Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിലക്കിന് പിന്നിൽ കമലും സിദ്ദിഖും, മോഹൻലാൽ അറിയാതെ അത് നടക്കില്ല’; വിനയൻ

vinayan-lal

താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിനയൻ. കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫെഫ്കയുടെ ഭാരവാഹിത്തം സംവിധായകരായ സിബി മലയിലും ബി. ഉണ്ണികൃഷ്ണനും അമ്മ പ്രസിഡന്റ് ഇന്നസെന്റും രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ മോഹൻലാൽ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവർത്തിച്ചുവെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഇല്ലാതാക്കാൻ വരെ ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രമിച്ചുവെന്നും ഇതു സംഘടനയിലുള്ളവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം എറണാകുളം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോടു വ്യക്തമാക്കി.

ഈ വിജയം വിടപറഞ്ഞ നടൻ തിലകനു സമർപ്പിക്കുന്നതായി വിനയൻ പറഞ്ഞു. സത്യത്തിന്റെ വിജയമാണിത്. ഒരു സാംസ്കാരിക നായകരും തനിക്കെതിരെയുണ്ടായ വിലക്കിനെതിരെ പ്രതികരിക്കാൻ രംഗത്തെത്തിയില്ല. തനിക്കുവേണ്ടി സംസാരിച്ച സുകുമാർ അഴീക്കോടിനെ മോശമായി അധിക്ഷേപിക്കുകയാണുണ്ടായത്. ഒപ്പമുണ്ടെന്നു ഫോണിൽ പലരും പറഞ്ഞു. പക്ഷെ എനിക്കു നഷ്ടപ്പെട്ട എട്ടരവർഷം തിരികെ നൽകാൻ ഇവർക്കാർക്കും സാധിക്കില്ല.

സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, സിബി മലയിൽ, സിദ്ദിഖ്, കമൽ എന്നിവർക്കെതിരെ ശക്തമായ ആരോപണമാണ് വിനയൻ ഉയർത്തിയത്. കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നിലെ ഏറ്റവും വലിയ തലച്ചോറായി പ്രവർത്തിച്ചതെന്നു വിനയൻ ആരോപിച്ചു. കമൽ, സിദ്ദിഖ് എന്നിവർ അസത്യമായ സത്യവാങ്മൂലം നൽകി കേസിൽനിന്നു രക്ഷപെട്ടിരിക്കുകയാണ്. എന്നാൽ മനസാക്ഷിയുടെ മുന്നിൽനിന്നു അവർക്കു രക്ഷപെടാനാവില്ല.

എന്റെ സിനിമയിൽ അഭിനയിച്ചാൽ പ്രശ്നമാകുമെന്നു നടൻ ജയസൂര്യയോടു ബി. ഉണ്ണികൃഷ്ണനും മറ്റും പറഞ്ഞതായി ജയസൂര്യ ആദ്യം മൊഴി നൽകിയിരുന്നു. പിന്നീടു വിസ്താരത്തിൽ അങ്ങനെ പറഞ്ഞതായി ഓർക്കുന്നില്ലെന്നാണു പറഞ്ഞത്. എന്നാൽ കമ്മിഷൻ ആദ്യത്തെ മൊഴിയാണ് സ്വീകരിച്ചത്. ക്രോസ് വിസ്താരത്തിലെ കാര്യം തള്ളികളയുകയാണുണ്ടായത്. നടൻ മധുവിനെയും സിനിമയിൽ അഭിനയിക്കുന്നതിൽനിന്ന് അവർ വിലക്കി. വാങ്ങിയ അഡ്വാൻസ് തിരികെ നൽകേണ്ടി വന്നു അദ്ദേഹത്തിന്. എന്നാൽ പിന്നീട് അദ്ദേഹം വിലക്കു മറികടന്ന് അഭിനയിച്ചു. മധുവിന്റെ മൊഴിയും കമ്മിഷൻ പരിഗണിച്ചു. സിനിമയിൽ അഭിനയിക്കാൻ വരുന്ന വഴിയാണു മാഫിയ ശശിയെ സംവിധായകൻ സിബി മലയിൽ കാറിൽ നിന്നിറക്കിക്കൊണ്ടു പോയത്.

‘ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ സിനിമാ ലോകം. എന്നെ കാർ കേറ്റിക്കൊല്ലുമെന്നു മറ്റൊറരാൾ പറഞ്ഞതായി ഫെഫ്കയിൽ അംഗമായ ഒരു സംവിധായകൻ ഈ വിധി വന്ന ശേഷം എന്നെ വിളിച്ചു പറഞ്ഞു. എന്നെ വിലക്കിക്കൊണ്ടു കമൽ ഒപ്പിട്ട കത്തു നൽകാമെന്നു ഫെഫ്കയിലെ തന്നെ ചില അംഗങ്ങൾ ഇപ്പോൾ വിളിച്ചു പറഞ്ഞിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ വാടക ഗുണ്ടകളായി പ്രവർത്തിക്കുകയാണു സംവിധായകർ. ഇവരെയൊക്കെയാണോ കലാകാരൻമാർ എന്നു വിളിക്കുന്നത്. എന്താണ് ഞാൻ ഇവരോടു ചെയ്തതെന്ന് ഒന്നു പറയാമോ. നല്ല സിനിമകൾ സംവിധാനം ചെയ്തതാണോ, പുതിയ താരങ്ങളെ സിനിമയിൽ അവതരിപ്പിച്ചതാണോ ഞാൻ ചെയ്ത തെറ്റ്’ – വിനയൻ ചോദിക്കുന്നു.

ആരെയും പേടിക്കാതെ സിനിമ ചെയ്യാമെന്നു കാട്ടാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമ സെൻസർ ചെയ്യണമെങ്കിൽ സംഘടനയുടെ റജിസ്ട്രേഷൻ വേണമെന്ന വാദത്തിനെതിരെ ഹൈക്കോടതിയിൽ പോയി അനുകൂല വിധി നേടി. ഇന്നു പുതിയ ഒട്ടേറെ ചെറുപ്പക്കാർ ഈ വിധിയുടെ നേട്ടത്തിലാണു പുതിയ സിനിമകളുമായി എത്തുന്നത്. അതുപോലെ താരങ്ങളെയും അസോസിയേഷനുകളെയും പേടിക്കാതെ സിനിമ ചെയ്യാൻ കൂടുതൽപ്പേർ വരുന്നു. ഞാൻ സിനിമയിൽ കൊണ്ടുവന്ന പലരും സൂപ്പർ താരങ്ങളെക്കാൾ കയ്യടി നേടുന്നു. ഇതിൽ ഏറെ സന്തോഷമുണ്ടെന്നും വിനയൻ പറഞ്ഞു.

ഇതുവരെ സൂപ്പർ താരങ്ങളും അസോസിയേഷനും പറഞ്ഞതാണു സത്യമെന്നാണു ജനങ്ങൾ കരുതിയത്. എന്നാൽ സത്യം എന്റെ കൂടെയാണെന്നു തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്. അപ്പീൽ പോകുമെന്നാണ് അവർ പറയുന്നത്. എന്നാൽ മൂന്നു തവണ ഹൈക്കോടതിയിൽ പരാജയപ്പെട്ട വിഷയത്തിൽ ഇവർ എന്ത് അപ്പീൽ ജയിക്കാനാണ്. തങ്ങൾക്കെതിരെ വിരൽചൂണ്ടുന്നവരെ ഏതു വിധേനയും ഈ രംഗത്തുനിന്നു ഉൻമൂലനം ചെയ്യുമെന്ന ധാർഷ്ട്യവും അഹങ്കാരവും ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മാഫിയ ഗ്രൂപ്പുകളെപ്പോലെ പ്രവർത്തിക്കേണ്ടവരല്ല കലാകാരൻമാരെന്നും വിനയൻ പറഞ്ഞു. 

Your Rating: