Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ മി മൈ സെൽഫ് ജൂഡ് ആന്റണി

സൗഹൃദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രണയസിനിമയായിരുന്നു ഓം ശാന്തി ഓശാന. പെൺകുട്ടിkകളുടെ പിറകെ നടക്കുന്ന പൂവാലന്മാരെ ഒരുപാട് കണ്ടിട്ടുള്ള മലയാളി പ്രേക്ഷകർക്ക് പക്ഷേ ആണിനെ വളയ്ക്കാനായി പിറകെ നടക്കുന്ന പെണ്ണ് ഒരു അത്ഭുതമായിരുന്നു. ആ പെണ്ണിനെ, അവളുടെ മനസ്സിനെ അതേപടി വെള്ളിത്തിരയിൽ അവതരിപ്പിച്ച സംവിധായകൻ ജൂഡ് ആന്റണി ജോസഫിന് സുഹൃത്ബന്ധങ്ങളുടെ ഒരുപാട് കഥകൾ പറയാനുണ്ട്. തന്റെ ആദ്യചിത്രത്തിന്റെ വിശേഷങ്ങളും സിനിമാസങ്കൽപ്പങ്ങളുമായി അദ്ദേഹം ഐ മി മൈ സെൽഫിൽ മനസുതുറക്കുന്നു...

മൂന്നു വർഷങ്ങൾക്കു മുൻപ് ഒരു മൾട്ടി നാഷണൽ കമ്പനിയിലെ ജോലിയും കളഞ്ഞു ബംഗലൂരുവിൽ നിന്നു നാട്ടിലേക്കു വണ്ടി കയറുമ്പോൾ സിനിമയെടുക്കണമെന്ന മോഹം മാത്രമായിരുന്നു മൂലധനം. മലർവാടി ആർട്സ് ക്ലബിൽ വിനീത് ശ്രീനിവാസന്റെ കൂടെ പ്രവർത്തിക്കാൻ അവസരമൊരുങ്ങിയത് വഴിത്തിരിവായി. മലർവാടിയിൽ ക്ലാപ് ബോയ് ആയിരുന്നു. ആ ബന്ധം സൗഹൃദമായി വളർന്നു. എന്റെയൊരു സ്ക്രിപ്റ്റ് വിനീതിന് ഇഷ്ടപ്പെടുകയും അത് സിനിമയാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. വിനീത് തന്നെ അഭിനയിക്കാമെന്നും നിർമ്മിക്കാമെന്നും തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ സമാനമായൊരു കഥയുമായി ഒരു സിനിമ മലയാളത്തിൽ ഇറങ്ങുകയും ഞങ്ങൾ ആ പ്രൊജക്റ്റ് വേണ്ടെന്നുവയ്ക്കുകയും ചെയ്തു. ദിലീപിന്റെ സഹോദരനായ അനൂപേട്ടൻ വഴിയാണ് ക്രേസി ഗോപാലനിൽ അസോഷ്യേറ്റായി പ്രവർത്തിക്കാൻ സാധിക്കുന്നത്. ക്രേസി ഗോപാലൻ, മലർവാടി, തട്ടത്തിൻ മറയത്ത് എന്നീ മൂന്നേ മൂന്നു സിനിമകളിൽ മാത്രം പ്രവർത്തിച്ചിട്ടുള്ള എന്നെ പോലെ താരതമ്യേന പുതിയ ഒരാൾക്കു ഇത്രയും വേഗത്തിൽ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ഒരുക്കി തന്നതും വിനീതാണെന്ന് പറയാം.

സൗഹൃദത്തിനു വില കൽപ്പിക്കുന്നതുകൊണ്ടു മാത്രമാണു നിവിൻ ചിത്രത്തിന്റെ ഭാഗമായത്. നിവിനും ഞാനും ബംഗലൂരുവിൽ ഒരു കമ്പനിയിൽ ജോലി ചെയ്തവരാണ്. തനിക്കു കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വേഷമാണെന്നു നന്നായി അറിഞ്ഞു കൊണ്ടു തന്നെയാണു നിവിൻ ചിത്രത്തിൽ അഭിനയിച്ചത്. സിനിമയിലും ജീവിതത്തിലും വിനീതും നിവിനും നൽകിയിട്ടുള്ള പിന്തുണയ്ക്കും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.

ഓലക്കുടയും കുങ്ഫു പാണ്ടയും എന്നാണു ചിത്രത്തിനു ആദ്യം പേരു നൽകിയിരുന്നത്. എനിക്കൊഴികെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെല്ലാം പേര് ഇഷ്ടപ്പെട്ടു. ഞാൻ പേര് മാറ്റണമെന്നു നിർബന്ധം പിടിച്ചു. മാറ്റുന്നുണ്ടെങ്കിൽ ഇതിലും നല്ലൊരു പേരു നിർദ്ദേശിക്കണമെന്നു മറ്റുള്ളവരും വാശി പിടിച്ചു. അങ്ങനെ ആലോചിച്ച് ആലോചിച്ച് അവസാനം എത്തിച്ചേർന്ന പേരാണു ഓം ശാന്തി ഓശാന. പിന്നെ ഇതൊരു ക്രിസ്ത്യൻ—ഹിന്ദു പ്രണയ കഥയാണ്. പ്രമേയവുമായി ഈ പേര് നന്നായി യോജിക്കുന്നുണ്ടെന്നും തോന്നി. പിന്നെ ലാലും ചേട്ടന്റെയും രഞ്ജി ചേട്ടന്റെയും ഒത്തുചേരൽ. ലാൽ ജോസിന്റേത് താരതമ്യേന അതിഥി വേഷമാണെന്നു പറയാം. രഞ്ജി പണിക്കർ നസ്റിയയുടെ അച്ഛന്റെ വേഷത്തിലാണ് എത്തുന്നത്. അദ്ദേഹം തകർത്ത് അഭിനയിച്ചിട്ടുമുണ്ട്. അവരെ പോലെ പ്രതിഭാധനന്മാരായ വ്യക്തികളോട് ആക്ഷനും കട്ടുമൊക്കെ പറഞ്ഞതിനെക്കുറിച്ചു ഇപ്പോൾ ആലോചിക്കുമ്പോൾ എല്ലാമൊരു സ്വപ്നം പോലെ തോന്നുന്നു.

മമ്മൂട്ടിയുടെ ആത്മകഥയായ ‘ചമയങ്ങളില്ലാതെ സിനിമയാക്കാൻ അതിയായ ആഗ്രഹമുണ്ട്. അതിന്റെ ചെറിയൊരു പരീക്ഷണമെന്ന നിലയ്ക്കാണ് ‘നക്ഷത്രങ്ങളുടെ രാജകുമാരൻ എന്ന ഹൃസ്വചിത്രം ചെയ്തതും. മമ്മൂക്കയോടും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിന് ഇപ്പോൾ സമയമായിട്ടില്ല. നിവിൻ പോളിയെ നായകനാക്കാനാണ് തീരുമാനം.