Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചന്റെ വാക്കുകേട്ട് മനസ്സിൽ പൊട്ടിയത് ആയിരം ലഡു: റിഷി

rishi-chakochan റിഷി, ചാക്കോച്ചൻ

വള്ളീം തെറ്റി പുള്ളിം തെറ്റി എന്ന ചിത്രം എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?

ഈ ചിത്രം ശരിക്കും ഒരു റെട്രോ മോഡേൺ ക്ലാസിക് വിഭാഗത്തിലുള്ള സിനിമയാണ്. ശരിക്കും അങ്ങനെയൊരു വിഭാഗം ഉണ്ടോയെന്ന് എനിക്കറിയില്ല. നമ്മുടെ ക്രൂ അംഗങ്ങൾ പറയുന്ന അല്ലെങ്കിൽ നമ്മൾ ഉണ്ടാക്കിയെടുത്തിരിക്കുന്നവിഭാഗത്തിലുള്ള ഒരു സിനിമ. പക്ഷേ തികച്ചും ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ 1990കളുടെ കാലഘട്ടത്തിലാണ് ഇതിലെ കഥ പുരോഗമിക്കുന്നത്. ഇതിന്റെ പശ്ചാത്തലം ഒരു പഴയ ഒരു സി ക്ലാസ് തിയേറ്ററും പത്തു ദിവസത്തെ ഉത്സവത്തിന്റെയും കഥയാണ്.

റെട്രോ മോഡേൺ ക്ലാസിക്

നമ്മളിപ്പോൾ ഒരുപാട് പീരീഡ് സിനിമകൾ കാണുന്നുണ്ട്. ഇതിനെ നമ്മൾ ഒരു ഇയർ ബെയ്സ് സിനിമയെക്കാളുപരി ഒരുപാട് ഘടകങ്ങൾ ഒരുമിച്ചു ചേർത്താണ് ചെയ്തിരിക്കുന്നത്. അതായത് ഈ 2016ലും നമുക്ക് രസിക്കാവുന്ന രീതിയിൽ ചെയ്തിരിക്കുന്ന ചിത്രം. 90 കളുടെ യൂത്ത് എൻജോയ് ചെയ്തിരുന്ന പല കാര്യങ്ങളും അതേ റെട്രോ മോഡിലാണ് ചെയ്തിരിക്കുന്നത്. മോഡേൺ എന്നു പറയുമ്പോൾ പണ്ട് ഉണ്ടായിരുന്ന പ്രണയാണെങ്കിലും സൗഹൃദമാണെങ്കിലും എന്തു കാര്യങ്ങൾ കാണിച്ചാലും ഒരു മോഡണൈസേഷൻ എന്നു പറയുന്ന രീതിയുണ്ട്. അത് ഇപ്പോഴത്തെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു മോഡണൈസേഷൻ ആണ് ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.

vtpt-poster

ക്ലാസിക്കിലേക്കെത്തുമ്പോൾ, ഞാൻ നേരത്തേ പറഞ്ഞതു പോലെ ഒരു സി ക്ലാസ് ടാക്കീസിനെ പശ്ചാത്തലമാക്കിയാണ് സിനിമ.ക്ലാസിക് ഫിലിം എന്നു പറയുമ്പോൾ പെട്ടെന്ന് നമ്മുടെ മനസിലേക്കെത്തുന്നത് പണ്ടു കാലത്തെ ഒരു ടാക്കീസ് ആയിരിക്കും. അതിന്റെ ഒരു ഫീൽ ഈ സിനിമയിലുടനീളമുണ്ട്. ഇത തന്നെയാണ് ഈ റെട്രോ മോഡേൺ ക്ലാസിക് എന്ന മൂന്ന് തരത്തിലുള്ള രീതിയിലും മൂന്ന് തരത്തിലുള്ള വിഷ്വലൈസേഷനുകളും തീമും ഒക്കെ അങ്ങനെ തന്നെയാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ സംഗീതവും ഇതേ രീതിയിൽ തന്നെയാണ് ചെയ്തിരിക്കുന്നത്.

1990 കൾ എന്നു പറയുമ്പോൾ താങ്കൾ ഉൾപ്പടെയുള്ളവരുടെ ഒരു പക്ഷേ കുട്ടിക്കാലം ആയിരുന്നിരിക്കാം. അതുകൊണ്ടു ചോദിക്കട്ടേ, 90കളെ പുനഃസൃഷ്ടിക്കുന്നത് ബുദ്ധിമുട്ട് തന്നെ അല്ലായിരുന്നോ?

അതേ. ഇത് ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു. 90 കാലഘട്ടത്തെക്കുറിച്ച് എനിക്കോ എന്റെ ക്രൂ അംഗങ്ങൾക്കോ അധികം അറിവില്ല. കാരണം നമ്മളെല്ലാം അക്കാലത്ത് പ്രീ പിള്ളേർ ആയിരുന്നു എന്നതു തന്നെ. ഒരുപാട് ഡിസ്കസ് ചെയ്തും കേട്ടറി‍ഞ്ഞുള്ള കാര്യങ്ങളുമൊക്കെ വച്ച് ചെയ്തു. ഇതിനായി തിരഞ്ഞെടുത്തത് പാലക്കാടൻ പ്രദേശങ്ങളാണ്. ചിത്രത്തിലെ തിരുവത്ത് കടവ് എന്ന കവലയൊക്കെ സെറ്റിട്ടത് ഖസാക്കിന്റെ ഇതിഹാസം നോവലിന് അടിസ്ഥാനമായ തസ്രാക്ക് എന്നു പറയുന്ന സ്ഥലത്താണ്. ആ നോവലിലുള്ള അതേ ഫീൽ തന്നെ, ആ കാലഘട്ടമൊക്കെ നമുക്ക് കിട്ടിയിട്ടുണ്ട്. 90കളുടെ മനോഹാരിത നിലനിൽക്കുന്ന രീതിയിൽ തന്നെയാണ് ആ പാറ്റേണകളെല്ലാം.

vtpt

ഇതിനുവേണ്ടി നമ്മുടെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കാരണം ഒരു സി ക്ലാസ് ടാക്കീസ് പുനഃസൃഷ്ടിക്കുകയാണ്പണ്ടു കാലത്തെ ടാക്കീസിനെ അതേ പോലെ തന്നെ പുനഃസൃഷ്ടിച്ചു. അതും ഏകദേശം 30 ദിവസം കൊണ്ടാണ് പണിതുയർത്തിയത്. നാട്ടുകാർക്കു തന്നെ വലിയ അത്ഭുതമായിരുന്നു. ഒരു ടാക്കീസ് പെട്ടെന്ന് ഉയരുന്നു, 90 കാലഘട്ടത്തിലെ കവല ഉയരുന്നു, കടകൾ, ചായക്കട, പണ്ടു കാലത്ത് ഉണ്ടായിരുന്ന പ്രേംനസീർ ലൈറ്റ് ആൻഡ് സൗണ്ട്സ്, ഇപ്പോൾ ഇതൊന്നും കാണാനേ ഇല്ല. ഇതൊക്കെ നമ്മൾ ഇപ്പോഴാണ് കാണുന്നത്.

ഉത്സവത്തിലുമുണ്ട് പ്രത്യേകത. ഇപ്പോഴത്തെ ഉത്സവമല്ല, പണ്ടത്തെ ഉത്സവമാണ്. ഇൻസ്റ്റന്റ് യുഗം അല്ലാത്ത ഉത്സവം എങ്ങനെ ആയിരുന്നുവെന്നത് റിക്രിയേറ്റ് ചെയ്തിരിക്കുകയാണ്. ഹനുമാനാട്ടം എന്ന കലാരൂപമുണ്ട്. ചാക്കോച്ചൻ ഹനുമാനായിട്ട് പച്ച വേഷത്തിൽ എത്തുന്നുണ്ട്. ഇങ്ങനെയുള് കാര്യങ്ങൾ പുനഃസൃഷ്ടിച്ചാണ് 90 കാലഘട്ടം അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പാട്ടുകളിൽ സാമ്രാജ്യം, വന്ദനം തുടങ്ങിയ ചിത്രങ്ങളുടെ സ്വാധീനവുമുണ്ടല്ലോ? അതെങ്ങനെ സംഭവിച്ചു?

ഞാൻ നേരത്തേ പറഞ്ഞല്ലോ ഒരു ടാക്കീസിനെ അടിസ്ഥാനമാക്കിയുള്ള സിനിമയാണെന്ന്. ആ ടാക്കീസിൽ മാറി മാറി വരുന്ന സിനിമകളാണ് സാമ്രാജ്യം, വടക്കൻ വീരഗാഥ, വന്ദനം, ചിത്രം, താഴ്്വാരം തുടങ്ങിയവ. അപ്പോൾ അങ്ങനെയുള്ള 90 കാലഘട്ടങ്ങളിൽ നമ്മളെ ഇഷ്ടപ്പെടുത്തിയ പല സിനിമകളും ആ ടാക്കീസിലൂടെയും കടന്നു പോകുന്നു. അങ്ങനെയുള്ള ബന്ധം മാത്രമേയുള്ളു.

shamili

ചിത്രത്തിലേക്ക് നായികയായി ശാമിലിയെ നിർദേശിച്ചത് ചാക്കോച്ചനാണെന്ന് കേട്ടിരുന്നു.

അതേ അതേ. ഇത് ശരിക്കും പറഞ്ഞാൽ ഒരു കൊടുക്കൽ– വാങ്ങൽ സമ്പ്രദായം പോലെയായിരുന്നു. ഈ ചിത്രത്തിലേക്ക് ഒരു പുതിയ നായികയെ വേണമെന്നുള്ള തീരുമാനത്തിലായിരുന്നു ചാക്കോച്ചൻ ഉൾപ്പടെ നമ്മളെല്ലാവരും പദ്ധതിയിട്ടത്. അവസാന സ്റ്റേജിൽ എത്തിയപ്പോഴും നായികയെ മാത്രം കിട്ടിയില്ല. അങ്ങനെ ഓഡിഷൻ വച്ചു. ഇതിൽ ഒരു കുട്ടിയെ കിട്ടി. ഏകദേശം ആ കുട്ടിയെ ആ ഒരു മൂഡിലേക്ക് എത്തിക്കാമെന്നു കരുതിയിരുന്ന സമയത്താണ് ഇച്ചായൻ (ചാക്കോച്ചൻ) വിളിച്ചിട്ട് ചോദിച്ചു നായികയായോ എന്ന്. ഞാൻ പറഞ്ഞു അങ്ങനെ ആയില്ല, ഒരു ഓപ്ഷൻ വന്നിട്ടുണ്ട്. ഫൈനലിലേക്കെത്തിയില്ല എന്ന്. എങ്കിൽ ആ ഓപ്ഷൻ കാണിക്കാൻ പറഞ്ഞു. ആ ഓപ്ഷൻ കാണിച്ചപ്പോൾ ഇച്ചായൻ പറഞ്ഞു ഈ കുട്ടിയെ ജമ്നാപ്യാരി എന്ന എന്റെ പുതിയ ചിത്രത്തിലേക്ക് നായികയായി തരൂ, നിങ്ങൾക്ക് ഞാൻ വേറൊരു നായികയെ തരാമെന്ന്. അതു നല്ല പരിപാടിയണല്ലോ എന്ന് ഞാനും പറഞ്ഞു. ആ സിനിമ അടുത്ത ആഴ്ച തുടങ്ങണമെന്ന റിസ്കിൽ നിൽക്കുകയായിരുന്നു. അങ്ങനെയാണ് ഗായത്രി സുരേഷ് ജമ്നാപ്യാരിയിൽ നായികയാകുന്നത്.

chakochan-shamili

അതിനുശേഷം നമ്മൾ ഇങ്ങനെ ടെൻഷൻ അടിക്കുകയാണ്. നായികയുടെ കാര്യം ഇച്ചായൻ ഒന്നും പറയുന്നില്ല, സിനിമ തുടങ്ങാൻ ഒരു മാസം കഷ്ടിയേ ഉള്ളു. അങ്ങനെ ടെൻഷനടിച്ചു നിന്നപ്പോഴാണ് ഇച്ചായൻ വിളിച്ച് ഒരാളെ കിട്ടി എന്നു പറയുന്നത്. മനസിൽ നൂറല്ല ആയിരം ലഡു പൊട്ടിയ സന്തോഷത്തിൽ ആരായെന്നു ചോദിച്ചപ്പോഴാണ് പറയുന്നത് ബേബി ശാമിലിയാണ്. പോയി കഥ പറയാൻ. അങ്ങനെ ശാമിലിയിലെ കണ്ട് കഥ പറഞ്ഞു. അവർ കാത്തിരുന്നതും ഇങ്ങനെയൊരു കഥ ആയിരുന്നു. ഇത് ഒരിക്കലും ശാമിലി ഓറിയന്റഡ് സിനിമ അല്ല. ശാമിലി ഇതിന്റെ ഒരു ഭാഗമാണെന്നേ ഉള്ളു. ശാമിലി ഒരു വലിയ ഘടകമാണെങ്കിലും അവരുടെ അഭിനയത്തെക്കാളും ബ്യൂട്ടി ഓറിയന്റഡ് ആയ സിനിമയാണ്. ചാക്കോച്ചൻ–ശാമിലി കോംപിനേഷൻ മാത്രമല്ല സിനിമ, ഇതിൽ വേറേ പല തലങ്ങളുമുണ്ട്.

സൂരജിന്റെ സംഗീതം– കുഞ്ഞുണ്ണിയുടെ കാമറ

നമ്മളെല്ലാം വർഷങ്ങളായി സുഹൃത്തുക്കളാണ്. കുഞ്ഞു എന്റെ സ്വന്തം സഹോദരനെ പോലെയാണ്. സൂരജും അങ്ങനെ തന്നെ. എന്റെ ഗുരു എസ്. കുമാർ സാറിന്റെ മകനാണ് കുഞ്ഞുണ്ണി. നമ്മൾ രണ്ടും ഒരേ സ്കൂളിൽ നിന്നു വരുന്ന വ്യക്തികളാണ്. നമ്മൾ ഒരുമിച്ചു വർക് ചെയ്യുക എന്നത് ഇപ്പോഴും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്. ഷൂട്ട് കഴിഞ്ഞുവെന്ന് ഇപ്പോഴും തോന്നുന്നില്ല. വീണ്ടും ഷൂട്ട് ചെയ്യണംഎന്നുള്ള ഒരു എനർജിയാണ് അതാണ് കുഞ്ഞുവിനെ കുറിച്ച് പറയാനുള്ളത്. നമ്മൾ മൂന്നു പേരും തമ്മിൽ ഒരേ വേവ് ലെങ്തുമാണ്. സൂരജ് എന്നോടൊപ്പം ഒരു ആറു വർഷത്തോളം ഈ സ്ക്പിപ്റ്റിന്റെ പിന്നിലുണ്ടായിരുന്നു. സ്ക്രിപ്റ്റ് എഴുതുന്ന സമയത്തു തന്നെ ഇതിന്റെ സംഗീതം ചെയ്യുക, കഥ പറയുന്ന സമയത്തൊക്കെ ആർ ആർ ബാക്ഡ്രോപ്പിൽ ഇടുകയായിരുന്നു. അതുകൊണ്ട് അവന് അറിയാം ഈ സിനിമ എന്താണ്, ഓരോ സീനിലും എന്താണ് വേണ്ടത് എന്നു മനസിലാക്കി തന്നെയാണ് അവൻ ബാക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത്. അതുപോലെ തന്നെയാണ് ഇതിന്റെ സംഗീതവും.

rishi-kujunni ഛായാഗ്രാഹകൻ കുഞ്ഞുണ്ണിയ്ക്കൊപ്പം

ആറു പാട്ടുകളുണ്ട്. റെക്ടോ മോഡേൺ ക്ലാസിക് എന്നു പറഞ്ഞതു പോലെ ഈ മൂന്ന് വിഭാഗവും കണക്ട് ചെയ്യുന്ന പാട്ടുകളുണ്ട്. ഫോക് സോങ്ങ്, റെക്ടോ സോങ്ങുകളുണ്ട്, പക്കാ അടിച്ചുപൊളിക്കാനായുള്ള പാട്ടുകളുണ്ട്, വില്ലേജ് സോങ്ങുണ്ട്, മെലഡിയുണ്ട്. ഈ ആറു സോങ്ങുകളും ഓരോ ഐഡന്റിന്റി നൽകുന്നുണ്ടെന്ന് ആളുകൾ പറയുന്നുണ്ട്. അതിൽ വളരെ സന്തോഷം.

മനോജ് കെ ജയൻ , സുരേഷ് കൃഷ്ണ, രൺജി പണിക്കർ എന്നിവരുടെ കഥാപാത്രങ്ങൾ?

ചാക്കോച്ചൻ– ശാമിലിയെക്കാളുപരി ഏകദേശം 30 കാരക്ടേഴ്സോളം വരുന്ന ഒരു സിനിമയാണ്. ഇതിൽ പ്രധാന കഥാപാത്രങ്ങളാണ് മനോജേട്ടൻ, രൺജി പണിക്കർ സാർ, സുരേഷ് കൃഷ്ണ, മിയ, കിച്ചു( കൃഷ്ണ ശങ്കർ– പ്രേമത്തിലെ കോയ) എന്നിവർ.

ഒരു ബ്രേക് എന്നു മനോജേട്ടന് പറയാൻ പറ്റുന്ന തരത്തിലുള്ള ഒരു കാരക്ടറാണ് ചിത്രത്തിലേത്. നീർ എന്നാണ് കാരക്ടറിന്റെ പേര്. ഇത് ഒരു ഉറുമ്പിന്റെ പേരാണ്. ഏതു മരത്തിലും അള്ളിപ്പിടിച്ചു കയറുന്ന ഒരു വേഷമാണ്. ഒരു റഫ് ആൻഡ് ടഫ് കാരക്ടർ.

sooraj സംഗീതസംവിധായകൻ സൂരജ് എസ് കുറുപ്പ്

രൺജി പണിക്കർ സാർ ചെയ്യുന്നത് മാധവൻ നായർ എന്ന കഥാപാത്രമാണ്. അവിടുത്തെ ടാക്കീസ് ഉടമയാണ്. അവിടുത്തെ പ്രൊജക്ടർ ഓപ്പറേറ്ററാണ് ചാക്കോച്ചൻ. ഇപ്പോൾ രൺജി പണിക്കർ സാറിനെ നമ്മൾ വളരെ വ്യത്യസ്തമായി കണ്ടത് ജേക്കബിന്റെ സ്വർഗരാജ്യത്തിലാണ്. അതിലും വ്യത്യസ്തമായി, തികച്ചും വ്യത്യസ്തമായൊരു മൂഡിലും പാറ്റേണിലുമാണ് സാറിനെ ഇതിൽ കാണാൻ സാധിക്കുന്നത്. വളരെ കാം ആൻഡ് ക്വയറ്റ് ആയിട്ടുള്ള കാരക്ടർ. അദ്ദേഹത്തിന്റെ സിനിമകളിലേതു പോലെ അതിഗംഭീര ഡയലോഗുകൾ പറയുന്നില്ല. ഇവരുടെ രണ്ടു പേരുടെയും വളരെ വ്യത്യസ്തമായ ഒരു മുഖം ഈ സിനിമയിലുണ്ട്. ചാക്കോച്ചന്റെ ഗോഡ് ഫാദേഴ്സ് ആയിട്ടാണ് ഇവർ വരുന്നത്. രണ്ടു തലമുറകൾ തമ്മിലുള്ള ബന്ധവും വരുന്നുണ്ട്.

suresh

സുരേഷേട്ടന്റെ അടുത്ത് ഞാൻ ഈ സിനിമയുടെ കഥ പറയാൻ ചെല്ലുന്ന സമയത്ത് ഞാൻ പറഞ്ഞു എനിക്കു പഴയ സുരേഷേട്ടനെ അല്ല വേണ്ടത്, എനിക്ക് ഇഷ്ടപ്പെടുന്ന, ഞാൻ കാണാൻ ആഗ്രഹിക്കുന്ന എന്റെ കാരക്ടറായിട്ടുള്ള ഭഗവാനെയാണ് ഞാൻ സുരേഷേട്ടനിൽ കാണുന്നതെന്നു പറഞ്ഞു. നീ പറ, ഞാൻ ചെയ്യാമെന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. ഡിസൈനർ സ്കെച്ച് ചെയ്ത ഡിസൈൻ കാണിച്ചു കൊടുത്തപ്പോൾ ആദ്യം ഒന്നും മിണ്ടിയില്ല. ഒന്നു നോക്കി നിന്നു. കാരണം മുടി മുഴുവൻ വടിക്കണം, താടി എടുക്കണം. നോക്കിയിട്ട് അദ്ദേഹം ചെയ്യാമെന്ന് അപ്പോൾ തന്നെ പറയുകയായിരുന്നു. ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹം ആറോ ഏഴോ ചിത്രങ്ങൾ വേണ്ടെന്നു വച്ച. കാരണം മുടിയില്ല, താടിയില്ല. എന്തിന് വീട്ടിൽ പോലും കയരാൻ പറ്റുന്നില്ല ഭാര്യ ചീത്ത പറയുന്നു. ഭഗവാൻ തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു കാരക്ടരായിരിക്കും.

വള്ളീം തെറ്റി പുള്ളീം തെറ്റി റിഷിയുടെ ആദ്യ ചിത്രമാണ്. ചിത്രം തിയേറ്ററുകളിലേക്കെത്തുന്നു. ആദ്യ ചിത്രത്തിന്റെ ഒരു എക്സ്പീരിയൻസ്?

അതു പറഞ്ഞു തന്നെ അറിയിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം അതിന്റെ ഫൈനൽ മിക്സ് കഴിഞ്ഞു. ഒൻപതു റീലുകളാണുള്ളത്. ഒൻപതാമത്തെ റീലും കണ്ടു കഴിയുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സന്തോഷം, അല്ലെങ്കിൽ നമ്മുടെ കണ്ണു നിറയുക, അതു തന്നെയാണ് ഇതിന്റെ ഒരു എക്സ്പീരിയൻസ്. അഞ്ചു വർഷത്തെ ഒരു യാത്ര ആയിരുന്നു ഈ ചിത്രം. ആ യാത്ര അവസാനിച്ചിരിക്കുന്നു. ഇനി ജനങ്ങളുടെ ഇടയിലേക്കാണ് ഈ യാത്ര തുടരുക.

rishi-lakshmi ലക്ഷ്മിയും റിഷിയും

ചിത്രം റിലീസ് ആകുന്നതിനു മുൻപ് മറ്റൊരു സന്തോഷം തേടിയെത്തി, വിവാഹവും കഴിഞ്ഞു

ശരിക്കും കല്യാണം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്നതല്ല. അങ്ങനെ നടന്നു പോയതാണ്. പലരും പറയുന്നുണ്ട് ഇതൊരു പ്രമോഷനാക്കിയിട്ടുണ്ടല്ലോ എന്ന്. കല്യാണ തീയതി നേരത്തേ തീരുമാനിച്ചതായിരുന്നു. വിവാഹത്തിനു മുൻപ് ചിത്രം റിലീസ് ചെയ്യണമെന്നു വിചാരിച്ചിരുന്നതാണ്. പക്ഷേ നടന്നില്ല.

Your Rating: