Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻപായിരുന്നെങ്കിൽ പൃഥ്വി നോ പറഞ്ഞേനെ: സുജിത് വാസുദേവ്

prithvi-sujith പൃഥ്വിരാജ്, സുജിത് വാസുദേവ്

പ്രേക്ഷക മനസ്സുകളുടെ ഉള്ളറയിൽ എവിടെയോ തൊടാൻ ശ്രമിക്കുന്ന സിനിമയാണു ജയിംസ് ആൻഡ് ആലീസ്. പുതുതലമുറയ്ക്കു പ്രിയപ്പെട്ട വേഗമല്ല, കണ്ണു നിറയ്ക്കുന്ന, പ്രിയപ്പെട്ടവരെ ഒരൽപ്പം കൂടി നെഞ്ചോടു ചേർക്കാൻ പ്രേരിപ്പിക്കുന്ന ചിലതൊക്കെ ഈ സിനിമയിലുണ്ട്. സംവിധായകൻ സുജിത് വാസുദേവിന്റെ ഉള്ളിൽ ഏഴു വർഷം മുൻപു രൂപപ്പെട്ടതാണ് ഈ സിനിമ. ഛായാഗ്രാഹകനായി ശോഭിച്ചിരുന്ന സുജിത് വാസുദേവ് ആദ്യ സംവിധാന സംരംഭമായ ജയിംസ് ആൻഡ് ആലീസിനെക്കുറിച്ച്–

സംവിധാനമെന്ന മോഹം

ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കുമ്പോഴും സംവിധാന മോഹം ഉള്ളിലുണ്ടായിരുന്നു. പല സംവിധായകരുടെയും ഒപ്പം നിന്നു കാര്യങ്ങൾ പഠിച്ചെടുത്തു. സംവിധാനം ചെയ്യാനുള്ള കഥയും എനിക്കൊപ്പം തന്നെ പരുവപ്പെട്ടു വന്നതാണ്. 2009ലാണു ജയിംസ് ആൻഡ് ആലീസിന്റെ കഥ രൂപപ്പെട്ടത്. ഭാര്യ മഞ്ജു പിള്ളയോടും അടുത്ത സുഹൃത്തുക്കളോടുമെല്ലാം പങ്കുവച്ചു. എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു, ആദ്യം മുതൽ തന്നെ. പലരുമായുള്ള ചർച്ചയിലൂടെയും മറ്റും പരുവപ്പെട്ടാണു സിനിമയുടെ രൂപത്തിലെത്തിയത്. ഏഴു വർഷം മുൻപുണ്ടായ കഥയാണെങ്കിലും അതു പെട്ടെന്നു സംവിധാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയമെടുത്ത് അതിലേക്ക് എത്തുന്നതാണു നല്ലതെന്നു മനസ്സിലാക്കിയിരുന്നു.

എന്റെ സിനിമ ശക്തമാണ്

ഇപ്പോഴത്തെ പതിവു സിനിമകളുടെ പാറ്റേണല്ല ജയിംസ് ആൻഡ് ആലീസ്. സത്യത്തിൽ ഒരു ക്ലീഷേയാണ് ഞാൻ പറഞ്ഞിരിക്കുന്നത്. അതിൽ ഒരുപാടു സങ്കീർണതകളുമുണ്ട്. പലരും എന്നോടു പങ്കുവച്ച ജീവിതമാണു സിനിമയായി മാറിയിരിക്കുന്നത്. ഇന്നു പല വിവാഹമോചനങ്ങളുടെയും പിന്നിലെ കാര്യം വളരെ ലളിതമായിരിക്കും. പക്ഷേ, ഭാര്യയ്ക്കും ഭർത്താവിനും പറയാനുണ്ടാകും ഏറെ ന്യായങ്ങൾ. ഇതെല്ലാം എന്റെ സിനിമയിലുണ്ട്. ഭാര്യ, ഭർത്താവ്, അവരുടെ മാതാപിതാക്കൾ, പ്രണയം, പിന്നീടു ജീവിതത്തിലേക്കുള്ള ചുവടുമാറ്റം, അപ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ. ഇതെല്ലാമാണ് എന്റെ സിനിമയിലുള്ളത്. മുൻപു പലരും പറഞ്ഞിട്ടുള്ളത്. പക്ഷേ, അതിനെ വ്യത്യസ്തമായി, മറ്റാരും പറയാത്ത കഥയായി അവതരിപ്പിക്കാനാണു ഞാൻ പരിശ്രമിച്ചത്. അതിൽ വിജയിച്ചുവെന്നു സിനിമ കണ്ടവർ നൽകുന്ന അഭിപ്രായങ്ങൾ തെളിയിക്കുന്നു.

പരിചിതമായ ഒരു ശബ്ദം

ചിത്രത്തിൽ സിജോയ് വർഗീസ് അഭിനയിച്ചിരിക്കുന്ന കഥാപാത്രത്തിനു ശബ്ദം പകർന്നിരിക്കുന്നതു നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ്. എന്നോടും പൃഥ്വിരാജിനോടുമുള്ള ബന്ധത്തിന്റെ പേരിലാണ് അനൂപ് അതിനു സമ്മതം മൂളിയത്. അഭിനയിക്കാത്ത ഒരു ചിത്രത്തിലും വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തിന് അദ്ദേഹം ശബ്ദം നൽകിയിട്ടില്ല. ആലീസ് ആൻഡ് ജയിംസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണത്. ശബ്ദത്തിലൂടെയാണ് ആ രൂപം ആദ്യമായി എത്തുന്നതു തന്നെ. അതുകൊണ്ടു കാഴ്ചക്കാർ പെട്ടെന്നു തിരിച്ചറിയുന്ന ഒരു ശബ്ദം വേണമെന്നു തീരുമാനിച്ചിരുന്നു. അങ്ങനെയാണു അനൂപ് മേനോനോട് ആവശ്യം പങ്കുവയ്ക്കുന്നത്.

കഥ പൂർണമായി അറിയാതെയാണ് അനൂപ് ശബ്ദം നൽകിയത്. പക്ഷേ, ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന് ഈ കഥാപാത്രവുമായുള്ള ബന്ധം ശക്തമായി. ശബ്ദം നൽകിയ ശേഷം മുഴുവൻ ഒന്നുകൂടി ചെയ്യാമെന്ന് അദ്ദേഹം നിർദേശിച്ചു. നോക്കാമെന്നു മറുപടി നൽകി ഞാൻ മടങ്ങിയ ശേഷം അദ്ദേഹം മുഴുവൻ സീനുകളും വീണ്ടും കണ്ടു. പിന്നീടു വീണ്ടും ശബ്ദം നൽകി. ആ കഥാപാത്രം കൂടുതൽ മികവോടെ നിൽക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്.

അനായാസം രണ്ടു ജോലികളും

പതിനഞ്ചിലേറെ സിനിമകളിൽ ഛായാഗ്രാഹകനായി ജോലി ചെയ്ത ശേഷമാണു സംവിധാനത്തിലേക്കെത്തിയത്. ആദ്യ സംവിധാനം ചെയ്ത ചിത്രത്തിൽ ഞാൻ തന്നെ ക്യാമറ ചെയ്തപ്പോൾ കരുത്തായത് എന്റെ അസോഷ്യേറ്റ്സും അസിസ്റ്റന്റ്സും ഉൾപ്പെടുന്ന സംഘമാണ്. ജയിംസ് ആൻഡ് ആലീസിനു മറ്റൊരാളാണു ക്യാമറ ചെയ്തിരുന്നെങ്കിൽ എന്റെ മനസ്സിലുള്ളതു കൃത്യമായി ലഭിക്കുമായിരുന്നോ എന്നു സംശയമുണ്ട്. ചിത്രത്തിന്റെ കഥയുടെ പ്രത്യേകത കൊണ്ടാണത്. ഉള്ളിലുള്ളതു പറഞ്ഞു മനസ്സിലാക്കാൻ സാധിക്കാതെ വന്നേക്കുമെന്ന ചിന്ത കാരണം സ്വയം ക്യാമറ ചെയ്യുകയായിരുന്നു. അഞ്ചു വർഷത്തിലേറെ നീണ്ട ഹോം വർക്കിനു ശേഷമാണു സിനിമ ചെയ്തത്. കൃത്യമായി കാര്യങ്ങളെല്ലാം പഠിച്ചു ചെയ്യാൻ സാധിച്ചു. അവസാനത്തെ ഒരു സീൻ ചിത്രീകരിച്ചതു റാൻ ഓഫ് കച്ചിലാണ്. ചെറുതെങ്കിലും സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്നാണത്.

മുൻപായിരുന്നെങ്കിൽ നോ

പൃഥ്വിരാജിനോടു പത്തുവ‍ർഷം മുൻപാണ് ഈ കഥ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹം നോ പറയുമായിരുന്നു. പക്ഷേ, ഇന്നു പൃഥ്വി ഒരു ഭർത്താവാണ്, പിതാവാണ്. അതിനു മുൻപൊരു കാമുകനായിരുന്നു. ഇത്തരം അവസ്ഥകളെല്ലാം ശരിക്ക് അനുഭവിക്കുന്ന ആളാകണം ചിത്രത്തിലെ നായകനെന്നു തീർച്ചപ്പെടുത്തിയിരുന്നു. പൃഥിക്ക് ഈ കഥ കൃത്യമായി മനസ്സിലായതും അതേ കരുത്തോടെ സ്ക്രീനിലെത്തിച്ചതും അതുകൊണ്ടാണ്. പ്രണയിച്ചു നടക്കുന്ന കാലത്തു ജീവിതത്തിന്റെ പല യാഥാർഥ്യങ്ങളും ഫീൽ ചെയ്യണമെന്നില്ല. ഒരു മുതിർന്ന ആളുടെ ആവശ്യം വീട്ടിലെന്തിനാണ് എന്നൊക്കെ മനസ്സിലാക്കാൻ അപ്പോൾ പ്രയാസപ്പെടും. പൃഥ്വിക്കു ഞാൻ കഥ പറഞ്ഞപ്പോൾ എന്താണ് ഉദ്ദേശിക്കുന്നതെന്നു കൃത്യമായി മനസ്സിലായി, അതു കൃത്യമായി സ്ക്രീനിലെത്തിക്കാനും സാധിച്ചു.

നല്ലപാതിയുടെ കരുത്ത്

സിനിമയുടെ ആദ്യഘട്ടം മുതൽ ഭാര്യ മഞ്ജുപിള്ള ഒപ്പമുണ്ട്. ആദ്യം കഥ പങ്കുവച്ചതു മഞ്ജുവിനോടാണ്. കൃത്യമായ അഭിപ്രായങ്ങൾ മഞ്ജു നൽകിയിരുന്നു. ആ കരുത്തിലാണു സിനിമയുമായി മുന്നോട്ടു പോയത്. സിനിമയിൽ ഒരു വേഷത്തിൽ മഞ്ജുവും എത്തിയിട്ടുണ്ട്. സിനിമ പുറത്തിറങ്ങിയ ശേഷം ഒട്ടേറെപ്പേർ വിളിച്ചു. പലരുടെയും ജീവിതത്തിൽ ചെറിയ അത്ഭുതങ്ങളും സിനിമ കാരണം സംഭവിക്കുന്നു. ഓരോ ദിവസവും ഇത്തരം അനുഭവം കേൾക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ഒരാൾ ഫോണിൽ വിളിച്ചു. ഹോസ്റ്റലിൽ നിന്നാണു മകൾ പഠിക്കുന്നത്. മകളെ ശരിയായി സ്നേഹിക്കാൻ സാധിച്ചില്ലെന്ന വേദന സിനിമ കണ്ടശേഷം അദ്ദേഹത്തിനുണ്ടായി.

നാലു വർഷം മകളുമായി ദേഷ്യത്തിൽ കഴിഞ്ഞിരുന്ന ഒരമ്മ സിനിമ കണ്ട ശേഷം മകളെ ഫോണിൽ വിളിച്ചു. ഇത്തരം സംഭവങ്ങൾ ദിവസവും കേൾക്കുന്നു. അനാർക്കലി, ദൃശ്യം, മെമ്മറീസ്, സെവൻത് ഡേ, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ ചിത്രങ്ങളിൽ ഛായാഗ്രാഹകനായിരുന്ന സുജിത് വാസുദേവ് നാദിർഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലും ഛായാഗ്രാഹകനാണ്. സംവിധായകനാകുന്ന അടുത്ത ചിത്രത്തിന്റെ കഥാ ചിന്ത തുടങ്ങിയെന്നും സുജിത് പറയുന്നു.

Your Rating: