Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ഉത്തമവില്ലൻ

remesh aravind

കമൽഹാസന്റെ പുതിയ സിനിമ ഉത്തമവില്ലന്റെ ജോലികൾ തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമാണ് സിനിമ എന്ന് ഇറങ്ങും? ട്രെയിലറുകൾ ഇറങ്ങിയതോടെ കാത്തിരിപ്പിന്റെ ചൂട് പിന്നെയും കൂടി. പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞിട്ട് എവിടെ കാണുന്നില്ലല്ലോ എന്ന കമലിന്റെ ആരാധകർ ചോദിക്കാൻ തുടങ്ങി. അവസാനം പുലി എന്നു വരുമെന്ന് സംവിധായകൻ രമേശ് അരവിന്ദ് തന്നെ വ്യക്തമാക്കുന്നു.

സംവിധാനത്തോടൊപ്പം കന്നട, തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലെ പ്രശസ്തനായ അഭിനേതാവ് കൂടിയാണ് രമേശ് അരവിന്ദ്. പതിനേഴ് വർഷങ്ങൾക്കു ശേഷം കമൽഹാസൻ കന്നട സിനിമയിൽ അഭിനയിക്കുന്നത് രമേശിന്റെ രാമ ഭാമ ശ്യാമ എന്ന സിനിമയിലൂടെ ആയിരുന്നു. സിനിമയേക്കാൾ ഉപരി കമൽഹാസന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് സംവിധായകൻ. കമലുമായുള്ള സൗഹൃദത്തെക്കുറിച്ചും ഉത്തമവില്ലന്റെ വിശേഷങ്ങളെക്കുറിച്ചും സംവിധായകൻ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

∙ പ്രേക്ഷകർക്ക് ചോദിക്കാനുള്ള ചോദ്യം തന്നെയാണ് ആദ്യം. ഉത്തമവില്ലൻ എന്ന് എത്തും? ഉത്തമവില്ലന്റെ ജോലികൾ എല്ലാം പൂർത്തിയായി. സെൻസറിങ്ങ് ജോലികൾ പുരോഗമിക്കുന്നതു കൊണ്ടാണ് സിനിമ വൈകുന്നത്. സിനിമ അനൗൺസ് ചെയ്ത നാൾ മുതൽ എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. തമിഴ്നാട്ടിൽ പുലി എപ്പോൾ വരും എന്ന് ചോദിക്കുന്നവരോട് ഒരു പുലി അല്ല. അയ്യപ്പൻ പുലിപ്പുറത്ത് വന്നതു പോലെ കൂട്ടമായിട്ട് വരുന്ന പ്രതീതിയാകും ഉണ്ടാവുക എന്നാണ് മറുപടി പറയാറ്. പ്രേക്ഷകരെ അധികം നാൾ കാത്തിരിക്കാൻ ഇടവരുത്തില്ല. ഉടനെ തന്നെ റിലീസ് ഉണ്ടാകും.

∙കമൽഹാസന്റെ ജീവിതവുമായി ബന്ധമുള്ള കഥയാണോ ഉത്തമവില്ലൻ? മുഴുവനായി അങ്ങനെ പറയാൻ പറ്റില്ല. എന്നാൽ പകുതി കമൽഹാസന്റെ ജീവിതവും ഇതിലുണ്ട്. പ്രത്യേകിച്ചും ബാലചന്ദറുമായുള്ള ഭാഗങ്ങൾ കമലിന്റെ ജീവിതവുമായി ചേർന്നു നിൽക്കുന്നതാണ്. കമലിന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ നിരവധി പേർ ഇതിലുണ്ട്. അങ്ങനെയാണ് ബാലചന്ദർ സർ ഉത്തമവില്ലനിൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ അവസാനത്തെ സിനിമയാണിത്. ഞാൻ ബാലചന്ദറിന്റെ സുന്ദരസ്വപ്നങ്ങൾ എന്ന സിനിമയിലൂടെയാണ് എത്തുന്നത്. അതുകൊണ്ട് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന സിനിമ കൂടിയാണ് ഉത്തമവില്ലൻ.

∙ കമൽഹാസൻ എന്ന നടനെ എങ്ങനെ വിലയിരുത്തുന്നു? കമലിനെപോലെ ഒരു അഭിനേതാവിനെ കിട്ടുക ഏതൊരു സംവിധായകന്റെയും ഭാഗ്യമാണ്. ആ സ്ഥാനത്ത് എനിക്ക് കിട്ടിയത് നാലു കമലിനെയാണ്. ഒരു നടന്റെ ജീവിതത്തിലെ നാലു കാലഘട്ടങ്ങളെയാണ് കമൽ ഉത്തമവില്ലനിൽ അവതരിപ്പിക്കുന്നത്. ഈ പ്രായത്തിലും സിനിമയോടുള്ള അദ്ദേഹത്തിന്റെ ആത്മസമർപ്പണം എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

∙ കമൽഹാസനുമായുള്ള സൗഹൃദം സിനിമയെ എത്രത്തോളം സഹായിച്ചു? കമൽഹാസനുമായിട്ടു മാത്രമല്ല. സിനിമയിൽ പ്രവർത്തിച്ച ഒട്ടുമിക്ക ആളുകളുമായി നല്ല സൗഹൃദമാണ്. ജയറാമിന്റെയും ഉർവശിയുടെയും ഒപ്പം പഞ്ചതന്ത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പിന്നെ രാമ ഭാമ ശ്യാമ എന്ന എന്റെ സിനിമയിലെ നായിക ഉർവശിയായിരുന്നു. അഭിനേതാക്കളോട് ഉള്ളതു പോലെ തന്നെ സിനിമയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരുമായും നല്ല സൗഹൃദമുണ്ട്. സ്വാതന്ത്യ്രത്തോടെ ഇടപഴകാൻ ഈ സൗഹൃദം സഹായിച്ചിട്ടുണ്ട്.

∙ ഉത്തമവില്ലനിൽ സാങ്കേതിക മികവ് എത്രത്തോളം ഉണ്ട്? നിങ്ങൾ ലൈഫ് ഓഫ് പൈ, ഹാരിപോട്ടർ തുടങ്ങിയ സിനിമകളിൽ കണ്ട സാങ്കേതിക മികവിനോട് കിടപിടിക്കുന്നതാണ് ഉത്തമവില്ലൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാങ്കേതിക വിദഗ്ധർ ഉത്തമവില്ലനിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ അത്രയേറെ മികവ് ഈ സിനിമയിലുണ്ട്. കമൽഹാസനോട് ഞാൻ ചോദിച്ചിരുന്നു, സിനിമ ഇറങ്ങുന്ന സമയത്ത് ഐ.പി.എൽ നടക്കുന്നുണ്ടാകും അത് സിനിമയെ ബാധിക്കില്ലേ എന്ന്. അതിന് അദ്ദേഹം പറഞ്ഞ മറുപടി നമ്മളും ഐ.പി.എൽ തന്നെയാണ് ഇന്ത്യൻ പെർഫക്ഷൻ ലീഗ്. അപ്പോൾ പിന്നെ പേടിക്കേണ്ട ഒരു ആവശ്യവും ഇല്ല എന്ന്.

∙ സിനിമയിലെ മലയാളി സാന്നിധ്യം വിശദീകരിക്കാമോ? സിനിമയിൽ അഞ്ച് മലയാളി സാന്നിധ്യങ്ങളുണ്ട്. ജയറാം, ഉർവശി, പാർവ്വതി മേനോൻ, ഛായാഗ്രാഹകൻ ഷാംദത്ത്, എഡിറ്റർ വിജയ്. ഓരോരുത്തരും അവരുടേതായ മേഖലയിൽ ബ്രില്ല്യന്റ് ആയിരുന്നു. ഉത്തമവില്ലനിലെ ജയറാം ഇതുവരെ തമിഴ് പ്രേക്ഷകർ കാണാത്ത ഒരു ജയറാമായിരിക്കും. പഞ്ചതന്ത്രത്തിലെ അദ്ദേഹത്തിന്റെ ഹാസ്യം കൈകാര്യം ചെയ്യാനുള്ള കഴിവ് കണ്ട് ഞാൻ അത്ഭുതപെട്ടിട്ടുണ്ട്. അതേ അത്ഭുതം തന്നെയാണ് ഉത്തമവില്ലനിലെ ഗൗരവമേറിയ വേഷം ചെയ്യുന്ന ജയറാമിനെ കണ്ടപ്പോഴും തോന്നിയത്.ഉർവശി എന്നും തമിഴകത്തിന് പ്രിയങ്കരിയാണ്. ലേഡി ശിവാജി ഗണേശൻ എന്നാണ് ഉർവശിയെ വിളിക്കുന്നതു തന്നെ. കമൽഹാസനോടൊപ്പം ഇതിൽ ഉർവശിയ്ക്ക് ഒരു ആശുപത്രി രംഗം ഉണ്ട്. ആ രംഗം അവർ ചെയ്തതു കണ്ട് കണ്ണു നിറഞ്ഞു പോയി.

മരിയാനിലൂടെയാണ് പാർവതി തമിഴകത്ത് ശ്രദ്ധനേടുന്നത്. ഇതിൽ കമലിന്റെ മകളായാണ് പാർവതി അഭിനയിക്കുന്നത്. കമലിനൊപ്പം അതേ റേഞ്ചിൽ അഭിനയിക്കുക അത്ര എളുപ്പമല്ല, പക്ഷെ ചെറിയ പ്രായത്തിലും കമലിനൊപ്പം മത്സരിച്ച് അഭിനയിക്കുകയായിരുന്നു അവർ.ഉത്തമവില്ലന്റെ ഛായാഗ്രാഹകൻ ഷാംദത്തിനെക്കുറിച്ച് പറയുകയാണെങ്കിൽ ചെറിയ ലൈറ്റിങ്ങ് പോലും ശ്രദ്ധിച്ചാണ് ഷാംദത്ത് ഓരോ ഷോട്ടും എടുത്തത്. എഡിറ്റർ വിജയ് ഞാൻ മനസിൽ കാണുന്നത് കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുന്ന ആളായിരുന്നു.

∙ മലയാളി പ്രേക്ഷകരും പ്രതീക്ഷയിലാണ്? എനിക്കറിയാം. സിനിമയെ കൃത്യമായി നിരീക്ഷിക്കുന്നവരാണ് മലയാളികൾ. മലയാളിക്ക് ഇഷ്ടപ്പെട്ടാൽ ആ സിനിമ വിജയിച്ചു എന്നാണ് അർത്ഥം. ഒന്നിനെയും അന്ധമായി മലയാളികൾ സ്വീകരിക്കാറില്ല. അതിന് തെളിവാണല്ലോ നിങ്ങളുടെ ഇൻഡസ്ട്രിയിലെ പുതിയ മാറ്റങ്ങൾ.

∙ മലയാള സിനിമ നിരീക്ഷിക്കാറുണ്ടോ? തീർച്ചയായും. മലയാള സിനിമ കൃത്യമായി കാണുകയും അതിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. മലയാളത്തിലെ ഹീറോസ് നല്ല നടന്മാരുമാണ്. മോഹൻലാലും മമ്മൂട്ടിയുടെയുമൊക്കെ അഭിനയം ഏത് ഭാഷകാർക്കും കണ്ടു പഠിക്കാവുന്നതാണ്. എത്ര അനായാസമായിട്ടാണ് അവർ അഭിനയിക്കുന്നത്. ബാംഗ്ലുർ ഡെയ്സാണ് ഞാൻ അവസാനമായി കണ്ട മലയാള സിനിമ. എത്ര മനോഹരമായിട്ടാണ് അതിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മമ്മൂട്ടിയേയും മോഹൻലാലിനെയും പോലെ തന്നെ മികച്ച നടനാണ് ഫഹദ് ഫാസിൽ. ഡയമണ്ട് നെക്ലസിലെ ഫഹദിന്റെ അഭിനയം എന്നെ വിസ്മയിപ്പിച്ചുണ്ട്. അതുപോലെ തന്നെയാണ് പൃഥ്വിരാജും. അദ്ദേഹത്തിന്റെ സെല്ലുലോയിഡിലെ ജെ.സി ഡാനിയൽ എന്ന കഥാപാത്രം മലയാളത്തിന് കിട്ടിയ സംഭാവനയാണ്. നാടോടിക്കാറ്റും, ചന്ദ്രലേഖയും ഈ പുഴയും കടന്നുമൊക്കെ കന്നടയിൽ റീമേക്ക് ചെയ്തിട്ടുണ്ട്. അതിൽ നായകനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്.

∙ മലയാള സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ? അഭിനയിക്കാൻ മാത്രമല്ല അവസരം ഒത്തുവന്നാൽ മലയാളത്തിൽ ഒരു സിനിമ സംവിധാനം ചെയ്യാനും താൽപ്പര്യമുണ്ട്. 1993ൽ ഞാൻ മലയാളത്തിൽ ഒരു സിനമയിൽ അഭിനയിച്ചിട്ടുണ്ട്. പ്രകാശ് കൊളേരിയുടെ അവൻ അനന്തപത്മനാഭൻ. ഉത്തമവില്ലനു ശേഷം മലയാളത്തിൽ ഒരു പ്രണയകഥ ചെയ്താൽ കൊള്ളാമെന്ന് ആലോചനയുണ്ട്.