Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണ്ടായിരുന്നു, ആ ദിനം

r-s-vimal

2015ന്റെ കലണ്ടറിൽ നിന്ന് ഒരു താൾ കീറിക്കളയണമെങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ദിവസം ഏത്? വേദനയുടെ, നൊമ്പരത്തിന്റെ, ചില വേറിട്ട അനുഭവങ്ങളുടെ ആ ദിവസത്തെക്കുറിച്ചു പ്രമുഖർ പറയുന്നു..

കോടതി കയറിയ ആ ദിവസം

കഴിഞ്ഞ കുറേ വർഷങ്ങളായി ‘എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമ മാത്രമായിരുന്നു മനസ്സിൽ. ജീവിതത്തിൽ സംഭവിച്ച മറ്റു പല കാര്യങ്ങളും എന്നെ ബാധിച്ചിട്ടേയില്ല. എത്ര ത്യാഗം സഹിച്ചും മൊയ്തീൻ കാഞ്ചനമാല പ്രണയം സ്ക്രീനിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അതിനായി കാഞ്ചനേടത്തിയോടൊപ്പമായിരുന്നു പല ദിവസങ്ങളും. സിനിമയിലേക്കുള്ള പല താരങ്ങളെയും നിശ്ചയിക്കുന്നതിനും ബാലതാരങ്ങളുടെ സ്ക്രീനിങ്ങിനുമൊക്കെ കാഞ്ചനേടത്തി ഒപ്പമുണ്ടായിരുന്നു. തിരക്കഥ വായിച്ചു നിർദേശങ്ങൾ നൽകി. മുക്കത്തെ പല കഥാപാത്രങ്ങളെയും പറഞ്ഞു തന്നതും അവരാണ്. അത്രയേറെ സ്നേഹബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ.

പക്ഷേ 2015.... എല്ലാം തകിടം മറിച്ചു. വക്കീൽ നോട്ടിസിനു പിന്നാലെ കോടതി കയറിയ ദിവസം എന്നെ തകർത്തുകളഞ്ഞു. സിനിമയിൽ കുടുംബത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ചു, മോയ്തീൻ കാഞ്ചന പ്രണയത്തെ മോശമായാണു കാണിച്ചിരിക്കുന്നത്, കുടുംബത്തെ അപമാനിച്ചു, നഷ്ടപരിഹാരമായി അഞ്ചുകോടി നൽകണമെന്നൊക്കെയായിരുന്നു വക്കീൽ നോട്ടിസിന്റെ ഉള്ളടക്കം. കാഞ്ചനേടത്തി ആരുടെയോ സമ്മർദത്തിനു വഴങ്ങിയാണു വക്കീൽ നോട്ടിസ് അയച്ചതെന്നാണു ഞാൻ വിശ്വസിക്കുന്നത്. കാരണം സിനിമയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അവർക്കറിയാമായിരുന്നു. അന്ന് അവർ അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഇപ്പോളുണ്ടായ തർക്കങ്ങളും പ്രശ്നങ്ങളും ഒന്നുമുണ്ടാകില്ലായിരുന്നു. വക്കീൽ നോട്ടിസ് ലഭിച്ച ആ ദിവസമാണു കഴിഞ്ഞ വർഷം ഞാൻ മറക്കാൻ, കീറിക്കളയാൻ ആഗ്രഹിക്കുന്നത്.

ചലച്ചിത്ര അവാർഡ് പ്രഖ്യാപനം

tini-tom

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന ദിവസം ഓർമയിൽ നിന്നു മാഞ്ഞുപോയിരുന്നെങ്കിൽ എന്ന ആഗ്രഹം വല്ലാതെയുണ്ട്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കവർന്നെടുത്തൊരു ദിവസമായിരുന്നുവത്. മലയാളത്തിലെ എല്ലാ സിനിമാപ്രവർത്തകരുടെയും തലക്കനത്തിനു ക്ഷതമേറ്റ ദിവസമെന്നത് ഒരു കാര്യം. സിനിമാക്കാരെ എല്ലാവർക്കും അറിയാമെന്ന വിചാരമാണു തിരുവഞ്ചൂർ രാധാകൃഷ്ണൻ തകർത്തത്. മറ്റൊരു കാര്യം ഞാനുൾപ്പെടെയുള്ള കോമഡി താരങ്ങൾക്ക് അടി ലഭിച്ചെന്നതാണ്. ഞങ്ങൾ എത്ര കഷ്ടപ്പെട്ടാണു സാധാരണക്കാരെ ചിരിപ്പിക്കാൻ കഥകൾ മെനയുന്നത്. എന്നാൽ ഈ സംഭവത്തോടെ എല്ലാവരും പുതിയ കഥകൾ രൂപപ്പെടുത്തി.

ട്രോളുകൾ പിറന്നു. അതോടെ ഞങ്ങളുടെ ജോലി ഇരട്ടിയായെന്നു പറഞ്ഞാൽ മതിയല്ലോ. അതുകൊണ്ടു തന്നെ ആ ദിവസം ഓർമയിൽ നിന്നു മാഞ്ഞിരുന്നെങ്കിൽ എന്നൊരു ആഗ്രഹം വല്ലാതുണ്ട്. ആരെയും വേദനിപ്പിക്കാനല്ല, ഒരു ഹാസ്യ കലാകാരന്റെ തലയിൽ നിറയുന്ന ചില ചിരിക്കഥകളാണ് ഇതെല്ലാം. അതുൾക്കൊണ്ടുകൊണ്ടു തന്നെ ഈ കുറിപ്പ് വായിക്കുക, ആ സംഭവങ്ങളോർത്തു ചിരിക്കുക, ശേഷം കീറിക്കളയുക

നടി മനോരമയുടെ മരിച്ച ദിനം

kalpana

നടി മനോരമയുടെ മരണം. ആ ദിവസമാകും എന്റെ കലണ്ടറിൽ നിന്നു ഞാൻ കീറിക്കളയുക. അടുത്ത ബന്ധമുണ്ടായിരുന്നു മനോരമയുമായി. ഹാസ്യം കൈകാര്യം ചെയ്തിരുന്നവർ എന്ന നിലയിൽ ഞങ്ങൾ സ്നേഹബന്ധം പുലർത്തുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. പ്രായത്തെ തുടർന്നാണു മനോരമയുടെ മരണമെങ്കിലും അവർ ഇപ്പോഴും ഒപ്പമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. മനോരമ മരിച്ച ആ ദിവസമാണു 2015ൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന, സങ്കടപ്പെടുത്തിയ ആ ദിവസം.

കുട്ടികളുടെ മുങ്ങി മരണങ്ങൾ

jagadhesh

2015ൽ എന്നു മാത്രമല്ല, കഴിഞ്ഞ ഏതാനും വർഷങ്ങളായി മനസ്സിൽ നീറ്റലുണ്ടാക്കുന്ന ദിവസങ്ങളുണ്ട്. അതു കുട്ടികൾ കുളിക്കാനിറങ്ങി മുങ്ങി മരിക്കുന്ന ദിവസങ്ങളാണ്. ഒരു ദിവസമല്ല, വർഷത്തിൽ പല ദിവസവും ഇത്തരം വാർത്തകൾ എന്നെ വേദനിപ്പിക്കുന്നു. ആ ദിവസം അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസവും അത്തരമൊരു സംഭവമുണ്ടായി. കുട്ടികളും അധികൃതരും ഇക്കാര്യത്തിൽ കുറച്ചു കൂടി കരുതൽ എടുക്കേണ്ടതുണ്ട്. നീന്തൽ അറിയാമെന്ന ധാരണയിൽ കുട്ടികൾ വെള്ളത്തിലിറങ്ങുന്നത്, അപകടകരമായ സ്ഥലങ്ങളിൽ പോകുന്നത് ഇക്കാര്യത്തിൽ കരുതലുണ്ടാകണം. അധികൃതരും ചില മുൻകരുതലുകളെടുക്കണം. അടുത്ത വർഷമെങ്കിലും ഇത്തരം വാർത്തകൾ കേൾക്കാതിരിക്കാൻ സാധിക്കണം.

ചെന്നൈ വെള്ളപ്പൊക്കം

namitha

2015ൽ സംഭവിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നത്, കീറിക്കളയണമെന്നു തോന്നുന്നത് ചെന്നൈ നഗരത്തെ വെള്ളത്തിലാഴ്ത്തിയ ദിവസങ്ങളാണ്. ഒട്ടേറെ സുഹൃത്തുക്കളും ബന്ധുക്കളുമുള്ള നഗരമാണു ചെന്നൈ. മലയാള സിനിമയുടെ പോറ്റില്ലമായിരുന്ന ഇടം. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതുപോലൊരു സംഭവം. പരിചയമുള്ള ഒട്ടേറെപ്പേർ അവിടെ കുടുങ്ങിപ്പോയി. നാട്ടിലെത്തിയവരുടെ കഥകളും വേദനകളും കണ്ടപ്പോൾ ഏറെ വേദന തോന്നി. വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളും ചാനൽ ദൃശ്യങ്ങളുമെല്ലാം ഇപ്പോഴും മനസ്സിലുണ്ട്. ആ ദിനങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടരുതെന്ന ആഗ്രഹവുമുണ്ട് പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.