Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടയാളങ്ങള്‍ ധനുഷ് ലേസർ ചികിത്സയിലൂടെ നീക്കി; ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്

dhanush-case-2

തമിഴ്‌നടന്‍ ധനുഷ്  പിതൃത്വം സംബന്ധിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. നടന്‍ ധനുഷ്‌ മകനാണെന്ന്‌ അവകാശപ്പെട്ടുള്ള മധുര ദമ്പതികളുടെ പരാതിയാണ് ഇപ്പോൾ ചർച്ചാവിഷയം. ഇവർ ആരോപിക്കുന്നതു പോലെ ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചതായി പരിശോധനയില്‍ കണ്ടെത്തി. 

2002 ല്‍ സ്കൂളിൽ പഠിക്കുമ്പോള്‍ നാടുവിട്ടുപോയ തങ്ങളുടെ മകന്‍ കലൈയരസന്‍ എന്ന ധനുഷിന്റെ ശരീരത്തിലെ ചില അടയാളങ്ങള്‍ കതിരേശനും മീനാക്ഷിയും കോടതിയില്‍ തെളിവായി പറഞ്ഞിരുന്നു. പ്രഥാമിക പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഫെബ്രുവരി 28-ന് കോടതിയില്‍ മെഡിക്കല്‍ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടപ്പോഴാണ് ധനുഷ് ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചതായി കണ്ടെത്തിയത്. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27-ലേക്കു മാറ്റി.  

ധനുഷിന്റെ ഇടത് തോളിൽ ഒരു മറുകും ഇടത് കാല്‍മുട്ടില്‍ ഒരു തഴമ്പും ഉണ്ടെന്നാണ് ദമ്പതികള്‍ കോടതയില്‍ പറഞ്ഞിരുന്നത്. ഫെബ്രുവരി 28 ന് ധനുഷ് കോടതിയിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറോടും മധുര ബെഞ്ചിന്റെ രജിസ്ട്രാറോടും ശരീരത്തിലെ മറുകുകള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് ജെ ചൊക്കലിംഗം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ അടയാളങ്ങളൊന്നും കണ്ടില്ല. ടോർച്ച് ഉപയോഗിച്ച് അടച്ച മുറിയിലും പകൽവെളിച്ചത്തിലും ശരീരം പരിശോധിച്ചു. എന്നിട്ടും അടയാളങ്ങൾ കണ്ടെത്താനായില്ല.

ലേസർ ടെക്നിക്ക് വഴി മറുകു മായിച്ചു കളയാമെന്നാണ് ഇവർ അവകാശപ്പെടുന്നത്. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് ഉത്തരവിട്ടു. ജസ്റ്റിസ് പ്രകാശ് ആണ് കേസ് മാർച്ച് 27ലേക്ക് മാറ്റിയിരിക്കുന്നത്. 

നേരത്തെ നടന്‍ കോടതിയില്‍ ഹാജരാക്കിയ ചില സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജനന സര്‍ഫിക്കറ്റും, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും തമ്മില്‍ യോജിച്ചു പോകുന്നില്ല എന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇതിനിടെ വിവാദങ്ങളിൽപ്പെട്ടുഴലുന്ന ധനുഷിന് ആശ്വാസവുമായി മുൻ അധ്യാപിക രംഗത്തെത്തിയിരുന്നു. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപിക പറഞ്ഞു. 1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളില്‍ ചേര്‍ത്തത്. 

ധനുഷിന്റെ മുത്ത സഹോദരിമാരായ വിമല, ഗീത, കാര്‍ത്തിക ദേവി എന്നിവരും തായ് സത്യ സ്‌കൂളിലാണ് പഠിച്ചത്. അമ്മയാണ് ധനുഷിനെ സ്‌കൂളില്‍ കൊണ്ടു വന്ന് ആക്കിയിരുന്നതെന്നും സുധ വെളിപ്പെടുത്തി. ധനുഷ് തായ് സത്യ സ്‌കൂളില്‍ പഠിച്ചതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും സുധ കൂട്ടിച്ചേര്‍ത്തു.

പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് ഒരു സര്‍ക്കാര്‍ രേഖയാണ്. ധനുഷ് തായ് സത്യ സ്‌കൂളിലാണ് പഠിച്ചതെന്ന് അതില്‍പ്പരം മറ്റൊരു തെളിവ് ആവശ്യമില്ല. ഞാന്‍ ധനുഷിനെ ഹിസ്റ്ററിയാണ് പഠിപ്പിച്ചിരുന്നത്. അന്നത്തെ പ്രിന്‍സിപ്പാളും ഞാനായിരുന്നു. ധനുഷിന് അന്ന് പഠിപ്പിച്ച അധ്യാപകരില്‍ ചിലര്‍ ഇപ്പോഴും തായ് സത്യ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ടെന്നും സുധ പറയുന്നു.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും കലൈചെൽവൻ എന്നാണ് വിളിച്ചിരുന്നതെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. ധനുഷ് പട്ടിക ജാതിക്കാരനാണെന്നാണ് ദമ്പതികളുടെ രേഖകളില്‍ വ്യക്തമാക്കുന്നത്. ഒളിച്ചോടി ധനുഷ് ചെന്നൈയില്‍ പോവുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. 2002 ല്‍ 11 ക്ലാസില്‍ ചേര്‍ന്ന ഉടനെയായിരുന്നുവത്രെ കലൈയരശന്‍ നാടുവിട്ടത്. എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തതിന് ശേഷം നാടുവിടുകയായിരുന്നു എന്നാണ് ദമ്പതികള്‍ പറയുന്നത്. 

2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയർ സെക്കൻഡറി സ്കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവൺമെന്റ് ഹോസ്റ്റലിൽ ആയിരുന്നു ധനുഷ് താമസിച്ചതെന്നും ഇവർ പറയുന്നു. പിന്നീട് ചെന്നൈയിലേക്ക് മാറി സിനിമയിൽ സജീവമായതോടെ ഉപേക്ഷിച്ചെന്നും പറയുന്നു. ചെന്നൈ എഗ്മോറിലെ സർക്കാർ ആശുപത്രിയിൽ 1983 ജൂലൈ 28നാണ് താൻ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാർത്ഥപേര്. എന്നാൽ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികൾ പറയുന്നത്. 

എന്തായാലും ഇനി സമർപ്പിക്കാൻ പോകുന്ന വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 27 ന് വീണ്ടും കോടതി ചേരും. കേസിൽ അന്തിമ തീരുമാനം അന്ന് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.