Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംശയിക്കേണ്ട, ആ പാമ്പ് ഒറിജിനൽ തന്നെ

പൊട്ടക്കിണറ്റില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന് പാമ്പ്. ആ കിണറ്റില്‍ കാലു വഴുതിയൊന്നു വീണാല്‍ എന്തായിരിക്കും സ്ഥിതി. വീഴുന്നയാൾ അതില്‍ നിന്നും രക്ഷപ്പെടുമോ? ‘രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഷോർട്ട് ഫിലിം ശ്വാസമടക്കി പിടിച്ചല്ലാതെ ആർക്കും കാണാനാകില്ല. സ്ക്രീനിൽ കാണുമ്പോഴും ഇതെങ്ങനെ ഷൂട്ട് ചെയ്തു എന്നാകും പലരും അമ്പരന്നത്. പാമ്പ് ഒറിജിനൽ എന്നു വിശ്വസിക്കാനും പലരും പ്രയാസപ്പെട്ടു. ജീവൻ പണയപ്പെടുത്തി ഇൗ ചെറിയ വലിയ ചിത്രം അണിയിച്ചൊരുക്കിയത് ലിജു തോമസ് ആണ്.

ജോയ് മാത്യുവിന്‍റെ ഷട്ടര്‍ ഉള്‍പ്പടെയുള്ള പതിനഞ്ചോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലിജു സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഈ ഹ്രസ്വചിത്രം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. നാളിതു വരെ ഒരു സിനിമയിൽ പോലും കാണാൻ സാധിക്കാത്ത കിടിലൻ മേയ്ക്കിങ് രീതിയെപ്പറ്റി ലിജു മനോരമ ഓണ്‍ലൈനോട് സംസാരിക്കുന്നു.

.ആ പാമ്പ് ഒറിജിനല്‍ ആയിരുന്നോ ?

ചിത്രം കണ്ട എല്ലാവരുടെയും മനസ്സില്‍ ഉണ്ടായ സംശയമാണിത്. യഥാര്‍ഥ പാമ്പിനെ ഉപയോഗിച്ച് തന്നെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയ്ക്കൊക്കെ വാടകയ്ക്ക് പാമ്പിനെ നല്‍കുന്ന ഒറ്റപ്പാലം ഷംസുദ്ദീന്‍റെ അടുത്തു നിന്നാണ് അതിനെ കൊണ്ടു വന്നത്. ഞാനും ക്യാമറാമാനും ആദ്യം കിണറ്റിലേക്ക് ചാടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണ്‍മാഷുമാണ് കിണറ്റില്‍ ഇറങ്ങിയത്. ഒരു ചുവന്ന തുണി കൊണ്ടാണ് പാമ്പിന്‍റെ ശ്രദ്ധ തിരിച്ചിരുന്നത്.

14 കോല്‍ ആഴമുള്ള പൊട്ടക്കിണറായിരുന്നു അത്. പാമ്പിന്‍റെ ട്രെയിനര്‍ കിണിറിന് മുകളിലായി നില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ അഭിനയിക്കാന്‍ വേണ്ടി എന്തുത്യാഗവും സഹിക്കാന്‍ തയാറുള്ള മനുഷ്യനാണ് അരുണ്‍ കുമാര്‍ എന്ന അരുണ്‍ മാഷ്. അദ്ദേഹമാണ് ഈ സിനിമയ്ക്കു വേണ്ടി ഏറ്റവുമധികം കഷ്ടപ്പെട്ടതും. അദ്ദേഹം പയ്യന്നൂര്‍ സ്കൂളിലെ അധ്യാപകന്‍ കൂടിയാണ്. എന്തിനും കൂടെ നില്‍ക്കാന്‍ ക്യാമറമാൻ ഷാഫി‍യും തയാറായിരുന്നു. വടക്കാഞ്ചേരിയില്‍ ആയിരുന്നു ചിത്രീകരണം.

shooting-pictures

മൂന്ന് ദിവസമായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ് പ്ലാന്‍ ചെയ്തത്. ഒരു ദിവസത്തെ പാമ്പിന്‍റെ വാടക പതിനായിരം രൂപയാണ്. അതുകൊണ്ട് തന്നെ പാമ്പിന്‍റെ ഭാഗങ്ങള്‍ ആദ്യദിവസം തന്നെ ചിത്രീകരിച്ച് പൂര്‍ത്തിയാക്കി. ഇതിലെ തവളയും ഒറിജിനൽ തന്നെ. പാടത്തു നിന്നും പിടിച്ചതാണ് അതിനെ.

Ramaniyechi yude Namathil OFFICIAL

‌‌രണ്ടാമത്തെ ദിവസം പെരുമഴ, കിണറ്റില്‍ വെള്ളം നിറയാന്‍ തുടങ്ങി. ആദ്യ ദിവസം കിണറ്റിൽ ഇറങ്ങി നിന്ന് ഷൂട്ട് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വെള്ളം ഉയര്‍ന്നതോടെ ഷൂട്ടിങ് നിന്നുപോകുമെന്ന സാഹചര്യമായി. അവിടെയുള്ള നാട്ടുകാരൊക്കെ ആദ്യം മുതലേ നല്ല സഹകരണമായിരുന്നു. ഞങ്ങളുടെ ബുദ്ധിമുട്ട് കണ്ട അവർ 4 മോട്ടറുകൾ ഉപയോഗിച്ച് വെള്ളം പകുതി വറ്റിച്ചു. അവരുടെ നല്ല മനസ്സ് കാരണമാണ് ചിത്രീകരണം തുടരാന്‍ സാധിച്ചത്.

•ഇങ്ങനെയൊരു പ്രമേയം

എന്‍റെ അമ്മാവന്‍ കൂടിയായ കുട്ടി നടുവില്‍ ആണ് ഇങ്ങനെയൊരു ആശയം പറയുന്നത്. അമ്മാവന്‍റെ അടുത്തുള്ള ഒരു പൊട്ടക്കിണറ്റില്‍ വീണ മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഈ ഒരു സംഭവത്തില്‍ നിന്നുമാണ് ‘രമണിയേച്ചിയുടെ നാമത്തില്‍’ രൂപപ്പെടുന്നത്. ഈ സിനിമയുടെ കണ്‍സപ്റ്റും തിരക്കഥയും അദ്ദേഹത്തിന്റേതാണ്.

shooting-still

വി.കെ പ്രകാശ്, ജോയ് മാത്യു, അനീഷ് അന്‍വര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പതിനഞ്ചോളം സിനിമകളില്‍ അസോഷ്യേറ്റായി പ്രവര്‍ത്തിച്ചു. പക്ഷേ സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ മറ്റുള്ളവരുടെ മുന്നിലെത്തുമ്പോള്‍ അവരാദ്യം ചോദിക്കുക, നിങ്ങള്‍ ചെയ്ത ഒരു വര്‍ക്ക് കാണട്ടെ എന്നാണ്. ആ വർക്കിനായുള്ള പരിശ്രമമാണ് ഇൗ ചിത്രത്തിലേക്കെത്തിച്ചതും.

.പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അരുണ്‍മാഷിന് പറയാനുള്ളത് കേൾക്കാം

ആത്മാര്‍ഥതയോടെ എന്ത് കാര്യം ചെയ്താലും അതിന് പ്രതിഫലം കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു ടീം വര്‍ക്ക് തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമിന്‍റെ വിജയം. ഇതില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരും ഈ ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. കിണറ്റിലേക്ക് വീഴുന്ന ആദ്യ ഷോട്ട് ഒറിജിനലായി ചിത്രീകരിച്ചതാണ്. രണ്ട് തവണ ഈ പൊട്ടക്കിണറ്റിലേക്ക് ഞാന്‍ ചാടി.

ആദ്യത്തെ ചാട്ടത്തില്‍ എന്‍റെ ചെവിക്ക് ചെറിയൊരു പരുക്ക് പറ്റിയിരുന്നു. (ശരീരത്ത് ഒരു വടംപോലും കെട്ടാതെയാണ് അരുണ്‍മാഷ് 14 കോല്‍ ആഴമുള്ള ആ കിണറ്റിലേക്ക് ചാടിയത്. ) പാമ്പിനൊപ്പം അഭിനയിക്കുമ്പോള്‍ ചെറിയൊരു പേടി ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ലിജു ഒപ്പം ഉണ്ടായതിനാല്‍ അത് പ്രതിഫലിച്ചില്ല. കൂട്ടായ്മയുടെ വിജയമായാണ് ഞാനിതിനെ കാണുന്നത്. അഭിനയത്തോട് അടങ്ങാത്ത ഒരു ഭ്രമമുണ്ട് എനിക്ക്. ഒന്നു രണ്ട് ഹ്രസ്വചിത്രങ്ങളിലും നാടകങ്ങളിലും ഇതിന് മുന്‍പ് അഭിനയച്ചിട്ടുണ്ട്.

ഛായാഗ്രാഹകന്‍ ഷാഫി പറയുന്നത്

അരുണ്‍ മാഷ് തന്നെയാണ് ശരിക്കുള്ള ഹീറോ. കിണറില്‍ ശരിക്കും വീണെന്നു മാത്രമല്ല കിണറ്റിനുള്ളിൽ അദ്ദേഹം നീന്തി നില്‍ക്കുകയായിരുന്നു. ജീവന്‍പോലും പണയംവെച്ചുള്ള അഭിനയം. അദ്ദേഹത്തിന്‍റെയും സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും ഒത്തൊരുമയുടെ വിജയം.

സിനിമയ്ക്കായി പ്രത്യേക ആര്‍ട് ഡയറക്ടര്‍ അങ്ങനെ ആരുമില്ല, നാട്ടുകാരായിരുന്നു എന്ത് സഹായത്തിനും കൂടെ ഉണ്ടായിരുന്നത്. ഞാനും ലിജുവും രണ്ട് കയറുകളില്‍ ശരീരം ബന്ധിച്ചാണ് കിണറില്‍ ഇറങ്ങിയത്. അരുണ്‍ മാഷ് ആകട്ടെ യാതൊരു സഹായവുമില്ലാതെയും.സിനിമയിലെ രണ്ടാമത്തെ കഥാപാത്രമായ പാറ ബാബുവിനെ അവസാനം തള്ളിയിടുന്ന രംഗം ഒറ്റഷോട്ടില്‍ ചിത്രീകരിച്ചതാണ്.

shootting-pictures01

ഒത്തൊരുമയുടെയും ടീംവർക്കിന്റെയും വിജയമാണിതെന്ന് പറയുമ്പോഴും പ്രധാന വേഷം കൈകാര്യം ചെയ്ത അരുൺ മാഷ് ആണ് ഇതിൽ ഏറ്റവും കൂടുതൽ കയ്യടി അർഹിക്കുന്നത്. ഉഗ്രവിഷമുള്ള ഒരു പാമ്പിനൊപ്പം ഒരു കിണറ്റിൽ ആരുടെയും സഹായമില്ലാതെ നിൽക്കാൻ അദ്ദേഹം കാണിച്ച ധൈര്യത്തിന് സമാനമായി മറ്റൊന്നുമില്ല. കരയിൽ പോലും ഒരു പാമ്പിന്റെ നേരെ നിൽക്കാൻ മടിക്കുന്നവരാണ് നമ്മൾ. ഇതു കണ്ട് പേടിച്ച് കണ്ണടച്ചപ്പോഴും നാം ഒാർത്തു കാണില്ല അദ്ദേഹത്തെക്കുറിച്ച്. ഇൗ ചിത്രം സംവിധായകന്റെ കയ്യൊപ്പ് ചാർത്തിയ ഒന്നാണ്. ആ ഒപ്പിന്റെ മഷി അരുൺ മാഷിന്റെ ധൈര്യമാണ്.

മികച്ച ചിത്രത്തിനുള്ള ഫെഫ്ക പുരസ്കാരം മോഹന്‍ലാലില്‍ നിന്നും ഏറ്റുവാങ്ങുന്നു

ഇനി ധൈര്യമായി ലിജുവിന് ആരുടെ മുന്നിലും പോകാം അവരോട് പറയാം ‘രമണിയേച്ചിയുടെ നാമത്തില്‍’ എന്‍റെ ആണെന്ന്....

സിനിമയെ വെല്ലുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുള്ള ഈ ഹ്രസ്വചിത്രം നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.