Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചുരുണ്ടമുടിക്കാരി അനുപമ

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമത്തിലെ ആദ്യം ഗാനം 'ആലുവ പുഴയുടെ തീരത്ത്' യുടൂബില്‍ തരംഗമാകുന്നു. പാട്ടിനൊപ്പം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചുരുണ്ടമുടിക്കാരി ആരെന്നായിരുന്നു പിന്നീട് സംശയം. ചെറുപുഞ്ചിരി തൂകി ഇടതൂര്‍ന്നചുരുണ്ടമുടിയുമായി എത്തിയ പെണ്‍കുട്ടി പെട്ടന്നുതന്നെ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി.

ഇരിങ്ങാലക്കുട സ്വദേശി അനുപമ പരമേശ്വരനാണ് പാട്ടിനൊപ്പം പ്രേക്ഷകരുടെ മനസ്സും കവരുന്നത്. അനുപമയുടെ ചുരുണ്ടമുടിയും ശാലീനത തുളുമ്പുന്ന ചിരിയുമാണ് പാട്ടിന്റെ ഹൈലൈറ്റ്. പ്രേമത്തിന്റെ വിശേഷങ്ങള്‍ അനുപമയോട് തന്നെ ചോദിക്കാം.

സിനിമയിലേക്കുള്ള എന്‍ട്രി എങ്ങനെയായിരുന്നു?

ഞാന്‍ കോട്ടയം സിഎംഎസ് കോളജിലെ രണ്ടാം വര്‍ഷ ബിഎ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ആന്‍റ് ജേണലിസം വിദ്യാര്‍ഥിനിയാണ്. ഇവിടെ ഹോസ്റ്റലിലാണ് താമസം. ഒരു ഫേയ്സ്ബുക്ക് പേജിലെ കാസ്റ്റിങ് കോള്‍ കണ്ടിട്ട് ഹോസ്റ്റലിലെ കൂട്ടുകാരികള്‍ നിര്‍ബന്ധിച്ചിട്ടാണ് അപ്ളേ ചെയ്തത്. ഫോട്ടോസൊക്കെ മെയില്‍ ചെയ്തു കൊടുത്തു. ആദ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. പിന്നെ ഓഡിഷന്‍ ഉണ്ടായിരുന്നു. ആലുവ യൂസി കോളജിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പാട്ടിന്റെ ഷൂട്ടിങ്.

പാട്ട് ഇറങ്ങി ഒരാഴ്ച പിന്നിടും മുമ്പേ അനുപമയുടെ പേരില്‍ അര ഡസനോളം വ്യാജ പ്രൊഫൈലുകളുണ്ടല്ലോ ഫേയ്സ്ബുക്കില്‍?

അതെ. കൂട്ടുകാര്‍ പറഞ്ഞപ്പോഴാണ് അത് ശ്രദ്ധയില്‍പ്പെട്ടത്. അങ്ങനെ ചെയ്യുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടാണോ ദേഷ്യംകൊണ്ടാണോ എന്നറിയില്ല. ഞാന്‍ ഒരു ഒഫിഷ്യല്‍ ഫേയ്സ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. വൈകാതെ അത് ആക്ടീവാകും. വ്യാജന്‍മാര്‍ സൃഷ്ടിച്ചേക്കാവുന്ന ആശയകുഴപ്പങ്ങള്‍ക്ക് അത് പരിഹാരമാകുമെന്നു കരുതുന്നു.

പാട്ടിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ എന്തൊക്കെയാണ്?

എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. സോഷ്യല്‍ മീഡിയയിലൊക്കെ ഇതിനോടകം പാട്ട് ചര്‍ച്ചയായി കഴിഞ്ഞുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കൂടുതല്‍ ആളുകളും സംസാരിക്കുന്നത് എന്റെ മുടിയെപ്പറ്റിയാണ്.

നിവിന്‍ പോളിയൊടുത്തുള്ള അഭിനയം?

നിവിന്‍ പോളിയും സംവിധായകനും ക്യാമറമാനും പ്രേമത്തിന്റെ മൊത്തം ടീമും വളരെ ഫ്രണ്ട്ലിയായിട്ടാണ് ഇടപെട്ടത്. എനിക്ക് ആ പാട്ടില്‍ ആക്റ്റിങ്ങിനെക്കാള്‍ റീആക്റ്റിങായിരുന്നു കൂടുതല്‍.

അഭിനയം തുടരുമോ?

നൃത്തം, സംഗീതം, അഭിനയം ഇവ മൂന്നും എന്റെ പാഷനാണ്. നാട്ടിലെ ഒരു നാടകസംഘത്തില്‍ ആക്റ്റീവാണ്. തീര്‍ച്ചയായും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയം തുടരും.

കുടുംബം

അച്ഛന്‍ പരമേശ്വരന്‍ വിദേശത്ത് ജോലി ചെയ്യുന്നു. അമ്മ സുനിത, സഹോദരന്‍ അക്ഷയ്, എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്.

'ആലുവ പുഴയുടെ തീരത്ത്, ആരോരും ഇല്ലാ നേരത്ത് തന്നനം തെന്നി തെന്നി തേടി വന്നൊരു മാര്‍ഗഴികാറ്റ്... മലയാളികളുടെ ഇഷ്ടനായികയായി മാറുമോ? കാത്തിരിക്കാം