Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊവിനോയോട് ചെയ്യുന്നത് ക്രൂരത; നിർമാതാവ് അനൂപ് കണ്ണന്‍

anoop-tovino-2

സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസങ്ങളായി നേരിടുന്ന ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി യുവതാരം ടൊവിനോ തോമസ് രംഗത്ത്. മോശമായി പെരുമാറിയ ആരാധകരിലൊരാളോട് ക്ഷുഭിതനാകുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പുതിയ ചിത്രം മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം.  വിഷയത്തിൽ പ്രതികരണവുമായി മെക്സിക്കൻ അപാരതയുടെ നിർമാതാവും ടൊവിനോയുടെ അടുത്ത സുഹൃത്തുമായ അനൂപ് കണ്ണൻ രംഗത്ത്...

Oru Mexican Aparatha | Tovino Thomas, Roopesh Peethambaran | Exclusive Chat Show | Manorama Online

അനൂപ് കണ്ണന്റെ കുറിപ്പ് വായിക്കാം–

മെക്സിക്കൻ അപാരതയുടെ പ്രചാരണപരിപാടിക്കിടെ ടൊവീനോ തോമസ് ആരാധകരോട് മോശമായി പെരുമാറിയെന്ന വാർത്ത കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽമീഡിയയിലൂടെ അതിവേഗം പ്രചരിപ്പിക്കപ്പെടുകയാണ്. ആ ചിത്രത്തിന്റെ നിർമാതാവ് എന്ന നിലയിലും ടൊവീനോയുടെ അടുത്ത സുഹൃത്ത് എന്ന നിലയിലും ഇതേക്കുറിച്ച് ചിലത് പറയേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു. 

തന്റെ ചിത്രത്തിന്റെ മഹാവിജയം പ്രേക്ഷകർ തന്നതാണ് എന്ന മറ്റാരേക്കാൾ നന്നായി അറിയാവുന്ന ഒരാളാണ് ടൊവീനോ. അവരോടുള്ള നന്ദി പറയേണ്ടത് ഹോട്ടൽമുറിയിലിരുന്നുകൊണ്ടല്ല, തെരുവിലേക്കിറങ്ങിച്ചെന്ന് അവരുടെ കൈത്തലം നെഞ്ചോടുചേർത്തുപിടിച്ചാണ് എന്ന ഉറച്ച ബോധ്യമാണ് അയാളെ നയിച്ചത്. അതുകൊണ്ടാണ് കേരളത്തിലങ്ങോളമിങ്ങോളം ആവേശത്തോടെ അയാൾ സഞ്ചരിച്ചതും. പ്രേക്ഷകൻ അയാൾക്ക് ശല്യമല്ല. അതുകൊണ്ടാണല്ലോ കണ്ണൂരിൽ രണ്ടുകിലോമീറ്ററോളം പൊരിവെയിലത്ത് റോഡിലൂടെ നടന്ന് ഓരോരുത്തരോടായി നന്ദിയറിയിച്ചതും. അയാൾ ജീവിതത്തിൽ അഭിനയിക്കുന്നില്ല. പച്ചമനുഷ്യനായി തന്നെ പെരുമാറുന്നു. 

അതുകൊണ്ടുതന്നെയാണ് ആ ഒരുനിമിഷത്തിൽ നമ്മളാരെയും പോലെ പെരുമാറിയതും. മനുഷ്യരുടേതായ എല്ലാ വികാരങ്ങളോടും കൂടിയവരാണ് സിനിമയിൽ അഭിനയിക്കുന്നവരും. അവർ മറ്റൊരു രീതിയിൽ പെരുമാറേണ്ടവരാണ് എന്ന് ശഠിക്കുന്നതിൽ അർഥമില്ല. ശരീരം നോവുമ്പോൾ അവർ ദേഷ്യപ്പെട്ടേക്കാം,കെട്ടിപ്പിടിച്ച് കവിളത്ത് മുത്താൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ തള്ളിമാറ്റിയേക്കാം. എല്ലാം നമ്മളെപ്പോലെ തന്നെ. നമ്മളെല്ലാം പലനേരങ്ങളിൽ പലതരം മനോവികാരങ്ങളിൽ കൂടി കടന്നുപോകുന്നവരാണ്. നമ്മുടെ മനസ്സിന്റെ കടിഞ്ഞാൺ പലപ്പോഴും നമ്മളിൽ നിന്ന് വിട്ടുപോകും. അത് സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടാണ്. അതിൽ താരമെന്നോ പ്രേക്ഷകനെന്നോ വ്യത്യാസമുണ്ടാകില്ല. 

ടൊവീനോയ്ക്കും സംഭവിച്ചത് അതാണ്. ശരീരം വേദനിച്ചപ്പോൾ അയാൾ പ്രതികരിച്ചത് താരമായിട്ടല്ല,നമ്മളെപ്പോലെ ഒരു പച്ചമനുഷ്യനായിട്ടാണ് എന്ന് ദയവായി മനസ്സിലാക്കുക. മറ്റൊന്ന് കൂടി. അന്ന് അവിടെ ആയിരം പേരുണ്ടായിരുന്നുവെന്ന് സങ്കൽപ്പിക്കുക. അതിൽ 999പേരോടും ടൊവീനോ പെരുമാറിയത് അത്രയും സ്നേഹത്തോടെയും കടപ്പാടോടെയുമാണ്. അവർക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും അവരെ കെട്ടിപ്പിടിക്കുകയും കൈകൊടുക്കുകയുമെല്ലാം ചെയ്തു. അവർക്കെല്ലാം സുഹൃത്തിനെപ്പോലെയോ,സഹോദരനെപ്പോലെയോ ഒക്കെയാണ് ടൊവീനോ എന്ന നടൻ അനുഭവപ്പെട്ടതും. ഒരേയൊരാളോടാണ് കയർത്തത്. അതിന് ടൊവീനോക്ക് ഒരു കാരണവുമുണ്ടാകണം. 

അല്ലെങ്കിൽ ബാക്കിയുള്ള മുഴുവൻ ജനക്കൂട്ടത്തോടെയും ചേർത്തുപിടിച്ച അയാൾ ഒരാളോട് മാത്രം അകലം പാലിക്കുന്നതെന്തിന്? എപ്പോഴും ഉണർന്നിരിക്കാൻ ശ്രമിക്കുന്ന ഒരു സാധാരണചെറുപ്പക്കാരനാണ് ടൊവീനോ തോമസ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അയാളുടെ ആ ജാഗ്രത സാമൂഹികവിഷയങ്ങളുടെ ഇടപെടലിൽ മുതൽ അഭിനയത്തിൽ വരെയുണ്ട്. ഉണർന്നിരിക്കുന്ന ഒരാൾ ചിലപ്പോൾ പെട്ടെന്ന് പ്രതികരിച്ചേക്കാം. അത് അയാളിലെ സാധാരണത്വം കൊണ്ടാണ്,മനുഷ്യത്വം കൊണ്ടാണ്. 

അതുമനസ്സിലാക്കുന്നതിന് പകരം അതിനുപകരം അത് വലിയ അപരാധമായി കൊണ്ടാടുന്നതും നെഗറ്റീവ് വാർത്തകൾ സൃഷ്ടിക്കുന്നതും വളർന്നുവരുന്ന ഒരു സിനിമാപ്രവർത്തകനോട് ചെയ്യുന്ന ക്രൂരതയാണ്.സംഭവം ഒരു ആയുധമാക്കാൻ ശ്രമിക്കുന്നവരെ നമ്മൾ തിരിച്ചറിയുക കൂടിവേണം.. കൊത്തിപ്പറിക്കാനും ഒറ്റപ്പെടുത്താനും വിട്ടു കൊടുക്കാതെ ടൊവിനോ ...നിന്നെ ഞങ്ങൾ സുഹൃത്തുക്കൾ ചേർത്തു പിടിക്കുന്നു.. ഞങ്ങളുണ്ട് കൂടെ..!!

Your Rating: