Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉലഹന്നാൻ ആയി മോഹൻലാൽ‌; ‘സ്വർണമൂങ്ങ’ ആകാൻ ജിബുവും

mohanlal-jibu മോഹൻലാൽ, ജിബു ജേക്കബ്

ആദ്യചിത്രം സൂപ്പർഹിറ്റാക്കിയ സംവിധായകന്റെ മനസ്സിൽ സന്തോഷത്തിനൊപ്പം ചങ്കിടിപ്പും കാണും. മറ്റൊന്നുമല്ല, രണ്ടാമത്തെ ചിത്രത്തെപ്പറ്റിയുള്ള ചങ്കിടിപ്പ് ! ആദ്യചിത്രം സൂപ്പർഹിറ്റാക്കിയ സംവിധായകനെക്കുറിച്ചു മുൻവിധികളുണ്ടാകും. അതുകൊണ്ടു രണ്ടാമത്തെ സിനിമ സംവിധായകന്റെ ഉത്തരവാദിത്തം കൂട്ടും’ –പറയുന്നത് ‘വെള്ളിമൂങ്ങ’ എന്ന വിജയചിത്രമൊരുക്കിയ സംവിധായകൻ ജിബു ജേക്കബ്.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മോഹൻലാൽ നായകനായി ജിബുവിന്റെ രണ്ടാമത്തെ ചിത്രം ഒരുങ്ങുകയാണ്. ലാലിനൊപ്പം പ്രാധാന്യമുള്ള വേഷത്തിൽ വെള്ളിമൂങ്ങയിലെ നായകനായിരുന്ന ബിജു മേനോനുമുണ്ട്.

‘ആദ്യസിനിമ പുറത്തിറങ്ങിയ ഉടൻ അടുത്ത സിനിമയേതെന്ന ചോദ്യമാണു നേരിട്ടത്. വെള്ളിമൂങ്ങയുടെ വിജയലഹരി ഒരു വർഷത്തോളം മനസ്സിലുണ്ടായിരുന്നതിനാൽ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചു സാവധാനമാണു ചിന്തിച്ചത്. നല്ല സിനിമയെന്നു കുടുംബപ്രേക്ഷകരടക്കം പറയുന്ന ഒരു ചിത്രമൊരുക്കുകയായിരുന്നു ലക്ഷ്യം. വി.ജെ. ജയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന കഥയിൽ നിന്നാണു പുതിയ സിനിമയുടെ പ്രമേയം കണ്ടെത്തിയത്. സിന്ധുരാജിന്റേതാണു തിരക്കഥ.

∙വെള്ളിമൂങ്ങ പോലെ വ്യത്യസ്തമായ പേരാണോ ചിത്രത്തിന്റേത് ?

വെള്ളിമൂങ്ങ ഹിറ്റായതിനു പിന്നിൽ ആ പേരിനും ഒരു പങ്കുണ്ടായിരുന്നു. പുതിയ ചിത്രത്തിന്റെ പേര് ആയിട്ടില്ല. നല്ലൊരു പേരു കണ്ടുപിടിക്കുക വെല്ലുവിളിയാണ്.

*∙ഏറെക്കാലത്തിനു ശേഷം മോഹൻലാൽ വീണ്ടും ഈ സിനിമയിലൂടെ സർക്കാർ ഉദ്യോഗസ്ഥന്റെ വേഷമണിയുകയാണ്? *

ഉലഹന്നാൻ എന്നു പേരുള്ള പഞ്ചായത്ത് സെക്രട്ടറിയായാണു ലാൽ അഭിനയിക്കുന്നത്. ആ സ്ഥാനത്തിരിക്കുന്ന ഒരാൾ നേരിടുന്ന രാഷ്ട്രീയ സമ്മർദങ്ങളും ഔദ്യോഗികരംഗത്തെ വെല്ലുവിളികളുമൊക്കെ ഉലഹന്നാനും അഭിമുഖീകരിക്കേണ്ടി വരുന്നു. പല പ്രതിസന്ധികളിലും സുഹൃത്ത് വേണുക്കുട്ടന്റെ സാന്നിധ്യം അദ്ദേഹത്തിന് ആശ്വാസം പകരുന്നു. വേണുക്കുട്ടനായി ബിജു മേനോനാണ്. ഇവർ തമ്മിലുള്ള സൗഹൃദം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. കഥ കേട്ടയുടനെ തന്നെ ഇതു ചെയ്യാൻ ലാൽ താൽപര്യപ്പെടുകയായിരുന്നു.

∙വെള്ളിമൂങ്ങയിലെ പോലെ മുഴുനീള ഹാസ്യം പുതിയ ചിത്രത്തിലുമുണ്ടോ ?

തീർച്ചയായും ചിരിക്കാനുണ്ട്. കുടുംബചിത്രമെന്ന നിലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും ഇഷ്ടപ്പെടുമെന്നാണു പ്രതീക്ഷ. മീനയാണു നായിക.

∙ബിജു മേനോനുമായി ജിബുവിന് ഉറ്റബന്ധമാണെന്നു കേട്ടിട്ടുണ്ട് ?

വെള്ളിമൂങ്ങ സംവിധാനം ചെയ്യാൻ കാരണം ബിജുവാണ്. പ്രോജക്ട് പ്രതിസന്ധിയിലായ ഘട്ടത്തിൽ എല്ലാ പിന്തുണയുമായി ഒപ്പംനിന്നതു ബിജു മാത്രമാണ്. ഒരു ഘട്ടത്തിൽ നായകസ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റണമെന്നുവരെ ആവശ്യമുണ്ടായി. പക്ഷേ, അദ്ദേഹം തന്നെ ആ കഥാപാത്രം ചെയ്യണമെന്നതിൽ ഞാൻ ഉറച്ചുനിന്നു. ആ തീരുമാനം ശരിയായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു.

∙വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലമാണ്. ചാനലുകളിലെ ഇലക്‌ഷൻ കോമഡി പരിപാടികളിൽ വെള്ളിമൂങ്ങയിലെ മാമച്ചൻ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നതു കാണാറുണ്ടോ ?

നമ്മുടെ രാഷ്ട്രീയ കാലാവസ്ഥയിൽ എക്കാലവും പ്രസക്തിയുള്ള കഥാപാത്രമാണു മാമച്ചന്റേത്. രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ മാമച്ചനും അതിൽ ഒരിടമുണ്ടാകുന്നതിൽ സന്തോഷിക്കുന്നു.

∙സംവിധായന്റെ കുപ്പായം അണിയും മുൻപു തിരക്കുള്ള ക്യാമറാമാനായിരുന്നു ജിബു. ഇനി ക്യാമറയുടെ പിന്നിലേക്കില്ലെന്നു തീരുമാനിച്ചിരിക്കുകയാണോ?

ഒരിക്കലുമല്ല. 22-23 വർഷം ചെയ്ത ജോലിയാണത്. ഈ സിനിമ തീർന്നാലുടനെ മറ്റൊരു ചിത്രത്തിൽ ക്യാമറാമാനായി ജോയിൻ ചെയ്യുകയാണ്.

∙സംവിധാനം ചെയ്യുന്ന ചിത്രത്തിനു സ്വന്തമായി ക്യാമറ ചെയ്യാനാകില്ലേ?

സംവിധാനവും ക്യാമറയും ഒരുമിച്ചു കൊണ്ടുപോകുന്നതു സ്ട്രെയിനായിരിക്കും. എന്റെ കൂടെ പ്രവർത്തിക്കുന്ന മിടുക്കരായ കുറച്ചു പേരുണ്ട്. എന്റെ ശിഷ്യന്മാർ. അവരെ നല്ല നിലയിലെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. പുതിയ സിനിമയുടെ ക്യാമറ ചെയ്യുന്നതു ശിഷ്യനായ പ്രമോദ് കെ. പിള്ളയാണ്. പോളിടെക്നിക്ക് എന്ന സിനിമയിലൂടെയാണു പ്രമോദ് സ്വതന്ത്ര ക്യാമറാമാനാകുന്നത്.

∙ക്യാമറ ചെയ്ത സിനിമകളിൽ ഇഷ്ടം ഏതിനോടാണ് ?

ഒട്ടേറെയുണ്ട്. ആയുഷ്കാലത്തിൽ സാലു ജോർജിന്റെ അസിസ്റ്റന്റായാണു തുടങ്ങുന്നത്. സ്റ്റോപ്പ് വയലൻസിലൂടെ സ്വതന്ത്രമായി ചെയ്തു തുടങ്ങി. ഒടുവിൽ ചെയ്തതു ‘ഭാര്യ അത്ര പോര’ എന്ന സിനിമയാണ്. ‘ഒരുവൻ’ എന്ന സിനിയിലെ വർക്ക് ഏറെ ഇഷ്ടമാണ്.