Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു സിംപിൾ സെൽഫി

vinee

വിനീത് ശ്രീനിവാസന്റെ സിനിമകൾ കണ്ടാൽ വിനീതിന് മലബാറിനോട് ഒരു പ്രത്യേക ഇഷ്ടം ഇല്ലേ എന്നു തോന്നിപ്പോകും. പുതിയ ചിത്രമായ ഒരു വടക്കൻ സെൽഫി എന്നു കേൾക്കുമ്പോൾ ഈ സംശയം കുറച്ചു കൂടി ബലപ്പെടും. ഇതിൽ തന്നെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നു വിനീത് പറയും. എന്താ ഇതിനു പിന്നിൽ.... വിനീതു തന്നെ പറയട്ടെ. ഒരു വടക്കൻ സെൽഫിയുമായി വിനീത് മനോരമ ഓൺലൈനോട് സംസാരിക്കുന്നു

∙ഒരു വടക്കൻ സെൽഫി, വിനീത് തിരക്കഥ എഴുതി, ഇതിനു പുറമേ അഭിനയിക്കുന്നു. എന്താണ് ഈ ചിത്രത്തിന്റെ സെൽഫി?
സത്യം പറഞ്ഞാൽ 2013 ഡിസംബറിലാണ് ഈ കഥ ഞാൻ ആദ്യമായി കേൾക്കുന്നത്. തിരയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് പ്രജിത്തേട്ടൻ ( ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ) ആണ് ഈ കഥയുടെ ആശയം പറഞ്ഞത്. അദ്ദേഹത്തിന്റെ അസോഷ്യേയേറ്റ് ആയിരുന്ന ശരത് എന്ന സുഹൃത് പറഞ്ഞ കഥയാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അന്നു ഈ കഥകേട്ടപ്പോൾ അതിൽ എനിക്ക് ഒരു സാധ്യത തോന്നിയില്ല. തിര കഴിഞ്ഞപ്പോൾ വീണ്ടും പ്രജിത്തേട്ടൻ ഈ കഥയെക്കുറിച്ച് സൂചിപ്പിച്ചു. അന്ന് ചെറിയൊരു താൽപര്യം തോന്നി, നമുക്ക് ഇരിക്കാം എന്നു ഞാൻ പറഞ്ഞു. അതനുസരിച്ച് ഞാനും പ്രജിത്തേട്ടനും വിനോദേട്ടനും(ഒരു വടക്കൻ സെൽഫിയുടെ നിർമാതാവ് - വിനോദ് ഷൊർണൂർ) കൂടി ഇരുന്ന് സംസാരിച്ചു.

ആ കൂടിക്കാഴ്ചയിൽ രസകരമായ കുറേ കാര്യങ്ങൾ ഈ കഥയിലുണ്ടെന്ന് മനസ്സിലായി. അങ്ങനെ തിരക്കഥ ഞാൻ തന്നെ എഴുതാമെന്നും തീരുമാനിച്ചു. വിനോദേട്ടൻ ചിത്രം നിർമിക്കാമെന്നും പറഞ്ഞു. അങ്ങനെ ഇപ്പോൾ വടക്കൻ സെൽഫി യാഥാർഥ്യമാകാൻ പോകുന്നു. പ്രജിത്തേട്ടനും വിനോദേട്ടനും എനിക്ക് ആദ്യം മുതലേ അറിയാമെന്നുള്ള രണ്ടു പേരാണ്. അടുപ്പമുള്ള ആളുകൾ അതും സുഹൃത്തുക്കൾ ഒരുമിച്ച് വർക്ക് ചെയ്യുന്നതിന്റെ ഒരു സുഖമുണ്ടല്ലോ, അതാണ് ഈ സെൽഫി.

∙നിവിൻ പോളി, അജു വർഗീസ്, ഭഗത് തുടങ്ങി തട്ടത്തിൻ മറയത്ത് ടീം വീണ്ടും ഒന്നിക്കുന്നു. ട്രെയിലറും പ്രതീക്ഷക്ക് ഏറെ വക നൽകുന്നുണ്ട്!
അതേ. അതു തന്നെയാണ് എന്റെയും ടെൻഷൻ. വളരെ സിംപിൾ ആയിട്ടുള്ള ട്രെയിലർ ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. ട്രെയിലർ കണ്ടിട്ട് ആളുകൾ ‘എക്സ്പെക്ടിങ് എ ലോട്ട് എന്നൊക്കെ പറഞ്ഞ് മെസേജുകൾ അയയ്ക്കുന്നുണ്ട്. അതു കാണുമ്പോൾ ഒരു സന്തോഷമാണെങ്കിലും എന്തോ ഒരു ടെൻഷൻ. റിലീസ് ചെയ്തു കഴിഞ്ഞാലല്ലേ പ്രേക്ഷകരുടെ പ്രതികരണം അറിയാൻ സാധിക്കൂ.

∙വിനീതിന്റെ ചിത്രങ്ങളിലെല്ലാം തലശേരിയോട് ഒരു ഇഷ്ടക്കൂടുതൽ കാണുന്നുണ്ടല്ലോ?
(ചിരിക്കുന്നു) ഒരു വടക്കൻ സെൽഫിയുടെ തിരക്കഥ ചർച്ച ചെയ്ത സമയത്ത് പ്രജിത്തേട്ടനാണ് തലശേരിയിലെ അണ്ടല്ലൂർ ഷൂട്ട് ചെയ്യാം എന്ന നിർദേശം വച്ചത്. തട്ടത്തിൻ മറയത്ത് ഷൂട്ട് ചെയ്തപ്പോൾ അവിടെ അണ്ടല്ലൂർ കാവിൽ വച്ച് നിവിൻ അമ്മയോടു സംസാരിക്കുന്ന ഒരു സീൻ ഷൂട്ട് ചെയ്തിട്ടുണ്ട്. അണ്ടല്ലൂർ കവല കണ്ടപ്പോൾ നല്ല രസം തോന്നി. ഞാൻ ചെറുപ്പത്തിൽ ഇവിടെ പോയിട്ടുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഇത്തവണ തലശേരി സെലക്ട് ചെയ്തത് ഞാനല്ല, സംവിധായകനാണെന്നാണ്. ആ കുറ്റം ഏന്റേതല്ല! തലശേരിയിൽ മാത്രമല്ല, ചെന്നൈ, പഴനി, കുംഭകോണം, കൊച്ചി എന്നിവിടങ്ങളിലും ഷൂട്ട് ചെയ്തിട്ടുണ്ട്.

∙മഞ്ജിമയുടെ ഒരു തിരിച്ചുവരവു കൂടിയാണല്ലോ ചിത്രം. എങ്ങനെയാണ് മഞ്ജിമയിലേക്ക് എത്തിയത്?
അതേ. മഞ്ജിമ നല്ല കഴിവുള്ള ഒരു നടിയാണ്. എനിക്കു ചെറുപ്പം മുതലേ അറിയാം. സത്യൻ അങ്കിളിന്റെ ചിത്രങ്ങളിലെല്ലാം കാമറ ചെയ്യുന്നത് വിപിൻ അങ്കിളായിരുന്നു. ഇവർ രണ്ടു പേരും അച്ഛന്റെ സുഹൃത്തുക്കളുമാണ്. ഇതുവഴി എനിക്കും മഞ്ജിമയെ അറിയാം. ചിത്രത്തിന്റെ ട്രെയിലറിൽ അധികം റിവീൽ ചെയ്തിട്ടില്ലെങ്കിലും വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്ത്രതെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഇതിനായി അധികം ഇമേജ് അല്ലാത്ത എന്നാൽ നന്നായി അഭിനയിക്കുന്ന നടി വേണം. അങ്ങനെയാണ് ഞങ്ങൾ മഞ്ജിമയിലേക്ക് എത്തുന്നത്. പ്രജിത്തേട്ടനും വിനോദേട്ടനും വിപിൻ അങ്കിളുമായി( വിപിൻ മോഹൻ) സംസാരിച്ചു. ഞാൻ മഞ്ജിമയുമായി സംസാരിച്ചു. സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചപ്പോൾ മഞ്ജുവിനും താൽപര്യം തോന്നി. നല്ല ഹാർഡ് വർക്കിങ് ആയിരുന്നു. ഓരോ സീനും നല്ല സ്ട്രെയിൻ എടുത്ത് ചെയ്യും. ഡബിങിനു 30 പ്രാവശ്യമെങ്കിലും വന്ന് ഓരോ തവണയും ഇംപ്രൂവ് ചെയ്യാൻ നോക്കുന്നുണ്ടായിരുന്നു.

∙തിരയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഉടൻ പ്രതീക്ഷിക്കാമോ?
ഇപ്പോൾ സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു.ഇത് മെയിൽ റിലീസാകും. ഇതിനു ശേഷം ഒരു സിനിമയിൽക്കൂടി അഭിനയിക്കുന്നുണ്ട്. അതു കഴിഞ്ഞ് ഞാൻ തന്നെ എഴുതി സംവിധാനം ചെയ്യുന്ന ഒരു ചിത്രം ഉണ്ടാകും. ജൂൺ ആയിട്ടേ അതിന്റെ എഴുത്തിലേക്കു കടക്കൂ.....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.