Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഹിറ്റ് ഡയലോഗ് പിറന്നതിന് പിന്നിൽ

vinay-latest വിനയ് ഫോർട്ട്‌

പ്രേമത്തിലെ വിമൽ സാറായി വന്ന്, പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വിനയ് ഫോർട്ട്‌ പുതുവർഷത്തിൽ കൈനിറയെ ചിത്രങ്ങളുമായി വീണ്ടും എത്തുകയാണ്. ഹലോ നമസ്തേ, മണ്‍സൂണ്‍ മാംഗോസ്, എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ഒരു പിടി നല്ല ചിത്രങ്ങൾക്കൊപ്പം പുതുവർഷത്തെ ഏറെ പ്രതീക്ഷയോടെയാണ് വിനയ് നോക്കിക്കാണുന്നത്. നായകൻ, വില്ലൻ, സഹനടൻ എന്നീ നിലകളിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തിളങ്ങിയ വിനയ്, തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ വിശേഷങ്ങൾ മനോരമ ഓണ്‍ലൈനിനോട് പങ്കു വയ്ക്കുന്നു.

പ്രേമത്തിലെ വിമൽ സാറിനെ പോസിറ്റീവ് രീതിയിൽ കണ്ടിരുന്നില്ല

അൽഫോൻസ് പുത്രൻ എന്ന സംവിധായകനിലുള്ള വിശ്വാസമാണ് എന്നെ പ്രേമത്തിലെ വിമൽ സർ എന്ന കഥാപാത്രം ധൈര്യ പൂർവ്വം സ്വീകരിക്കാൻ പ്രചോദനമായത്. സിജു വിൽ‌സണ്‍ ആണ് ആദ്യം എന്നെ വിളിച്ചു വിമൽ സർ എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്നത്. ആദ്യം ഞാൻ ആ കഥാപാത്രത്തെ ഒരു പോസിറ്റീവ് രീതിയിൽ കണ്ടിരുന്നില്ല. എന്നാൽ അൽഫോൻസിന്റെ കൂടെ ഒരു സിനിമ ചെയ്യണം എന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു. കാരണം അൽഫോൻസ് അദ്ദേഹത്തിന്റെ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. പ്രേമത്തിൽ അഭിനയിച്ച എല്ലാവരും ശ്രദ്ധിക്കപ്പെട്ടതും അവരുടെ ക്യാരക്റ്റർ മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചതും അൽഫോൻസിന്റെ കഴിവുകൊണ്ടാണ്.

vinay-fort പ്രേമത്തിൽ വിനയ്

'ജാവ സിംപിൾ ആണ്' സ്വന്തം സൃഷ്ടി

ആദ്യം അൽഫോൻസ്‌ എന്നോട് പറഞ്ഞത് ജാവയുടെ ക്ലാസ്സ്‌ എടുക്കാനാണ്. ജാവയുടെ ഡെഫിനീഷ്യൻസ് കണ്ടപ്പോൾ ഞാൻ അൽഫോൻസിനോട് പറഞ്ഞു ഇങ്ങനെ ഒരു ഡയലോഗ് ചേർക്കാം എന്ന്. അവതരിപ്പിച്ചു കഴിഞ്ഞപ്പോഴേക്കും ഈ ഡയലോഗ് വർക്ക്‌ ആകും എന്ന് തോന്നി. അത് അൽഫോൻസ് സിനിമയ്ക്ക്‌ ഉചിതമായ രീതിയിൽ ഷൂട്ട്‌ ചെയ്തപ്പോഴേക്കും ആ സീനിന്റെ ഭംഗി ഇരട്ടിയാകുകയും ചെയ്തു.

Manorama Online | Vinay Fortt in | I Me Myself - PT 1/2

പ്രേമത്തിലെ ജോർജാകാൻ സാധിച്ചിരുന്നുവെങ്കിൽ?

ഏതൊരു കഥാപാത്രത്തെയും അസാധ്യമായി നോക്കികാണുന്ന ഒരു വ്യക്തി അല്ല ഞാൻ. പ്രേമത്തിനു മുൻപ് പ്രേക്ഷകർ എന്നെ കൂടുതലായും കണ്ടു കൊണ്ടിരുന്നത് ട്വിസ്റ്റിങ് റോളുകളിലും, വില്ലൻ റോളുകളിലും ആയിരുന്നു. എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പ്രതിച്ഛായ ലഭിച്ചത് പ്രേമത്തിലൂടെയാണ്. വിമൽ സർ എന്ന കഥാപാത്രത്തെ മികവുറ്റതാക്കാൻ സഹായകമായത് അൽഫോൻസ്‌ പുത്രൻ എന്ന സംവിധായകൻ എന്നിൽ അർപിച്ച വിശ്വാസം ആയിരുന്നു. തികച്ചും വ്യത്യസ്തമായ അഭിനയ ശൈലികൾ കാഴ്ച വയ്ക്കാൻ സാധിക്കുന്നത് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രങ്ങൾ കിട്ടുമ്പോൾ ആണ്. ഒരു നടൻ എന്ന നിലയിൽ വളർച്ച ഉണ്ടാകുന്നതും അപ്പോഴാണ്.

nivin-inay നിവിനും സൗബിനുമൊപ്പം

കൂടെ അഭിനയിച്ചതിൽ ഏറ്റവും സുന്ദരി ആയ നടി?

സൗന്ദര്യത്തെക്കാൾ കൂടുതൽ വ്യക്തിത്വത്തിൽ ആണ് ഞാൻ വിശ്വസിക്കുന്നത്. സ്വന്തം ജീവിതത്തിൽ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതെല്ലാം ഒരാളുടെ വ്യക്തിത്വം നോക്കിയാണ്. പെരുമാറ്റ ശൈലി അടിസ്ഥാനപ്പെട്ടിരിക്കും ഒരാളോടുള്ള എന്റെ ആകർഷണം. ഇതെല്ലാം ഒത്തിണങ്ങിയ നടി ആയി തോന്നിയിട്ടുള്ളത് സായി പല്ലവി ആണ്. മറ്റു ഏതൊരു നടിയിൽ നിന്നും സായി പല്ലവിയെ വ്യത്യസ്തമാക്കുന്നത് അവരുടെ ഗ്രേസ്ഫുൾനെസ്സും സത്യസന്ധതയുമാണ്‌.

പുതിയ ചിത്രം ഹലോ നമസ്തേയിലെ വിനയ്

പൂർണമായും ഒരു ഫാമിലി എന്റെർറ്റടെയ്നർ ആണ് ഹലോ നമസ്തേ. തിരകഥ കൃഷ്ണ പൂജപ്പുരയാണ്. ഈ സിനിമ കാണുന്ന ഏതൊരു വ്യക്തിക്കും ഈ സിനിമയിലെ ചില കഥാപാത്രങ്ങളുമായി സ്വയം ബന്ധപെടുത്താൻ സാധിക്കും. നല്ല സുഹൃത്ത് ബന്ധങ്ങൾ ജീവിതത്തിൽ പലപോഴായും നമുക്ക് ലഭിക്കാറുണ്ട് എന്നാൽ ചില നിസ്സാര കാര്യങ്ങൾ ആ സൗഹൃദങ്ങളെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങളാണ് ഹലോ നമസ്തേയുടെ പ്രമേയം. ഞാൻ അവതരിപ്പിച്ചിരിക്കുന്ന മാധവ് എന്ന കഥാപാത്രം ഒരു റേഡിയോ ജോക്കിയുടെതാണ്. ഈ കഥാപാത്രത്തെ ഒരു പരിധിവരെ ഞാനുമായി ബന്ധപ്പെടുത്താൻ സാധിക്കും. ഭാവനയാണ് എന്റെ ജോഡി. നന്മനിറഞ്ഞ ഒരു കൂട്ടം ആളുകളുടെ കൂടെ അഭിനയിക്കാൻ സാധിച്ചുവെന്നുള്ളതാണ് ഈ സിനിമയിലൂടെ എനിക്ക് കിട്ടിയ ഭാഗ്യം. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സഞ്ജുവും ആയിട്ടുള്ള എന്റെ മൂന്നാമത്തെ ചിത്രം കൂടി ആണ് ഹലോ നമസ്തേ.

vinay-bhavana ഭാവനയ്ക്കൊപ്പം ഹലോ നമസ്തയിൽ

ഹലോ നമസ്തേയെ വ്യത്യസ്തമാക്കുന്ന ഘടകം?

പ്രത്യേകിച്ച് ഒരു വ്യത്യസ്തതയും അവകാശപ്പെടാനില്ലാത്ത വളരെ ലളിതമായ ഒരു സിനിമയാണ് ഹലോ നമസ്തേ. കൃഷ്ണ പൂജപ്പുര എന്ന തിരകഥാകൃത്തിനു അദ്ദേഹത്തിന്റെതായ പ്രേക്ഷകരുണ്ട്. പൂർണമായും കുടുംബ പ്രേക്ഷകർക്ക്‌ വേണ്ടി നിർമിച്ച സിനിമ എന്ന നിലക്ക് എല്ലാ വിഭാഗത്തിൽ പെട്ട പ്രേക്ഷകരും ഈ സിനിമ സ്വീകരിക്കും എന്ന് വിശ്വാസമുണ്ട്‌.

സ്വപ്നതുല്യമായ കഥാപാത്രം?

പ്രത്യേകിച്ച് ഒരു കഥാപാത്രത്തെ ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നില്ല. ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും കരുത്തുറ്റതും പ്രിയപ്പെട്ടതുമായ കഥാപാത്രം ഷട്ടറിലേതായിരുന്നു. പക്ഷെ അതിലെ എന്റെ അഭിനയം വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെട്ടോ എന്നെനിക്ക് അറിയില്ല. ഒരു നടൻ എന്ന നിലയിൽ സാധാരണക്കാരുടെ ഇടയിൽ ഞാൻ ശ്രദ്ധിക്കപ്പെടത്ത് പ്രേമത്തിലൂടെയാണ്. ഒരു താര മൂല്യമുള്ള നടൻ ആണ് ഞാൻ എന്ന് വിശ്വസിക്കുന്നില്ല. ഏതൊരു നടനെയും പോലെ നല്ല ടീമിനോടൊപ്പം നല്ല സിനിമകളും പല വിധത്തിലുള്ള മികവുറ്റ കഥാപാത്രങ്ങളും ചെയ്യാനാണ് ഞാൻ കൂടുതലായും ശ്രമിക്കുന്നത്.

godse-vinay ഗോഡ്സെ എന്ന ചിത്രത്തിൽ നിന്നും

നല്ല നടനാവുക എന്നുള്ളതാണ് ലക്‌ഷ്യം

ഞാൻ ഒരിക്കലും എന്നെ തരംതിരിച്ചു കാണാൻ ആഗ്രഹിക്കാത്ത ഒരാൾ ആണ്. കാറ്റെഗറൈസ്ഡ്‌ ആക്ടർ എന്നതിനേക്കാൾ ഉപരി ഒരു നല്ല നടനാവുക എന്നുള്ളതാണ് എന്റെ ലക്‌ഷ്യം. പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്ന കഥാപാത്രങ്ങളും, സിനിമകളും ചെയ്യണം എന്നതാണ് എന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ കോമേർഷ്യൽ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സിനിമകൾക്കും ഞാൻ പ്രാധാന്യം കൊടുക്കാറുണ്ട്. അങ്ങനെ ചെയ്ത സിനിമയാണ് ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത 'ഗോഡ് സെ'. മറ്റുള്ള സിനിമകളിലെ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് ഗോഡ് സെയിലേത്. ഷട്ടറിലെ കഥാപാത്രത്തെക്കാളും പ്രതീക്ഷയുള്ള ഒരു കഥാപാത്രമാണ് ഗോഡ് സെയിലേത്.

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കുന്നത

പ്രത്യേകിച്ച് ഘടകങ്ങൾ ഞാൻ നോക്കാറില്ല .ഞാൻ കൂടുതലായും ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നത് സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലും, ടീമിന്റെ അടിസ്ഥാനത്തിലും ആണ്.

fahad-vinay

മണ്‍സൂണ്‍ മാംഗോയിലെ വിശേഷങ്ങൾ

അക്കരകാഴ്ച്ചയിലൂടെ ശ്രദ്ധേയനായ അഭി വർഗീസ്‌ ആണ് മണ്‍സൂണ്‍ മാംഗോയുടെ സംവിധായകൻ. മലയാളി പ്രേക്ഷകർക്ക്‌ കാഴ്ചയുടെ ഒരു നിറവസന്തം ആയിരിക്കും മണ്‍സൂണ്‍ മാംഗോ. എല്ലാ തരത്തിലും വ്യത്യസ്തമായ ഒരു ചിത്രം ആണ്.

ന്യൂ ഇയർ റെസലൂഷൻസ്

ജീവിതത്തിൽ പലപ്പോഴും ന്യൂ ഇയർ റെസലൂഷൻസ് എടുത്തിട്ടുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമാക്കിയിട്ടില്ല. ജീവിതത്തിൽ പലതും സംഭവിച്ചു പോകുന്നതാണ്. അതിനു വേണ്ടി നമ്മൾ തയ്യാറായി ഇരിക്കണമെന്ന് മാത്രം.

New Year Celebrations | Fort Kochi, India | VR 360

ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ

ഞങ്ങൾ ഫോർട്ട്കൊച്ചികാർക്ക് വലിയൊരു ആഘോഷം തന്നെയാണ് ക്രിസ്തുമസും ന്യൂ ഇയർറും. ഇത്തവണത്തെ ന്യൂ ഇയറിന്റെ പ്രത്യേകത, മനോരമ ഓണ്‍ലൈനിന്റെ പുതിയ പ്രൊജക്റ്റ്‌ ആയ 360 ഡിഗ്രി വെർച്ച്വൽ ടൂറിനു വേണ്ടി ഞാനും എന്റെ സുഹൃത്തുക്കളും വീഡിയോ ഷൂട്ട്‌ ചെയ്യാൻ പോയിരുന്നു എന്നതാണ്. വളരെ സാഹസികവും, രസകരവുമായ ഒരു പരിപാടിയായിരുന്നു അത്. നമ്മുടെ നാടിനെ പ്രതിനിധീകരിച്ച് ഇത്തരമൊരു പരിപാടിയുടെ ഭാഗമാകാൻ സാധിച്ചത് തന്നെ ഒരു ഭാഗ്യം ആണ്.