Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കേക്ക് അൽഫോൻസിന്റെ ഐഡിയ: മഡോണ

by റോബിൻ ടി. വർഗീസ്
madonna-sebastian

പ്രേമത്തിന്റെ ഓഡിഷനു വിളിക്കുമ്പോൾ സംവിധായകൻ അൽഫോൻസ്പുത്രന്റെ മനസ്സിൽ മഡോണയ്ക്ക് മേരിയുടെ വേഷം നൽകിയാലോ എന്ന ആലോചനയുണ്ടായിരുന്നു. എന്നാൽ, തനിക്ക് ഒന്നുകൂടി യോജിക്കുക സെലിനായിരിക്കുമെന്നു മഡോണയ്ക്കു തന്നെ തോന്നി.

പ്രേമത്തിൽ അവസാന ലാപ്പിലെത്തി സിനിമ ശുഭപര്യവസായിയാക്കിയ മഡോണയിപ്പോൾ മലയാളത്തിൽ മുഴുനീള നായികവേഷം ചെയ്യുന്നതിന്റെ ആഹ്ലാദത്തിലാണ്. 22 വർഷത്തിനുശേഷം സിദ്ദിഖ് ലാൽ ഒരുമിക്കുന്ന കിങ് ലയറിൽ ദിലീപിന്റെ നായികയാകുന്നതിന്റെ ത്രിൽ മഡോണയുടെ മുഖത്തുണ്ട്. ‘കാതലും കടന്തു പോകു’മെന്ന മഡോണയുടെ ആദ്യ തമിഴ് ചിത്രവും തിയറ്ററുകളിലുണ്ട്.

madonna

പ്രേമത്തിൽ മലരിനു പ്രധാന്യം കിട്ടിയതിൽ പരിഭവമുണ്ടോ?

മലരിന്റെ ക്യാരക്ടർ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ജോർജിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതാണെങ്കിലും ജോർജിന്റെ മൂന്നു കാലഘട്ടങ്ങളും പ്രേക്ഷകർക്കു റിലേറ്റ് ചെയ്യാൻ കഴിയുന്നതാണ്. പെർഫോമൻസ് നോക്കുമ്പോൾ മൂന്നു ക്യാരക്ടറും എനിക്ക് ഇഷ്ടമാണ്. നാഗചൈതന്യയ്ക്കൊപ്പം തെലുങ്കിലും പ്രേമം ചെയ്യുന്നുണ്ട്. ശ്രുതി ഹാസനാണ് മലരായി വേഷമിടുന്നത്. അനുപമ മേരിയായും ഞാൻ സെലിനായും തന്നെയാണു തെലുങ്ക് പതിപ്പിൽ അഭിനയിക്കുന്നത്.

madonna-latest

പാട്ടും അഭിനയവും

അഭിനയം ഇപ്പോൾ തുടങ്ങിയിട്ടേയുള്ളു. ഒരു അഭിനേതാവ് എന്ന നിലയിൽ വളരണം എന്നാണ് ആഗ്രഹം. പാട്ട് നേരത്തെ മുതൽ എന്റെയൊപ്പമുണ്ട്. പാടണം എന്നായിരുന്നു ആഗ്രഹം. സിവിൽ സർവീസിനു പോകണമെന്ന ആഗ്രഹം മാതാപിതാക്കൾക്കുണ്ടായിരുന്നു. പ്ലസ്ടു കഴിഞ്ഞ് ഒരുവർഷം കോച്ചിങ്ങിനു പോയെങ്കിലും എനിക്കു വലിയ താൽപര്യമില്ലായിരുന്നു. അത് എന്റെ ലൈനല്ല എന്ന തോന്നലായിരുന്നു. കൊമേഴ്സിനു എനിക്കു റാങ്കുണ്ടായിരുന്നു. ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലാണു പഠിച്ചത്. ഹയർസ്റ്റഡീസിനു പോകണമെന്ന് ആ സമയത്ത് ആഗ്രഹിച്ചിരുന്നു. പക്ഷേ, അപ്പോഴേക്കും പാട്ടുമായി തിരക്കിലായി.

