Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പസാരം; വിസ്മയിപ്പിച്ച് ജയസൂര്യ

വിശ്വസിച്ച് ഏല്‍പ്പിച്ചാല്‍ വിസ്മയിപ്പിക്കാന്‍ ജയസൂര്യയ്ക്ക് പണ്ടേ നല്ല മിടുക്കാണ്. 'കുമ്പസാരം' എന്ന ചിത്രത്തിന്റെ വിജയവും അതിലെ കഥാപാത്രമായ ആല്‍ബി എന്ന ചെറുപ്പക്കാരന്റെ ഭാവങ്ങളും നൊമ്പരങ്ങളുമെല്ലാം മലയാളികള്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ജയസൂര്യ. താരമൂല്യം അഭിനയ വൈവിധ്യംകൊണ്ടും തളരാതെ സൂക്ഷിക്കുന്ന ജയസൂര്യ കുമ്പസാരം എന്ന ചിത്രത്തെക്കുറിച്ച്.

കാന്‍സര്‍ ബാധിച്ച മകന്റെ ജീവനുവേണ്ടി വേദനിച്ചു പോരാടുന്ന ആല്‍ബിയെന്ന അച്ഛനാണ് ഇതില്‍ ഞാന്‍. വല്ലാത്ത മാനസികവ്യഥയില്‍ നിന്നുകൊണ്ടാണ് ഞാന്‍ ഈ കഥാപാത്രവുമായി രൂപാന്തരപ്പെട്ടത്. മക്കളുടെ ചെറിയ നൊമ്പരം പോലും നമ്മളെ വല്ലാതെ മുറിപ്പെടുത്തുമല്ലോ? മകന്റെ കീമോ കഴിഞ്ഞ അവസ്ഥയില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. കഥവഴിയില്‍, വല്ലാത്ത കൊളുത്തിവലിക്കുന്ന വേദനയുണ്ടല്ലോ... അതാണിന്ന് പ്രേക്ഷകരിലേക്കും പടര്‍ന്നിരിക്കുന്നത്.

jayasurya-angoor

അനീഷ് അന്‍വര്‍

സംവിധായകന്‍ അനീഷ് അന്‍വര്‍ തന്നെയാണ് ഇതിന്റെ കഥയും തിരക്കഥയും. പയ്യന്‍സ് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ അസോസിയേറ്റ് ആയിരുന്നു അനീഷ്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ പടമാണ് കുമ്പസാരം. ഇതുപോലെ സീരിയസായ ചിത്രം നിര്‍മിക്കാനിറങ്ങുന്നവരേയും അഭിനന്ദിക്കാതെ വയ്യ. 'മോസയിലെ കുതിരമീനുകള്‍' ചെയ്ത നിയാസാണ് ഇതിന്റെ നിര്‍മാതാവ്. അവധിക്കാലത്തിറങ്ങിയ വലിയ ചിത്രങ്ങള്‍ക്കിടയില്‍ നിന്ന് മികച്ച ചിത്രം എന്ന് ഒരുപാട് പേരെക്കൊണ്ട് പറയിപ്പിച്ചു എന്നതിലാണ് എന്റെ സന്തോഷം.

കുമ്പസാരം എന്താണ്?

ഒരു കണ്ണു നനയിക്കുന്ന ചിത്രമാണിത്. ത്രില്ലറും, സെന്റിമെന്റ്സും ചേര്‍ന്ന കഥ. നായിക ഹണിറോസിന്റെ ഇമേജ്പോലും ബ്രേക്ക് ചെയ്തിരിക്കുന്നു. മങ്കിപെന്നില്‍ അഭിനയിച്ച കുട്ടികളായ ആകാശും, ജുഗ്രുവും ഈ ചിത്രത്തിലുണ്ട്. ഷാനവാസും മികച്ച വേഷത്തിലെത്തുന്നു. നടനെന്ന നിലയില്‍ ഒരു പ്ളാനിങ്ങും ഇല്ലാതെ മികച്ച ഭാവപ്രകടനങ്ങളോടെ അഭിനയിക്കുന്ന കുട്ടികളെ കണ്ട് ഈ സിനിമ എന്നെ അത്ഭുതപ്പെടുത്തി. വലിയ ടാലന്റ്സ് ഉള്ള കുട്ടികള്‍ക്കൊപ്പമാണ് നമ്മളും ഇന്ന് വളരുന്നത്. ഏറ്റവും കൂടുതല്‍ വിമര്‍ശകരുള്ള നാടാണിത്. ആരെക്കൊണ്ടും മോശം പറയിപ്പിച്ചില്ല എന്നതുപോലും വലിയ വിജയമാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്ന നിലയിലേക്ക് ഒരു സിനിമ വളരുക എന്നത് അപൂര്‍വമാണ്. കുമ്പസാരത്തിന് അത് കഴിഞ്ഞിരിക്കുന്നു.

jayasurya-stills

ഹ്യൂമര്‍ ട്രാക്കില്‍ നിന്ന് മാറണം എന്ന് തോന്നുന്നുണ്ടോ?

അയ്യോ ഒരിക്കലുമില്ല. ഹ്യൂമറാണ് എന്റെ തുറുപ്പ് ചീട്ട്. ഞാന്‍ വളര്‍ന്നത് ആ ട്രാക്കില്‍ കൂടെയാണ്. പക്ഷേ സീരിയസ്, വില്ലന്‍ വേഷങ്ങളും കയ്യടി നേടിത്തന്നു. നടനെന്ന നിലയില്‍ ഇത്തരം ചുവടുമാറ്റങ്ങള്‍ അവനവനെത്തന്നെ മാറ്റുരച്ചു നോക്കാന്‍ നല്ലതാണ്. ഞാന്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്ന നടനാണ്. പരിശ്രമിക്കാന്‍ തയാറാണ്. കഥാപാത്രം നന്നായാല്‍ എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കമാണ്. അടുത്ത ചിത്രം 'ലുക്കാചുപ്പി' കോമഡി കുടുംബചിത്രമാണ്.

jayasurya-in-kumbasaram

ഇടയ്ക്ക് കുമ്പസാരം പോലെ സീരിയസ് കഥാപാത്രങ്ങളുള്ള, കണ്ണുനനയിക്കുന്ന ചിത്രങ്ങളാണ് വേണ്ടതെന്ന് ഫേസ്ബുക്കില്‍ നോക്കിയാല്‍ മാത്രം മനസിലാകും. കുമ്പസാരത്തിലെ ആല്‍ബിക്ക് ഫേസ്ബുക്കില്‍ ലൈക്കുകളും, കമന്റുകളും കുമിയുകയാണ്. ഏതൊരു പ്രേക്ഷകനെയും ത്രില്ലടിപ്പിക്കുന്ന ഇഷ്ടപ്പെടുത്തുന്ന നന്മനിറഞ്ഞ ഒരു കുടുംബചിത്രമാണ് കുമ്പസാരം. ഈ ചിത്രം കണ്ട് എന്റെ മകന്‍ പറഞ്ഞു. ' അച്ഛാ എനിക്ക് കരച്ചില്‍ വരുന്നച്ഛാ' എന്ന്. അവന്‍ ഇങ്ങനെ പറയുന്നത് ആദ്യമായാണ്. അവനെപ്പോലെ മറ്റുള്ളവരെ കൊണ്ടും കുമ്പസാരത്തിലെ കഥാപാത്രം ഇങ്ങനെ പറയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.