Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം പൃഥ്വി, ഇനി നിവിനൊപ്പം ടോണി ലൂക്ക്

tony-luke

ജീത്തു ജോസഫിന്റെ ഊഴം സിനിമയിലെ ആൻഡ്രൂ മാർക്കസ്, കഥാപാത്രത്തിന്റെ പേരുപോലെ തന്നെയാണ് ആളെകണ്ടാലും ഒരു ഹോളിവുഡ് ടച്ച്. എന്നാൽ ആൾ ഹോളിവുഡും ബോളിവുഡുമൊന്നുമല്ല അസൽ ചങ്ങനാശേരിക്കാരനാണ് ന്യൂജനറേഷന്റെ ഹരമായി മാറിയ ഈ ചുള്ളൻ പയ്യൻ. മോഡലിങ്ങിലൂടെ മലയാളസിനിമയിലേക്ക് ചുവടുവച്ച ചങ്ങനാശേരിക്കാരൻ ടോണി ലൂക്കിന്റെ വിശേഷങ്ങൾ.

രാജ്യാന്തര മോഡലിങ്ങിൽ നിന്നും മലയാളസിനിമയിലേക്ക് എങ്ങനെയാണ് എത്തിയത്?

2014ൽ ഞാനൊരു ഷോർട്ട്ഫിലിംമിൽ അഭിനയിച്ചിരുന്നു. ആ ഫിലിം ഇറ്റലിയിൽ നടന്ന ഷോർട്ട് ഫിലിം മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു. ആദ്യമായിട്ടാണ് ഞാൻ എന്നെ 70എംഎം സ്ക്രീനിൽ കാണുന്നത്. അതുകഴിഞ്ഞാണ് ഞാൻ എന്റെ ഫോട്ടോകളും പ്രൊഫൈലും മലയാളത്തിലുള്ള സംവിധായകർക്ക് അയച്ചു. എനിക്ക് മലയാളത്തിൽ തന്നെ തുടങ്ങണമെന്നുണ്ടായിരുന്നു. ലോകത്തിലെ തന്നെ മികച്ച സിനിമാ ഇൻഡസ്ട്രിയാണ് മലയാളം. 2014 അവസാനമാണ് ജീത്തുചേട്ടൻ എന്നോട് ആൻഡ്രുവിനെക്കുറിച്ചു പറയുന്നത്. പ്രാധാന്യമുള്ള കഥാപാത്രമാണ് നന്നായി ചെയ്താൽ മാത്രമേ റോൾ തരാൻ പറ്റൂ എന്ന് ചേട്ടൻ പറഞ്ഞിരുന്നു. ഏതായാലും ഓഡിഷൻ ഭംഗിയായി ചെയ്തതോടെ ആൻഡ്രു ആകാനുള്ള നറുക്ക് എനിക്ക് വീണു.

tony-luke-1

മോഡലിങ്ങ് റാംപിൽ നിന്നും മലയാള സിനിമാലൊക്കേഷനിൽ എത്തിയപ്പോഴുള്ള വ്യത്യാസം എന്തൊക്കെയായിരുന്നു?

18–ാം വയസ്സിൽ ബെംഗളൂരുവിൽ ബിടെക്കിനു പഠിക്കുമ്പോൾ തുടങ്ങിയതാണ് മോഡലിങ്. പതിനാലുവർഷമായിട്ട് മോഡലിങ്ങ് രംഗത്തുണ്ട്. ഒരുപാട് കൊമേഷ്യലുകളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് ക്യമാറയ്ക്ക് മുമ്പിൽ നിൽക്കാൻ പേടിയൊന്നുമില്ലായിരുന്നു. പിന്നെ ന്യൂസിലൻഡിൽവച്ച് ലൈഫ് ഓഫ് ജോസുകുട്ടിയുടെ ഷൂട്ടിങ്ങ് നടക്കുമ്പോൾ ജീത്തുചേട്ടന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. അന്ന് ക്രൂവിനെ മുഴുവൻ പരിചയപ്പെട്ടിരുന്നു. ദിലീപേട്ടൻ ചെയ്യുന്നതൊക്കെ അന്ന് നോക്കി പഠിച്ചിരുന്നു. അതുകൊണ്ട് അപരിചിതത്വമൊന്നുമില്ലായിരുന്നു.

ഊഴത്തിന്റെ സെറ്റ് നല്ല ജോളിയായിരുന്നു. രാജുവേട്ടനും (പൃഥ്വിരാജ്), ജീത്തുചേട്ടനുമൊക്കെ സഹതാരങ്ങളെ മാക്സിമം കൂളാക്കാൻ നോക്കുമായിരുന്നു. എന്റെ സീനൊക്കെ തുടങ്ങിയത് ഇരുപത്തിയൊന്നാം തീയതിയാണ്. എന്നാലും അതിനുമുമ്പേ ഞാൻ സെറ്റിലെത്തിയിരുന്നു. രാജുവേട്ടൻ ചെയ്യുന്നതൊക്കെ ഒബ്സർവ്വ് ചെയ്യുമായിരുന്നു.

tony

ഞാനൊരു പുതിയ ആളല്ലേ, ആ ഒരു പരിഗണന എന്നും അദ്ദേഹം തരുമായിരുന്നു. വളരെ വിനയമുള്ള ആക്ടറാണ് പൃഥ്വിരാജ്. ഡിന്നറിനൊക്കെ ഞങ്ങൾ പുതുമുഖുങ്ങളെ ക്ഷണിക്കും, ഞങ്ങളോടൊപ്പമിരുന്ന് തമാശപറയും അങ്ങനെ നല്ല രസമായിരുന്നു ഊഴത്തിന്റെ സെറ്റ്.

ആൻഡ്രൂ മാർക്കസ് എന്ന കഥാപാത്രമാകാൻ എന്തൊക്കെ ഹോംവർക്ക് ചെയ്തു?

ആൻഡ്രുവിന്റെ പോലെ തന്നെയുള്ള സ്വഭാവമുള്ള കുറച്ചുപേരെ എനിക്ക് അറിയാം. അതിലൊരാൾ എന്റെ സുഹൃത്താണ്. ആൻഡ്രുവിന്റെ അത്രമോശം അല്ല, എങ്കിലും അൽപ്പം ഇറിറ്റേറ്റിങ്ങ് സ്വഭാവം അവനുമുണ്ട്. അവനും ആൻഡ്രുവിന്റെ പോലെ കോടീശ്വരനാണ്. അവന്റെ ചില മാനറിസമൊക്കെ ഞാൻ നോക്കി പഠിച്ചിരുന്നു. അത് ആൻഡ്രുവായി മാറാൻ ഒരുപാട് സഹായിച്ചിരുന്നു. അതോടൊപ്പം മുരളീമേനോൻ സാറിന്റെ തീയറ്റർ വർക്ക്ഷോപ്പിലും ഞാൻ പങ്കെടുത്തിരുന്നു. അതിൽ ആൻഡ്രു കോട്ട് ധരിക്കുന്ന രീതിയൊക്കെ എന്റെ സ്വതസിദ്ധമായ സ്റ്റൈലാണ്.

മോഡലിങ്ങിലേക്ക് എത്തുന്നതെങ്ങനെയാണ്?

18–ാം വയസ്സിൽ ബെംഗളൂരുവിൽ ബിടെക്കിനു പഠിക്കുമ്പോൾ തുടങ്ങിയതാണ് മോഡലിങ്. ഇന്ത്യൻ ഫാഷൻ വീക്കിൽ പങ്കെടുത്തു മികച്ച മോഡലായി. ബി.ടെക്ക് പഠനത്തിന് ശേഷം ഞാൻ ലണ്ടനിൽ പോയി ഉപരിപഠനത്തിന്. അവിടെവച്ചാണ് എനിക്ക് മിലാന്റെ ഒരു ഏജൻസി കിട്ടുന്നത്. 2014 വരെ അവരായിരുന്നു എന്റെ ഏജൻസി. അവരുടെ കീഴിൽ 14 രാജ്യങ്ങളിലെ ബ്രാൻഡുകളുടെ അംബാസഡറായി ജോലി ചെയ്തു. പിന്നീട് ക്രിസിയയുടെ (krizia oomo) ബ്രാൻഡ് അംബാസിഡഡറായി. മോഡലിങ്ങ് ഗ്ലാമർ ജോലിയാണ്. എന്നാൽ അതുപോലെ വെല്ലുവിളികളും നിറഞ്ഞതാണ്. ഒരു യുദ്ധംപോലെയാണ് മോഡലിങ്ങ് ഫീൾഡ്. ഇറങ്ങി കഴിഞ്ഞാൽ തിരിഞ്ഞുനോക്കാൻ പാടില്ല.

tony-1

മോഡലിങ്ങിൽ ഇത്രയധികം അനുഭവസമ്പത്തുള്ളയാൾ സിനിമയിലേക്ക് വരാൻ വൈകിയെന്ന് തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ഞാൻ ഈ സമയത്ത് സിനിമയിൽ എത്തണമെന്നാണ് ദൈവനിശ്ചയം. ആ നിശ്ചയമനുസരിച്ച് ഇതുതന്നെയാണ് അനുയോജ്യമായ സമയം. ജീമാറ്റ് എഴുതാൻ തയ്യാറെടുക്കുന്ന സമയത്തായിരുന്നു ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്നത്. അതാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. ഊഴത്തിന് മുമ്പ് ജോഷിസാറിന്റെ ഒരു ക്യാംപസ് സിനിമ ചെയ്തു. അതാണ് ഇനി പുറത്തുവരാനുള്ള ചിത്രം. സിദ്ധാർഥ് ശിവയുടെ നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തമാസം തുടങ്ങും. സിനിമയാണ് ഇപ്പോൾ മനസ്സിൽ. അത് ചെയ്യാനുള്ള യഥാർഥ സമയവും ഇതുതന്നെയാണ്.

കുടുംബവും പഠനവുമൊക്കെ എവിടെയായിരുന്നു?

അച്ഛനും അമ്മയും ചങ്ങനാശേരിക്കാരായിരുന്നു. രണ്ടുപേരും ജോലിയിൽ നിന്നു റിട്ടയർ ചെയ്ത് നാട്ടിൽ തന്നെയുണ്ട്. എനിക്കൊരു ചേച്ചിയുണ്ട്. ചേച്ചി യു.എസിൽ അഭിഭാഷകയാണ്. ചെറിയ ക്ലാസുകൾ പഠിച്ചത് ചങ്ങനാശേരിയിലായിരുന്നു. അതിനുശേഷം ഊട്ടിസ്ക്കൂളിലും നാട്ടിലുമായി ഹൈസ്ക്കൂൾ പഠനം പൂർത്തിയാക്കി. എൻജിനിയറിങ്ങ് ബാംഗ്ലൂരിലായിരുന്നു. അതിന്റെയിടയിലാണ് മോഡലിങ്ങിൽ വരുന്നത്. അതോടെ ഉപരിപഠനം വിദേശത്തേക്കു മാറ്റി.  

Your Rating: