Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിക്കെട്ടു നിരോധിക്കരുത്; സുരക്ഷ വർധിപ്പിക്കണം: പ്രേംകുമാർ

prem-kumar

കൊല്ലം പറവൂരിലെ വെട്ടിക്കെട്ടപതടത്തിന്റെ ആഘാതത്തിൽ നിന്ന് മോചിതരാവാതെ പരവൂർ നിവാസികൾ ദുരിതക്കയത്തിലാകുമ്പോൾ ചെറുപ്പം മുതലേ താൻ കാണുന്ന കമ്പക്കാഴ്ചകൾ ദുരന്തമായത് വിശ്വസിക്കാനാകാതെ പകച്ചിരിക്കുകയാണ് നടൻ പ്രേം കുമാർ. താൻ ചെറുപ്പത്തിലെ കണ്ടിട്ടുള്ള മത്സരക്കമ്പത്തെക്കുറിച്ച് അദ്ദേഹം മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

ഞാൻ തിരുവന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. കമ്പക്കെട്ടു വിദഗ്ധരുടെ നാടാണ് കഴക്കൂട്ടം. കഴക്കൂട്ടത്ത് ഒരു മഹാദേവ ക്ഷേത്രമുണ്ട്. അവിടുത്തെ പ്രധാന ആകർഷണം മത്സരക്കമ്പമാണ്. ഇവിടെ കമ്പക്കെട്ട് ആശാന്മരുണ്ട്. അവരുടെ പരമ്പരയുണ്ട്. ചെറുപ്പം മുതലേ നാട്ടിലെ കമ്പം കണ്ടു വളർന്ന ഒരാളാണ് ഞാൻ. രണ്ട് ചേരികൾ തമ്മിലുള്ള മത്സരമാണിത്. പത്താം ദിവസത്തെ പ്രധാന സംഭവമാണ് മത്സരക്കമ്പം. ഇത് വളരെ ആവേശകരമായ കാഴ്ചയാണ്. ഒരു കൂട്ടർ അമിട്ട് പൊട്ടിക്കുമ്പോൾ മറ്റേക്കൂട്ടർ അതിന്റ ഇരട്ടി ശക്തിയുള്ളവ പൊട്ടിക്കും. പിന്നീട് ഞാൻ തൃശൂർ സ്കൂൾ ഒാഫ് ഡ്രാമയിൽ പഠിക്കുമ്പോഴും ഇതു തന്നെയായിരുന്നു തൃശൂർപൂരത്തിന് മുടങ്ങാതെ പോകുമായിരുന്നു.

വെടിക്കെട്ട് നിരോധിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. കാരണം അപകടമില്ലാതെ ചെയ്യാൻ കഴിയും. ലോകത്തിൽ ഏറ്റവും വലിയ വെടിക്കെട്ട് നടക്കുന്നത് ജനീവയിലാണ്. അവിടെ ഇതുവരെ അപകടങ്ങൾ ഉണ്ടായിട്ടില്ല. ഇതിനെ ഒരു കലാരൂപമായി അവർ കൊണ്ടു നടക്കുന്നു . ആഘോഷിക്കുന്നു. വർണാഭമായ കാഴ്ചയാണിത്. നമ്മുടെ നാട്ടിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് വെടിക്കെട്ടു നടക്കുന്നത്. തോന്നിയതു പോലെ പൊട്ടിക്കും അപകടങ്ങളും സംഭവിക്കും.

അപകടത്തിൽ പെട്ടവരുടെ കുടുംബത്തോടൊപ്പമാണ് എന്റെ മനസും. വെടിക്കെട്ട് നടത്തുന്നവർക്ക് വ്യക്തമായ പരിശീലനം നൽകുക, കരിമരുന്നിന് മാരകമായ രാസവസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. ജനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ ഇതു നടത്തുക. നിയമങ്ങളെല്ലാം പാലിച്ചാൽ ഇതിൽ അപകട സാധ്യത വളരെ കുറയും.

അപകടം ഉണ്ടാവുമ്പോൾ മാത്രം നാം കുറച്ചു ദിവസത്തേക്ക് വെടിക്കെട്ട് നിരോധിക്കണമെന്ന് ചർച്ചകൾ നടക്കും. മറ്റു വാർത്തകൾ വരുമ്പോൾ എല്ലാവരും ഇത് മറക്കും. എല്ലസുരക്ഷാ ക്രമീകരണങ്ങളോടും കൂടി അപകട സാധ്യത ഇല്ലാതാക്കിക്കൊണ്ട് വെടിക്കെട്ട് നടത്തണം. ഇത് അന്യം നിന്നു പോകേണ്ട ഒന്നല്ല. ദൃശ്യവിസ്മയമായി ഒരു കലാരൂപമായി നാം ഇതിനെ കൊണ്ടു നടക്കണം.

തീവണ്ടിയപകടമുണ്ടാകുമ്പോഴോ വിമാനാപകടമുണ്ടാവുമ്പോഴോ നാം അത് നിരോധിക്കണമെന്നാവശ്യപ്പെടാറില്ല. കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ചെയ്യുന്നത് . അത് തന്നെയാണ് വെടിക്കെട്ടിന്റെ കാര്യത്തിലും വേണ്ടത്.

Your Rating: