Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാനൽ വിവാദം; സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നു

santhosh-pandith

നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ ഒരു സ്വകാര്യചാനൽ പരിപാടിയിൽ വിളിച്ചുവരുത്തി അപമാനിച്ചു, കൂട്ടമായി ആക്രമിച്ചുവെന്നുള്ള പോസ്റ്റുകളൊക്കെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ച് സിനിമാ മേഖലയിലുള്ള പലരും രംഗത്തു വന്നിട്ടുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ മനോരമ ഒാൺലൈനോട് വെളിപ്പെടുത്തുകയാണ് സന്തോഷ് പണ്ഡിറ്റ്.

‘മിമിക്രിക്കാർ പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് ഞാൻ കഴിവതും ഒഴിവാകുകയാണ് പതിവ്. നേരത്തേയും ഞാൻ ഇൗ ചാനലിന്റെ മറ്റു പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇത് ഒാണപ്പരിപാടിയാണ്, കൗണ്ടർ പറയലാണ് എന്നൊക്കെ പറ‍ഞ്ഞാണ് എന്നെ ഇൗ പരിപാടിയലേക്ക് വിളിച്ചത്. എന്നാൽ എന്നെ അപമാനിക്കാൻ മനഃപൂർവം ചാർട്ട് ചെയ്ത പ്രോഗ്രാം പോലെയാണ് എനിക്ക് തോന്നിയത്. അമ്പതോളം പേർ ചേർന്ന് എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതുപോലെയായിരുന്നു. എന്നോട് ഏറ്റവും ദേഷ്യമുള്ളവരെ എന്റെ ഏറ്റവും അടുത്തിരുത്തി. എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ ഉണ്ടായിരുന്നുള്ളൂ. അയാൾക്ക് മൈക്ക് കൊടുക്കുന്നുമുണ്ടായിരുന്നില്ല. അവർ പറയുന്നത് ഞങ്ങൾ കോമഡിയാണ് ഉദ്ദേശിച്ചത് എന്നാണ്.

ഞങ്ങൾ 25 വർഷമായി ‍ഇൗ ഫീൽഡിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും തിരിച്ചറിയുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് അവർ പറയുന്നത്. അവരോടൊപ്പം മിമിക്രികളിൽ അഭിനയിക്കാൻ പെൺകുട്ടികളെ ലഭിക്കുന്നില്ല എന്നൊക്കെയാണ് അവർപറയുന്നത്. ഇപ്പോഴും ആണുങ്ങൾ പെൺവേഷം കെട്ടിയാണത്രേ മിമിക്രികളിൽ അഭിനിയിക്കുന്നത്. അതിനു ഞാൻ എന്തുചെയ്യണം? സന്തോഷം പണ്ഡിറ്റിന്റെ സ്വഭാവം നല്ലതാണ്. അതുകൊണ്ടാണ് പെൺകുട്ടികൾ എന്നോടൊപ്പം അഭിനയിക്കാൻ തയ്യാറാകുന്നത്. ഞാൻ ആരെയും അനുകരിക്കുന്നില്ല. എനിക്ക് എന്റേതായ സ്റ്റൈൽ ഉണ്ട്. അവർ മോഹൻലാലിനേയും മമ്മൂട്ടിയേയും അനുകരിച്ചാണ് ജ‍ീവിക്കുന്നത്.

ഞാൻ സിനിമയെടുത്താൽ അത് ഇഷ്ടമുള്ളവർ കണ്ടാൽ മതി. എന്നെ വിമർശിക്കുന്നവർ എന്റെ സിനിമ കാണണ്ട . അല്ലാതെ താൻ എന്തിനാടോ സിനിമ എടുത്തത് എന്നു ചോദിക്കാൻ അവർക്ക് അവകാശമില്ല. ഇൗ പറയുന്നവർക്ക് ഒരു അഞ്ച് മിനിറ്റ് ഡോക്യുമെന്ററി എടുക്കാനുള്ള ധൈര്യം പോലുമില്ല. എന്നെ വിരൂപൻ എന്നുവരെ വിളിച്ചു.

നിരാശരായ മിമിക്രിക്കാരെ വച്ചുള്ള ഷോയായിരുന്നു ഇത്. അവരുടെ നിരാശയെ മുതലെടുത്തുള്ള പരിപാടിയായിരുന്നു അത്. എന്നെ ഒറ്റപ്പെടുത്തി എന്നുള്ളതിന് എന്റെ കയ്യിൽ തെളിവില്ല. അവർ ചാനൽ റേറ്റിങ് കൂട്ടാൻ വേണ്ടി എന്നെ പ്രകോപിപ്പിക്കുകയും പ്രമോയിൽ ഇതുൾപ്പെടുത്തി ചാനൽ റേറ്റിംഗ് കൂട്ടുകയുമാണ് ചെയ്തത്. മിമിക്രിക്കാരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ പരിപാടിക്ക് പോകുമായിരുന്നില്ല. ഒരു ഉച്ചഭക്ഷണത്തിന് വേണ്ടിയാണ് മിമിക്രിക്കാർ ഇത്തരത്തിൽ തരം താണത്. എല്ലാ മിമിക്രി താരങ്ങളും ഇത്തരക്കാരല്ല. പേരും പ്രശസ്തിയുമുള്ള ഒട്ടേറെ നല്ല ആർട്ടിസ്റ്റുകളുണ്ട്.

പല ചാനലുകളുമായും എനിക്ക് ബന്ധമുണ്ട്. അതുകൊണ്ടാണ് അവർ വിളിക്കുമ്പോൾ പോകുന്നത്. പിന്നെ എന്റെ സിനിമയുടെ പ്രമോഷനും എനിക്ക് പ്രധാനമാണ്. നീലിമ നല്ലകുട്ടിയാണ് എന്ന എന്റെ പുതിയ ചിത്രം ഇൗ മാസം അവസാനം റിലീസ് ആകും, സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. 

Your Rating: