Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കുരുന്നുകള്‍ക്കു മുന്നിലെ ഡേവിഡെന്ന ‘ദ് ഗ്രേറ്റ് ഫാദർ’

The Great Father

ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. 2001 ഫെബ്രുവരി ഒൻപതിന് വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി അവളെ കാണാതായി. നാടൊട്ടുക്ക് ഒന്നിച്ചു നിന്ന് ആ പതിമൂന്നു വയസ്സുകാരിയെ തിരഞ്ഞു. പൊന്നു പോലെ കൊണ്ടുനടന്ന മകളെ കാണാതായ ആ രാത്രി മുഴുവന്‍ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ ഊർന്നിറങ്ങിയ കണ്ണുനീരിനെയും വകഞ്ഞുമാറ്റിയായിരുന്നു തിരച്ചിലിന് ഒപ്പം കൂടിയത്. 

‘മാളു എന്നാണ് ഞാനവളെ വിളിച്ചിരുന്നത്. അന്ന് അവസാനമായി സ്‌കൂളിൽ പോകുമ്പോഴും ആദ്യമൊന്നു പറഞ്ഞതു കൂടാതെ പടിക്കലെ മാവിൻചുവട്ടിലെത്തി തിരിഞ്ഞുനിന്ന് വീണ്ടും അവൾ എന്നോടു യാത്ര പറഞ്ഞു. അന്നു രാത്രി പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ പിന്നെ കണ്ടത് എന്റെ കുട്ടിയുടെ മൃതദേഹമായിരുന്നു..’ കരച്ചിൽ തോരുന്നില്ല ആ അച്ഛന്റെ വാക്കുകളിൽ. 

great-father-review-4

വീടിന് ഏകദേശം 200 മീറ്റർ മാത്രം അടുത്ത് ഒരു കുറ്റിക്കാട്ടിലായിരുന്നു കൊല്ലപ്പെട്ട നിലയിൽ കൃഷ്ണപ്രിയയെ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായത് അയൽക്കാരന്‍ മുഹമ്മദ് കോയ. അയാൾ പിന്നീട് ജാമ്യത്തിലിറങ്ങി. 2002 ജൂലൈ അഞ്ചിന് മുഹമ്മദ് കോയയുടെ മൃതദേഹം കൃഷ്ണപ്രിയയുടെ വളപ്പിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തി. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയത് ശങ്കരനാരായണനാണെന്ന കേസിൽ അദ്ദേഹത്തിന് ജില്ലാ അതിവേഗ കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചു. പക്ഷേ പിന്നീട് ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്‌ക്കുകയായിരുന്നു. ശങ്കരനാരായണൻ പിടിയിലായ സമയത്ത് മഞ്ചേരി സിഐക്ക് പലയിടങ്ങളിൽ നിന്നും അമ്മമാരുടെ ഫോൺവിളികളെത്തിയിരുന്നു– ശങ്കരനാരായണനെ ദേഹോപദ്രഹം ഏൽപിക്കല്ലേ എന്ന് അപേക്ഷിച്ച്. മകളുടെ ഘാതകനെ കൊന്നയാൾ എന്നതിന്റെ പേരിൽ ജയിലിലും ഒട്ടേറെ പേർ അദ്ദേഹത്തോട് അടുപ്പത്തോടെ നിന്നു.  മാത്രവുമല്ല, ജയിൽവാസക്കാലത്ത് ആ അച്ഛന് ഒട്ടേറെ കത്തുകൾ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമെത്തിയിരുന്നു– അച്ഛന്റെ മകളാണ് ഈ കത്തെഴുതുന്നത് എന്നായിരുന്നു അതിലെ വാക്കുകൾ...

കേരളം ഒറ്റക്കെട്ടായാണു നിന്നത് കൃഷ്ണപ്രിയയുടെ അച്ഛനൊപ്പം.

ഇന്നും അവസാനിക്കുന്നില്ല കൃഷ്ണപ്രിയമാരുടെ കരച്ചിലുകൾ. മിനിറ്റിൽ ഒന്നെന്ന കണക്കിനെത്തുന്നു പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊല്ലുന്ന വാർത്തകൾ. പല കേസുകളും പൊലീസ് തന്നെ മുക്കുന്നു. മിക്കതിലും കുറ്റവാളിയെ കിട്ടുന്നുമില്ല. തളർന്നുവീണ ഒരുപാടു കുരുന്നുകളുടെ കണ്ണുനീർ നോക്കി ചിരിച്ച് ഇന്നും സമൂഹത്തിൽ നെഞ്ചുവിരിച്ചു നടക്കുന്നുണ്ട് പല പ്രതികളും. ശങ്കരനാരായണനെപ്പോലുള്ള ഒരച്ഛനെ നാം ഓർത്തു പോകുന്നത് അന്നേരമാണ്. ‘ദ് ഗ്രേറ്റ് ഫാദറി’ലെ ഡേവിഡ് നൈനാനു വേണ്ടി നാം കയ്യടിക്കുന്നതും ഒരച്ഛന്റെ സ്നേഹവും കരുതലും അത്രയും ഭംഗിയായി തിരശീലയിൽ പകർത്തിവച്ചതുകൊണ്ടാണ്.

ഏതൊരു കുഞ്ഞിന്റെയും ആദ്യ സൂപ്പർഹീറോ അച്ഛനാണ്. കൂട്ടുകാരനായി അച്ഛനെപ്പോലൊരാൾ വേണമെന്ന് പല കുട്ടികളും ചിന്തിക്കുന്നതും അതിനാലാകണം. സാറയുടെയും സൂപ്പർ ഹീറോ അച്ഛനായിരുന്നു. ആ സ്നേഹം കൂടിക്കൂടി അവൾ കൂട്ടുകാർക്കിടയിലും അച്ഛന് വൻ ‘ഗാങ്സ്റ്റർ’ പരിവേഷമാണുണ്ടാക്കി വച്ചത്. പക്ഷേ പെയ്യുന്ന മഴയ്ക്കും തഴുകുന്ന കാറ്റിനും രക്തത്തിന്റെ മണമുള്ള മുംബൈയിൽ കയ്യിൽ തോക്കുമായി നടന്ന വീരനായിരുന്നില്ല അവളുടെ അച്ഛൻ. മകൾക്കൊരു അപകടം പറ്റിയതിന്റെ നടുക്കത്തിൽ കരയാതിരിക്കാൻ പാടുപെടുന്ന, അറിയാതെ കരഞ്ഞുപോകുന്ന ഒരു പാവം അച്ഛനാണ് നമ്മൾ കാണുന്ന ഡേവിഡ്. അയാളുടെ മുന്നിലൊരൊറ്റ ലക്ഷ്യമേയുള്ളൂ. തന്റെ കുഞ്ഞിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരിക. ഇടറി വീഴാതെ അവളെ മുന്നോട്ടു നയിക്കുക. പക്ഷേ കൊത്തിപ്പറിക്കാനെത്തിയേക്കാവുന്ന ഒട്ടേറെപ്പേരുടെ കണ്മുന്നിൽ നിന്ന് അവളെ മറച്ചുവയ്ക്കേണ്ടതുണ്ട്. ഇനിയുമൊരിക്കൽ കൂടി അവൾക്കു നേരെ കൊലയാളിയുടെ കൈകൾ നീണ്ടുവരാനുമിടയുണ്ട്. അതേസമയം, മക്കളെയോർത്ത് ആ നഗരത്തിന്റെയും നെഞ്ചുരുകിത്തുടങ്ങിയിരിക്കുന്നു അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘമുണ്ട്. പക്ഷേ അവർക്കും മുൻപേ ഡേവിഡിന് തന്റെ മനസ്സിനെ അലട്ടിയ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തിയേ മതിയാകുമായിരുന്നുള്ളൂ. അതിനു വേണ്ടിയാണ് ഇനി അയാളുടെ യാത്ര.

എന്നും സമകാലികമായിരിക്കുന്ന ഒരു വിഷയത്തെ തരക്കേടില്ലാത്തൊരു ‘മൈൻഡ് ഗെയിം’ ആയി അവതരിപ്പിക്കുകയാണ് സംവിധായകൻ ഹനീഫ് അദേനി തന്റെ ആദ്യ ചിത്രം ‘ദ് ഗ്രേറ്റ് ഫാദറി’ൽ. പേരിലേതു പോലെ അഭിനയത്തിലും സ്റ്റൈലിലും ഗാംഭീര്യമേറെ നിറഞ്ഞതാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ ഡേവിഡ് നൈനാൻ. ചോരയൂറുന്ന ഗലികളിലൂടെയല്ലെങ്കിലും പ്രേക്ഷകന്റെ മനസ്സിലൂടെ ഏറെനേരം സഞ്ചരിക്കുന്നുണ്ട് ഡേവിഡ്; ഒരുപക്ഷേ തിയേറ്ററിൽ നിന്നിറങ്ങിയാൽപ്പോലും. ഈ ചിത്രമൊരു കള്ളനും പൊലീസും കളിയല്ല, മറിച്ച് മനസ്സും മനുഷ്യനും തമ്മിലുള്ള ഒളിച്ചുകളിയാണ്. കുഞ്ഞുങ്ങൾക്കു നേരെ ലൈംഗികാതിക്രമം പ്രകടിപ്പിക്കുന്ന ‘പീഡൊഫീലിയ’യെ മാനസികരോഗമായിട്ടല്ല ഒരു മാനസികാവസ്ഥയായിട്ടാണ് ചിത്രത്തിലെ പല കഥാപാത്രങ്ങളും കണക്കാക്കുന്നത്. ആ മനോഭാവത്തോടാണ് ഡേവിഡിന്റെ ആദ്യത്തെ പോരാട്ടം. പിന്നീടാണ് അതിനു കാരണക്കാരായവരുടെ അടിവേരറുക്കാനുള്ള ശ്രമങ്ങൾ. 

എല്ലാം ‘നോർമലാ’യി ചെയ്യുന്ന അച്ഛനെ സാറയ്ക്കും ഇഷ്ടമല്ല. തനിക്കൊരു ആപത്തു വരുമ്പോൾ അതിനെ സൂപ്പർ‘ഡാഡ്’ ആയെത്തി അടിച്ചൊതുക്കാനാണ് അവൾ ആഗ്രഹിക്കുന്നത്. ആദ്യം ഡേവിഡിനതു മനസ്സിലായില്ല. അന്നയാൾ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ തിരിച്ചറിഞ്ഞ നിമിഷം മുതൽ പ്രേക്ഷകന് ദൃശ്യഭംഗി നിറഞ്ഞതും ഒരു മെഗാസ്റ്റാറിന്റെ സ്ക്രീൻ പ്രസൻസ് ആവോളം അനുഭവിക്കാവുന്നതുമായ വിരുന്നാണ് കണ്മുന്നിലെത്തുക. വാക്കുകളിലൂടെയാണ് ഡേവിഡിന്റെ ആദ്യപോരാട്ടങ്ങൾ. പതിയെപ്പതിയെയാണ് അത് ശാരീരികമായ നേരിടലുകളിലേക്കു നീങ്ങുന്നത്. അതിനു പിന്തുണ പകർന്ന് മികവുറ്റ പശ്ചാത്തല സംഗീതവും. തോക്കുകളിൽ നിന്ന് വെടിയും പുകയുമൊന്നും പാറുന്നില്ല ‘ദ് ഗ്രേറ്റ് ഫാദറി’ൽ. പക്ഷേ ആയുധങ്ങൾ ആവോളമുണ്ട്. ഇവിടെ പക്ഷേ ഒരച്ഛന്റെ ചങ്കുറപ്പാണ് ഏറ്റവും വലിയ ആയുധം. അതിനെ മുന്നോട്ടു നയിക്കുന്നതാകട്ടെ അദ്ദേഹത്തിന്റെ തികഞ്ഞ നിശ്ചയദാർഢ്യവും. സിനിമ ആവശ്യപ്പെടുന്നത് കൃത്യമായി സമ്മാനിക്കുന്നതാണ് റോബി വർഗീസ് രാജിന്റെ ഛായാഗ്രഹണം. പാടത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയുടെ മൃതശരീരത്തിനടുത്തേക്ക് പൊലീസെത്തുന്ന രംഗത്തിന്റെ ആദ്യഭാഗത്തുതന്നെ പ്രകടമാണ് ആ ബ്രില്ല്യൻസ്. വിറകൊള്ളുന്ന ശബ്ദത്തിനൊപ്പം വിറയാർന്ന ഫ്രെയിമുകളിൽ നിറയുന്ന മികച്ച സിനിമാനുഭവങ്ങൾ. 

ഒഴിവാക്കാമായിരുന്ന പലതുമുണ്ടായിരുന്നു ചിത്രത്തിൽ. പല രംഗങ്ങളിലെയും സ്വാഭാവികതയ്ക്കൊപ്പം പലപ്പോഴും സംഭാഷണങ്ങൾ ചേർന്നുനിൽക്കാതെ വന്നു. എഡിറ്റിങ്ങിൽ അൽപ്പംകൂടിയൊരു കയ്യൊതുക്കം കൂടിയുണ്ടായിരുന്നെങ്കിൽ സിനിമയ്ക്ക് മുറുക്കം കൂടിയേനേ. പക്ഷേ ആക്‌ഷൻ ത്രില്ലർ അവതരണത്തിൽ മലയാളസിനിമയ്ക്കൊരു പുതുവഴി തിരിച്ചിരിക്കുകയാണ് സംവിധായകൻ. തച്ചുതകർക്കുന്ന സംഘട്ടനദൃശ്യങ്ങളില്ലാതെതന്നെ ആക്‌ഷൻ മൂഡ് സൃഷ്ടിക്കാൻ ഹനീഫിനായി. അതേസമയം, ക്ലൈമാക്സിലെ സംഘട്ടനത്തിന് പ്രേക്ഷകന്റെ ചോര തിളപ്പിക്കാനായോ എന്നു സംശയവുമുണ്ടാകുന്നു. ആകെത്തുകയിൽ ആക്‌ഷന്റെ പുതുമയാർന്ന കാഴ്ചയാണ് ‘ദ് ഗ്രേറ്റ് ഫാദർ’ എന്നു പറയാം. ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളേറെയുള്ള ഒരു ചലച്ചിത്രയാത്രയിൽ നായകനോടൊപ്പം തന്നെ ഫ്രെയിമുകളും ശബ്ദവും പോലും ആക്‌ഷനിൽ കൈകോർക്കുന്നതാണ് ആ അനുഭവം.

വീടും നാടുമുറങ്ങുമ്പോഴും, തന്റെ ജീവനിൽ നിന്നുയിര്‍ക്കൊണ്ട കുരുന്നിന് ഒരാപത്തും വരുത്തല്ലേയെന്നു പ്രാർഥിച്ച് ഉണർന്നിരിക്കുന്ന ഓരോ ‘ഗ്രേറ്റ് ഫാദറി’നും കൂടിയുള്ളതാണ് ഈ സിനിമ.