Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയശ്രീ നീനയുടെ മുഖശ്രീ

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയില്‍ ടെക്നിഷ്യന്‍സായി സ്ത്രീകളും ഉണ്ടാകണമെന്നു ലാല്‍ജോസ് ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ജയശ്രീ ലക്ഷ്മി നാരായണന്‍ എന്ന ചെന്നൈക്കാരി കലാസംവിധായികയായി(ആര്‍ട്ട് ഡയറക്ടര്‍) നീനയിലേക്കു എത്തിയത്. മലയാളത്തില്‍ ഇന്നത്തെ മുഖ്യധാരാ സിനിമയില്‍ കലാസംവിധായകരായി വനിതകളാരും ഇതുവരെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പുരുഷമേധാവിത്വത്തിലേക്കു സ്വന്തം കലയുടെ കയ്യൊപ്പുമായി എത്തുന്ന ജയശ്രീ ലക്ഷ്മിനാരായണനെ മനോരമ ഓണ്‍ലൈന്‍ പരിചയപ്പെടുത്തുന്നു.

തുടക്കം ചെന്നൈയില്‍

ബ്രോഡ്കാസ്റ്റിങ്ങും കമ്യൂണിക്കേഷനും ഐച്ഛിക വിഷയമായി പഠിച്ചതിനു ശേഷം ഇന്റേണ്‍ഷിപ്പ് ചെയ്യുവാനായി ഫിലിം ഇന്‍ഡസ്ട്രിയിലുള്ളവരുടെ കൂടെ കൂടിയതാണ് ജയശ്രീ. ഇന്റേണ്‍ഷിപ്പ് കഴിഞ്ഞതോടെ ജയശ്രീയില്‍ ഒളിഞ്ഞു കിടന്ന കലാകാരി പുറത്തു വന്നു. അതിനു ശേഷം ഇന്റീരിയര്‍ ഡിസൈനിങ്ങും പഠിച്ചു.

രാജീവന്‍ നമ്പ്യാരിനൊപ്പം 'ഏഴാം അറിവ്' എന്ന സിനിമയിലൂടെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയി തുടങ്ങി. പ്രശസ്ത മലയാളി കലാ സംവിധായകനായ സാബു സിറിലിനൊപ്പമായി പിന്നീട്. മുംബൈയിലേക്കു കൂടുമാറ്റിയ ജയശ്രീ റാ വമ്, ടെസ്, സണ്‍ ഓഫ് സര്‍ദാര്‍, ഫട്ടാ പോസ്റ്റര്‍ നിക്ല ഹീറോ, വണ്‍സ് അപ്ഓണ്‍ എ ടൈം ഇന്‍ മുംബൈ ദുബാര, പൊലീസ്ഗിരി എന്ന സിനിമകളിലെല്ലാം അസോസിയേറ്റ് ആയി ജോലി ചെയ്തതിനു ശേഷം 2014ല്‍ ആദ്യമായി സ്വതന്ത്ര കലാസംവിധായികയായി.അതും തുടക്കം തമിഴില്‍ തന്നെ. മിഷ്കിന്റെ 'പിശാച്' ആയിരുന്നു ആദ്യ ചിത്രം. പിന്നീടു മലയാളത്തില്‍ ' ഡബിള്‍ ബാരല്‍'. എന്നാല്‍ ആദ്യം റിലീസ് ചെയ്തത് ' നീ-ന'യാണ്.

എല്‍ജെയില്‍ നിന്നും ഒരു ഫോണ്‍കോള്‍

എനിക്ക് മലയാളം സിനിമയെക്കുറിച്ചധികം അറിയില്ലെങ്കിലും മലയാളികളായ സുഹൃത്തുക്കള്‍ പറഞ്ഞ് ലാല്‍ജോസ് സാറിനെ അറിയാം. ഒരു ദിവസം എല്‍ ജെ ക്രിയേഷന്‍സില്‍ നിന്നും എനിക്കൊരു വിളി വന്നു. ലാല്‍ജോസ് സാര്‍ സ്ത്രീ കേന്ദ്രീകൃതമായ ഒരു സിനിമ ചെയ്യുന്നു എന്നും അതില്‍ എനിക്ക് ആര്‍ട്ട് ചെയ്യുവാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചു. ഒരുപാടാഗ്രഹമുണ്ടായിരുന്നു ലാല്‍ സാറിനൊപ്പം ജോലി ചെയ്യുവാന്‍. ഉടന്‍ തന്നെ 'യേസ്' പറഞ്ഞു.

jayasree-still

എന്തായിരുന്നു ' നീ-ന'യിലേക്കു വേണ്ടിയിരുന്നത്?

ഇതുവരെ താന്‍ ചെയ്ത സിനിമ പോലെ അല്ല നീ-ന എന്നാണു ലാല്‍ജോസ് സാര്‍ എന്നോട് പറഞ്ഞത്. ക്യാമറ ആയാലും ആര്‍ട്ട് ആയാലും വളരെ വ്യത്യസ്തമായ കാഴ്ചയായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്. ഇത്രയും കാര്യം മനസില്‍ വച്ചാണ് ആര്‍ട്ട് തുടങ്ങിയത്.

നീ-നയ്ക്കുവേണ്ടി എന്തൊക്കെ ചെയ്തു?

സിനിമയിലെ വിനയ് പണിക്കര്‍ (വി പി) വളരെ പക്വത വന്ന ഒരാളാണ്. അതുകൊണ്ട് മുറികളില്‍ ബ്രൌണ്‍,ബീജ്, ഓഫ്വൈറ്റ് കളറുകളാണ് കൊടുത്തത്. സോഫാസെറ്റും മറ്റും വ്യത്യസ്തതകളുള്ളതായിരുന്നു. മുംബൈയില്‍ നിന്നും കൊച്ചിയിലേക്കു താമസം മാറ്റിയ കുടുംബമാണ് വി.പിയുടേത്. മുംബൈയിലുള്ളവര്‍ക്ക് സ്വന്തം വീടില്ല. പകരം അവര്‍ ഫ്ളാറ്റ് ജീവിതം നയിക്കുന്നവരാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ഫ്ളാറ്റ് എത്രയും നന്നായി സൂക്ഷിക്കുവാന്‍ അവര്‍ ശ്രമിക്കും.

മുംബൈയില്‍ നിന്നും കൊച്ചിയിലേക്കു താമസം മാറ്റിയ വി .പിയുടെ കുടുംബത്തിനും ഈ സ്വഭാവം ഉണ്ട്. അതവരുടെ ഫ്ളാറ്റ് ക്രമീകരിക്കുന്നതിലും കാണാം. വി പിയുടേയും നളിനിയുടേയും ഫ്ളാറ്റിലുള്ള സീനുകളില്‍ ചിലതിലൊക്കെ മുറിക്കുള്ളില്‍ നിന്നും ബാല്‍ക്കണിയിലേക്കൊരു ഷോട്ടുണ്ട്. ആ ഷോട്ടില്‍ കര്‍ട്ടനുകള്‍ എല്ലാം കാറ്റില്‍ ആടുന്നു. ബാല്‍ക്കണിയില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ചാരി ഒരു ഗിത്താര്‍ വായിച്ചിരിക്കുന്നു. ഇതെല്ലാം ശാന്തമായ ഒരു കുടുംബത്തിനും വി പിയെപോലെ ശാന്തമായ ഒരാള്‍ക്ക് യോജിച്ച രീതിയില്‍ ചെയ്തു.

എന്നാല്‍ നീ-നയുടെ മുറി കാട്ടുമ്പോള്‍ പല കളറുകളും സമ്മിശ്രമായി ഉപയോഗിച്ചു. എന്തെന്നാല്‍ സാധാരണ പെണ്‍കുട്ടികളെപ്പോലെ നീന ഒരു ശാന്തസ്വഭാവക്കാരിയല്ല. അവളുടെ ജീവിതത്തിനു ഒരു അടുക്കും ചിട്ടയുമില്ല. സിനിമയുടെ രണ്ടാം പകുതിയില്‍ ' റീ-ലൈഫ്'നു കൊടുത്തത് ഭൂമിയുമായി യോജിച്ചു നില്‍ക്കുന്ന കളറാണ്. പാര്‍ട്ടിക്കും മറ്റും റെഡ് ഷെയ്ഡും ഉപയോഗിച്ചു.

മലയാളത്തില്‍ നിന്നും നല്ല ഓഫര്‍ വന്നാല്‍ ഇനിയും വരുമോ?

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ദുല്‍ഖര്‍ നായകനായുള്ള സിനിമയാണ് ഇപ്പോള്‍ ചെയ്യുന്നത്. മുംബൈയോട് വ്യക്തിപരമായി ഒരിഷ്ടമുണ്ട്. കാരണം കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്തു പഠിക്കുവാന്‍ സാധിക്കുന്നത് മുംബൈയിലാണ്. എന്നാല്‍ നല്ല പോജക്ടുകള്‍ കിട്ടിയാല്‍ എവിടെയും ജോലി ചെയ്യാന്‍ ഞാന്‍ തയാറാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.