Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാൽപതുകാരനായി ചാക്കോച്ചൻ; എന്താണ് ‘രാമന്റെ ഏദൻ തോട്ടം’ ?

chakochan-ranjith

ഒരു പ്രണയ ചിത്രം സംവിധാനം ചെയ്യണമെന്നത് രഞ്ജിത് ശങ്കറിന്റെ സ്വപ്നമായിരുന്നു. പാസഞ്ചർ കഴിഞ്ഞതു മുതൽ ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും പല കാരണങ്ങൾ കൊണ്ട് അതു മുങ്ങി. കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ രാമന്റെ ഏദൻതോട്ടം പൂർണമായും പ്രണയമല്ല. പക്ഷേ വളരെക്കാലമായി മനസ്സിലുള്ള ചിത്രമാണ് ഇതെന്ന് അദ്ദേഹം പറയുന്നു. ഫെബ്രുവരി 9–ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അദ്ദേഹം പങ്കു വയ്ക്കുന്നു.

എന്താണ് രാമന്റെ ഏദൻ തോട്ടം ?

രാമൻ എന്നു വിളിക്കപ്പെടുന്ന 40 വയസ്സുള്ള രാം മേനോൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. കുഞ്ചാക്കോ ബോബൻ ആണ് രാമനായി എത്തുന്നത്. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ട്. അതാണ് രാമന്റെ ഏദൻ തോട്ടം. സർവവിധ സൗകര്യങ്ങളുമുള്ള റിസോർട്ടല്ല. മറിച്ച് വളരെ കുറച്ചു സംവിധാനങ്ങൾ മാത്രമുള്ള മൊബൈലും ഇന്റെർനെറ്റും ഒന്നുമില്ലാത്ത ഒരു സ്ഥലം. രാമനാണ് അതിന്റെ ഉടമ. അവിടെയുള്ളതാകട്ടെ വളരെ കുറച്ച് അതിഥികളും. മെട്രോ നഗരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി അവിടെ എത്തുന്നതും തുടർന്ന് രാമനും ആ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ പ്രമേയം.

പൂർണമായും ഒരു പ്രണയചിത്രമാണോ ?

ഒരിക്കലുമല്ല. ഇതു ബന്ധങ്ങളുടെ സിനിമയാണ്. പ്രണയവും അതിൽ ഉണ്ടെന്നു മാത്രം. സാധാരണ കണ്ടു വരുന്ന ക്ലീഷെ പ്രണയമല്ല ഇൗ സിനിമയിലേത്. കുറച്ചു പക്വത വന്ന ആളുകൾ തമ്മിലുള്ള പ്രണയമാണ് രാമന്റെ ഏദൻ തോട്ടത്തിൽ കാണാനാകുക. ചാക്കോച്ചനു ശരിക്കും 40 വയസ്സാണ്. അത്ര തന്നെ പ്രായമുള്ള കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്. അനിയത്തിപ്രാവു പോലൊരു ടീനേജ് പ്രണയമൊന്നുമല്ല ചിത്രം പറയുന്നത്.

രാമന്റെ ഏദൻതോട്ടത്തിലുള്ള മറ്റുള്ളവർ ആരൊക്കെ ?

അനു സിതാരയാണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, രമേഷ് പിഷാരടി, അജു വർഗീസ്, മുത്തുമണി തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. ഇവരെയൊക്കെ ഇതു വരെ കണ്ട രീതിയിലാവില്ല നിങ്ങൾ കാണുക എന്നതാണ് വലിയ പ്രത്യേകത. സംഗീതം ബിജിബാലാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠൻ. സൗണ്ട് ഡിസൈൻ തപസ് നായക്.

കാട്ടിൽ ഷൂട്ട് ചെയ്യുന്ന സിനിമയാകുമ്പോൾ കുറച്ച് സാഹസികത കാണില്ലേ ?

കാടെന്നാൽ മൃഗങ്ങളും സാഹസികതയും മാത്രമല്ല. കാടൊരു അനുഭവമാണ്. കാടു കാണാൻ ക്യാമറ ആവശ്യമില്ല എന്നു രാമൻ സിനിമയിൽ പറയുന്നുണ്ട്. അതു പോലെ ക്യാമറയിലൂടെ കണ്ടതു മാത്രമല്ല കാട്. ആ കാടിനെയാണ് രാമന്റെ ഏദൻ തോട്ടത്തിൽ കാണാനാകുക.

Ranjith

എന്തു കൊണ്ട് ജയസൂര്യയെ നായകനാക്കിയില്ല ?

ranjith-jayasurya

ഞാനും ജയനും മൂന്നു ചിത്രങ്ങൾ ഒരുമിച്ചു ചെയ്തു. ആ മൂന്നു കഥാപാത്രങ്ങളും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്ന മറ്റു പല നടന്മാരും ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ ജയനു മാത്രം യോജിക്കുന്നവയായിരുന്നു. ചാക്കോച്ചനുമൊന്നിച്ച് സിനിമ ചെയ്യാൻ വളരെ നാളുകളായി ആഗ്രഹിച്ചിരുന്നു. ഇൗ ചിത്രത്തിൽ ചാക്കോച്ചൻ നായകനായി എന്നു വച്ച് ഇനി ജയനുമൊന്നിച്ച് സിനിമ ചെയ്യില്ല എന്നല്ല. ഞങ്ങൾ ഇനിയും ഒന്നിക്കും.

Your Rating: