Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പസാര രഹസ്യങ്ങളുമായി അനീഷ് അന്‍വര്‍

അവതരണത്തിലെയും പ്രേമയത്തിലെയും വ്യത്യസ്തകൊണ്ട് നിരൂപക പ്രശംസ നേടിയ സക്കറിയയുടെ ഗര്‍ഭിണികള്‍ക്കു ശേഷം അനീഷ് അന്‍വര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്പസാരം.

ജയസൂര്യ, ഹണിറോസ് എന്നിവര്‍ക്കൊപ്പം ഒരുപിടി ബാലതാരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയുടെ കുമ്പസാര രഹസ്യം സംവിധായകന്‍ തന്നെ വെളിപ്പെടുത്തുന്നു.

സക്കറിയയുടെ ഗര്‍ഭിണികള്‍ക്ക് സമാനമായ പ്രമേയമാണോ കുമ്പസാരത്തിന്‍റേത്?

പതിഞ്ഞ ശൈലിയിലുള്ള ഒരു ആഖ്യാന രീതിയാണ് സക്കറിയയുടെ ഗര്‍ഭിണികളുടെ തിരക്കഥ ആവശ്യപ്പെട്ടിരുന്നത്. കുമ്പസാരം ഒരു ഫാമിലി ത്രില്ലര്‍ ജോണറിലുള്ള മൂവിയാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ മേക്കിങ് സക്കറിയുടെ ഗര്‍ഭിണികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. കൂടുതല്‍ വേഗവും ഉദ്വേഗവും നിറഞ്ഞ രംഗങ്ങളിലൂടെയാണ് കുമ്പസാരത്തിന്‍റെ കഥ പുരോഗമിക്കുന്നത്.

കുമ്പസാരം എന്ന പേരില്‍ തന്നെ കുറെ രഹസ്യങ്ങള്‍ ഒളിഞ്ഞു കിടപ്പുണ്ടല്ലോ?

തീര്‍ച്ചയായിട്ടും. ഓട്ടോഡ്രൈവറായ ആല്‍ബിയുടെയും(ജയസൂര്യ) കുടുംബത്തിന്‍റെയും കഥയാണിത്. ആല്‍ബി നടത്തുന്ന കുമ്പസാര(confession)ത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.

മീരയോട്(ഹണി റോസ്) ഒപ്പമുള്ള ആല്‍ബിയുടെ 12 വര്‍ഷത്തെ സന്തോഷപ്രദമായ ദാമ്പത്യ ജീവിതം. അവരുടെ പത്ത് വയസ്സുളള മകന്‍ ജെറി(ആകാശ്) അവന്‍റെ സൗഹൃദങ്ങള്‍ ഇവയൊക്കെയാണ് കഥാപശ്ചാത്തലങ്ങള്‍. പ്രിയങ്ക നായര്‍, ഷാനാവാസ് എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

honeyrose

ആകാശ്, ഗൗരവ് മേനോന്‍ (ജുക്രു), അഭിജിത്ത്, ഗൗരി എന്നിങ്ങനെ ബാലതാരങ്ങളുടെ ഒരു നിര തന്നെയുണ്ടല്ലോ?

ഇതൊരു കുട്ടികളുടെ സിനിമയല്ല, പക്ഷേ ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത് കുട്ടികളാണ്. കുട്ടികള്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരിക അവരുടെ കുസൃതികളും കുട്ടിത്തവുമൊക്കെ ഇടകലര്‍ന്ന രംഗങ്ങളാകും. പക്ഷേ ഈ ചിത്രത്തിലെ കുട്ടികള്‍ തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാകും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുക. സങ്കീര്‍ണമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളും അതിനോടുള്ള പ്രതികരണങ്ങളുമൊക്കെ ചിത്രത്തിന്‍റെ ഇതിവൃത്തം. തീര്‍ച്ചയായും കുട്ടികള്‍ മാതാപിതാക്കളൊടൊപ്പം കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്.

സക്കറിയുടെ ഗര്‍ഭിണികള്‍ക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന തോന്നലുണ്ടോ?

പ്രേക്ഷകരുടെ വലിയൊരു ഒഴുക്ക് തിയറ്ററിലേക്ക് ഉണ്ടായില്ല എന്നത് ശരിയാണ്. പക്ഷേ കലാപരമായും സാമ്പത്തികമായും എനിക്ക് നേട്ടവും സംതൃപ്തിയും നല്‍കിയ ചിത്രമാണ് സക്കറിയയുടെ ഗര്‍ഭിണികള്‍. പിന്നെ പൂര്‍ണമായും മാറ്റത്തെ എല്ലാ അര്‍ഥത്തിലും ഉള്‍കൊള്ളാന്‍ മലയാളി പെട്ടെന്ന് തയ്യാറാവില്ല എന്നതും ഒരു വസ്തുതയാണ്.

jayasurya-kumbasaram

സ്ഥിരം ഫോര്‍മുലകളില്‍ നിന്ന് മാറി സഞ്ചരിക്കുമ്പോള്‍ വീട്ടുവീഴ്ചകള്‍ അനിവാര്യമാകുന്നില്ലേ?

സിനിമക്കു എപ്പോഴും പരിമിതികള്‍ ഉണ്ട്. 100 ശതമാനവും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയിലേ സിനിമ പൂര്‍ത്തിയാക്കു എന്ന് ശഠിച്ചിട്ട് കാര്യമില്ല. സിനിമക്കൊരു നിശ്ചിത ബഡ്ജറ്റ് ഉണ്ട്, അതിനുള്ളില്‍ നിന്നുകൊണ്ട് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കേണ്ടത്. മറ്റൊരു അര്‍ഥത്തില്‍ പരിമിതികളും പരിധികളും കൃത്യമായി മനസ്സിലാക്കി ഏറ്റവും മികച്ച ഔട്ട്പുട്ട് ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആ അര്‍ഥത്തില്‍ തൃപ്തികരമായി സിനിമ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.