Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതാപം വിടാതെ

prathap-pothan-still

ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം എന്നിങ്ങനെ മനോഹരമായ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ നടൻ പ്രതാപ് പോത്തൻ വീണ്ടും സംവിധായകനാകുന്നു. രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കൊടുവിലാണു പ്രതാപ് പോത്തൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നത്.

അഞ്ജലി മേനോന്റെ തിരക്കഥ

സംവിധായകനെന്ന നിലയിൽ തൊട്ടതെല്ലാം പൊന്നാക്കിയ പ്രതാപ് പോത്തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ആരാണെന്നോ! ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലൂടെ ജനപ്രിയ സംവിധായിക ആയി മാറിയ അഞ്ജലി മേനോൻ. എഴുത്ത് അവസാനഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചിരുന്നു. ചിത്രത്തിൽ നിത്യാമേനോന്റെ അച്ഛന്റെ വേഷമായിരുന്നു പ്രതാപ് പോത്തന്.

കഥയും താരങ്ങളും

ഒരു ന്യൂജനറേഷൻ പ്രണയകഥയാണു ചിത്രത്തിലൂടെ പറയാൻ പോകുന്നത് ഇതുവരെ കാണാത്ത, എന്നാൽ എല്ലാവർക്കും എവിടെയൊക്കെയോ മനസിൽ തട്ടുന്ന മനോഹരമായ പ്രണയകഥ. വർക്കല ബീച്ചാണു പ്രധാന ലൊക്കേഷൻ. പക്ഷേ വർക്കലയെ വർക്കലയായല്ല ചിത്രീകരിക്കുന്നത്. ചിത്രത്തിലെ താരങ്ങളാരൊക്കെയാകും എന്നു തീരുമാനിച്ചിട്ടില്ല. രണ്ടു പേരുണ്ട് മനസിൽ. ഈ രണ്ടുപേരിൽ ആർക്കു കഥ കൂടുതൽ ഇഷ്ടമാകുന്നോ അവരാകും ചിത്രത്തിലെ നായകൻ മറ്റു കഥാപാത്രങ്ങളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒത്തിരി മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന സിനിമയാകും ഇത്.

തിരിച്ചുവരവ്

എൺപതുകളിൽ ചലച്ചിത്രരംഗത്തു നിറഞ്ഞു നിന്ന പ്രതാപ് പോത്തൻ തൊണ്ണൂറുകളുടെ അവസാനം വരെ അഭിനയരംഗത്തു സജീവമായിരുന്നു. തുടർന്ന് ഒരിടത്തും കാണാതിരുന്ന പ്രതാപ് പോത്തൻ 2005ൽ പ്രിയസഖി എന്ന തമിഴ് ചിത്രത്തിലൂടെയാണു തിരിച്ചുവരുന്നത്. പിന്നീടിങ്ങോട്ട് ഒട്ടേറെ മലയാളം, തമിഴി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അഭിനയം പോലെതന്നെയായിരുന്നു പ്രതാപ് പോത്തന്റെ സംവിധാനവും. 1995ൽ മോഹൻലാലിനെയും ശിവാജി ഗണേശനെയും ഒരുമിച്ച് അണിനിരത്തിയ ഒരു യാത്രാമൊഴിക്കുശേഷം രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കൊടുവിലാണു പ്രതാപ് പോത്തൻ വീണ്ടും സംവിധായകനാകുന്നത്. പുതിയ മലയാള ചിത്രത്തിനുശേഷം രണ്ടു തമിഴ് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകനായുള്ള തിരിച്ചുവരവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണു മലയാളത്തിന്റെ പ്രിയ കലാകാരൻ.