Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ നിമിഷമാണ് തിരിച്ചുവരാന്‍ എന്നെ പ്രേരിപ്പിച്ചത്

36 വയതിനിലെ എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായപ്പോള്‍ ഒരുകാര്യം ഞാന്‍ മനസ്സില്‍ തീരുമാനിച്ചു. ഇതായിരിക്കും ഇനി അങ്ങോട്ടുള്ള എന്റെ കരിയറിന്റെ ബ‍ഞ്ച്മാര്‍ക്ക്. ഇതിനെക്കാള്‍ മികച്ച ഒരു സിനിമ വന്നാലെ ഇനി ഞാന്‍ അഭിനയിക്കേണ്ടതുള്ളൂ. പണത്തിനുവേണ്ടി മാത്രം ഓടിനടന്ന് അഭിനയിക്കേണ്ട കാര്യം ഇപ്പോഴില്ല. പഴയതുപോലെ സിനിമയ്ക്കുവേണ്ടി ഫുള്‍ടൈം മാറ്റിവയ്ക്കാനും കഴിയില്ല. മക്കളുടെ കാര്യങ്ങള്‍ നോക്കണം. മകള്‍ ദിയയ്ക്ക് എട്ടു വയസ്സായി. മകന്‍ ദേവിനു നാലും. ക്രിസ്മസ് അവധിക്കാലത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ട് അവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ക്യാമറയ്ക്കുമുന്നില്‍ നിന്നപ്പോള്‍?

അങ്ങനെ ഒരു പ്രശ്നമൊന്നും തോന്നിയില്ല. അത്ര അടുപ്പമുള്ള ഒരു സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടാലും കമ്യൂണിക്കേഷനില്‍ അകലം തോന്നില്ലല്ലോ. അതുപോലെയാണു സിനിമയും. വളരെ ഫ്രണ്ട് ലി ആയ സെറ്റായിരുന്നു. ഷൂട്ടിങ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ റോഷന്‍ പറഞ്ഞു: മക്കളെ കൂടി കൊണ്ടുവരൂ. ഞാന്‍ ദിയയെയും ദേവിനെയും കൊണ്ടു ലൊക്കേഷനില്‍ ചെന്നു. റോഷന്റെ ഭാര്യ ആന്‍സിയും മക്കളും ക്യാമറാമാന്‍ ദിവാകറിന്റെ മക്കളും വന്നു. കുട്ടികള്‍ക്കെല്ലാം കൂടി കളിക്കാന്‍ നിറയെ ബലൂണൊക്കെ തൂക്കി അവര്‍ ഒരു മുറി സെറ്റ് ചെയ്തു. അവധിക്കാലം ആഘോഷിക്കുന്ന മൂഡിലായിരുന്നു കുട്ടികള്‍. നോക്കെത്തുന്ന ദൂരത്തില്‍ കുട്ടികളും ഉള്ളതുകൊണ്ട് ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍ ആന്‍സി എന്റെ അടുത്തസുഹൃത്തുക്കളിലൊരാളായി.

Jyothika

തിരിച്ചുവരവിനെക്കുറിച്ച് സൂര്യ എന്തുപറഞ്ഞു?

'ഹൌ ഓള്‍ഡ് ആര്‍ യു' സിനിമയുടെ സിഡി ഞാനും സൂര്യയും ഒരുമിച്ചിരുന്നാണ് കാണുന്നത്. സിനിമ തീര്‍ന്നപ്പോള്‍ സൂര്യ എന്നെ നോക്കി. എനിക്ക് ഈ സിനിമ തമിഴില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്ന് പറയുന്നതിനു മുമ്പ് സൂര്യ പറഞ്ഞു, റോഷന് ഈ സിനിമ തമിഴില്‍ ചെയ്യണമെന്നുണ്ട് എന്ന്. ആ നിമിഷമാണ് സിനിമയിലേക്കു തിരിച്ചുവരാന്‍ എന്നെ പ്രേരിപ്പിച്ചത്. സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനി '2ഡി'യാണ് സിനിമ നിര്‍മിച്ചത്.

മലയാളത്തിലേക്കാള്‍ തമിഴ്നാട്ടിലെ ജീവിതസാഹചര്യങ്ങളില്‍ പറയേണ്ട കഥയാണ് ഇതെന്നാണ് എനിക്കുതോന്നിയ ആദ്യത്തെ കാര്യം. സാമൂഹികക്രമത്തില്‍ സ്ത്രീകള്‍ക്കു കൂടുതല്‍ തുല്യത കേരളത്തില്‍ ഉണ്ടെന്നുതോന്നുന്നു. അധ്വാനത്തിലും കുടുംബത്തോടുള്ള അര്‍പ്പണത്തിലും തമിഴ് സ്ത്രീകള്‍ ഏറെ ഉയരത്തിലാണ്. പക്ഷേ, അതിനുള്ള അംഗീകാരം അവര്‍ക്കു കിട്ടാറില്ല. സിനിമയില്‍പോലും അങ്ങനെയല്ലേ.

Jyothika

തമിഴ് സിനിമകളില്‍ സ്ത്രീകളെ അവര്‍ അര്‍ഹിക്കുന്ന മാന്യതയോടെ അവതരിപ്പിച്ചിട്ടുള്ള സംവിധായകര്‍ ചുരുക്കമാണ്. ആയിരത്തില്‍ പത്തു സിനിമകള്‍ എന്നു വേണമെങ്കില്‍ പറയാം. ഭൂരിപക്ഷം സിനിമകളിലും ഗാനരംഗങ്ങളില്‍വന്നു മേനി കാട്ടി പോവുക എന്ന ജോലിയേ നായികമാര്‍ക്കുള്ളൂ. നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏഴു നായികമാരുടെ പേര് വേണമെങ്കില്‍ മലയാളി പ്രേക്ഷകനു പറയാന്‍ കഴിയും. ഇവിടെ സ്ഥിതി അങ്ങനെയല്ല. '36 വയതിനിലെ' മാറ്റത്തിനു തുടക്കമാകും എന്നാണു പ്രതീക്ഷിക്കുന്നത്. ഇത്രയേറെ സിനിമകളില്‍ ഡയലോഗ് പറഞ്ഞിട്ടുണ്ടെങ്കിലും ഇതിലെ ഒരു സംഭാഷണത്തോളം എന്നെ സ്പര്‍ശിച്ച മറ്റൊന്നില്ല. 'ഒരു പെണ്ണിന്റെ സ്വപ്നങ്ങളുടെ എക്സ്പയറി ഡേറ്റ് തീരുമാനിക്കുന്നത് ആരാണ്?' സ്ത്രീയുടെ മനസ്സറിഞ്ഞ് ഈ വരി എഴുതിയതിനു തിരക്കഥാകൃത്തുകളായ ബോബിയോടും സഞ്ജയിനോടും ഞാന്‍ നന്ദി പറയുന്നു.

തമിഴിലെ ഭൂരിപക്ഷം സൂപ്പര്‍ നായകന്മാര്‍ക്കൊപ്പം അഭിനയിച്ചല്ലോ?

ചന്ദ്രമുഖിയിലാണ് (മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക്) രജനി സാറിനൊപ്പം അഭിനയിച്ചത്. നായികയുടെ പേരിലുള്ള ഒരു സിനിമയില്‍ അഭിനയിക്കാന്‍ രജനി സാറിന്റെ പകുതി ലെവല്‍ വരെ എത്താത്ത നായകന്മാര്‍ പോലും ഇന്നു സമ്മതിക്കില്ല. ഇന്ത്യയില്‍ ഷാറൂഖ് ഖാനെക്കാള്‍ ആരാധകവൃന്ദമുണ്ട് അദ്ദേഹത്തിന്. ഇത്രയും ആത്മവിശ്വാസമുള്ള നടന്‍ വേറെയില്ല. ലൊക്കേഷനില്‍ കൃത്യസമയത്തു വരും. കാരവനുണ്ടാകും. പക്ഷേ, രജനി സാര്‍ പുറത്ത് കസേരയിട്ടിരിക്കും. ചിലപ്പോഴൊക്കെ മേക്കപ്പ് ചെയ്യുന്നതും പുറത്തിരുന്നാണ്. അത്രയും സിംപിളാകാന്‍ അദ്ദേഹത്തിനു മാത്രമേ കഴിയൂ.

Jyothika

കമല്‍ സാര്‍ വേറൊരു ലെവല്‍ ആണ്. ഒരു ഷോട്ടിനു വേണ്ടത് ഒന്നാണെങ്കില്‍ കമല്‍സാറിന്റെ കയ്യില്‍ അതിനുപറ്റിയ നൂറു വെറൈറ്റി എക്സ്പ്രഷന്‍സ് ഉണ്ടാകും. കമല്‍സാറിനൊപ്പം ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ബോധപൂര്‍വം ശ്രമിക്കാതെതന്നെ നമ്മളും അഭിനയിക്കും. കാരണം, അദ്ദേഹത്തിന്റെ അഭിനയം ആസ്വദിക്കുന്നതിനിടെ നമ്മളും അഭിനയിക്കുന്നുവെന്നു ചിലപ്പോഴൊക്കെ മറന്നുപോകും.

ഇനിയും ഒരു സൂര്യ-ജോ ചിത്രം പ്രതീക്ഷിക്കാമോ?

അതിനുവേണ്ടി ഒരു സിനിമ ചെയ്യില്ല. നല്ല കഥയാണെങ്കില്‍ അതേക്കുറിച്ച് ആലോചിക്കാം.