king-liar-dileep-madonna

ദിലീപിന്റെ നായിക

സ്വന്തം സിനിമയാകുമ്പോൾ പ്രതീക്ഷയേക്കാളേറെ അതിനോടു സ്നേഹമാണ്. സ്വന്തം പടമായതുകൊണ്ട് അതു വിലയിരുത്താനും അത്ര എളുപ്പമല്ല. സിദ്ദിഖ് ലാലിനു അവരുടേതായ പേരുണ്ട്. ജനങ്ങൾ അവർക്കായി കാണാൻ കാത്തിരിക്കുന്ന സിനിമയാണ് കിങ് ലയർ. ദിലീപേട്ടൻ ഉൾപ്പെടെ വലിയ താരനിരയുണ്ട്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. അഞ്ജലിയെന്നാണ് കഥാപാത്രത്തിന്റെ പേര്.

madonna-sebastian

റെഡ് വെൽവറ്റ് കേക്ക്

അൽഫോൻസ് പുത്രന്റെ ഐഡിയയാണ് ആ കേക്ക്. പിന്നെ സിനിമാട്ടോഗ്രഫറുടെ കഴിവാണെന്നു പറയാം. ആ കേക്ക് കാണാൻ നല്ല ഭംഗിയാണ്. റെഡ് വെൽവറ്റ് കേക്ക് ഇഷ്ടമാണോ എന്നു ചോദിച്ചാൽ ഞാൻ ശരിക്കും മധുരം ഇഷ്ടപ്പെടുന്നയാളല്ല. പ്രേമം കാരണമുള്ള വ്യക്തിപരമായ അടുപ്പമാണ് എനിക്ക് ആ കേക്കിനോടുള്ളത്. കേക്ക് കാണുമ്പോൾ പ്രേമം ഓർമവരും. അപ്പോൾ ചിലപ്പോൾ കഴിക്കാൻ തോന്നും. ഒരിക്കൽ ഒരു ബേക്കറിയിൽ ചെന്നപ്പോൾ അവിടെയുള്ളവർ പറഞ്ഞു. ഈ കേക്ക് ഇപ്പോൾ നന്നായി ചെലവാകുന്നുണ്ടെന്ന്.

madonna-sebastian-3

കാതലും കടന്തു പോകും

പ്രേമം റിലീസ് െചയ്യുന്നതിനു മുൻപു കമ്മിറ്റ് ചെയ്തതാണ് കാതലും കടന്തു പോകും. പ്രേമത്തിന്റെ വിജയം കാതലും കടന്തു പോകും എന്ന സിനിമയ്ക്കു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. വിജയ് സേതുപതിയാണ് നായകൻ. അദ്ദേഹത്തിന്റെ അഭിനയം കണ്ടുനിൽക്കാൻ തന്നെ രസമാണ്. നോട്ടത്തിൽവരെ കഥാപാത്രത്തിന്റെ കൃത്യതയ്ക്കായി ശ്രമിക്കുന്നയാളാണ്. ഡീറ്റെയിലിങ് നമ്മളെ അദ്ഭുതപ്പെടുത്തും.

vijay-madonna

മ്യൂസിക് ബാൻഡ്

എവർ ആഫ്റ്റർ എന്നാണു ബാൻഡിന്റെ പേര്. ബാൻഡിന്റെ ഒഫിഷ്യൽ ലോഞ്ച് ദുബായിയിലാണു പ്ലാൻ ചെയ്തിരിക്കുന്നത്. മ്യൂസിക് ഡയറക്ടർ റോബി ഏബ്രഹാമിനൊപ്പം ചേർന്നാണു ബാൻഡ്. യൂ ടൂ ബ്രൂട്ടസിൽ റോബിക്കു വേണ്ടി ഞാൻ പാടിയിരുന്നു. അന്നുതൊട്ടുള്ള പരിചയമാണ്. വെറുതേ... എന്ന സിംഗിളാണ് ഇപ്പോൾ യുട്യൂബിലുള്ളത്. സത്യത്തിൽ അത് വെറുതെ ചെയ്തതാണ്. കുടുതൽ ആൽബങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

madonna-sebastian-1

‘കണ്ണോടു കണ്ണിൽ നോക്കി നിന്നുവോ, മിണ്ടാതെ എന്തോ നീ പറഞ്ഞുവോ....’ മഡോണ മൂളുന്നു.

Your Rating: