Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സിനൊപ്പം മലയാളം

കഥപറയുന്ന കണ്ണുകളാണ് അമല പോളിന്‍റേത്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും വെന്നിക്കൊടി പാറിച്ച വര്‍ഷമാണു കടന്നുപോയത്. എന്നാല്‍ മലയാളത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അമലയുടെ തീരുമാനം. നിരൂപക പ്രശംസ നേടിയ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ഇവിടെ ലഭിച്ചതാണു കാരണം.

ഒരു ഇന്ത്യന്‍ പ്രണയ കഥ, മിലി എന്നീ ചിത്രങ്ങള്‍ക്കുശേഷം മോഹന്‍ലാലുമൊത്തുള്ള 'ലൈല ഓ ലൈല' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അമലയിപ്പോള്‍. സിനിമകള്‍ക്കിടയിലാണെങ്കിലും ഇന്റര്‍നെറ്റ് സമത്വത്തിനായി ഫെയ്സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തുന്ന അമലയ്ക്കു ചുറ്റുംനടക്കുന്ന കാര്യങ്ങളെക്കുറിച്ചും നല്ല ബോധ്യമുണ്ട്. 'എഫ്ബിയില്‍ ഞാന്‍ ഒരു താരമെന്നനിലയിലല്ല പോസ്റ്റുകള്‍ ഇടുന്നത്. വ്യക്തിയാണവിടെ. ജനങ്ങളെ ബാധിക്കുന്ന, അവര്‍ അറിയണമെന്നു ഞാന്‍ കരുതുന്ന വിഷയങ്ങളാണ് എഴുതുന്നത്. ഒരു സിനിമാതാരം എന്ന നിലയില്‍ ലഭിക്കുന്ന റീച്ച് അതു കൂടുതല്‍പേരില്‍ എത്താന്‍ സഹായിക്കുന്നുവെന്നുമാത്രം.'- അമല പറയുന്നു.

mohanlal-amala-paul

അന്യഭാഷാ ചിത്രങ്ങളുടെ എണ്ണം മനപ്പൂര്‍വം കുറച്ചതാണോ?

തമിഴില്‍ തല്‍ക്കാലം ചിത്രങ്ങള്‍ കുറച്ചിരിക്കുകയാണ്. സൂര്യയ്ക്കൊപ്പം ഹൈക്കു എന്ന തമിഴ് സിനിമയാണ് അടുത്ത് വരാനുള്ളത്. 'വേലയില്ലാപട്ടാധാരി' എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് തെലുങ്കിലും വലിയ ഹിറ്റായിരുന്നു. എന്നാല്‍, മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് ഇപ്പോള്‍ എന്റെ തീരുമാനം. നേരത്തെ മുതല്‍ മലയാളത്തില്‍നിന്ന് ഒരുപാട് കഥകള്‍ കള്‍ക്കുന്നുണ്ട്. കഥാപാത്രം തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം?തുടക്കം മുതല്‍ ഒടുക്കം വരെ കഥകേട്ടു കഴിയുമ്പോള്‍ മനസ്സ് പെട്ടെന്നു പറയും ഇത് ചെയ്യണോ വേണ്ടയോ എന്ന്. അന്നേരമുള്ള ഒരു തോന്നലില്‍നിന്നാണു സിനിമ തിരഞ്ഞെടുക്കുന്നത്. ഇതുവരെ അതു തെറ്റിയിട്ടില്ല. എല്ലാ കാര്യങ്ങളിലും ഇങ്ങനെയാണു ഞാന്‍ തീരുമാനമെടുക്കാറ്. കഥാപാത്രങ്ങളുടെ നീളം നോക്കി അഭിനയിച്ചിട്ടില്ല.

ഗ്രാമീണവേഷങ്ങള്‍ ഇനി ഇല്ലെന്നുണ്ടോ?

മൈന പോലെയൊരു വേഷം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. മിലി അതുപോലൊരു ഡിഗാമറൈസ്ഡ് റോളായിരുന്നു.

ഇഷ്ട കഥാപാത്രം?

ഇന്ത്യന്‍ പ്രണയകഥയിലെ ഐറിനാണു ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരു കഥാപാത്രം. എനിക്കും മാതാപിതാക്കളുമായി ഏറെ വൈകാരികമായ ബന്ധമാണുള്ളത്. മാനസിക പിരിമുറുക്കം അനുഭവിച്ചാണ് ഐറിനെ അവതരിപ്പിച്ചത്. ബാല്യകാല നന്‍മകളെ ഓര്‍ത്തെടുക്കാന്‍മിലി സഹായിച്ചു. പുതിയ തലമുറയിലെ കുട്ടികള്‍ എങ്ങനെയാണു ഓരോ കാര്യങ്ങളെ സമീപിക്കുന്നതെന്നും പഠിക്കാന്‍ കഴിഞ്ഞു.

വിവാഹശേഷമുള്ള ജീവിതം?

വിജയ് യെ (തമിഴ് സംവിധായകന്‍ എ.എല്‍. വിജയ്) എനിക്കു നേരത്തെ അറിയാം. എന്റെ ബസ്റ്റ് ഫ്രണ്ടാണ്. ജീവിതത്തില്‍ ഇപ്പോള്‍ ഒരാള്‍ കൂടിയുണ്ടെന്ന സന്തോഷമുണ്ട്. 18-ാം വയസ്സില്‍ ഓട്ടംതുടങ്ങിയതാണ്. മൂന്നു ഭാഷകളിലായി ഓടിനടന്ന് അഭിനയിക്കുകയായിരുന്നു. എന്‍ഗജ്മെന്റിനു തൊട്ടുമുന്‍പാണു എറണാകുളത്തു വീടിന്റെ പണി പൂര്‍ത്തിയാക്കിയത്. പിന്നീട് കല്യാണ ത്തിരക്കായി. ഇപ്പോഴാണു ഞാന്‍ ഈ വീട് ശരിക്കൊന്നു കാണുന്നത്.സ്വിച്ചൊക്കെ ഇട്ടു നോക്കുന്നത്.

I Me Myself Amala Paul

ഇടവേളകള്‍?

ഫിലിം ഇന്‍ഡസ്ട്രി വളരെ ചെറിയലോകമാണ്. ഒരു തോടിനുള്ളിലാണ് എല്ലാവരും. മറ്റുള്ളവര്‍ എന്റെ ഉറക്കമുള്‍പ്പെടെ ഷെഡ്യൂളുകള്‍ നിശ്ചയിക്കുന്ന സമയമുണ്ടായിരുന്നു.ഇപ്പോള്‍ ഇടയ്ക്കു യാത്രകള്‍ നടത്തുന്നു. തിരക്കിനിടയില്‍ ഒത്തിരി നല്ലനിമിഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. വീട്ടുമുറ്റത്തു പച്ചക്കറിയും ചെടികളും മരങ്ങളുമൊക്കെയുണ്ട്. അപ്പയും മമ്മിയുമാണു അതൊക്കെ നോക്കുന്നത്. നമ്മുടേതായ താല്‍പര്യങ്ങള്‍ക്കു സമയം നീക്കിവയ്ക്കാന്‍ ഇപ്പോഴാണു സാവകാശം കിട്ടിയതെന്നു മാത്രം.സഹോദരന്‍ അഭിജിത്തിനെ നാലുമാസം ജോലിക്കുവിടാതെ പിടിച്ചുനിര്‍ത്തിയിരിക്കയാണ്. പിന്നെ വിജയ് യുടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നുണ്ട്. ഒരു ബിസിനസ് തുടങ്ങണമെന്നുണ്ട്. എന്തായാലും തുണിക്കടയല്ല.

ഇയ്യോബിന്റെ പുസ്തകത്തിലെ ഡാന്‍സ് നമ്പര്‍?

ഇന്ത്യന്‍ പ്രണയകഥ ചെയ്യുമ്പോളാണു ഫഹദുമായി നല്ല കൂട്ടാകുന്നത്. സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ചിത്രത്തില്‍ സഹകരിക്കണമെന്ന് അന്നുതന്നെ ഫഹദ് പറഞ്ഞിരുന്നു. ഞാന്‍ അമല്‍ നീരദിന്റെ വലിയ ഫാനാണ്. രണ്ടുപേരുംകൂടി ആവശ്യപ്പെട്ടപ്പോള്‍ സുഹൃദ്ബന്ധത്തിന്റെ പേരില്‍ ചെയ്തതാണ്.

ബോളിവുഡ്?

അങ്ങനെ പദ്ധതികളൊന്നുമില്ല. ഞാന്‍ വളരെ േകാണ്‍ഫിഡന്റാണ്.എല്ലാം വിധിയാണെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാന്‍.

റണ്‍ ബേബി റണ്ണിനുശേഷം വീണ്ടും മോഹന്‍ലാലുമായി ഒരുമിക്കുന്ന ലൈല ഓ ലൈല?

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്നാണു വിശ്വാസം. 'റണ്‍ ബേബി റണ്ണി'ല്‍ ഞങ്ങള്‍ തമ്മില്‍ ഒരു മല്‍സരമായിരുന്നവെങ്കില്‍ കുറെക്കൂടി അടുപ്പമുള്ള കഥാപാത്രമാണു 'ലൈല ഓ ലൈല'യിലേത്. ജോഷി സാറാണ് സംവിധാനം. കഹാനി ഫെയിം സുരേഷ്നായരാണു തിരക്കഥ. അദ്ദേഹത്തിന്റെ കഥകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അത്തരം തിരക്കഥകളാണു നമ്മള്‍ക്കു വേണ്ടതും.