Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങൾ; മീര ജാസ്മിൻ പ്രതികരിക്കുന്നു

meera-jasmine മീരാ ജാസ്മിൻ

മീരാ ജാസ്മിൻ സിനിമയിലെത്തിയിട്ട് 15 വർഷമാകുന്നു. വിവാഹം കഴിക്കുന്നതോടെ അഭിനയജീവിതം ഉപേക്ഷിക്കുന്ന നായികമാരിൽനിന്നു വ്യത്യസ്തമായി ഇപ്പോഴും സിനിമയിൽ സജീവം. കാലം മാറുമ്പോൾ സിനിമയ്ക്കും കലാകാരന്മാർക്കും മാത്രമല്ല, സമൂഹത്തിനും മാറ്റം വേണമെന്ന അഭിപ്രായക്കാരിയാണു മീര. കാലത്തിനൊത്തു സമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം വന്നാൽ മാത്രമേ സ്ത്രീ കഥാപാത്രങ്ങൾക്കു കൂടുതൽ പ്രാധാന്യമുള്ള സിനിമകൾ ഉണ്ടാകൂ. അതില്ലാത്തിടത്തോളം സിനിമ പഴകിയ പ്രമേയങ്ങളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കും. നായികമാർ എന്നും കാഴ്ചവസ്തുക്കൾ മാത്രമാകും– കുട്ടിക്കാനത്തു ചിത്രീകരണം പുരോഗമിക്കുന്ന പത്തു കൽപനകളുടെ ലൊക്കേഷനിൽ മീരാ ജാസ്മിൻ തന്റെ നിലപാടു വ്യക്തമാക്കുന്നു.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ മാത്രമാണോ ഇപ്പോൾ അഭിനയിക്കുന്നത്?

അങ്ങനെ പറയുന്നതു ശരിയല്ല. ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുണ്ട്. കുറ്റാന്വേഷണ– സൈക്കളോജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന മൂവിയാണ്. ഞാൻ അവതരിപ്പിക്കുന്ന ഷാസിയ അക്ബർ എന്ന പൊലീസ് ഓഫിസർ ഒരു ഇൻഡിപെൻഡന്റ് ക്യാരക്ടറാണ്. ആരുടെയും ജോഡിയല്ല. ഈയൊരു ട്രീറ്റ്മെന്റ് തന്നെ പുതിയ കാലത്തു സിനിമയിൽ വന്നിട്ടുള്ള നല്ല മാറ്റങ്ങളിൽ ഒന്നാണ്. അനൂപ് മേനോനും കനിഹയും തമ്പി ആന്റണിയുമെല്ലാം ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

കരിയറിന്റെ ആദ്യകാലത്തു വലിയ സംവിധാകന്മാരുടെ സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു മീര. ഇപ്പോൾ അധികവും പുതിയ സംവിധായകരുടെ കൂടെയാണ്...?

പുതിയ ആളുകൾ എല്ലാം നല്ല ടാലന്റഡ് ആണ്. അവർ മലയാള സിനിമയിലേക്കു പുതിയ കൺസപ്റ്റുകൾ കൊണ്ടുവരുന്നു. എല്ലാവരും ടെക്നിക്കലി ക്വാളിഫൈഡുമാണ്. പത്തു കൽപനകളുടെ ഡയറക്ടർ ഡോൺ മാക്സും അങ്ങനെ ഒരാളാണ്. എപ്പോഴും പറയുന്നതു പോലെയല്ല, തികച്ചും വ്യത്യസ്തമായ തീം ആണ് പത്തു കൽപനകളുടേത്. ഇത്തരം നല്ല സിനിമകളുടെ ഭാഗമാകാൻ സാധിക്കുന്നതു വലിയ കാര്യമായി കാണുന്നു.ഇത് എന്റെ ആദ്യ പൊലീസ് വേഷമാണ്. അതിന്റെ ഒരു ത്രിൽ ഉണ്ട്. യൂണിഫോമിൽ വരുന്ന സീക്വൻസുകൾ വളരെ കുറവാണ്. ഷർട്ടും ജാക്കറ്റുമാണു ഷാസിയ മിക്കപ്പോഴും ധരിക്കുന്നത്. എങ്കിലും ബോഡി ലാംഗ്വേജിൽ ഒരു പൊലീസ് ലുക്ക് ഉണ്ട്.

വിവാദങ്ങൾ ഏതെങ്കിലും തരത്തിൽ കരിയറിനെ ബാധിച്ചിട്ടുണ്ടോ?

ഒരിക്കലുമില്ല. ഞാൻ എപ്പോഴും എന്റേതായ ഒരു ലോകം സ്വന്തമായി സൃഷ്ടിച്ചിട്ടുണ്ട്. ഞാനും എന്റെ കൊച്ചുസന്തോഷങ്ങളും മാത്രമുള്ള ലോകം. അതിനുള്ളിൽ ഞാൻ തൃപ്തയാണ്. അതിനകത്തേക്കു ഞാൻ ആരെയും പ്രവേശിപ്പിക്കില്ല. അതുകൊണ്ടു വിവാദങ്ങളൊന്നും എന്നെ ബാധിക്കുകയേയില്ല. ഇതൊക്കെ സിനിമാ ഇൻഡസ്ട്രിയുടെ ഭാഗം മാത്രമാണ്. വിവാദങ്ങൾ കരിയർ നശിപ്പിക്കുമെങ്കിൽ ഇന്നു ലോകസിനിമയിലെ മികച്ച കലാകാരന്മാരിൽ പലരും അവിടെ ഉണ്ടാകുമായിരുന്നില്ലല്ലോ.

ഇത്രയും വർഷത്തെ സിനിമാ പരിചയം പുതിയ സിനിമകളുടെ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ?

തീർച്ചയായും. പണ്ടത്തെപോലെ സിനിമകൾ ചെയ്യാൻ നമുക്ക് ഇന്ന് എന്തായാലും സാധിക്കില്ല. 10 വർഷം മുൻപു തീരുമാനങ്ങൾ എടുത്തിരുന്നതുപോലെ ഇന്ന് എടുക്കാനും കഴിയില്ല. സിനിമ മാറുന്നതിനൊപ്പം മാനദണ്ഡങ്ങളും മാറിയിട്ടുണ്ട്. എന്തെങ്കിലും തരത്തിൽ എക്സൈറ്റ് ചെയ്യിക്കുന്ന എലമെന്റ് സ്ക്രിപ്റ്റിലോ ക്യാരക്ടറിലോ ഉണ്ടെങ്കിൽ ഞാൻ ആ സിനിമയുടെ ഭാഗമായിരിക്കും. അതു നിശ്ചയിക്കുന്നതിന് എന്റേതായ ചില മാനദണ്ഡങ്ങൾ ഉണ്ട്.

കരിയർ എങ്ങനെയാണു മുന്നോട്ടു കൊണ്ടുപോകുന്നത്? വ്യക്തമായ പ്ലാനിങ്ങുണ്ടോ, അതോ വരുന്നതിൽ നല്ലതു സ്വീകരിക്കുന്നു എന്ന രീതിയാണോ?

ഓരോ വർഷവും ഇത്ര സിനിമ ചെയ്യണം, ഇന്ന ക്യാരക്ടർ ചെയ്യണം എന്നൊന്നും ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല. ഇനി കൂടുതൽ സിലക്ടീവാകണമെന്നു കരുതി ബോധപൂർവം സിനിമകൾ കുറച്ച ഒരു കാലഘട്ടം ഉണ്ടായിട്ടുണ്ട്. പക്ഷേ, പിന്നീട് എനിക്കു തോന്നി, ചെയ്യുന്നതെന്തായാലും സന്തോഷത്തോടെ ചെയ്യുകയെന്നതാണു വേണ്ടതെന്ന്. പാതിമനസ്സോടെ സിനിമ ചെയ്താൽ ശരിയാകില്ല. അങ്ങനെ കൂടുതൽ സിനിമകൾ കാണാൻ തുടങ്ങി. സിനിമകൾ തിരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസവും വർധിച്ചു.

വിവാഹം കഴിയുമ്പോൾ നടിമാരിൽ മിക്കവരും സിനിമയോടു വിട പറയുന്നതെന്തുകൊണ്ടാവാം?

സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവം തന്നെയാണു പ്രധാന കാരണം. വെറും കാഴ്ചവസ്തു എന്ന നിലയിലാണു സിനിമയിലും അവളുടെ സ്ഥാനം. നായകനെ മരംചുറ്റി പ്രണയിക്കുക, നൃത്തമാടുക എന്നതിനപ്പുറത്തേക്കു സ്ത്രീ കഥാപാത്രങ്ങൾ വളരുന്നില്ല. പ്രായമേറുന്നതും വിവാഹം കഴിച്ചു കുട്ടികളുണ്ടാകുന്നതുമൊന്നും നായകന്മാരുടെ കരിയറിനെ ബാധിക്കുന്നില്ല. എന്നാൽ, നടിമാർ തങ്ങളുടെ സൗന്ദര്യം പോയി, വിവാഹം കഴിഞ്ഞു തുടങ്ങിയ കാരണങ്ങൾ നിരത്തി സിനിമയിൽനിന്നു വിട്ടുനിൽക്കുകയാണ്. കുടുംബത്തിൽനിന്നു പിന്തുണയില്ലാത്തതും കാരണമാകാം. പക്ഷേ, എനിക്കു നല്ല സപ്പോർട്ട് ഉണ്ട്.

Your Rating: