Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുചിലീക്ക്സ്: ട്വിറ്റർ നിറഞ്ഞ നഗ്നചിത്രങ്ങൾ; ഇതാണു സംഭവിച്ചത് !

suchi

മലയാളത്തിലെ പ്രമുഖ നടിയെ ക്വട്ടേഷൻ സംഘം ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമറി കാർഡ് തേടി പൊലീസും നേവിയും ഗോശ്രീ പാലത്തിനു താഴെ കായലിൽ മുങ്ങിത്തപ്പുന്ന നേരം. അതുവരെ തമിഴ്നാട്ടിലും ചൂടുള്ള വാർത്തയായിരുന്നു കൊച്ചിയിലെ അക്രമസംഭവം. പക്ഷേ പുതിയ ചില ‘കാഴ്ചകൾ’ പൊങ്ങിവന്നതോടെ മുങ്ങിത്തപ്പുന്ന നേവിയെ ഉപേക്ഷിച്ച് തമിഴ് ലോകം ട്വിറ്ററിലേക്കു ചാടി.

തമിഴിലെ പ്രമുഖ നടീനടന്മാരുടെയും ഗായകരുടെയും ടിവി അവതാരകരുടെയുമെല്ലാം സ്വകാര്യ ചിത്രങ്ങൾ ഗായിക സുചിത്ര കാർത്തിക്കിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ‘സുചിലീക്ക്സ്’ എന്ന ഓമനപ്പേരുമായി പുറത്തുവന്നതാണു സംഭവം.

അമേരിക്കൻ ഭരണകൂടം തങ്ങളുടെ തന്നെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവിട്ടാണ് ജൂലിയൻ അസാൻജ് സ്ഥാപിച്ച ‘വിക്കിലീക്ക്സ്’ പ്രശസ്തമായത്. പക്ഷേ ‘സുചിലീക്ക്സി’ന് വിക്കിലീക്ക്സുമായി ഒരൊറ്റ ബന്ധമേയുള്ളൂ– രണ്ടു കൈകാര്യം ചെയ്ത വിഷയങ്ങളിൽ പ്രധാനം മറ്റുള്ളവരുടെ ‘സ്വകാര്യത’യാണ്.

leaks

അതിന് ഇരകളായതാകട്ടെ തമിഴ് സൂപ്പർസ്റ്റാർ ധനുഷ്, നടൻ ചിമ്പു, റാണ ദഗ്ഗുപതി, ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ്, നടിമാരായ തൃഷ, ആൻഡ്രിയ, ഹൻസിക, സഞ്ചിത ഷെട്ടി, ഗായിക ചിന്മയി തുടങ്ങിയവരും. മലയാളത്തിലെ നടിമാരുടെ സ്വകാര്യചിത്രങ്ങൾ ‘മല്ലുലീക്ക്സ്’ എന്ന പേരിൽ ഉടൻ വരും എന്ന അറിയിപ്പിനു തൊട്ടുപുറകെ പക്ഷേ ‘ഒറിജിനൽ’ സുചിലീക്ക്സ് അക്കൗണ്ടിനെ ട്വിറ്റർ തന്നെ പൂട്ടിക്കെട്ടുകയായിരുന്നു.

ആദ്യ ഇരകൾ ധനുഷും തൃഷയും

സാഗർ ഏലിയാസ് ജാക്കിയിലെ ‘ഓ സമാ..’ പോക്കിരിരാജയിലെ ‘ചെന്തെങ്ങിൻ...’ തുടങ്ങിയ പാട്ടുകളിലൂടെ മലയാളികൾക്കും സുപരിചിതയാണ് സുചിത്ര. നേരത്തേ ‘ഹെലോ ചെന്നൈ’ എന്ന റേഡിയോ പ്രോഗ്രാമിലൂടെ തമിഴ് കുടുംബങ്ങളുടെയും പ്രിയപ്പെട്ട ആർജെയായിരുന്നു സുചി. തമിഴിലും ഗായികയെന്ന പേരിൽ ഏറെ പ്രശസ്ത. അതിനിടെ ഫെബ്രുവരി അവസാന ആഴ്ചയിലായിരുന്നു സംഭവങ്ങളുടെ തുടക്കം.

ആരോ ആക്രമിച്ചതിന്റെ അടയാളങ്ങളുമായി സുചിത്രയുടേതെന്ന പേരിൽ ഒരു കൈയുടെ ചിത്രം അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്നു. കോയമ്പത്തൂരിലെ ഒരു ചടങ്ങിനിടെ നടൻ ധനുഷിന്റെ സംഘത്തിന്റെ ആക്രമണം കൊണ്ടുസംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. ഇതിന്റെ പേരിൽ തനിക്കുനേരെ ധനുഷിന്റെ ആരാധകരുടെ സൈബർ ആക്രമണമാണെന്നും ട്വീറ്റ് വന്നു.

അതുവരെ ധനുഷിനെതിരെ വാക്കുകളാലുള്ള ആക്രമണമായിരുന്നെങ്കില്‍ മാർച്ച് ആദ്യ ആഴ്ചയോടെ ‘സുചിലീക്ക്സ്’ ട്വീറ്റുകളുടെ രൂപം മാറി. ‘നിങ്ങളുടെ ആരാധനാപുരുഷനായ ധനുഷിന്റെ യഥാർഥമുഖം കാണൂ’ എന്ന വാക്കുകളോടെ ട്വിറ്ററിൽ ധനുഷിന്റെയും തൃഷയുടെയും ‘ഇരുട്ടിലെ’ സെൽഫിയെത്തി. പുറകെ ഹൻസികയുടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോ, അനിരുദ്ധും ആൻഡ്രിയയുമൊത്തുള്ള ചിത്രങ്ങൾ, തമിഴിലെ പ്രശസ്ത ടിവി അവതാരകയുടെ ചിത്രങ്ങളും. അതിലൊന്നും കാര്യമായ അപകടമുണ്ടായിരുന്നില്ല. പലതും നേരത്തേ വന്നതുമാണ്. പക്ഷേ #suchileaks എന്ന ഹാഷ്ടാഗ് നിമിഷങ്ങൾക്കകമാണ്. കുപ്രസിദ്ധമായത്.

‘എന്നെ സ്നേഹിക്കുന്നവർക്ക് സ്നേഹിക്കാം, അല്ലാത്തവർക്ക് അൺഫോളോ ചെയ്യാം’ എന്ന ട്വീറ്റോടെ സുചിത്രയുടെ അക്കൗണ്ട് ‘പ്രൈവറ്റ്’ ആകുകയും ചെയ്തു. ആയിരക്കണക്കിനു പേരാണ് അതോടെ പുതുതായി ആ അക്കൗണ്ട് ഫോളോ ചെയ്തത്. നടിമാരായ ആൻഡ്രിയ, ഹൻസിക, സഞ്ചിത ഷെട്ടി എന്നിവരുടേതെന്ന പേരിൽ വിഡിയോകളും വന്നുതുടങ്ങി. അതോടെ ട്വിറ്റർഇന്ത്യ തന്നെ ഇടപെട്ട് അക്കൗണ്ട് പൂട്ടി. എന്നിട്ടും സുചിത്രയുടേതെന്ന് അവകാശപ്പെടുന്ന പല അക്കൗണ്ടുകളിലൂടെയും സുചിലീക്ക്സ് ഹാഷ്ടാഗിൽ സെൽഫികളും ഫോട്ടോകളും വിഡിയോകളും വരുന്നതുമാത്രം നിലച്ചില്ല.

പണി വന്നത് ജല്ലിക്കെട്ടിനു പുറകെ?

അതിനിടെ ധനുഷും അനിരുദ്ധും തന്നെ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്നും അതിനിടെ ലഭിച്ച ഫോണിൽ നിന്നാണ് ചിത്രങ്ങളിപ്പോൾ പുറത്തുവിടുന്നതെന്നും ഒരു ട്വീറ്റ് എത്തി. തന്റെ വിവാഹമോചനത്തിന്റെ യഥാർഥ കാരണങ്ങൾ നിങ്ങൾക്കറിയണോ എന്ന മട്ടിലും സുചിത്രയുടെ പേരിൽ ട്വീറ്റുകൾ വന്നതോടെ ഗായികയും ഭർത്താവ് കാർത്തികും വിഷയത്തിൽ ഇടപെട്ടു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും വളരെ കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് സുചിത്ര കടന്നുപോകുന്നതെന്നുമായിരുന്നു കാർത്തികിന്റെ വിഡിയോ ട്വീറ്റ്. സുചിത്രയെ ചികിത്സയ്ക്കായി ബ്രിട്ടണിലേക്കു കൊണ്ടുപോകുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. അതിനിടെ ഒരു തമിഴ്ചാനലിനു നല്‍കിയ ഇന്റർവ്യൂവിൽ സുചിത്ര തന്നെ എല്ലാം വ്യക്തമാക്കി.

‘‘ജല്ലിക്കെട്ടിനു വേണ്ടി സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണച്ച് പോസ്റ്റിട്ടതിനു തൊട്ടുപുറകെ എന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. മൂന്നാഴ്ച കഴിഞ്ഞപ്പോൾ ട്വിറ്റർ അക്കൗണ്ടും. ട്വിറ്റർ ഇന്ത്യ’യ്ക്ക് ഇമെയിൽ അയച്ച് അക്കൗണ്ട് നിർജീവമാക്കാൻ ആവശ്യപ്പെട്ടിരിക്കെയാണ് തന്റെ പേരിൽ ട്വീറ്റുകളെത്തിയത്. ധനുഷിന്റെ ഓഫിസിൽ നിന്ന് ഫോൺ സന്ദേശമെത്തിയപ്പോഴാണ് ഇക്കാര്യത്തിൽ ഞാൻ ലോകത്തിനു മുന്നിൽ ‘പ്രതി’യാക്കപ്പെട്ട വിവരം അറിഞ്ഞതു തന്നെ.

suchi-2

മറ്റു ചിലർക്കെതിരെയും ആ അക്കൗണ്ടിൽ നിന്ന് സമാനട്വീറ്റുകൾ വന്നതോടെ സൈബർ സെല്ലിൽ പരാതിയും നൽകിയിട്ടുണ്ട്. ഇപ്പോൾ എന്റെ വിവാഹമോചന വാർത്തയും പുറത്തുവന്നിരിക്കുന്നു. എന്റെ ട്വിറ്റർ അക്കൗണ്ട് തട്ടിയെടുത്ത ഹാക്കർ എന്താഗ്രഹിച്ചുവോ അത് നടന്നു. മറ്റുള്ളവരെപ്പോലെ ഈ സംഭവത്തിൽ ഞാനും ഇരയാണ്. എല്ലാത്തരത്തിലും തകർന്നിരിക്കുകയാണ് ഞാനിപ്പോൾ...’ എന്നായിരുന്നു സുചിത്രയുടെ വാക്കുകൾ.

‘മല്ലുലീക്ക്സ്’ വന്നു, വന്നില്ല

മലയാളത്തിൽ നിന്ന് നയൻതാരയും അമലപോളും സുചിലീക്ക്സിന്റെ സൈബർ ആക്രമണത്തിൽ ഇരകളാക്കപ്പെട്ടിരുന്നു. തമിഴ് നടി അനുയ ഭഗ്‌വതിന്റെ നഗ്നസെൽഫിയെന്ന പേരിൽ ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെട്ടതോടെ മറ്റുതാരങ്ങളും ഇതിനെതിരെ രംഗത്തെത്തി. കാരണം ഇതെല്ലാം സത്യമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണമാണ് നടന്നത്. മാത്രവുമല്ല ഇനി ആരുടെ വിഡിയോയാണ് നിങ്ങൾക്കു വേണ്ടതെന്ന രീതിയിൽ ‘സുചിലീക്ക്സ്’ ഹാഷ്ടാഗുമായി ട്വിറ്ററിൽ സർവേകൾ വരെ നടന്നു. ‘കാത്തിരിക്കൂ ഇന്നു രാത്രി കൃത്യം ഒൻപതിന് പുതിയ വിഡിയോ’ എന്ന മട്ടിലായി ട്വിറ്റർ ‘റിലീസുകൾ’.

suchi-4

ഇവയ്ക്കൊപ്പം നടീനടന്മാർ ഒരുമിച്ചിരിക്കുന്നതിന്റെ ഫോട്ടോകളും സെൽഫികളുമെത്തി. സുചിത്ര തന്റെ അവസ്ഥ തുറന്നുപറഞ്ഞതിനാലായിരിക്കണം ഇരകളാക്കപ്പെട്ട താരങ്ങളാരും മാനനഷ്ട കേസിനു പോയിട്ടില്ല. പ്രചരിപ്പിക്കപ്പെടുന്ന നഗ്നവിഡിയോയിൽ താനല്ലെന്ന് സഞ്ചിത ഷെട്ടി വ്യക്തമാക്കി. പ്രധാന ഇരകളായ ധനുഷും അനിരുദ്ധും ഹന്‍സികയും ആൻഡ്രിയയുമെല്ലാം പ്രതികരിച്ചിട്ടുമില്ല. നടി തൃഷയാകട്ടെ ‘ഇവരോടൊക്കെ ദൈവം ചോദിക്കും’ എന്ന് ട്വിറ്ററിലൊരു പോസ്റ്റുമിട്ട് നിശബ്ദയായി.

തെറ്റാണു പക്ഷേ തടയാനാളില്ല!

ഇപ്പോഴും സുചിലീക്ക്സ് എന്ന പേരിൽ പുറത്തുവരുന്ന ചിത്രങ്ങൾക്കു പിന്നിലെ ഹാക്കർ ആരാണെന്ന് പൊലീസിനും കണ്ടെത്താനായിട്ടില്ല. ഇപ്പോഴാകട്ടെ സകലപരിധികളും ലംഘിച്ചുള്ള അശ്ലീല ചിത്രങ്ങളാണ് നടികളുടേതെന്ന പേരിൽ ട്വിറ്ററിൽ നിറയുന്നത്. 2008ലെ ഐടി ആക്ട് ഭേദഗതി പ്രകാരം വ്യക്തിയുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുന്നതും അതുവഴി അപകീർത്തിപ്പെടുത്തുന്നതും മൂന്നു വർഷം വരെ തടവോ രണ്ടുലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണെന്നുമോർക്കുക.

പക്ഷേ അതൊന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ പേടിപ്പിക്കുന്നില്ല. ട്വിറ്ററിൽ അത്രയേറെയാണ് ദിവസേന മുളച്ചുപൊന്തിക്കൊണ്ടിരിക്കുന്ന ‘സുചിലീക്ക്സ്’ വ്യാജ അക്കൗണ്ടുകളുടെ എണ്ണം. അതും ഒന്ന് ഡിലീറ്റ് ചെയ്യുമ്പോൾ പുതുതായി ഒൻപതെണ്ണമെന്ന മട്ടിൽ...!!