Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലരിനെ പോലെ തന്നെയാണ് ഞാനും : സായി പല്ലവി

sai-pallavi

മലര്‍ എന്ന ഒറ്റകഥാപാത്രത്തിലൂടെ കേരളക്കരയാകെ സുഗന്ധം പരത്തുകയാണ് ഈ മറുനാടന്‍ പെണ്‍കൊടി. ‘‘മലരേ നിന്നെ കാണാതിരുന്നാൽ മിഴിവേകിയ നിറമെല്ലാം മായുന്നപോലെ....’’ എന്ന് മലയാളികള്‍ ഒരേ സ്വരത്തില്‍ ഏറ്റുപാടുന്നു.

മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സമീപകാലത്ത് ഇത്രമേല്‍ ആഴത്തില്‍ പതിഞ്ഞൊരു കഥാപാത്രം വേറെ ഉണ്ടാവില്ല. മലരെന്നാല്‍ മലയാളിക്ക് ഇന്ന് വിശുദ്ധ പ്രണയത്തിന്‍റെ മറുപേരുകൂടിയാണ്. മുഖക്കുരുവുള്ള മുഖവുമായി മലര്‍ പ്രേക്ഷക മനസ്സിലേക്ക് നടന്നു കയറിയപ്പോള്‍ നായികസങ്കല്‍പ്പങ്ങളുടെ മുഖമൂടി കൂടി അഴിഞ്ഞു വീണു. സായി പല്ലവിയെന്ന എന്ന ഈ തമിഴത്തിക്കൂട്ടിയെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ നമ്മള്‍ സ്നേഹിക്കുന്നത് എന്തുകൊണ്ടാവാം. മലരായി സായി അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്നതു തന്നെയാവും ഉത്തരം.

ജോര്‍ജിയയില്‍ അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ സായ്പല്ലവി പഠനതിരക്കുകള്‍ക്കിടയിലും പ്രേമത്തെപ്പറ്റി വാചാലയാകുന്നു. കടലിനക്കരെയാണെങ്കിലും മലയാളികളുടെ സ്നേഹം അവള്‍ അനുഭവിച്ചറിയുന്നുണ്ട്. മലരിന്‍റെ വിശേഷങ്ങള്‍ കേള്‍ക്കാം.

നൃത്തത്തോടും മഴയോടും യാത്രയോടും പ്രണയം

മലയാളി പ്രേക്ഷകര്‍ക്ക് മലരിനെക്കുറിച്ച് കൂടുതലറിയാന്‍ മോഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു കുസൃതിചിരിയായിരുന്നു സായ് പല്ലവിയുടെ മറുപടി. എന്നെക്കുറിച്ച് എന്തുപറയാന്‍, എങ്കിലും എനിക്ക് അറിയാവുന്നത് ചിലത് പറയാം.

sai-pallavi-still

ഞാന്‍ കൊടഗിരി സ്വദേശിയാണ് വളര്‍ന്നതും പഠിച്ചതുമൊക്കെ കോയമ്പത്തൂരാണ്. ഡാന്‍സ് എന്‍റെ പാഷനാണ്. രാത്രിയില്‍ ലോങ് ഡ്രൈവ് ചെയ്യാനും മഴ നനയാനും ഇഷ്ടപെടുന്ന പെണ്‍കുട്ടിയാണ് ഞാന്‍.

അഭിനയം അവിചാരിതം

സിനിമയിലേക്കുള്ള എന്‍ട്രി തികച്ചും യാദ്യചികമായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്(പ്ലള്സ് ടുവിനു പഠിക്കുന്ന സമയത്ത്) ‘ഉന്‍കളില്‍ യാര് അടുത്ത പ്രഭുദേവ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ പ്രകടനം കണ്ടിട്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്നെ ആദ്യം ശ്രദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹം എനിക്ക് ഫേയ്സ്ബുക്കില്‍ ഒരു മെസേജ് അയച്ചിരുന്നു, ഞാന്‍ അത് അവഗണിച്ചു. ആരെങ്കിലും പറ്റിക്കാന്‍ ചെയ്താവും എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ വിന്‍റര്‍ വേക്കേഷനു ഇന്ത്യയില്‍ എത്തിയ സമയത്ത് അമ്മയുടെ ഫോണിലേക്ക് അല്‍ഫോണ്‍സിന്‍റെ കോള്‍ എത്തി. അപ്പോഴും എനിക്ക് വിശ്വാസമായില്ല. ഇത് ഏതോ തട്ടിപ്പ് പാര്‍ട്ടിയാണ് ഫോണ്‍ കട്ട് ചെയ്യാന്‍ ഞാന്‍ അമ്മയോട് പറഞ്ഞു.

nivin-sai

ഇത് അല്‍ഫോണ്‍സ് കേള്‍ക്കാന്‍ ഇടയായി. അദ്ദേഹം തന്‍റെ ഫേയ്സ്ബുക്ക് അക്കൗണ്ടും ഗൂഗിളിലെ ഫോട്ടോകളുമായി ഒത്തുനോക്കാന്‍ പറഞ്ഞു. ഞാന്‍ ഉടന്‍ തന്നെ അല്‍ഫോണ്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ സെര്‍ച്ച് ചെയ്തു. എന്‍റെ തെറ്റ് മനസ്സിലാക്കിയ ഉടനെ തിരിച്ചു വിളിച്ചു, ക്ഷമ ചോദിച്ചു. അദ്ദേഹത്തിന്‍റെ നേരം എന്‍റെ പേഴ്സണല്‍ ഫെവറിറ്റുകളില്‍ ഒന്നാണ്, അതിനുള്ള അഭിനന്ദനവും ഞാന്‍ അറിയിച്ചു. ഒരാഴ്ചക്കു ശേഷം അല്‍ഫോണ്‍സ് എന്‍റെ നാട്ടിലെത്തി. അദ്ദേഹം വളരെ ക്ഷമയോടെ തിരക്കഥ വായിച്ചു കേള്‍പ്പിച്ചു. അമ്മ ആദ്യമേ സമ്മതം മൂളി. എന്നെ അത്ഭുതപ്പെടുത്തിയത് അച്ഛന്‍റെ ഗ്രീന്‍ സിഗ്നലായിരുന്നു, ഞാന്‍ അഭിനയത്തിലേക്കു വരുന്നതിനോടൊന്നും അച്ഛനു താല്‍പര്യം ഉണ്ടായിരുന്നില്ല. മലരിന്‍റെ കഥാപാത്രത്തിനു ഞാന്‍ അനുയോജ്യയായ വ്യക്തിയാണെന്നു തോന്നുണ്ടെങ്കില്‍ മുന്നോട്ട് പോകാന്‍ അല്‍ഫോണ്‍സിനു അച്ഛന്‍ അനുമതി നല്‍കി. അങ്ങനെയാണ് ഞാന്‍ പ്രേമം ടീമിന്‍റെ ഭാഗമാകുന്നത്.

പ്രേമം ടീം കുടുംബം പോലെ

പ്രേമം ടീമിലെ ഓരോ അംഗങ്ങളും ഒരു കുടുംബത്തിലെ അംഗത്തെപോലെയാണ് എന്നെ സ്നേഹിച്ചത്. സിനിമ റിലീസായതിനു ശേഷം എനിക്ക് ഒരുപാട് അഭിനന്ദന സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിന്‍റെ ഫുള്‍ ക്രെഡിറ്റും അല്‍ഫോണ്‍സ് എന്ന സംവിധായകനാണ്. അല്‍ഫോണ്‍സിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ദീര്‍ഘവീക്ഷണമുള്ള ഒരു സംവിധായകനാണ് അദ്ദേഹം, നാളെയുടെ പ്രതീക്ഷയാണ്. നല്ലൊരു കലാകാരനും ഒപ്പം നല്ലൊരു മനുഷ്യസ്നേഹിയും കൂടിയാണ് അല്‍ഫോണ്‍സ്.

sai-nivin

നിവിന്‍ പോളി സീനിയര്‍ താരത്തിന്‍റെ ജാഡകളൊന്നും ഇല്ലാതെയാണ് സെറ്റില്‍ എന്നോട് ഇടപ്പെട്ടിരുന്നത്. റീലിസിങ് ദിവസമാണ് അദ്ദേഹം കേരളത്തിലെ ഒരു ഫ്രീക്കി സൂപ്പര്‍ സ്റ്റാറാണെന്ന് ഞാന്‍ തിരിച്ചറിയുന്നത്. ആനന്ദ് വളരെ ടാലന്‍റുള്ള ക്യാമറമാനാണ്. അവന്‍റെ കണ്ണികളിലൂടെ ലോകത്തെ കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. ചിത്രത്തിന്‍റെ ഓരോ ഫ്രെയിമുകളും അത്ര മനോഹരമായിട്ടാണ് അവന്‍ ഒപ്പിയെടുത്തിരിക്കുന്നത്. രാജേഷ്, ശബരീഷ്, കൃഷ്ണ ശങ്കര്‍, വിനയ്, സൗബിന്‍ ഇവരെല്ലാം വളരെ വിനയത്തോടെയാണ് എന്നോട് പേരുമാറിയത്, സ്ക്രീനില്‍ അവീസ്മരണീയ പ്രകടനവു. പ്രേമം ടീമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് അഭിമാനവും സന്തോഷവും.

അന്‍വര്‍ ഇക്കയോടും ഒരുപാട് നന്ദിയുണ്ട്. ഇത്രയും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ അദ്ദേഹം കാണിച്ച ധൈര്യത്തിനൊരു സല്യൂട്ട്. ചിത്രീകരണം മുതല്‍ റിലീസിങ് വരെ ഓരോ ഘട്ടത്തിലും നിശബ്ദ സാന്നിധ്യമായി വളരെ ക്ഷമയോടെ ഞങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു.

നന്ദി ചൊല്ലി തീര്‍ക്കുവാന്‍ വാക്കുകള്‍ പോരാ

മലരെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ പകര്‍ന്നു നല്‍കുന്ന സ്നേഹത്തിനു മുന്നില്‍ എനിക്ക് വാക്കുകളില്ല. എത്ര നന്ദി പറ‍ഞ്ഞാലും പോരാതെ വരും. മലരായി അഭിനയിച്ചു തുടങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്‍റെ കയ്യില്‍ കഥാപാത്രം ഒതുകുമോ എന്ന ഭയം ഉണ്ടായിരുന്നു. അല്‍ഫോണ്‍സാണ് ധൈര്യം നല്‍കിയത്. മലരായി അഭിനയിക്കേണ്ട, ബിഹേവ് ചെയ്താല്‍ മതിയെന്നു പറയുമായിരുന്നു. സായി എങ്ങനെയാണോ അങ്ങനെ തന്നെ പെരുമാറിയാല്‍ മതിയെന്നു പറഞ്ഞു. എന്നെ പ്രേക്ഷകര്‍ ഇത്രയുമധികം സ്നേഹിക്കുന്നുണ്ടെങ്കിലും അതിന്‍റെ ക്രെഡിറ്റ് സംവിധായകന് അവകാശപ്പെട്ടതാണ്.

ഞങ്ങള്‍ സന്തുഷ്ടരാണ്

അച്ഛനും അമ്മയും അനിയത്തിയും ഉള്‍പ്പെടുന്ന സന്തുഷ്ട കുടുംബം. അച്ഛന്‍ സെന്‍താമര കണ്ണന്‍, അമ്മ രാധ കണ്ണന്‍, അനിയത്തി പൂജ.

sai-premam

ഡോക്ടര്‍, ഡാന്‍സര്‍, ആക്ടര്‍

ഞാനൊരു ഡോക്ടറാകും എന്നു മാത്രമേ എനിക്ക് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ പറ്റു. ന്യത്തത്തിലും അഭിനയത്തിലുമൊക്കെ എന്‍റെ ഭാവി എന്താണെന്നതിനെക്കുറിച്ച് എനിക്കൊരു ഐഡിയയും ഇപ്പോള്‍ ഇല്ല. ഞാന്‍ തികഞ്ഞ ദൈവവിശ്വാസിയാണ്. എനിക്ക് ഏറ്റവും അനുയോജ്യമായ വഴി തന്നെ അദ്ദേഹം കാട്ടി തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

റീലിസിങ്ങിനു കേരളത്തിലെത്തിയ സായി പല്ലവി പഠനതിരക്കുകള്‍ കാരണം ജോര്‍ജിയിലേക്ക് മടങ്ങി. ആതുരസേവന രംഗത്താണെങ്കിലും അഭിനയത്തിലേക്കാണെങ്കിലും സായി പല്ലവി തിളങ്ങട്ടെ എന്നാകാട്ടെ മലയാളികളുടെ പ്രാര്‍ത്ഥന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.