Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ തൃഷ്ണ, മമ്മൂട്ടിയുടെ ടാക്സി

prithvi-mammootty-nivin

വാതിലിൽവന്നു മുട്ടി വിളിച്ചാൽപ്പോലും ചാടിക്കയറി വാതിൽ തുറക്കാതിരിക്കുക. മലയാളത്തിലെ എല്ലാ നായകന്മാരും പുതിയ വർഷത്തിൽ പുറത്തു പറയാതെ എടുത്തിരിക്കുന്ന പ്രതി‍ജ്ഞയാണത്. അതുകൊണ്ടുതന്നെ ആരും കൊട്ടിഘോഷിച്ചു പുതിയ സിനിമകൾ ഏറ്റെടുക്കുന്നില്ല. ഗൃഹപാഠമില്ലാതെ പ്രഖ്യാപിച്ച പല സിനിമകളും പൂർത്തിയാകാത്ത തിരക്കഥകളും ആസൂത്രണമില്ലാത്ത നിർമാണവുമായി അവസാനിക്കുന്നതുകൊണ്ടുകൂടിയാണിത്.

മമ്മൂട്ടി ഈ വർഷം ചെയ്യുമെന്നുറപ്പായതു രണ്ടു സിനിമകളാണ്. ജോണി ആന്റണിയുടെയും രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കരുടെയും. ബാക്കി സമയത്തിനായി നിർമാതാക്കളും സംവിധായകരും കാത്തിരിക്കുന്നു. മോഹൻലാലിന്റെ പുലിമുരുകനാണു വരാനിരിക്കുന്ന ഒരു സിനിമ. പ്രിയദർശന്റെ ചിത്രത്തിൽ ഫെബ്രുവരി മുതൽ അദ്ദേഹം അഭിനയിച്ചു തുടങ്ങും.

വെള്ളിമൂങ്ങയുടെ സംവിധായകൻ ജീബു ജേക്കബിന്റെ ചിത്രവും ഉറപ്പായിക്കഴിഞ്ഞു. പിന്നീട് എന്തെല്ലാമെന്നു കണ്ടറിയണം. ദിലീപിന്റെ പുറത്തുവരാനിരിക്കുന്ന ചിത്രം ലാൽ സംവിധാനം ചെയ്തു സിദ്ദിഖ് തിരക്കഥ എഴുതിയ കിങ് ലിയർ ആണ്. സുന്ദർദാസിന്റെ വെൽകം ടു സെൻട്രൽ ജയിൽ പോലുള്ള സിനിമകളാണു പിന്നീടു ചിത്രീകരിക്കുക. ലാൽ ജോസ് ചിത്രവും ഉണ്ടായേക്കാം. സമീർ താഹിർ, രാജീവ് രവി എന്നിവരുടെ സിനിമകളിൽ ദുൽഖർ സൽമാൻ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതിനു മുൻപുതന്നെ ചിലപ്പോൾ മറ്റൊരു പ്രമുഖ സംവിധായകന്റെ ചിത്രത്തിൽ ദുൽഖർ ഉണ്ടാകും. അക്കാര്യം സംവിധായകനും അദ്ദേഹവും പുറത്തു പറഞ്ഞിട്ടില്ല.

action-hero-biju

നിവിൻ പോളിയുടെ ആക്‌ഷൻ ഹീറോ ബിജു പുറത്തുവരാനിരിക്കുന്നു. 1983 എന്ന സിനിമയുടെ സംവിധായകനായ എബ്രിഡ് ഷൈന്റെ ചിത്രമാണിത്. അതിനു ശേഷം വിനീത് ശ്രീനിവാൻ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വർഗം പുറത്തുവരും. പിന്നീടു നിവിൻ എന്തു ചെയ്യുമെന്നു പുറത്തു പറഞ്ഞിട്ടില്ല.

പൃഥ്വിരാജ് ഈ വർഷം തുടങ്ങുന്നതു സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ്. ആർ.എസ്. വിമൽചിത്രമാണു പിന്നീടു പട്ടികയിലുള്ളത്. ഹരിഹരൻ, ബ്ലെസി എന്നിവരുടെ സിനിമകളും പരിഗണനയിലാണ്. ഏതാണ് ആദ്യം ചെയ്യുക എന്നതു പറയാറായിട്ടില്ല. പുറത്തു വരാനിരിക്കുന്ന പൃഥ്വി ചിത്രം പാവാടയാണ്. വള്ളീം പുള്ളീം തെറ്റി എന്ന സിനിമയാണു കുഞ്ചാക്കോ ബോബന്റെ പുറത്തു വരാനിരിക്കുന്ന ചിത്രം. രാജേഷ് പിള്ളയുടെ വേട്ടയും വരാനിരിക്കുന്നു.

manju-warrier-vettah

മഞ്ജു വാരിയർ പൊലീസ് വേഷത്തിൽ അഭിനയിക്കുന്ന രാജേഷ് പിള്ള ചിത്രമായ വേട്ടയാണു മഞ്ജുവിന്റെ പുതിയ സിനിമ. അതിനു ശേഷം ദീപു കരുണാകരന്റെ ചിത്രം വരും. ഫഹദ് ഫാസിൽ സ്വയം പ്രഖ്യാപിച്ച വിട്ടു നിൽക്കൽ തുടരുകയാണ്. മൺസൂൺ മാംഗോസ് ഉടൻ പുറത്തുവരും. അൻവർ റഷീദിന്റെ സിനിമ മാത്രമാണു ഫഹദ് ഔദ്യോഗികമായി പുറത്തു പറഞ്ഞിട്ടുള്ളത്. സെവൻ ആർട്സ് മോഹൻ നിർമിക്കുന്ന നാളെയുടെ കുറച്ചു ഭാഗം ചിത്രീകരിക്കാനുമുണ്ട്. ആസിഫ് അലി ആദ്യം അഭിനയിക്കുക ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ഹണിബീ – ടൂ വിൽ ആണെന്നു കരുതുന്നു. ഡ്രൈവർ ഓൺ ഡ്യൂട്ടിയാണു ആസിഫ് അലിയുടെ മറ്റൊരു ചിത്രം. ജയസൂര്യയുടെ ലോക്കൽസ് ഈ വർഷത്തെ പ്രതീക്ഷാ ചിത്രമാണ്. രഞ്ജിത് ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിൽ മേ ഫ്ലവർ എന്ന സിനിമയിലും അദ്ദേഹം അഭിനയിക്കും.

mammootty-puthiya-niyamam

പറഞ്ഞു കേൾക്കുന്ന സാധ്യതകൾ പലതാണ്. പൃഥ്വിരാജ്, നയൻതാര കൂട്ടുകെട്ടിൽ മധുപാൽ സംവിധാനം ചെയ്യുന്ന തൃഷ്ണ, ഡോ. ബിജു സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ പെയ്ന്റ്സ് ഓഫ് ലൈഫ്, ആഷിക് അബു സംവിധാനം ചെയ്യുന്ന റീമ കല്ലിങ്കൽ ചിത്രമായ ഒപ്പന, ജോക്സൺ സംവിധാനം ചെയ്യുന്ന നിവിൻ പോളി, ഫഹദ് ഫാസിൽ, ശ്രീനിവാസൻ ചിത്രമായ സഫാരി, ഭാമ നായികയായ തയ്യൽക്കാരനും സുമതിയും രാജേഷ് പിള്ളയുടെ നിവിൻപോളി, കുഞ്ചാക്കോ ബോബൻ ചിത്രമായ ൈബസിക്കിൾ തീവ്സ്, ശ്യാമ പ്രസാദിന്റെ മമ്മൂട്ടി ചിത്രമായ ടാക്സി, സുഗീതിന്റെ കുഞ്ചാക്കോ ബോബൻ ചിത്രമായ ഇതുതാൻടാ പൊലീസ് ..... അങ്ങനെ പട്ടിക നീളുന്നു.

താരങ്ങൾ ഇടവേളകൾ എടുക്കാൻ മടിക്കാതായിരിക്കുന്നു എന്നതാണ് ഈ വർഷത്തിന്റെ പ്രത്യേകത. വർഷത്തിൽ മൂന്നു സിനിമ എന്നതാണു മിക്കവരുടെയും ലക്ഷ്യം. ചുരുങ്ങിയതു നാലു സിനിമയെങ്കിലും ഇതിനു പുറമെ ഇവരെ കാത്തുനിൽക്കുന്നു. ന്യൂജെൻ താരമായാലും സീനിയർ താരമായാലും നീങ്ങുന്നത് ഒരേ വഴിക്കാണ്. ഓരോ ചുവടും ശ്രദ്ധിച്ച്. കാരണം, കഴിഞ്ഞ വർഷം കണ്ടതു അപ്രതീക്ഷിത വിജയങ്ങളും അപ്രതീക്ഷിത പരാജയങ്ങളുമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.