രമാണ് ടൊവിനോ എന്ന എന്നെ സ്നേഹിച്ചു തുടങ്ങിയത്. ഈ ഒരു സിനിമകൊണ്ട് ഞാൻ അഭിനയം നിര്ത്തുന്നില്ലല്ലോ , അത് കൊണ്ട് തന്നെ സ്റ്റൈലിലെ വില്ലനെ വെറുത്താൽ അത് കഥാപാത്രത്തിന്റെ വിജയം എന്നെ പറയണ്ടൂ. ( ചിരിക്കുന്നു) . ഒരേപോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിനേക്കാൾ എനിക്കിഷ്ടം ഇങ്ങനെ വ്യത്യസ്തമായ റോളുകൾ ചെയ്യാനാണ്. പ്രേക്ഷകർ അത് ഉൾക്കൊള്ളും എന്ന വിശ്വാസം എനിക്കുണ്ട്.

സഹനടനിൽ നിന്നും നായക തുല്യ കഥാപാത്രങ്ങളിലേക്കും അവിടന്ന്, വില്ലനിലേക്കും എത്തിക്കഴിഞ്ഞു കരിയർ ഗ്രാഫ് . ഈ ഒരു പരിണാമത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

എന്ന് നിന്റെ മൊയ്ദീൻ എന്ന ചിത്രം ഇറങ്ങുന്നതിനു മുന്പ് തന്നെ ഞാൻ കമ്മിറ്റ് ചെയ്ത ചിത്രമാണ് സ്റ്റൈൽ. യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിനും എന്ന് നിന്റെ മൊയ്ദീനും ഇടയ്ക്കായി പല നായക കഥാപാത്രങ്ങളും വന്നു എങ്കിലും എനിക്കിഷ്ടമായത് സ്റ്റൈലിലെ വില്ലൻ കഥാപാത്രത്തെയാണ് . സംവിധായകാൻ ബിനു കധാപാാത്രത്തെക്കുരിച്ച് പറഞ്ഞപ്പോൾ തന്നെ ഈ കഥാപാത്രം ഞാൻ ചെയ്യുമെന്നു മനസ്സിൽ ഉറപ്പിച്ചു . അങ്ങനെയാണ് ഞാൻ വില്ലനാകുന്നത്. ഇനി ഈ വർഷം ഞാൻ ചെയ്യുന്ന സിനിമകളിൽ എല്ലാം തന്നെ നായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്‌. ഇതിൽ അഭിനയ സാധ്യത ഉണ്ടെന്നു തോന്നി. പിന്നെ എന്ന് നിന്റെ മൊയ്ദീനിലെ അപ്പു എന്ന കഥാപാത്രത്തെ ഞാൻ എടുക്കാനുള്ള കാരണം എല്ലാവർക്കും അറിയാം.ഏറെ ചർച്ച ചെയ്യപ്പെടും എന്ന് ഉറപ്പുണ്ടായിരുന്ന ഒരു ചിത്രമാണ് അത്. അപ്പുവേട്ടൻ , എന്റെ കരിയറിലെ ഒരു വലിയ വഴിത്തിരിവായി മാറുകയും ചെയ്തു.

appu-edgar

കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുന്നതിലെ മാനദണ്ഡം?

ഞാൻ പറഞ്ഞല്ലോ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് എനിക്ക് താല്പര്യം. സിനിമയുടെ എണ്ണത്തിലല്ല, ചെയ്യുന്ന കഥാപാത്രങ്ങളുടെ സ്വീകര്യതയിലാണ് കാര്യം എന്നാണ്. വില്ലനായാലും നായകനായാലും സഹാനടനായാലും ആ കഥാപാത്രത്തിന് ആ സിനിമയുടെ വിജയത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യനുണ്ടാകണം . ഞാൻ തെരഞ്ഞെടുക്കുന്നത് അത്തരം കഥാപാത്രങ്ങളാണ് .

സ്റ്റൈൽ എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്?

ഏറെ പ്രതീക്ഷയോടെ എന്നെ എൽപ്പിച്ച കഥാപാത്രമാണിത് . അതിനോട് പൂർണ്ണമായും നീതി പുലർത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ഒരു കഥാപാത്രത്തെ ലഭിച്ചാൽ, ആ കഥാപാത്രത്തിന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്റ്റൈലിലെ വില്ലൻ കഥാപാത്രത്തെ എനിക്ക് സധോകരിക്കാൻ സാധിക്കും. ഉണ്ണിമുകുന്ദൻ ചെയ്യുന്ന ടോം എന്ന കഥാപാത്രത്തിലൂടെ നോകിയാൽ എന്റെ കഥാപാത്രം ഒരു വില്ലനാണ്. എന്നാൽ എന്റെ കഥാപാത്രത്തിന് അതിന്റേതായ ശരിയുണ്ട്. അതുകൊണ്ട് തന്നെ ഒരു ക്ലീഷേ വില്ലനല്ല. വ്യക്തിത്വമുള്ള വില്ലൻ എന്ന് വേണം സ്റ്റൈൽ എന്ന സിനിമയിലെ എന്റെ കഥാപാത്രത്തെകുരിച്ച് പറയാൻ

2016 ലെ ആദ്യ ചിത്രം എന്ന നിലക്ക് സ്റ്റൈൽ നല്കുന്ന പ്രതീക്ഷകൾ?

ഇതൊരു മുഴുനീള മാസ് എന്റർറ്റൈന്മെന്റ് ചിത്രമാണ്. രണ്ടു മണിക്കൂർ മനസ്സ് നിറഞ്ഞ ആസ്വദിക്കാനുള്ള കാര്യങ്ങൾ ഇതിലുണ്ട്. ആക്ഷൻ, റൊമാൻസ്, കോമഡി തുടങ്ങി എല്ലാ ചേരുവകളും അളവിൽ ചേർത്ത ചിത്രം എന്ന് പറയാം. ചിത്രത്തെ ജനങ്ങൾ സ്വീകരിക്കും എന്ന് ഉറപ്പുണ്ട് , കാരണം ജനങ്ങൾ എന്താണോ ആഗ്രഹിക്കുന്നത് അതാണ്‌ ഈ ചിത്രത്തിലൂടെ ടീം ഇതിഹാസ പുറത്തു വിടുന്നത്. വളരെ കളർ ഫുൾ ആയ ഒരു സിനിമയാണ് ഇത്.

tovino

സുന്ദരനായ നായകനും സുന്ദരനായ വില്ലനും, ഈ കോമ്പിനേഷൻ ജനങ്ങൾ എങ്ങനെ സ്വീകരിക്കും?

( ചിരിക്കുന്നു) വില്ലനായാൽ കട്ടിമീശയും പേടിപ്പിക്കുന്ന മുഖഭാവവും മുഖത്തു ഉണക്കമുന്തിരി പോലുള്ള മറുകും ഒക്കെ വേണം എന്നുള്ള കാലം ഒക്കെ കഴിഞ്ഞില്ലേ . ഇനി വില്ലന്മാരും തിളങ്ങട്ടെ. ജനങ്ങൾ ഇപ്പോൾ വില്ലനെയും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. നെഗറ്റീവ് ഷേഡ് ഉള്ള നായകന്മാരെ പോലെ പൊസിറ്റിവ് ഷേഡ് ഉള്ള വില്ലന്മാരും ശ്രദ്ധിക്കപ്പെടും. അങ്ങനെ നോക്കിയാൽ ജനങ്ങൾ ഈ വില്ലനെ സ്നേഹിക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

സ്റ്റൈലിനെ വ്യത്യസ്തമാക്കുന്ന ഘടകം ?

മാസ് മസാല എന്റർറ്റൈനർ എന്നതു തന്നെയാണ് സ്റ്റൈലിനെ വ്യത്യസ്തമാക്കുന്നത്. ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയര് റിലീസുകൾ എല്ലാം തന്നെ നല്ല രീതിയിൽ മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ് . ഈ സിനിമ ഒരിക്കലും മറ്റു ന്യൂ ഇയര് റിലീസുകൾക്ക് ഭീഷണിയല്ല, അത് പോലെ തന്നെ മറ്റു സിനിമകളുടെ കൂട്ടത്തിൽ ഇത് മുങ്ങിപ്പോവുകയും ഇല്ല. കാരണം സ്റ്റൈൽവ്യത്യസ്തമായ ഒരു രീതിയിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ ചിത്രത്തിന് അതിന്റേതായ ഒരു സ്ഥാനമുണ്ട്.

tovino-prithviraj

2016 ൽ ന്യൂ ഇയർ രെസലൂഷ്യൻസ് എന്തെങ്കിലും?

ഞാൻ ന്യൂ ഇയറിനു അങ്ങനെ രെസലൂഷ്യൻസ് ഒന്നും എടുക്കുന്ന ആളല്ല. തീരുമാനങ്ങൾ എടുക്കാൻ പ്രത്യേക സമയം വേണോ?തോന്നുമ്പോൾ എടുക്കും , ചിലത് നടപ്പാകും ചിലത് എടുത്തപോലെ തന്നെ വേഗത്തിൽ ചീറ്റിപ്പോകുകയും ചെയ്യും . അതുകൊണ്ട് തന്നെ, ഒരു രെസലൂഷ്യനും എടുക്കുന്നില്ല എന്ന രേസലൂഷ്യൻ ആണ് ഞാൻ എടുക്കാൻ പോകുന്നത്. പിന്നെ, 2016 എന്ന ഈ വർഷത്തെ ഞാൻ ഏറെ പ്രതീക്ഷയോടെ കാണുന്നു. ഒത്തിരി നല്ല സിനിമകൾ വരാനുണ്ട്. ഇത് വരെ ഞാൻ ചെയ്ത കടിനാധ്വാനത്തിനു വേണ്ട ഫലം ലഭിച്ചിട്ടുണ്ട്. ആളുകള് എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു . അതുകൊണ്ട് തന്നെ അവരെ നിരാശപ്പെടുത്തരുത് എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി എന്നിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയും കൂടുതൽ ആത്മാർഥതയോടെ 2016 ൽ ഞാൻ പ്രവർത്തിക്കും.മുൻവർഷത്തെ പോലെ തന്നെ ഒത്തിരി നന്മകൾ വന്നു ചേരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

tovino-appu

പുതിയ പ്രോജെക്റ്റുകൾ?

രണ്ടു പെണ്‍കുട്ടികൾ എന്ന ചിത്രം റിലീസ് ആകാൻ പോകുകയാണ്. എനിക്ക് അതിൽ ആകെ രണ്ടു സീൻ മാത്രമേയുള്ളൂ. എന്നാൽ, അതൊരു നല്ല ചിത്രമായത് കൊണ്ടും ശ്രദ്ധിക്കപ്പെടും എന്ന് ഉറപ്പുള്ളത് കൊണ്ടും കഥാപാത്രത്തിന് സിനിമയുടെ വിജയത്തിനായി എന്തെങ്കിലും ചെയ്യാനാകും എന്നുള്ളതുകൊണ്ടുമാണ് ഞാൻ ആ ചിത്രം ചെയ്തത്. നല്ല സിനിമകളുടെ ഭാഗമാകുക എന്നത് എന്നും എന്റെ ആഗ്രഹമാണ്. ചാർലിയിൽ ഞാൻ അതിഥി വേഷത്തിൽ എത്തിയതും അതുകൊണ്ട് മാത്രമാണ് . ഇതിനു പുറമേ 4 സിനിമകൾ ഞാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ , ചിത്രം ഒഫീഷ്യലി അന്നൗൻസ് ചെയ്തതിനു ശേഷം മാത്രമേ അതിനെ കുറിച്ചു കൂടുതൽ പറയാനാകൂ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.