Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേച്ചി നായിക, അനിയൻ നായകൻ

pranav-parvathy പ്രണവ്, പാർവതി

സഹോദരനും സഹോദരിയും ഒരുമിച്ച് ഒരേ ചിത്രത്തിൽ അഭിനയിക്കുന്നത് മലയാള സിനിമാ ചരിത്രത്തിൽ തന്നെ അപൂർവങ്ങളിൽ അപൂർവം. അങ്ങനെയൊരു അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയാണ് സുജിത്ത് എസ് നായർ സംവിധാനം ചെയ്യുന്ന വാക്ക് എന്ന ചിത്രം. ഇതിൽ പ്രധാന റോളിൽ എത്തുന്നത് മലയാളത്തിന്റെ മഹാനടനായിരുന്ന രതീഷിന്റെ മക്കളായ പ്രണവും പാർവതിയുമാണ്. കുടുംബത്തിലെ സിനിമാവിശേഷങ്ങളെക്കുറിച്ചും ആദ്യ ചിത്രം വരുത്തിയ മാറ്റങ്ങളെക്കുറിച്ചും പാർവതി മനോരമ ഓൺലൈനോട്

മധുരനാരങ്ങയ്ക്കു ശേഷമുള്ള സിനിമാജീവിതം?

ഇപ്പോൾ സുജിത് സംവിധാനം ചെയ്യുന്ന വാക്ക് എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മധുപാലിന്റേതാണ് സ്ക്രിപ്റ്റ്. കാമറ ചെയ്യുന്നത് മധു അമ്പാട്ട് ആണ്. പിന്നെ ഒരു പ്രത്യേകത എന്റെ സഹോദരൻ പ്രണവും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നതാണ്.

ജനുവരിയിൽ ഒരു പ്രോജക്ട് ഉണ്ട്. തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതിലും ലീഡ് റോളാണ്. മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ഇതിലുള്ളത്. ചെമ്പൻ വിനോദും കിഷോറുമാണ് മറ്റു രണ്ടു പേർ. ഞങ്ങളുടെ മൂന്നു പേരുടെയും ലൈഫും ഞങ്ങൾ എങ്ങനെ ഒന്നിക്കുന്ന എന്നുമൊക്കെയാണ് ചിത്രത്തിൽ. ഈ രണ്ടു ചിത്രങ്ങളുടെയും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല.

വാക്കിൽ പാർവതിയും പ്രണവും നായികാ–നായകൻമാരാണോ?

പ്രധാനകഥാപാത്രങ്ങൾ ഞങ്ങൾ രണ്ടുപേരുമാണ്. രണ്ടു പേർക്കും പ്രാധാന്യമുള്ള റോളുകളാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്താണ് നടക്കുന്നത്. കോംപിനേഷൻ സീനുകളുണ്ട്. പക്ഷേ അത് ഇതുവരെ ഷൂട്ട് ചെയ്തിട്ടില്ല. അത് ചെയ്യുമ്പോൾ അറിയാം എന്താകുമെന്ന്.

parvathy-family

അച്ഛന്റെ പാത പിന്തുടർന്ന് മക്കൾ മൂന്നു പേരും സിനിമയിലെത്തി. എന്തു തോന്നുന്നു?

വളരെയധികം സന്തോഷമുണ്ട്. ഇപ്പോൾ വീട്ടിലായാലും ഞങ്ങൾ മൂന്നു പേരും മാത്രമേ ഉള്ളു. സംസാരിക്കുന്നതെല്ലാം സിനിമാവിഷയങ്ങൾ തന്നെ. ഞാൻ ഷൂട്ടിങ് വിശേഷങ്ങളും ലൊക്കേഷൻ വാർത്തകളുമൊക്കെ പറയും. അപ്പോൾ അവർ രണ്ടു പേരും ഓരോന്നു പറഞ്ഞു തരും. അത് കൂടുതൽ അഡ്വാന്റേജ് ആയി തോന്നാറുണ്ട്. ഞാൻ ശ്രദ്ധിക്കാത്ത കാര്യങ്ങളൊക്കെ പലപ്പോഴും അവർ പറയാറുണ്ട്. വീട്ടിലെ സംസാരം മുഴുവൻ സിനിമാലോകത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇപ്പോൾ ലൈഫ് ഒരുപാട് മാറിപ്പോയതായി ഫീൽ ചെയ്യാറുണ്ട്.

ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ആരോടാണ്?

അത് തീർച്ചയായും സുരേഷ് ഗോപി അങ്കിളിനോടും സുരേഷ് അങ്കിളിനോടുമാണ്. അവർ ഇപ്പോഴും കൂടെ നിൽക്കുന്നുണ്ട്.നല്ല സപ്പോർട്ട് തരുന്നുമുണ്ട്.

അഭിനയം തന്നെയാണ് കരിയർ എന്നു തീരുമാനിച്ചു കഴിഞ്ഞോ?

തീർച്ചയായിട്ടും. മധുരനാരങ്ങ ചെയ്തപ്പോഴും അതിനു മുൻപ് പഠിച്ചു കൊണ്ടിരുന്ന സമയത്തും അഭിനയിക്കണം എന്ന മോഹമായിരുന്നു മനസിൽ. ആക്ടിങ് തന്നെയാണ് എന്റെ കരിയർ എന്നു തീരുമാനിച്ചിരുന്നു. ജോലി ചെയ്യുന്നെങ്കിൽ ചെയ്യാൻ ഇഷ്ടമുള്ളതും ആക്ടിങ് തന്നെ. എനിക്ക് ചെയ്യാൻ സാധിക്കുമെന്ന് വിശ്വാസമുള്ള സ്ക്രിപ്റ്റ് കിട്ടിയാൽ ഉറപ്പായും ഞാൻ ആ വേഷം ചെയ്തിരിക്കും. മറ്റൊരു ഫീൽഡിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ സാധിക്കില്ല.

parvathy-ratheesh

ചെയ്യാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും വേഷങ്ങൾ?

അങ്ങനെ പറയാൻ സാധിക്കില്ല. എനിക്കു കിട്ടുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തണം. കുറച്ചു കൂടി മികച്ചതാക്കാമെന്ന് മറ്റാരെയുംകൊണ്ട് പറയിപ്പിക്കാത്ത രീതിയിൽ ചെയ്യണമെന്നാണ് ആഗ്രഹമേയുള്ളു.

അഭിനയിച്ച ആദ്യ സിനിമ സ്ക്രീനിൽ കണ്ടപ്പോൾ എന്തു തോന്നി?

മധുരനാരങ്ങയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസിൽ ആദ്യം വരുന്ന കമന്റ് ചാക്കോച്ചന്റേതാണ്. റിലീസിങ് ദിവസം ആദ്യത്തെ ഷോയ്ക്ക് ടോട്ടൽ ക്രൂ ഒരുമിച്ചാണ് ചിത്രം കാണാനെത്തിയത്. അപ്പോൾ ചാക്കോച്ചൻ എന്നോടു ചോദിച്ചു എന്ത് ധൈര്യത്തിലാണ് ആദ്യ സിനിമയുടെ ആദ്യ ഷോ തന്നെ കാണാനെത്തിയതെന്ന്? അന്ന് ഒന്നും തോന്നിയില്ലെങ്കിലും ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നാറുണ്ട് അന്ന് എങ്ങനെയാണ് ഫസ്റ്റ് ഷോ തന്നെ കണ്ടതെന്ന്. എന്റെ അപ്പിയറൻസ് സൈഡ് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നെന്ന് തോന്നി. ബാക്കി എല്ലാത്തിനും സെറ്റിൽ സഹായിക്കാൻ എല്ലാവരും ഉണ്ടായിരുന്നു. ഇപ്പോഴും ഫോട്ടാഷൂട്ടിനോ ഫങ്ഷനോ ഒക്കെ പോകുമ്പോൾ ആളുകൾ വന്ന് മധുരനാരങ്ങ കണ്ടു നന്നായിട്ടുണ്ട് എന്നു പറയുന്നതു കേൾക്കുമ്പോൾ സന്തോഷം തോന്നും. ആ കമന്റിന് ഞാൻ നന്ദി പറയുന്നത് എനിക്ക് അങ്ങനെ ഒരു അവസരം തന്ന പ്രൊഡ്യൂസറിനോടും ഡയറക്ടറിനോടുമാണ്.