Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ അച്ഛനും മകനും നീന്തൽ പഠിച്ചു

sudheesh-rudraksh

‘അനന്തര’ത്തിൽ അഭിനയിക്ക‌ാൻ തിരഞ്ഞെടുക്കപ്പട്ടപ്പോൾ സംവിധായകൻ അടൂർ ഗോപാലക‍ൃഷ്ണൻ സുധീഷിനോട‌ു പറഞ്ഞു: നീന്തൽ പഠിക്കണം.30 വർഷം കഴിഞ്ഞു സുധീഷിന്റെ മകൻ രുദ്രാക്ഷ് ,‘കൊച്ച‌‌ൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’യിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ സിദ്ധാർഥ‌് ശിവ പറഞ്ഞതു‌ം അതു തന്നെ: നീന്തൽ പഠിക്കണം. അനന്തരം, അച്ഛനും മകനും നീന്തൽ പഠിച്ചു.

രുദ്രാക്ഷ്, നീന്തൽ പഠിച്ച് അഭിനയിക്കാൻ തുടങ്ങിയപ്പേഴല്ലേ പറയുന്നത് ‘ഇനി ഡൈവിങും പഠിക്കണം’. തിരുവനന്തപുരത്ത‌‌ു ചെന്ന് അങ്ങനെ ഡൈവിങും പഠിച്ചു. ‘ഭയങ്കര ട്രെയ്നിങ്ങായിരുന്നു. ആദ്യമൊക്കെ പേടിയായിരുന്നു. പിന്നെ പേട‌ിയെല്ലാം പോയി. പക്ഷേ ഞാൻ കറുത്തു മെലിഞ്ഞു പോയി’–രുദ്രാക്ഷ്.

അതിനൊരു ഗുണം കിട്ടി. മെലിയണമെന്നു സംവിധായകനും പറഞ്ഞിരുന്നു.‘ ഭക്ഷണവും കുറച്ചു.ചിക്കനൊക്കെ കഴിക്കാൻ പറ്റിയില്ല...അല്ലാ... അതിലൊന്നും വിഷമമില്ല...പിന്നെ എല്ലാവരും കഴിക്കുമ്പോ...ഞാൻ മാത്രം കഴിക്കാതെയിരിക്കുമ്പോ...ഒരു...പ്രയാസം’

കോഴിക്കോട് സിൽവർ ഹിൽ ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണു രുദ്രാക്ഷ്.അഞ്ചിലെത്തുന്നതു വരെ സ്കൂളിൽ കലാമേളയിൽ ഗ്ര‌ൂപ്പ് ഐറ്റങ്ങളിൽ കുട്ടികളെല്ലാം പങ്കെടുക്കണം. അങ്ങനെ ചിലതിനു സ്റ്റേജിൽ കയറിയിട്ടുണ്ട്. മുത്തച്ഛന്റെ (സുധീഷിന്റെ അച്ഛൻ) ഒടുവിലെ നാടകമായ ‘വൃദ്ധവൃക്ഷങ്ങ‌’ളിൽ ‘അഭിനയിക്കാത്ത അഭിനയം’ കാഴ്ചവച്ചു രുദ്രാക്ഷ്.


സംഭവം ഇങ്ങനെയാണ്: സ്റ്റേജിൽ നാടകം നടക്കുന്നതിനിടയിൽ കാണികൾക്കിടയിലിരുന്നു കുട്ടി കരയണം. അപ്പോൾ സ്റ്റേജിൽ നിന്ന‌ു കഥാപാത്രം ഇറങ്ങിവന്ന‌ു കുട്ടിയെ ആശ്വസിപ്പിക്കും. ആ കുട്ടിയായിരുന്നു രുദ്രാക്ഷ്– നാടകം കണ്ട പലരും ഇതു നാടകത്തിന്റെ ഭാഗമാണെന്ന‌് അറിഞ്ഞില്ല.

ഇത്രയൊക്കയെ ഉള്ളൂ അഭിനയ പരിചയം. എങ്കിലും ഷ‌ൂട്ടിങ്ങിന‌ു സഭാകമ്പമൊന്നും ഉണ്ടായില്ല. ‘ ഞാനൊന്നും പറഞ്ഞു കൊടുത്തില്ല. ചിരിക്കുമ്പോൾ അങ്ങനെ വേണം, ദേഷ്യം വരുമ്പോൾ ഇങ്ങനെ വേണം എന്നൊന്ന‌ും പറഞ്ഞ‌ില്ല. വെറുതെ ടെൻഷൻ ആക്കേണ്ട, അപ്പോൾ വരുന്നതു പോലെ ചെയ്യട്ടേ എന്നു കരുതി’ –സുധീഷ്

രുദ്രാക്ഷ‌ിന‌ു സ്പോർട്സിൽ വലിയ താത്പര്യമില്ല: ‘ഞാൻ പടം വരയ‌്ക്കും...കുറെ സമ്മാനമൊക്കെ കിട്ടിയിട്ടുണ്ട്. അമ്മ (ധന്യ) നന്നായി വരയ്ക്കും.’ ഒരു അനുജനുണ്ടു രുദ്രാക്ഷിന്– മാധവ്.

രുദ്രാക്ഷ് മൂന്നു തവണ കൊച്ച‌‌ൗവ്വ കണ്ടു. കോഴിക്കോട് കൗണിൽ കൂട്ടുകാരുടെ കൂടെയാണു കണ്ടത് ‘അവർക്കെല്ലാം ഇഷ്ടമായി. ഇനിയും കാണുമെന്നു പറഞ്ഞു. പ്രിൻസിപ്പലും കണ്ടു. ചില സീനുകളിൽ കരഞ്ഞുപോയെന്നു പറഞ്ഞു. മമ്മൂക്ക വിളിച്ചു: ‘കോഴിക്കോട്ടുകാരനായ നീ നന്നായി കോട്ടയം ഭാഷ പറഞ്ഞല്ലോ എന്നു പറഞ്ഞു’

ഇനിയും അഭിനയിക്കാൻ ഇഷ്ടമാണ് രുദ്രാക്ഷിന്. ‘കുറെ ദിവസങ്ങൾ ലൊക്കേഷനിൽ കഴിഞ്ഞല്ലോ. അതിന്റെ ബുദ്ധിമുട്ടുകൾ അവനു നേരിട്ട് അറിയാനും പറ്റി. ഇതിനേക്കാൾ പ്രയാസമായിരിക്കാം മറ്റു ലൊക്കേഷനുകൾ എന്നു ഞാൻ അവനോട് പറഞ്ഞു. ഒരു കുഴപ്പവുമില്ല. എനിക്കിഷ്ടമാണെന്നാണ് അവൻ പറയുന്നത്. നമ്മുടെ ഫീൽഡായിരിക്കും ഇവന്റേതും എന്നാണു തോന്നുന്നത്’ അച്ഛൻ ചിരിക്കുന്നു. ‘വന്നാൽ ഇവനൊരു മുതൽക്കൂട്ടായിരിക്കും’ എന്നു സിനിമ കണ്ടവരും പറയുന്നു.

Your Rating: