Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിശയിപ്പിക്കുന്നില്ല; പുതുചിത്രങ്ങൾ

k-g-george-1

മുറിക്കയ്യൻ ഷർട്ടും മുണ്ടും. പക്ഷാഘാതം ദുർബലമാക്കിയ ശരീരത്തെ മുന്നോട്ടു നടത്താൻ വോക്കിങ് സ്റ്റിക്. വേഗത്തിൽ നടക്കുക പ്രയാസം. സംഭാഷണത്തിനിടെ, വാക്കുകൾ ചിലപ്പോൾ നഷ്ടപ്പെട്ടു പോകും. ട്രേഡ് മാർക്കായ ബുൾഗാൻ താടി പൂർണമായും വെളുത്തു. കുളക്കാട്ടിൽ ഗീവർഗീസ് ജോർജെന്ന കെ.ജി. ജോർജിന്റെ ചിന്തകൾക്കു പക്ഷേ, ഇപ്പോഴും തിളക്കം കുറവില്ല. അപ്രിയ സത്യങ്ങൾ തുറന്നു പറയാനും ധൈര്യക്കുറവില്ല. സ്വന്തം പേരുകൊണ്ടു മലയാള ചലച്ചിത്ര ലോകത്തെ രണ്ടായിത്തിരിച്ച ചലച്ചിത്രകാരനെന്നു പലരും വാഴ്ത്തുന്ന ജോർജ് എഴുപതിന്റെ നിറവിലാണിപ്പോൾ. അനാരോഗ്യം അടിച്ചേൽപ്പിച്ച നിർബന്ധിത വിശ്രമവേളയിലാണു ജെ.സി.ഡാനിയേൽ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

ചലച്ചിത്ര മേഖലയിലെ ഉന്നത സർക്കാർ ബഹുമതിയെത്താൻ വൈകിയില്ലേ എന്നു ചോദിച്ചാൽ അദ്ദേഹം പുഞ്ചിരിക്കും. മലയാളത്തെ അതിശയിപ്പിച്ച ഒരുപിടി ചലച്ചിത്ര രത്നങ്ങളുടെ സൃഷ്ടാവിനെ അതിശയിപ്പിക്കാൻ പോന്ന പുരസ്കാരങ്ങൾ ഏറെയുണ്ടാകില്ല! സ്വപ്നാടനം മുതൽ ഇളവങ്കോട് ദേശം വരെയുള്ള ചിത്രങ്ങൾ. അതിൽ, വെറുതെ കണ്ടു മറക്കാവുന്നവ തീരെക്കുറവ്. പ്രേക്ഷകപ്രീതിയും കലാമൂല്യവും ഒരുപോലെ ഇഴയിട്ട മധ്യവർത്തി സിനിമകളുടെ മഹാശിൽപി. എഴുപതുകളിലും എൺപതുകളിലും അഭ്രപാളികളിൽ പുതുവിപ്ലവം തീർത്ത പ്രതിഭാശാലിക്കു തെല്ലു സങ്കടം ബാക്കിയാണ്. ‘ ഇളവങ്കോട് ദേശത്തോടെ എന്നിലെ ക്രിയേറ്റിവിറ്റി ഇല്ലാതായി. ദാറ്റ് വാസ് ദി എൻഡ് ഓഫ് മൈ ക്രിയേറ്റിവിറ്റി. വയ്യാതായി, ഇനിയൊന്നും ചെയ്യാനും കഴിയില്ല.’ വെണ്ണലയിലെ വസതിയിൽ അദ്ദേഹം ‘മനോരമ’യോട്.

പുതുചിത്രങ്ങൾ അതിശയിപ്പിക്കുന്നില്ല
ഇപ്പോൾ പതിവായി സിനിമകൾ കാണാറില്ല. ആരോഗ്യം മോശമായതിനാൽ തിയറ്ററിൽ പോകുക കഷ്ടപ്പാടാണ്. പുതിയ സിനിമകൾ മോശമാണെന്നു പറയാനാവില്ല. പക്ഷേ, എന്നെ എക്സൈറ്റ് ചെയ്യുന്ന ചിത്രങ്ങളില്ല. ഞങ്ങളൊക്കെ മുൻപു ചെയ്ത സിനിമകളെ വെല്ലുന്ന സിനിമകളില്ല. അതിനു പല കാരണങ്ങളുണ്ടാകാം. ഞങ്ങളുടേതു വലിയ പ്രയത്നമായിരുന്നു. അതു പിന്നീടു കുറഞ്ഞുവന്നു. പൊതുവിൽ ഫിലിം മേക്കേഴ്സിന്റെ അർപ്പണബോധം കുറഞ്ഞു.

k-g-george-movies

മനഃശാസ്ത്രപരമായ അടിത്തറ
ആദ്യചിത്രമായ സ്വപ്നാടനം മുതൽ സൈക്കോളജിക്കൽ ആംഗിൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. സൈക്കോളജിയോട് എനിക്കു വലിയ പ്രതിപത്തിയുണ്ട്. സത്യത്തിൽ, ജീവിതത്തിന്റെ അടിസ്ഥാനം തന്നെ നമ്മുടെ മാനസിക വ്യാപാരങ്ങളല്ലേ. അത്തരം ചിത്രങ്ങളുടെ കാതൽ മികച്ച തിരക്കഥയാണ്. പല മികച്ച ചലച്ചിത്രകാരൻമാരും എന്നോടു പറഞ്ഞിട്ടുണ്ട്: നിങ്ങളാണു ബെസ്റ്റ് സ്ക്രിപ്റ്റ് റൈറ്ററെന്ന്. എനിക്കതിൽ സന്തോഷമുണ്ട്. എക്കാലവും സിനിമയോടു കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നു, എനിക്ക്.

കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങൾ
‘മറ്റൊരാൾ’ കൈകാര്യം ചെയ്തതു പോലുള്ള വിഷയങ്ങൾ അക്കാലത്തെന്നല്ല, ഇപ്പോഴും വരുന്നില്ല. എല്ലാ ചിത്രങ്ങളിലും ഓരോ വേഷത്തിനും ഏറ്റവും അനുയോജ്യരായ മികച്ച അഭിനേതാക്കളെ കിട്ടിയെന്നതാണ് എന്റെ സിനിമകളുടെയെല്ലാം സവിശേഷതയെന്നു തോന്നുന്നു. കാസ്റ്റിങ് വളരെ പ്രധാനമാണ്. മമ്മൂട്ടിയും ഗോപിയും തിലകനുമൊക്കെ എന്റെ ചിത്രങ്ങളിലുണ്ടായിരുന്നു. പഞ്ചവടിപ്പാലം ഇന്നും ആളുകൾ രസിച്ചു കാണുന്ന ചിത്രമാണ്. മറ്റു പല നല്ല സിനിമകൾക്കും കിട്ടാത്ത ഭാഗ്യമാണത്.

താരാധിപത്യത്തിന്റെ പേരിൽ മമ്മൂട്ടിക്കും വിമർശനം
പറയേണ്ട കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യം എനിക്കുണ്ട്; ഇന്നും. താരാധിപത്യത്തെക്കുറിച്ചു ഞാൻ മുൻപു പറഞ്ഞിട്ടുണ്ട്. എന്റെ പ്രിയ നടനാണു മമ്മൂട്ടി. എനിക്കു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെക്കുറിച്ച് അദ്ദേഹം മറിച്ചൊന്നും പറഞ്ഞതുമില്ല.

മോഹൻലാലിനെ ഉപയോഗപ്പെടുത്താനായില്ല
സി.വി.ബാലകൃഷ്ണന്റെ രചനയെ അവലംബിച്ചു മോഹൻലാലിനെ ഉൾപ്പെടുത്തി ‘കാമമോഹിതം’ ചെയ്യാൻ ഏറെ ആശിച്ചതാണ്. വാസ്തവത്തിൽ പറ്റിയ നിർമാതാക്കൾ വരാത്തതാണു കാരണം. വന്നിരുന്നുവെങ്കിൽ ആ സിനിമ ചെയ്യാമായിരുന്നു. ലാലിനെപ്പോലൊരു നടന്റെ പ്രതിഭയെ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടമുണ്ട്.

പ്രായവും സർഗാത്മകതയും.
പ്രായം സർഗാത്മകതയെ ഒരു പരിധിവരെ ബാധിക്കുമെന്നാണ് എന്റെ തോന്നൽ. ക്രിയേറ്റിവിറ്റിക്ക് ഒരു പരിധിയുണ്ട്. അതു കഴിഞ്ഞാൽ നിന്നുപോകും, മുന്നോട്ടുപോകാനാവില്ല. അടൂരിന്റെ പുതിയ ചിത്രത്തിന് എതിരായ വിമർശനങ്ങൾ കേട്ടു. അദ്ദേഹം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എനിക്കു മുൻപേ പഠിച്ചിറങ്ങിയ ആളാണ്. ‘എലിപ്പത്തായം’ കണ്ടപ്പോൾ ഞാൻ അടൂരിനെ അഭിനന്ദിച്ചിട്ടുമുണ്ട്.

അതു യവനിക തന്നെ
എന്റെ ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതു യവനിക തന്നെ. അസാമാന്യ ശ്രദ്ധയോടെ ചെയ്ത ചിത്രമാണത്. എല്ലാ ചേരുവയും ചേർന്ന സിനിമ. എനിക്കു മാത്രം കഴിയുന്ന ഒന്നായി ഞാൻ കരുതുന്ന ചിത്രം. ഓരോ സൂക്ഷ്മാംശവും ശ്രദ്ധയോടെ ചെയ്ത സിനിമ. എനിക്കു പോലും അതു മറ്റൊരു ചിത്രത്തിൽ ആവർത്തിക്കാനായില്ല. എങ്കിലും, ഫിലിം മേക്കറെന്ന നിലയിൽ ഏറെക്കുറെ എനിക്കു ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്നാണു തോന്നുന്നത്.

സിൻസിയർ ഫിലിം മേക്കർ
ഭാവിയിൽ എങ്ങനെ അറിയപ്പെടണമെന്നു ചോദിച്ചാൽ, സിൻസിയറായ ഫിലിം മേക്കറായി അറിയപ്പെടണമെന്നാണ് ആഗ്രഹം. ഞാൻ സിനിമയോട് അങ്ങേയറ്റം സത്യസന്ധത പുലർത്തിയിട്ടുണ്ട്. ക്രാഫ്റ്റാണു സിനിമയിൽ ഏറ്റവും പ്രധാനം. അതെനിക്കുണ്ടായിരുന്നുവെന്നാണു വിശ്വാസം.

വലിയ നഷ്ടം
ഷെൽഫിൽ നിറയെ പുസ്തകങ്ങളുണ്ട്. വിശാലമായ വായനയുണ്ടായിരുന്നു എനിക്ക്. പക്ഷേ, പക്ഷാഘാതം വന്നശേഷം വായിക്കുവാൻ പറ്റാത്ത സ്ഥിതിയാണ്. വലിയ നഷ്ടം. നികത്തുവാൻ കഴിയാത്ത നഷ്ടം. യാത്രകളും പ്രയാസമാണ്.