Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീ-നയുടെ സൃഷ്ടാവ്

ഒരു പരസ്യ ചിത്രകാരന്‍ എപ്പോഴും നല്ല ഒരു നിരീക്ഷകനും കൂടി ആയിരിക്കും. പരസ്യരംഗത്തെ പ്രമുഖ സ്ഥാപനമായ 'മൈത്രി'യുടെ ഡയറക്ടറുമാരിലൊരാളും ക്രിയേറ്റീവ് ഹെഡുമായ വേണുഗോപാലും ആളുകളെ നിരീക്ഷിക്കുന്നതില്‍ ഒട്ടും പിറകിലായില്ല. ആ നിരീക്ഷണത്തിലൂടെ മലയാളിക്കു കിട്ടാന്‍ പോകുന്നത് ഒരു നീനയേയും നളിനിയേയും ആണ്. മനോരമഓണ്‍ലൈന്‍ വായനക്കാര്‍ക്കുവേണ്ടി പരിചയപ്പെടുത്തുന്നു പ്രമുഖ സംവിധായകന്‍ ലാല്‍ജോസിന്റെ പുതിയ സിനിമ 'നീ-ന'യുടെ തിരക്കഥാകൃത്ത് ആര്‍. വേണുഗോപാലിനെ:

ആദ്യ സിനിമാരചനാനുഭവം സഫലീകരിക്കുകയാണ് നീ-നയിലൂടെ. എങ്ങനെയാണ് നീനയേയും നളിനിയെയും കണ്ടെത്തിയത്?

നീന, നളിനി എന്ന രണ്ടു സ്ത്രീകഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണ് നീ-ന. 2010ല്‍ തന്നെ നീ-നയുടെ കഥാതന്തു കിട്ടിയിരുന്നു.ഞാന്‍ യുവാക്കളെ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മാറുന്ന യുവ തലമുറയില്‍ ഞാന്‍ കണ്ട ഒരു മാറ്റം പെണ്‍കുട്ടികളുടെ മനോഭാവത്തില്‍ വന്നതാണ്. എന്റെ ജനറേഷനില്‍ ഉള്ളവരോട് ഞങ്ങളുടെയൊക്കെ അച്ഛനമ്മമാര്‍ പെണ്‍കുട്ടികളായാല്‍ അടക്കവും ഒതുക്കവും വേണം എന്ന പരമ്പരാഗത കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തിയവരാണ്. എന്നാല്‍ ഇന്നത്തെ മിക്ക പെണ്‍കുട്ടികളും ആ കാഴ്ചപ്പാടുകളില്‍ നിന്നും വേറിട്ടു സഞ്ചരിക്കുന്നവരാണ്. അവര്‍ കുറച്ചു കൂടി തുറന്നിടപഴകാന്‍ തുടങ്ങി. വസ്ത്രധാരണത്തില്‍ പോലും ആധുനികതയുടെ തേരോട്ടമാണ്.

ഇങ്ങനെയുള്ള മോഡേണ്‍ ആയ, വിലക്ക് ഇല്ലാത്ത, ആണ്‍കുട്ടികളുടെ സ്വഭാവമുള്ള ഇന്നത്തെ ഒരു ആധുനിക മലയാളി പെണ്‍കുട്ടിയില്‍ നിന്നുമാണ് നീനയെ കണ്ടെടുത്തത്.നളിനി പരമ്പരാഗതമായ ചിട്ടവട്ടങ്ങളോടെയുള്ള ഒരു പെണ്‍കുട്ടിയാണ്. അടക്കവും ഒതുക്കവും ഉള്ള നളിനിയെ ബുദ്ധിമതിയായും ശക്തയായ ഒരു സ്ത്രീയായും അവതരിപ്പിക്കുന്നു. ഇങ്ങനെ രണ്ടു സ്വഭാവമുള്ള സ്ത്രീകഥാപാത്രങ്ങളില്‍ നിന്നാണ് നീ-ന എന്ന സിനിമ ഉണ്ടാവുന്നത്.

venugopal

ഒരു സിനിമയ്ക്കുള്ള തിരക്കഥ പൂര്‍ണമായി രചിക്കുവാനുള്ള അവസരം ആദ്യമാണെങ്കിലും സിനിമ പുതിയ മേഖല അല്ലല്ലോ?

സ്പാനിഷ് മസാലയ്ക്കു വേണ്ടിയും 22 ഫീമെയ്ല്‍ കോട്ടയത്തിനു വേണ്ടിയും ഞാന്‍ പാട്ടുകള്‍ മുന്‍പ് എഴുതിയിട്ടുണ്ട്. സംഗീത സംവിധായകന്‍ ബിജിബാല്‍ വഴിയാണ് സ്പാനിഷ് മസാലയ്ക്കു വേണ്ടി പാട്ടുകള്‍ എഴുതുവാന്‍ സംവിധായകന്‍ ലാല്‍ജോസ് എന്നെ വിളിക്കുന്നത്. അന്നു ഗാനത്തിന്റെ നാലുവരി ഞാന്‍ എഴുതി ലാല്‍ ജോസിനു അയച്ചുകൊടുത്തു. എന്നെ ഗാനരചനയ്ക്കു തിരഞ്ഞെടുക്കും എന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. അതുകൊണ്ടുകൂടിയാണ് ഫോണ്‍ വിളിച്ചു പറയുവാന്‍ മെനക്കെടാതെ മെയില്‍ ചെയ്തത്.

ആ വരികള്‍ ലാല്‍ ഇളയ മകള്‍ ചക്കര എന്നു വിളിക്കുന്ന കാതറിനെക്കൊണ്ടു പാടിച്ചു ഓഡിയോ ആക്കി തിരിച്ചു മറുപടിയായി അയച്ചു തന്നു. ആ വരികള്‍ സംഗീത സംവിധായകന്‍ വിദ്യാസാഗറിനും ഇഷ്ടപ്പെട്ടെന്നു പറഞ്ഞു. അങ്ങനെ ഞാന്‍ ഗാനരചനയിലേക്ക് വലതു കാലെടുത്തു വച്ചു. ' ആരെഴുതിയാവോ ആകാശനീലം' എന്നതായിരുന്നു ആ ഗാനം. പിന്നീടാണ് 22 എഫ് കെയ്ക്കുവേണ്ടി ആഷിഖ് അബു എന്നെ ഗാനം എഴുതാന്‍ ഏല്‍പ്പിക്കുന്നത്.

എന്‍ജിനീയറിങ് ബിരുദധാരിയായ താങ്കള്‍ എങ്ങനെ പരസ്യ രംഗത്തെത്തി?

സ്കൂളില്‍ ഞാന്‍ ടോപ് ആയിരുന്നു. അന്നത്തെ കാലത്തു ഞങ്ങള്‍ക്കു എന്‍ജിനീയറിങ്ങും മെഡിസിനും മാത്രമായിരുന്നു മുന്‍പിലുണ്ടായിരുന്ന രണ്ടു വഴികള്‍. പഠനത്തില്‍ മിടുക്കനായിരുന്നതുകൊണ്ട് ഞാന്‍ എന്‍ജിനീയര്‍ ആവണമെന്നത് അച്ഛനും അമ്മയ്ക്കും നിര്‍ബന്ധവും അഭിമാനപ്രശ്നവും ആയിരുന്നു. അങ്ങനെ കോതമംഗലം എം എ കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്നു. പക്ഷേ ഞാന്‍ എന്‍ജിനീയര്‍ ആയി ജോലി നോക്കില്ല എന്ന് അന്നേ തീരുമാനിച്ചിരുന്നു. പണ്ടു മുതലേ പരസ്യങ്ങളുടെ ടാഗ് ലൈനും മറ്റും ശ്രദ്ധിച്ചിരുന്നു. കോഴ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ പരസ്യരംഗത്തു ജോലി നേടി. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ പരസ്യരംഗത്തുണ്ട്.

ഒരു തിരക്കഥാകൃത്തെന്ന നിലയില്‍ നീ-നയിലൂടെ എന്തു വ്യത്യസ്തമായ അനുഭവമാകും പ്രേക്ഷകര്‍ക്കു നല്‍കുക?

അധികം സിനിമാറ്റിക് ആകാത്ത റിയലിസ്റ്റിക്കും ലളിതവുമായ നല്ല ഒരു സിനിമയാകും നീ-ന. പൂര്‍ണമായും നാഗരികമായ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ ഇതിവൃത്തം. ഈ സിനിമയിലുള്ള മൂന്നു ഗാനങ്ങളില്‍ ഒരെണ്ണം ഇംഗിഷ് ഗാനമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.