Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ അനുഭവിച്ചറിയാത്ത ‘ഗോഡ്സെ’: വിനയ് ഫോർട്ട്

vinay-godsay

കലാജീവിതത്തിലെ ഏറ്റവും മികച്ച വേഷവുമായാണ് ഇത്തവണ വിനയ് ഫോര്‍ട്ട് പ്രേക്ഷകര്‍ക്കു മുന്നിൽ എത്തുന്നത്. അതും അമ്പരിപ്പിക്കുന്ന മേക്കോവറിൽ. പുതിയ ചിത്രമായ ഗോഡ്സെയിലാണ് രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ മേക്കോവറില്‍ താരം എത്തുന്നത്. നെഞ്ചോട് ചേർത്തുനിർത്തുന്ന ഈ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിനയ് ഫോർട്ട് മനോരമ ഓൺലൈനിൽ സംസാരിക്കുന്നു...

വ്യത്യസ്തമായ പേരും സംഭാഷണങ്ങളും. എന്താണ് ഗോഡ്സേ?

പുതിയ രീതിയിലുള്ള കൊമേഷ്യൽ സിനിമകൾ ചെയ്യുന്നുണ്ടല്ലോ. പക്ഷേ സിനിമയിൽ നമ്മളെ സജീവമാക്കുന്നതും അടയാളപ്പെടുത്തുന്നതും കിസ്മതും ഗോഡ്സെയും പോലുള്ള ചിത്രങ്ങളാണ്. കലാജീവിതത്തിലെ ഏറ്റവും നല്ല വേഷം ഗോഡ്സേയിലുള്ളതെന്നു പറയാം.

എന്തുകൊണ്ടാണ് അങ്ങനെ പറയാനാകുന്നത്

അതിനൊരുപാട് കാരണങ്ങളുണ്ട്. ഒന്ന്, ഞാനും ഈ കാരക്ടറും തമ്മിൽ ഒരു ബന്ധവുമില്ല. ഇത് ഒരു പുതിയ യാത്രയാണ് എനിക്കു തോന്നുന്നത്. മനസിക സംഘർഷവും അപകർഷതയും നിറഞ്ഞ കഥാപാത്രം. ഇയാളെ കാണുകയോ അറിയുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല മുൻപ്. ഞാൻ മദ്യപിക്കാത്തൊരാൾ.

vinay-godsay-1

വെറും വയറ്റിൽ മദ്യപിച്ചു കൊണ്ടു ഒരു ദിനം തുടങ്ങുന്ന ആകാശവാണി അനൗൺസറെയാണു ഗോഡ്‍സേയിൽ അവതരിപ്പിച്ചിരിക്കുന്നത്. എനിക്കു തീർത്തും അന്യമായൊരിടത്ത്, വേറൊരു കാലഘട്ടത്തിൽ, തൊണ്ണൂറുകളുടെ പകുതിയില്‍ നടക്കുന്ന കഥയാണ് ഗോഡ്സേയിലുള്ളത്. തീർത്തും അരാജകവാദിയായൊരാളുടെ കഥ. ഇതൊക്കെയാണെങ്കിലും നല്ല കലാബോധവും ആഴത്തിലുള്ള സാഹിത്യ ബോധവുമുള്ള നല്ല സ്വരവുമൊക്കെയുള്ളയാൾ. ഗാന്ധിസത്തോടു പരമ പുച്ഛമുള്ള അദ്ദേഹം ഗാന്ധിമാർഗം എന്ന പരിപാടി ആകാശവാണിയിൽ അവതരിപ്പിക്കുന്നതോടെ ആ പാതയിലേക്കു വഴിമാറുന്നു. ഷട്ടർ എന്ന ജോയ് മാത്യു സിനിമയിൽ ചെയ്ത സുരയാണ് ഇത്തരത്തിലുള്ള മുൻ അനുഭവം എന്നു വേണമെങ്കിൽ പറയാം.

നമ്മൾ അഭിനയിച്ച ചിത്രങ്ങളിൽ ചിലത് വമ്പൻ ഹിറ്റുകളാകും. പക്ഷേ അഭിനയം നല്ല രീതിയിൽ അനുഭവിക്കുവാന്‍ കഴിയുന്ന സിനിമകൾ കുറവായിരിക്കും. എനിക്കതാണു ഷട്ടറും കിസ്മതും ഗോഡ്സെയുമെല്ലാം....

അത്രയും വ്യത്യസ്തമായ കഥാപാത്രത്തെ എങ്ങനെ സമീപിക്കുവാൻ സാധിച്ചു.

താരതമ്യേന പുതിയൊരു നടനാണു ഞാൻ. ജീവിതത്തിൽ അത്ര ഭയങ്കര അനുഭങ്ങളൊന്നുമില്ലാത്തയാൾ. അങ്ങനെയുള്ളൊരാൾക്കു കഥാപാത്രമായി മാറുവാൻ സംവിധായകന്റെ സഹായം കൂടിയേ തീരു. ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ വച്ച് ഏറ്റവും ബ്രില്യന്റ് ആയ സംവിധായകനാണു ഗോഡ്സേ ചെയ്തത്. ലോക സിനിമകളെ കാണുകയും വിശകലനും ചെയ്യുകയും സംവിധാന രീതികളെ പഠിക്കുകയും ചെയ്തൊരാളാണ്. സിനിമയെ പല തലങ്ങളിൽ നിന്നു നോക്കിക്കാണുന്നൊരാൾ. സിനിമയുടെ എല്ലാ കാര്യങ്ങളും അറിയുന്നൊരാളായിരിക്കണം സംവിധായകൻ എന്നു പറയില്ലേ. അതുതന്നെയാണു ഗോഡ്സേയുടെ സംവിധായകനും. ഒരു സിനിമയെ മുഴുവനായി കാണുന്നത് സംവിധായകനാണല്ലോ. ഞാൻ എന്തെങ്കിലും നന്നായി സിനിമയിൽ ചെയ്തിട്ടുണ്ടെങ്കിൽ അതിനു നല്ല കഴിവുള്ള സംവിധായകന്റെ കയ്യൊപ്പുണ്ട്. ഇവിടെയും അതുപോലെ തന്നെ.

vinay-godsay-2

സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് കണ്ണൂരിലെ താളിക്കാവുള്ള ഒരു ലോഡ്ജിലാണ്. ബംഗാളികളൊക്കെ താമസിക്കുന്ന ലോഡ്ജ് ആണത്. നമുക്ക് പ്രിയങ്കരമായ ലൊക്കേഷനോ കണ്ടു പരിചയിച്ച വമ്പൻ സിനിമാ ഉപകരണങ്ങളോ ഒന്നുമില്ല. സന്തോഷ് മണിക്കോത്ത്, ദിനേശ് നമ്പ്യാർ, പ്രവീൺ എന്നിവർ ചേർന്നു നിർമ്മിച്ച ചിത്രമാണിത്. ആ പരിമിതികളെ അതിജീവിച്ചു ചെയ്തു തീർത്ത ചിത്രം. എന്റെ അഭിനയത്തിന്റെ ഈ വശത്തെ എന്നെ ഇഷ്ടപ്പെടുന്ന ആളുകളിലേക്കെത്തിക്കണമെന്ന ആഗ്രഹമുണ്ട് എനിക്ക്. ഇതുപോലുള്ള സിനിമകള്‍ ചെയ്തില്ലെങ്കില്‍, അതു വിജയിച്ചില്ലെങ്കിൽ നടൻ എന്ന രീതിയിൽ എനിക്കു വളർച്ചയുണ്ടാകില്ല. ഒഴുക്കിലെ ഇലപോലെ അങ്ങനെ നീങ്ങും. നമ്മളും മുരടിച്ചു പോകും. അതുകൊണ്ടാണ് ഗോഡ്സേ എനിക്കു പ്രിയപ്പെട്ട ചിത്രമാണെന്നു പറയുന്നത്.

ഒന്നുമില്ലായ്മയിൽ നിന്നു സിനിമയെടുക്കില്ലേ? അങ്ങനെയൊരു ചിത്രമായിരുന്നു കിസ്മത്. പേരെടുത്ത താരങ്ങളില്ല, തുച്ഛമായ പൈസയായിരുന്നു ബഡ്ജറ്റ്. ഗോഡ്‍സേയും അതുപോലെയാണ്. എനിക്ക് സന്തോഷമുണ്ട് ഇത്തരം സിനിമകൾ ചെയ്യുന്നതിൽ.

vinay-godsay-3

ഗോഡ്സേയെക്കുറിച്ചുള്ള ചിന്താഗതികൾ ട്രെയിലർ ഇറങ്ങിയതോടു കൂടി മാറിയെന്നു തോന്നുന്നു. ആളുകൾ പ്രതീക്ഷിച്ചിരുന്ന ഒരു ചിത്രമേയല്ല. ആരെയും എൻഗേജ് ചെയ്യുന്ന എന്റർടെയ്ൻ ചെയ്യുന്ന ചിത്രം തന്നെയാണു ഗോ‍ഡ്സേ.

എന്തൊക്കെ തയ്യാറെടുപ്പുകളായിരുന്നു കഥാപാത്രമാകുവാൻ?

ഞാൻ പറഞ്ഞല്ലോ എനിക്കൊരു പരിചയവുമില്ലാത്തയാളാണ് ഇതിലെ കഥാപാത്രം. പിന്നെ ഞാൻ ഇതുവരെ മദ്യപിച്ചിട്ടുമില്ല. ആ പുസ്തകം കുറേ പ്രാവശ്യം വായിച്ചു. അതുപോലെ നന്നായി മദ്യപിക്കുന്നരുടെ ശരീര ഭാഷയെന്തെന്നറിയുവാൻ ചെറിയൊരു നിരീക്ഷണ പഠനവും. പിന്നെ സംവിധായകർ പ്രഗത്ഭരാണെങ്കിൽ നമുക്കധികം പണിയില്ലെന്നാണ് എന്റെ അനുഭവം. എന്താണു വേണ്ടതെന്ന് അവരുടെ മനസിൽ കൃത്യമായ ഐഡിയ കാണും. ഇവിടെ അങ്ങനെയായിരുന്നു. വ്യവസ്ഥാപിത സംവിധാന ശൈലി അല്ലായിരുന്നു ഇവിടെ. സംവിധായകന്റെ പക്കൽ പശ്ചാത്തല സംഗീതമടക്കം ഉണ്ടായിരുന്നു. എന്താണ് എന്നിൽ നിന്നു വേണ്ടതെന്നു സംവിധായകനു കൃത്യമായ ചിത്രമുണ്ടായിരുന്നു. ഈ കഥാപാത്രം വികാരപരമായി സങ്കീർണമാണ്. ചിലയിടങ്ങളിൽ എനിക്കു പെട്ടെന്ന് കഥാപാത്രമായി മാറുവാനാകാതെ വന്നപ്പോൾ കുറച്ചു സമയം വേണമെന്നു പറഞ്ഞു. അനുവദിക്കുകയും ചെയ്തു. വേറെ വല്ലയിടത്തുമായിരുന്നെങ്കിൽ പോയി പണിനോക്കടാപ്പാ....എന്നു പറഞ്ഞേനെ. പക്ഷേ ഞാൻ അഭിനയിച്ചങ്ങു മറിച്ചു കളഞ്ഞിട്ടൊന്നുമുള്ളതായി തോന്നുന്നില്ല കേട്ടോ.... (വിനയ് ചിരിക്കുന്നു)

കിസ്മത് കഴിഞ്ഞു. എന്താണ് കിസ്മത് ഇഫക്റ്റ് ആയി തോന്നിയത്? ‌

ഒന്നുമില്ല. അതാണു സങ്കടം. നല്ലൊരു ചിത്രത്തിൽ നല്ലൊരു വേഷം ചെയ്യുവാനായി അത്രമാത്രം. ഒരു ആക്ടർ എന്ന നിലയിൽ എനിക്കൊരു സംഭവമായി തോന്നിയത് പ്രേമം ആണ്. അതൊരു ചരിത്രമാണ്. പ്രേമത്തിൽ സ്റ്റക്ക് ആണിപ്പോഴും. കാരണം മറ്റൊന്നുമല്ല, അത്രയേറെ ആളുകളിലേക്ക് ആ സിനിമ എത്തി. പ്രേമം റിലീസ് ആയ സമയത്താണ് കിസ്മത് ചെയ്യുന്നത്. പ്രേമം കാരക്ടർ പൊളിച്ചിട്ട് വേറൊരു സാധനം ചെയ്യണമെന്നായിരുന്നു. കിസ്മതിൽ അതായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ല. കിസ്മത് എന്ന സിനിമ കണ്ടിട്ട് ഒരുപാടു പേർ അഭിനന്ദിച്ചു വിളിച്ചിരുന്നു. പക്ഷേ പ്രേമം കണ്ടത് അഞ്ചു ലക്ഷമാണെങ്കിൽ കിസ്മത് ഒരു ലക്ഷം പേരെങ്കിലും കണ്ടുവോയെന്നു സംശയമാണ്. സിനിമ എത്രമാത്രം പ്രേക്ഷകരിലേക്കെത്തിയെന്നതാണു ഒരു നടനേയും ആ സിനിമയേയും മുന്നോട്ടു കൊണ്ടുപോകുന്നത്. ഗോഡ്സേയിൽ ആഗ്രഹിക്കുന്നത് അതാണ്. എത്രത്തോളം സാധ്യമാകും എന്നറിയില്ല. ഒരു സിനിമ ഹിറ്റ് ആകുന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണല്ലോ.

പ്രേമത്തിന്റെ ശരിക്കും ഇഫക്ട്

vinay-godsay-7

ചെന്നൈയിൽ പോയാലും പത്തു പേർ വന്നു നമുക്കൊപ്പം ഫോട്ടോയെടുക്കും. അതാണ് ആ ഇഫക്ടിനെ കുറിച്ച് ആദ്യമേ പറയേണ്ടത്. എ ആർ മുരുഗദാസ് എന്നെ ഒരു സിനിമയ്ക്കായി വിളിച്ചിരുന്നു. അതും മുപ്പതു ദിവസത്തോളം ഷൂട്ട് ഉള്ള ചിത്രത്തിലേക്ക‌്. ഒന്ന് ആലോചിച്ചു നോക്കിയേ...ഫോർട്ട് കൊച്ചിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന എന്നെ മുരുഗദാസ് വിളിക്കുന്നു. ഒരു സിനിമ തന്നെ ഇഫക്ട് ആണത്. എനിക്ക് ആ ചിത്രത്തിനു പോകുവാൻ ഡേറ്റ് ശരിയായില്ല. രണ്ടു മൂന്നു മലയാളം സിനിമയ്ക്കു സമയം കൊടുത്തിരുന്നു. മലയാളമാണല്ലോ ചോറ്. അതുകൊണ്ടു മുരുഗദാസ് ചിത്രം വേണ്ടെന്നു വയ്ക്കേണ്ടി വന്നു.

ഈ വർഷം മൂന്നു സിനിമകളാണല്ലോ ഐഎഫ്എഫ്കെയിൽ വന്നത്.

ഭയങ്കര സന്തോഷമുണ്ട്. ഏറ്റവും പ്രിയപ്പെട്ട ഫെസ്റ്റിവൽ ഐഎഫ്എഫ്കെയാണ്. എന്റെ വീട്ടിൽ നടക്കുന്ന ഒരു ആഘോഷത്തേക്കാൾ ഓണത്തേക്കാളും വിഷുവിനേക്കാളും എനിക്കു പ്രിയപ്പെട്ടതാണ് ഐഎഫ്എഫ്കെ. ഞാനും ആ ഉത്സവവുമായി അത്രയേറെ ആത്മബന്ധമുണ്ട്. എന്റെ കല്യാണത്തിന്റെ റിസപ്ഷൻ കഴിഞ്ഞതിന്റെ പിറ്റേന്നായിരുന്നു ഒരു ഐഎഫ്എഫ്കെ. അന്നു രാത്രി തന്നെ ഞാൻ വണ്ടി കയറി. അന്നു ഫെയ്സ്ബുക്കിൽ കൂട്ടുകാരൊക്കെ എന്റെ കല്യാണത്തിന്റെ ഫോട്ടോയെക്കെയിട്ട് ആഘോഷമാക്കുന്ന സമയമായിരുന്നു. കാണുന്നവരൊക്കെ ചോദിച്ചു...എടോ തന്റെ കല്യാണമല്ലായിരുന്നോ ഇന്നലെ..എന്നൊക്കെ.

ഒരു വർഷം ഐഎഫ്എഫ്കെ മിസ് ആയാൽ ഭയങ്കര നഷ്ടബോധമാണ് തോന്നാറ്. ഐഎഫ്എഫ്കെ പോലെ ഒരു ഫെസ്റ്റിവൽ ഇല്ല ഇന്ത്യയിൽ. ഇത്രയധികം ക്ലാസിക് സിനിമകൾ അത്രയേറെ പാഷനോടെ ആളുകൾ കാണാനെത്തുന്ന ഫെസ്റ്റിവൽ ഇന്ത്യയിൽ തന്നെയില്ലെന്നു എനിക്കു തോന്നുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം പോലും ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത്...ഷട്ടർ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച വർഷമാണ്. ഒരുപാട് കഷ്ടപ്പെട്ട് ഒരു വർഷം കൊണ്ട് ഒരു സിനിമ ചെയ്തിട്ട് ഐഎഫ്എഫ്കെയിൽ അതു സ്വീകരിക്കപ്പെട്ട നിമിഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അപ്പോൾ രണ്ടു സിനിമകൾക്കു പ്രദർശനാനുമതി കിട്ടുമ്പോഴുള്ള സന്തോഷത്തെ കുറിച്ചു പറയേണ്ടതില്ലല്ലോ അല്ലേ?

vinay-forrt

അഭിനയത്തിനപ്പുറം എന്താണീ സിനിമകള്‍ വിനയ്‌യ്ക്കു നൽകുന്നത്?

സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളോടും വെട്ടിത്തുറന്നു പ്രതികരിക്കുവാനും ഇടപെടുവാനും പല ഘടകങ്ങളും ഒരു നടനായ എനിക്കു തടയിടും. ഈ സിനിമകൾ എന്റെ പ്രതികരണ വേദി കൂടിയാണ്. ഒരു മനുഷ്യനായി ചെയ്യുവാനാകാത്തത് സിനിമകളിലൂടെ ചെയ്യുന്നു. മനസില്‍ വിശ്വസിക്കുന്ന കാര്യങ്ങൾ ഉച്ചത്തില്‍ വിളിച്ചു പറയുവാനുള്ളൊരു മാധ്യമമായാണു സിനിമയെ കാണുന്നത്.

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ‌ പഠിച്ച ഒരാൾക്ക് മലയാള സിനിമയെ എങ്ങനെയാണ് സമീപിക്കാനായത്?

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാരം പേറിയല്ല സിനിമയിലിറങ്ങിയത്. പിന്നെ പഠിച്ചിറങ്ങിയപ്പോഴാണു മനസിലായത് എനിക്കൊന്നും അറിയില്ലെന്ന്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതിന്റെ തലക്കനവുമായി ആരേയും സമീപിച്ചിട്ടില്ല. സിനിമയെ അറിയാൻ ശ്രമിക്കുമ്പോഴാണ് നമുക്കൊന്നുമറിയില്ലെന്ന് നമുക്ക് മനസിലാകുന്നത്. പിന്നെ ഈ പറയുന്ന കഴിവുകളൊന്നും എനിക്കുള്ളതായി തോന്നുന്നില്ല. ഒരു താരം സൃഷ്ടിക്കപ്പെടുന്നതിനെ അവരുടെ പാരമ്പര്യം അടക്കം ഒരുപാട് ഘടകങ്ങൾ ആശ്രയിച്ചിരിക്കും. അഭിനയം കൊണ്ടു മാത്രമാകില്ല അത്. നല്ല സംവിധായകർ നല്ല തിരക്കഥകളുമായി നല്ല ടീമിനൊപ്പം സിനിമയെടുക്കുമ്പോൾ അവർക്കതിൽ അഭിനയിക്കാനാകുന്നതും കൊണ്ടാണത്. എനിക്കീ പറഞ്ഞതൊന്നുമില്ല. ഞാൻ പലപ്പോഴും ജോലി ചെയ്തത് തുടക്കക്കാർക്കൊപ്പമാണ്. അല്ലാതെ കിട്ടുന്നത് ഞാൻ അർഹിക്കാത്ത, അല്ലെങ്കിൽ മാറ്റിവയ്ക്കപ്പെടുന്ന വേഷങ്ങളൊക്കെയാണ്. ഞാൻ ജീവിതത്തിലായാലും സിനിമയിലായാലും ടാർഗറ്റുകൾ വച്ചു ജീവിക്കുന്നയാളല്ല. എനിക്കു കിട്ടുന്ന അവസരങ്ങളിൽ മോശമല്ലാത്തവ എടുക്കുന്നു. എനിക്കൊരു ഭാരവും മനസിലില്ല...ജീവിക്കുന്നു അതാണു ചെയ്യുന്നത്...പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചയാളാണെന്ന ചിന്തയോ ഭാരമോ എനിക്കില്ല.