Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപരന്റെ മരണം ആഘോഷിക്കുന്ന മനോരോഗികളാണ് ഇതിന് പിന്നിൽ: സലിംകുമാർ

salim-kumar

ആരോ അയച്ചു ഞാനതു ഫോർവേഡ് ചെയ്തു എന്നാണ് എല്ലാവരും പറയുന്നത്. ഒരാളുടെ മരണവാർത്ത തെറ്റാണെന്നറിഞ്ഞിട്ടും കൈമാറുന്നത് എന്തു ധാർമികതയാണ്? ജഗതി ശ്രീകുമാറിന്റെ വ്യാജ മരണവാർത്ത പ്രചരിച്ചതിന്റെ പശ്ചാത്തലത്തിൽ മുൻപ് ഇതേ ക്രൂരതയ്ക്കിരയായ നടൻ സലിംകുമാർ ചോദിക്കുന്നു.

അപരന്റെ മരണം ആഘോഷിക്കുന്ന മനോരോഗികളാണ് വ്യാജമരണവാർത്തകൾക്കു പിന്നിൽ. ഇത്തരം വാർത്തകൾ പരത്തുന്നവർ കൊലപാതകികളാണ്.ഞാൻ മരിച്ചോ എന്നു ചോദിച്ച് എനിക്കു ഫോൺ വരുന്ന കാലമാണിത്. എനിക്കു ശേഷം മലയാള സിനിമയിലെ പലരെയും കൊന്നു. ഇപ്പോൾ ജഗതിച്ചേട്ടനെതിരെ വാർത്ത പരത്തുന്നു.

പലപ്പോഴും ഇത്തരം വാർത്തകൾ ആദ്യം പടരുന്നത് വിദേശത്തുനിന്നാണെന്ന് എനിക്കു ചിലപ്പോൾ തോന്നിയിട്ടുണ്ട് . കാരണം ആദ്യം ഫോൺ വരുന്നത് വിദേശത്തുനിന്നാണ്... ജഗതിച്ചേട്ടന്റെയും എന്റെയും കാര്യത്തിൽ ആദ്യം എനിക്കു ഫോണുകൾ വന്നത് അവിടെനിന്നാണ്. എന്റെ മരണവാർത്ത സംബന്ധിച്ച് വാട്സാപ് സന്ദേശങ്ങൾ വ്യാപകമായപ്പോൾ എന്റെ ദുബായിലുള്ള സുഹൃത്തുക്കൾ നാട്ടിൽ സൈബർ പൊലീസിൽ പരാതി നൽകി. ഇത്തരം വ്യാജസന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ ആറുമാസത്തിലേറെയായി ഈ പരാതിയിൽ നടപടി ഉണ്ടായിട്ടില്ല.

ഇക്കാര്യത്തിൽ പൊലീസ് എന്ത് അന്വേഷണം നടത്തിയെന്നോ, അന്വേഷണം മുന്നോട്ടുപോകുന്നതിൽ തടസ്സം നേരിട്ടെന്നോ എന്തെങ്കിലുമൊന്ന് അറിയിക്കേണ്ട ബാധ്യതയില്ലേ? ഇത്തരം സന്ദേശങ്ങൾ സൈബർ ലോകത്ത് വെറുതെ പൊട്ടിവീഴുന്നതല്ലല്ലോ. ജഗതിച്ചേട്ടന്റെ കാര്യത്തിൽ മലയാളത്തിലെ പ്രശസ്തമായൊരു ന്യൂസ് ചാനലിന്റെ സ്ക്രീനിന്റെ അതേ പാറ്റേണിൽ ഡിസൈൻ നടത്തി വാർത്ത പോസ്റ്റ് ചെയ്യുകയായിരുന്നു. വിശ്വാസ്യത വരുത്താനുള്ള ഗൂഢമായ നീക്കമല്ലേ ഇത്. ഇതിനുപിന്നിലുള്ളവരെ കണ്ടെത്തുകതന്നെ ചെയ്യണം

നമ്മുടെ സൈബർ പൊലീസ് വെറുതെ ഉണ്ടുറങ്ങി നടക്കുകയാണോ എന്നെനിക്കു തോന്നാറുണ്ട്. ഞാനും സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നയാളാണ്. എനിക്കു സത്യമല്ല എന്നു തോന്നുന്ന ഒരു പോസ്റ്റ് ഞാനൊരിക്കലും മറ്റൊരാൾക്ക് അയയ്ക്കാറില്ല. ആരോ അയച്ചു ഞാനതു ഫോർവേഡ് ചെയ്തുവെന്നാണ് എല്ലാവരും പറയുന്നത്. ശരിയാകാം. എങ്കിലും ഒരാളുടെ മരണവാർത്ത തെറ്റാണെന്നറിഞ്ഞിട്ടും കൈമാറുന്നത് എന്തു ധാർമികതയാണ്?