Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാക്കാരെല്ലാം ധനികരല്ല: രഞ്ജിത്ത്

ranjith

ചില കാര്യങ്ങളിൽ, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠനെപ്പോലെയാണ് കോഴിക്കോട് നഗരം. കലാകാരന്മാരുമായിട്ടാണ് കൂടുതൽ ചങ്ങാത്തം. പിന്നെ വരവറിയാതെ ചെലവു ചെയ്യും; അതും കൂടെനിൽക്കുന്നവർക്കു വേണ്ടിയാണെങ്കിൽ പറയുകയും വേണ്ട. ഒടുവിൽ, ഒന്ന് കാലിടറി വീണുകഴിയുമ്പോഴായിരിക്കും അറിയുന്നത്; സമയം കഴിഞ്ഞുപോയെന്ന്. ഇനി ജീവിതം ഒറ്റയ്ക്ക് തിരിച്ചുപിടിക്കാനാവില്ലെന്ന്.

അങ്ങനെയുള്ള ഒരു പാട് കഥാപാത്രങ്ങൾ ഇപ്പോഴും ഈ നാട്ടിൽ ജീവിക്കുന്നുണ്ട്. കലയുടെ താരലഹരിയിൽ നേടിയതെല്ലാം ഇടംവലംനോക്കാതെ സൗഹൃദക്കൂട്ടായ്മകളിൽ ചെലവാക്കിത്തീർത്തവർ. നാളേയ്ക്ക് ഒന്നുമേ കരുതിവയ്ക്കാൻ മറുന്നുപോയവർ. സ്വന്തം ചികിൽസയ്ക്കു പോലും ചില്ലിക്കാശ് മിച്ചം പിടിക്കാൻ പഠിക്കാത്തവർ. അറപ്പുരകളിൽ അളന്നുശേഖരിക്കാൻ മറുന്നുപോയ വെറും പക്ഷിക്കൂട്ടങ്ങൾ!

എങ്കിലും അവരെ ആരുമില്ലാത്തവരായി ഉപേക്ഷിക്കാൻ ഈ നഗരത്തിന് കഴിയില്ല. രോഗശയ്യയി‍ൽ അവർക്കു കൂട്ടിരിക്കാതെ മാറിയിരുന്ന് ഉറങ്ങാൻ ഈ നഗരവാസികൾക്കാവില്ല. കീശയിലുള്ളത് എത്രയെന്ന് എണ്ണിനോക്കാതെ നമ്മളത് ഒരുമിച്ചുകൂട്ടും. അതാണ് കോഴിക്കോടിന്റെ കാരുണ്യത്തിന്റെ പാരമ്പര്യം. അതാണ് കോഴിക്കോടിന്റെ സൗഹൃദത്തിന്റെ ശക്തി. രോഗക്കിടക്കയിൽ കഴിയുന്ന ചലച്ചിത്രപ്രവർത്തകരെ സഹായിക്കാനായാണ് മോഹനം എന്ന പദ്ധതി ഒരുക്കിയത്.

അന്തരിച്ച തിരക്കഥാകൃത്ത് ടി.എ. റസാക്ക് ഉൾപ്പെടെ ചിലരെ സാമ്പത്തികമായി സഹായിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. ഗായിക മച്ചാട്ട് വാസന്തി, എഡിറ്റർ വിൻസെന്റ് ഡിക്രൂസ്, നടൻ രാജൻ പാടൂർ എന്നിവർക്കും കഴിവിനനുസരിച്ച് സഹായം നൽകണം. ആ ലക്ഷ്യവുമായണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയായ മോഹനം സ്വപ്നനഗരിയിൽ അരങ്ങേറിയത്.

ദേവാസുരഭാവങ്ങളിൽ ലാലിനെ സ്ക്രീനിലെത്തിച്ച തൂലികയുടെ ഉടമ രഞ്ജിത്ത് തന്നെ ഇതിനും ചുക്കാൻ പിടിക്കുന്നു എന്നത് ഒരു നിയോഗമാകാം. മേയർ തോട്ടത്തിൽ രവീന്ദ്രൻ ചെയർമാനും സംവിധായകൻ രഞ്ജിത്ത് ജനറൽ കൺവീനറുമായുള്ള കോഴിക്കോട് പൗരാവലിയുടെ സംഘാടക സമിതിയാണ് മോഹനം സംഘടിപ്പിച്ചത്.

ranjith-film

അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തെ സഹായിക്കാൻ നീലാംബരി എന്ന സംഗീത പരിപാടി സംഘടിപ്പിച്ചതും തിരക്കഥാകൃത്ത് ടി.എ. ഷാഹിദിന്റെ ചികിൽസയ്ക്കായി പണം സമാഹരിച്ചതും സംവിധായകൻ ഐ.വി. ശശിക്ക് വലിയൊരു സ്വീകരണം സംഘടിപ്പിച്ച് സ്നേഹക്കിഴി സമ്മാനിച്ചതും രഞ്ജിത്തിന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു. ‘മോഹനം’ പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് രഞ്ജിത്ത് മനോരമയോട് സംസാരിക്കുന്നു.

∙എന്താണിങ്ങനെ.....? എന്തു കൊണ്ടാണ് പല സിനിമാക്കാർക്കും സ്വന്തം ചികിൽസയ്ക്കു പോലും പണമില്ലാതാകുന്നത്?

സിനിമയിൽ പ്രവർത്തിക്കുന്നവരെല്ലാം ധനികരാണെന്ന തെറ്റായ ധാരണയാണ് സമൂഹത്തിനുള്ളത്. എല്ലാവരുടെയും മേൽവിലാസം സിനിമയാണെങ്കിലും പല തട്ടുകളിലും പല തരത്തിലാണ് പ്രതിഫലം. മാത്രമല്ല, പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മിക്ക ചലച്ചിത്ര പ്രവർത്തകരും പരാജയമാണ്. വരുമാനത്തിന് അനുസരിച്ച് ജീവിക്കാൻ പലർക്കും കഴിയാറില്ല. സിനിമയുടെ സൗഭാഗ്യങ്ങൾ എല്ലാ കാലത്തുമുണ്ടാകുമെന്ന മിഥ്യാധാരണയിലാണ് പലരും ജീവിക്കുന്നത്.

ഉയർച്ചയും താഴ്ച്ചയുമുള്ളതാണ് സിനിമാലോകം. നിറഞ്ഞുനിൽക്കുന്നവരാണ് പെട്ടെന്ന് അപ്രത്യക്ഷരാകുന്നത്. സിനിമ നൽകുന്ന താര ലഹരിയിൽ മറ്റു പല യാഥാർഥ്യങ്ങളും അവർ മറന്നു പോകുന്നു. പെട്ടൊന്നൊരു വീഴ്ച്ച വരുമ്പോഴാണ് യാഥാർഥ്യം തിരിച്ചറിയുന്നതും ഭാവി ജീവിതത്തിനായി തങ്ങൾ ഒന്നും കരുതി വച്ചില്ലെന്നറിയുന്നതും. അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും.

∙ഇത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കൾക്ക് എന്തു ചെയ്യാൻ പറ്റും?

കലയെയും കലാകാരൻമാരെയും സ്നേഹിക്കുന്ന മണ്ണാണ് കോഴിക്കോടിന്റേത്. ഇത്തരം ശ്രമങ്ങൾക്ക് ആരെങ്കിലുമൊരാൾ മുൻകയ്യെടുത്താൽ ഈ നഗരം ആ പദ്ധതി വിജയിപ്പിക്കാൻ കൂടെയുണ്ടാകുമെന്നതാണ് എന്റെ അനുഭവം. അതോടൊപ്പം തന്നെ മലയാളത്തിലെ ചലച്ചിത്ര പ്രവർത്തകരും പൂർണമനസോടെ സഹകരിക്കും.

പുത്തന്റെ(ഗിരീഷ് പുത്തഞ്ചേരി) കുടുംബത്തെ സഹായിക്കാൻ നീലാംബരി സംഘടിപ്പിച്ചപ്പോഴും ശശിയേട്ടന് (ഐ.വി.ശശി) ജന്മനാടിന്റെ ആദരം നൽകാനായി പരിപാടി സംഘടിപ്പിച്ചപ്പോഴുമെല്ലാം എനിക്ക് ബോധ്യപ്പെട്ട കാര്യമാണിത്. ഐ.വി. ശശിക്ക് ആദരവ് പ്രകടിപ്പിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും കമലഹാസനുമെല്ലാം എത്തി. ഇത്തരം നല്ല കാര്യങ്ങൾക്ക് ഇവിടത്തെ മുൻ നിര പത്രങ്ങളും മാധ്യമങ്ങളും നൽകുന്ന പിന്തുണയും വളരെ വലുതാണ്.

∙ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരു സ്ഥിരം സംവിധാനമായി മാറുമോ?

സഹായം ആവശ്യമായ കോഴിക്കോട്ടെ കലാകാരൻമാർക്കായി ഒരു സ്ഥിരം ട്രസ്റ്റ് രൂപവൽക്കരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിലേക്ക് ഉദാരമനസ്കരായ കലാ സ്നേഹികളുടെ സഹായവും സ്വീകരിക്കും. ഒരു കലാകാരൻ ജീവിച്ചിരിക്കുമ്പോഴാണ് അയാളെ ആദരിക്കേണ്ടതും സഹായിക്കേണ്ടതുമെന്ന വിശ്വാസക്കാരനാണ് ഞാൻ.ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പരമാവധി ദുർവ്യയം കുറയ്ക്കണമെന്നു മാത്രം.

ഇപ്പോൾ നടക്കുന്ന മോഹനം പരിപാടിയുടെ സംഘാടക സമിതി ഓഫിസായി പ്രവർത്തിക്കുന്നത് എന്റെ ഫ്ലാറ്റാണ്. നേരത്തെ നീലാംബരി സംഘടിപ്പിച്ചപ്പോൾ അന്തരിച്ച പി.എം. ഉതുപ്പ് അദ്ദേഹത്തിന്റെ ഹോട്ടലായ മലബാർ പാലസിലെ മുറികൾ സംഘാടക സമിതിയുടെ ഓഫിസായി പ്രവർത്തിക്കാൻ സൗജന്യമായി വിട്ടു തരികയായിരുന്നു. ഇത്തരം നന്മയുള്ള പരിപാടികൾക്കു കോഴിക്കോട്ടെ ജനങ്ങളും മലയാള ചലച്ചിത്ര ലോകവും ഉണ്ടാകുമെന്ന വിശ്വാസമാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്.

∙∙രഞ്ജിത്തിൽ ‘ഒരു തുള്ളി’ മോഹൻലാലുണ്ടെന്നും മോഹൻലാലിൽ ‘ഒരു തുള്ളി’ രഞ്ജിത്തുണ്ടെന്നും സിനിമക്കാർ രഹസ്യം പറയാറുണ്ട്. നീലകണ്ഠനായും ജഗനായും രഘുനന്ദനായും ലാൽ സ്ക്രീനിൽ ആടിയപ്പോൾ എഴുത്തുകാരൻ പിന്നിൽ മറഞ്ഞുനിൽക്കുന്നതുപോലെ പലരും നിരീക്ഷിച്ചിട്ടുമുണ്ട്. ഇതാ ഇവിടെ, രഞ്ജിത്തിന്റെയും കൂട്ടുകാരുടെയും ലക്ഷ്യം ലാലിലൂടെ സഫലമാകുമ്പോൾ അതും കലപോലെ സുന്ദരമായ മറ്റൊരു യാദൃശ്ചികതയാവും.